മദ്ധ്യേഷ്യയില്‍ അധികാരത്തിന്‍റെ സ്വരപ്പകര്‍ച്ചകള്‍ രൂപപ്പെടുമ്പോള്‍
മാസങ്ങളായി അറബ് മേഖലയില്‍ മനുഷ്യത്വ വിരുദ്ധവും അശാന്തിജനകവുമായ പ്രവര്‍ത്തനങ്ങളുമായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പുതിയ സംഭവ വികാസങ്ങളുടെ സാഹചര്യത്തില്‍ അമേരിക്ക സ്വീകരിക്കാന്‍ പോകുന്ന കടുത്ത നിലപാട് വ്യക്തമാക്കിക്കൊണ്ടും ആഗോള സമാധാനത്തിനു പൊതുവെയും അറബ് മേഖലയിലെ സ്വാസ്ഥ്യ പൂര്‍ണ്ണമായ ജീവിതത്തിന് പ്രത്യേകിച്ചും ഭീഷണമാം വിധം വളര്‍ന്നു വരുന്ന ഈ വിഷസസ്യത്തെ ഉന്മൂലനം ചെയ്യാന്‍ ലോകരാജ്യങ്ങളുടെ സഹായവും സഹകരണവും അഭ്യര്‍ത്ഥിച്ചു കൊണ്ടും ബുധനാഴ്ച പ്രസിഡണ്ട് ബറാക്ക് ഒബാമ നടത്തിയ വൈറ്റ് ഹൗസ് പ്രസംഗം കഴിഞ്ഞ പതിറ്റാണ്ടിനിടെ അമേരിക്കയെന്ന വന്‍ ശക്തി അറിഞ്ഞും അനുഭവിച്ചും ആര്‍ജ്ജിച്ചെടുത്ത രാഷ്ട്രീയ-നയ പാഠങ്ങളുടെ വ്യക്തമായ പരിഛേദമായിരുന്നു. ലോകത്തെ പ്രശ്‌നങ്ങളിലെല്ലാം എടുത്തു ചാടി തലയിട്ടും തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ പോരാട്ടങ്ങള്‍ക്ക് അതിര്‍ത്തി ഭേദമില്ലാതെ നേതൃത്വം നല്‍കിയും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സൂപ്പര്‍മാന്‍ ചമഞ്ഞിരുന്ന അമേരിക്കക്ക് നേരിട്ട രാഷ്ട്രീയ-സാമ്പത്തിക തിരിച്ചടികളുടെ സ്വാധീനം ഒബാമയുടെ വാക്കുകളില്‍ നിറഞ്ഞ് നിന്നു.
ബുധനാഴ്ചത്തെ പ്രസംഗത്തില്‍, ഇറാഖില്‍ ഇനിയും നേരിട്ടൊരു സൈനിക ദൗത്യത്തിന് അമേരിക്ക മുതിരില്ലെന്ന് തീര്‍ത്തു പറഞ്ഞ ഒബാമ ഇറാഖീ സമൂഹവും അറബ് ജനതയും സ്വന്തത്തിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ നേരിട്ടു ചെയ്തു കൊടുക്കാന്‍ അമേരിക്ക ഇനിയും സന്നദ്ധമല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തങ്ങളുടെ അപ്രമാദിത്വത്തിനും മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ക്കും നേരെയുള്ള കടുത്ത വെല്ലുവിളിയെന്നോണം തങ്ങളുടെ പൗരന്മാരായ രണ്ട് പത്രപ്രവര്‍ത്തകരെ ശിരച്ഛേദം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഇത്തരമൊരു നിലപാട് കൈക്കൊള്ളുന്നത് ഇനിയുമൊരു നേരിട്ടുള്ള കരയുദ്ധത്തിന്റെ നാനോന്മുഖമായ പ്രത്യാഘാതങ്ങള്‍ താങ്ങാന്‍ അമേരിക്കക്ക് കഴിയില്ലെന്ന വര്‍ത്തമാന യാഥാര്‍ത്ഥ്യത്തിനാണ് അടിവരയിടുന്നത്.
ഇറാഖില്‍ വ്യോമാക്രമണം ശക്തമാക്കിയും അമേരിക്കന്‍ പിന്തുണയോടെയുള്ള അറബ്-അറബേതര രാജ്യങ്ങളുടെ സൈനിക ഇടപെടലിന് കോപ്പു കൂട്ടിയും സിറിയയില്‍ വിമത പോരാട്ടം കാഴ്ചവെക്കുന്ന 'സ്വതന്ത്ര സിറിയന്‍ സേന'ക്ക് നല്‍കുന്ന ആയുധ-സാമ്പത്തിക സഹായം വര്‍ദ്ധിപ്പിച്ചുമാണ് അമേരിക്ക ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീഷണി എന്നെന്നേക്കുമായി അവസാനിപ്പിക്കാനൊരുങ്ങുന്നത്. മുമ്പ് സോമാലിയയിലും യമനിലും നടത്തിയതു പോലുള്ള പരോക്ഷ ഇടപെടല്‍ മാത്രമാണ് അവരുടെ അജണ്ടയിലുള്ളത്. ആഗോള ജനതയുടെയോ ലോകരാഷ്ട്രങ്ങളുടെയോ പിന്തുണയേതുമില്ലാത്ത കേവലം 30000ഓളം അംഗങ്ങളുള്‍ക്കൊള്ളുന്ന ഒരു സംഘടനക്കെതിരെ പോലും നേരിട്ട് രംഗത്തിറങ്ങാന്‍ വിമുഖത കാണിക്കുന്ന ഒബാമന്‍ ഭരണകൂടം ഭാവിയില്‍ ഇറാന്റെ അണ്വായുധ നിര്‍മ്മാണമടക്കമുള്ള വിഷയങ്ങള്‍ ആര്‍ജ്ജവപൂര്‍വ്വം കൈകാര്യം ചെയ്യാനുള്ള കഴിവും പ്രാപ്തിയും അകാരണമായി നഷ്ടപ്പെടുത്തിക്കളയുകയാണെന്ന വാദമുയര്‍ത്തി ഡെമോക്രാറ്റ് വിമര്‍ശകര്‍ ഇതിനകം തന്നെ മാധ്യമ ഇടങ്ങളില്‍ സജീവമായിക്കഴിഞ്ഞു. എന്നാല്‍ അന്താരാഷ്ട്ര വിഷയങ്ങളില്‍ ഏകപക്ഷീയമായി ഇടപെട്ട് സ്വന്തം നയനിലപാടുകള്‍ മറ്റുള്ളവര്‍ക്കു മേല്‍ അടിച്ചേല്‍പിക്കുന്ന അമേരിക്കന്‍ മുഷ്‌ക്കിന് ഇറാഖ്-അഫ്ഗാന്‍ ഇടപെടലുകളുടെയും, തൊഴിലില്ലായ്മയുടെയും ആഗോള മാന്ദ്യത്തിന്റെയും അകമ്പടിയോടെ കടന്നു വന്ന സാമ്പത്തിക പരാധീനതകളുടെയും കഴിഞ്ഞ കാലങ്ങള്‍ തന്നെ ശവക്കുഴിയൊരുക്കിയിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം അത്ര രഹസ്യമല്ല.
രൂപീകരണ ലക്ഷ്യങ്ങളില്‍ നിന്നും അംഗരാജ്യങ്ങളുടെ പൊതു താല്‍പര്യങ്ങളില്‍ നിന്നും ആരംഭകാലം മുതലേ അകന്നു സഞ്ചരിച്ചു ശീലിച്ച അറബ് ലീഗിന് അമേരിക്കയുടെ മേഖലയിലെ നിലപാടു മാറ്റം വീണു കിട്ടിയ സുവര്‍ണ്ണാവസരമാക്കി മാറ്റാന്‍ കഴിയും. വര്‍ഷാവര്‍ഷം സംഗമിച്ചു പിരിയുന്നതിനപ്പുറം മേഖലയിലെ ജനങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാത്ത നാളിതു വരെയുള്ള ഉദാസീന മനോഭാവത്തെ പിറകിലുപേക്ഷിച്ച് മേഖലയില്‍ സുസ്ഥിരതയും സമാധാനവും ഉറപ്പു വരുത്താനുള്ള ശ്രമങ്ങള്‍ക്ക് നാന്ദി കുറിക്കാന്‍ ഏറ്റവും അനുയുക്തമായ സന്ദര്‍ഭമാണ് അവര്‍ക്കു മുന്നിലുള്ളതെന്ന് പറയാതെ വയ്യ.
ഇസ്ലാമിക് സ്റ്റേറ്റിനെ ചെറുക്കാന്‍ അറബ് രാജ്യങ്ങളുടെ സൈനിക-സാമ്പത്തിക പിന്തുണ തേടി സന്ദര്‍ശനത്തിനെത്തിയിട്ടുള്ള അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി ജോണ്‍ കെറിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ച് മേഖലയില്‍ സ്വാധീനപൂര്‍ണ്ണമായ ഇടപെടല്‍ നടത്താന്‍ അമേരിക്കയെ വീണ്ടും അനുവദിക്കുന്നതിന് പകരം പ്രശ്‌നപരിഹാരത്തിനായി സ്വന്തമായ നിലപാടുകള്‍ക്ക് രൂപം നല്‍കി അവക്ക് ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പു വരുത്താനാണ് അറബ് ലീഗ് ശ്രമിക്കേണ്ടത്. അതിനവര്‍ക്കാവശ്യം കാലങ്ങളായി അറബ് ലീഗ് നേതൃത്വം പ്രകടിപ്പിച്ചു ശീലിക്കാത്ത അല്‍പം ആര്‍ജ്ജവവും ഒരു സംഘടനയെന്ന നിലക്കുള്ള തങ്ങളുടെ അസ്ഥിത്വത്തോടുള്ള ഒരിത്തിരി ആത്മാര്‍ത്ഥതയും മാത്രമാണ്.
അമേരിക്കയടക്കമുള്ള ബാഹ്യ ശക്തികളേക്കാള്‍ എന്തു കൊണ്ടും അറബ് മേഖലയിലെ അനന്തമെന്ന് തോന്നിക്കുന്ന സംഘര്‍ഷാവസ്ഥക്ക് കൂടുതല്‍ പ്രായോഗികവും ക്രിയാത്മകവുമായ പരിഹാരം കാണാന്‍ കഴിയുക അറബ് ലീഗിന് തന്നെയാണെന്നുള്ളത് അവിതര്‍ക്കിതമാണ്. അതിനു തക്ക ആയുധ-അര്‍ഥ ബലം അവര്‍ക്കുണ്ടെന്നും ആരും അംഗീകരിക്കും. എന്നാല്‍ പടിഞ്ഞാറിന്റെ കോന്തലത്തുമ്പ് പിടിച്ചു മാത്രം ശീലിച്ച ഗതകാല രാഷ്ട്രീയാനുഭവങ്ങളുടെ ഹാങ് ഓവര്‍ വിട്ട് അവസരത്തിനൊത്തുയരാന്‍ അവര്‍ സന്നദ്ധമാണോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു അറബ് മേഖലയുടെ രാഷ്ട്രീയ ഭാവി. ആര്‍ജ്ജവപൂര്‍ണ്ണമായ ഇത്തരമൊരു നിലപാടിനെക്കുറിച്ചുള്ള പ്രതീക്ഷകളെത്തന്നെ അസ്ഥാനത്താക്കാന്‍ തക്ക നിഷ്‌ക്രിയവും നിരര്‍ത്ഥകവുമായ ഗതകാലാനുഭവങ്ങളുടെ നാണക്കേടിനെ മായ്ച്ചു കളയാന്‍ ലഭിച്ച സുവര്‍ണ്ണാവസരം അവര്‍ ഉപയോഗപ്പെടുത്തുമെന്ന് പ്രത്യാശിക്കുകയല്ലാതെ അറബ് ലോകത്തിന്റെ നല്ല നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ കാണാന്‍ ഇപ്പോഴും ധൈര്യപ്പെടുന്നവര്‍ക്ക് മുമ്പില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല.



Leave A Comment