വിവേചനത്തിന്റെ പെണ്‍മതിലും സ്ത്രീസുരക്ഷയും
നവോത്ഥാന മതിലെന്ന പേരില്‍ ഇടതുപക്ഷം കൊണ്ടുവരുന്ന നിയോ ഫീമെയില്‍ ഹിന്ദുത്വയുടെ ഉളള് പൊള്ളത്തരം സ്വയം ബോധ്യപ്പെട്ട ചില ഭോഷ്‌ക്കന്മാര്‍, നേരിട്ട് വിഷയത്തിലിടപെടാതെ നേരെയുയര്‍ന്ന ചോദ്യത്തിന് മാന്യമായ മറുപടിപറഞ്ഞൊഴിഞ്ഞ അഭിവന്ദ്യരായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ അധ്യക്ഷന് നേരെ ആക്രോശപ്പെടുന്നത് നീതീകരിക്കാനാവില്ല.
ഇടതുപക്ഷത്തിനും കമ്മ്യൂണിസത്തിനും സോഷ്യല്‍ ഇഷ്യുകളില്‍ പൊളിറ്റിക്കല്‍ കറക്ട്‌നസ് പൂര്‍ണ്ണമായും നഷ്ടപ്പെട്ടതിന്റെ മറ്റൊരു രേഖയാണീ സംഭവം. വിജാതീയ മാനവികത എന്ന കാപട്യം നിരന്തരം പറഞ്ഞ് ജാതിപ്രീണനവും വംശീയ വിഭാഗീകരണവും ഏറ്റെടുത്ത് നടത്തുന്ന അള്‍ടിമേറ്റ് ഓക്‌സിമറോണ്‍ തന്നെയാണീ കാണുന്ന മതിലുകെട്ടുകള്‍. ഈ പെണ്മതിലിനോട് സഹകരിക്കാത്തവരെ അപരവല്‍ക്കരിക്കുമ്പോള്‍ തന്നെ ന്യൂനപക്ഷങ്ങളെ അതില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു!
സ്ത്രീമതിലിനെ എതിര്‍ത്തുവെന്ന് പറഞ്ഞ് തങ്ങള്‍ക്കെതിരെ ഉറയുന്നവരോട് ഒന്ന് ചോദിക്കട്ടെ, ഇനി അദ്ദേഹം മുസ്ലിംകളെയും ക്രിസ്ത്യാനികളെയും അവഗണിച്ച മതിലില്‍ ഞങ്ങളില്ല എന്നായിരുന്നു പറഞ്ഞതെങ്കില്‍ നിങ്ങളെന്ത് അഞ്ഞാപിഞ്ഞാ മറുപടിയാണ് തരിക. ഒരേ സമയം ബഹിഷ്‌ക്കരിക്കുകയും പങ്കെടുക്കാത്തതിന് കുറ്റം പറയുകയും ചെയ്യുന്ന മാപ്പിളസംഘാവുമാരുടെ വരട്ടുചൊറി മാന്തിത്തരാന്‍ വേറെ ആളുകളെ നോക്ക്.
പക്ഷെ, ഇവിടെ അദ്ദേഹം മതിലിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. അത്തരം അനര്‍ത്ഥങ്ങളില്‍ ഇടപെട്ട് സംസാരിക്കുന്നതിനേക്കാള്‍ കുലീനനും സാത്വികനുമാണ് അദ്ദേഹം. അദ്ദേഹം നില്‍ക്കുന്ന റിലീജിയസ് ഫ്രയിമിലെ സ്ത്രീപക്ഷം പറഞ്ഞ് വിഷയം ഒഴിവാക്കിയത് അദ്ദേഹത്തിന്റെ കടമയാണ്, മാന്യതയാണ്.
നിയമസഭയില്‍ ഡോ എം കെ മുനീര്‍ മുസ്ലിം രാഷ്ട്രീയക്കോണില്‍ നിന്ന് മനസുകള്‍ക്കിടയില്‍ ഭിത്തി പണിയുന്നതിനെതിരെ പറഞ്ഞത് പോലെ ഇസ്ലാമിന്റെ താത്വിക മാനത്തില്‍ ആ മതില്‍ മറിച്ചിടാന്‍ നന്നായറിയുന്ന ആള്‍ തന്നെയാണ് ബഹു: തങ്ങള്‍. അദ്ദേഹം നേതൃത്വം കൊടുക്കുന്ന ജനവിഭാഗത്തിലെ സ്ത്രീകള്‍ കമ്മ്യൂണിസത്തെ വിശ്വാസപരമായി തിരസ്‌ക്കരിക്കുന്നവരാണെന്ന് ഇന്നാട്ടിലെ ഏത് സി പി എമ്മുകാരനും നന്നായറിയാം.
മാത്രമല്ല, കുറേയൊക്കെ പൊതുസ്ട്രീമില്‍ ഇടപെടുന്ന വിവിധ മുസ്ലിം വനിതാ രാഷ്ട്രീയ നേതാക്കള്‍ പോലും ഈ മതിലിനെതിരാണ്. അതായത്, തങ്ങളുടെ പ്രസ്താവന മൂലം മതിലില്‍ വരാന്‍ കരുതിയ ഏതേലും സ്ത്രീ വരാതായാല്‍ അപ്പോള്‍ സഭ്യമായ രാഷ്ടീയ വിമര്‍ശനത്തിന് പഴുതുണ്ട്. ഇതിവിടെ പതിവ് മുസ്ലിം വിരുദ്ധതയുടെ പുതിയ ഇനം മാത്രമാണ്.
സമസ്ത ജന. സെക്രട്ടറിക്കെതിരെ കഴിഞ്ഞമാസം മുതിര്‍ന്ന മാപ്പിളസഖാവ് അസഹിഷ്ണുത പൂണ്ടു. ഇപ്പോള്‍ ശിഷ്യര്‍ കുറച്ചധികം മൂത്തു. പക്ഷെ, കേരളത്തിലെ മുസ്ലിം സാമൂഹിക വ്യവഹാരങ്ങളുടെ മതപരമായ വിധിയും വിധവും തീരുമാനിക്കുന്നത് ആരൊക്കെയാണെന്ന പൊതുസമൂഹത്തിന്റെ തിരിച്ചറിവാണ് ഈ അസഹിഷ്ണുതയുടെ പ്രേരണ. അതിനാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ അതിന്റെ മൂല്യത്തിലും മൂല്യരാഹിത്യത്തിലും ഉള്‍ക്കൊള്ളാന്‍ അവരുടെ അനുയായികള്‍ക്ക് സാധിക്കും, പക്ഷെ അവനവന്‍ വീട്ടുകാരോട് പറയുന്ന ഭാഷയാവരുത് നാട്ടുകാരോട് പറയുമ്പോള്‍ എന്ന് മാത്രം.
Leave A Comment