അബ്ദുല്ലാ രാജാവിനും മൂന്ന് തുണിയും ആറടി മണ്ണും തന്നെ....
Handout photo of the body of Saudi King Abdullah is carried during his funeral at Imam Turki Bin Abdullah Grand Mosque in Riyadhഇന്നലെ മരണപ്പെട്ട അബ്ദുല്ലാ രാജാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ കാണിക്കുന്ന വീഡിയോ ക്ലിപ്പാണ് ഇന്ന് യൂട്യൂബിലെ താരം. ഏതാനും മണിക്കൂറുകള്‍കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് വിവിധ സോഷ്യല്‍മീഡിയകളിലൂടെ ഇത് വീക്ഷിച്ചത്. എന്നാല്‍, ഇത് വീക്ഷിച്ചവരൊക്കെ അറിയാതെ പറഞ്ഞുപോയ ഒരു വലിയ സത്യമുണ്ട്, ഏത് രാജാവിനും അവസാനം ബാക്കിയാവുന്നത് ഇത്ര മാത്രം..മൂന്ന് കഷ്ണം തുണിയും ആറടി മണ്ണും... അതെ, ജീവിതത്തിലുടനീളം നടത്തുന്ന അശ്രാന്തപരിശ്രമത്തിലൂടെ സമ്പാദിച്ചുകൂട്ടുന്നതില്‍ അവസാനം ലഭിക്കുന്നത്, തന്റേതെന്ന് പറയാവുന്നത് ഇത് മാത്രമാണ്. പ്രവിശാലമായ സഊദി അറേബ്യയുടെ അധികാരി എന്നതിലപ്പുറം ലോക രാഷ്ട്രനായകരില്‍ ഏറ്റവും സമ്പന്നരായ മൂന്ന് പേരില്‍ ഒരാളാണ് അബ്ദുല്ല രാജാവെന്ന് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ഈ ചിത്രം സംവേദനം ചെയ്യുന്ന സന്ദേശം കൂടുതല്‍ വ്യക്തമാവുന്നു. ജീവിതത്തില്‍ ഒന്നും സമ്പാദിക്കാനാവാതെ വിട പറയേണ്ടിവരുന്നവനും ഇത് രണ്ടും ലഭ്യമാവുന്നുവെന്നതും മറ്റൊരു സത്യം. പ്രവാചകശ്രേഷ്ഠരായ റസൂല്‍ (സ്വ) അടക്കമുള്ള, ഇന്നോളം ജീവിച്ച് മരിച്ചുപോയവരെല്ലാം അവസാനയാത്രയില്‍ ഇത്രയേ കൂടെ കൊണ്ടുപോയിട്ടുള്ളൂ. ഇസ്‍ലാമിന്റെ സാര്‍വ്വമാനവികമായ ആ നിയമത്തിന് മുന്നില്‍ പണ്ഡിത-പാമര വ്യത്യാസമില്ല, ധനിക-ദരിദ്ര വൈജാത്യമില്ല, കുബേര-കുചേല വിവേചനമില്ല, ഭരണാധിപ-ഭരണീയ അന്തരമില്ല....അല്ലാഹുവിലേക്കുള്ള യാത്രയില്‍ എല്ലാവരും തുല്യര്‍.. ശേഷം, അവരെ തരം തിരിക്കുന്നത് ജീവിതയാത്രയില്‍ ചെയ്തു വെച്ച സല്‍കര്‍മ്മങ്ങളെ അടിസ്ഥാനമാക്കി മാത്രം... പരലോകയാത്രയില്‍ വെളിച്ചം പകരാനുള്ളത് ഇന്നലെകളില്‍ ചെയ്ത ദാനധര്‍മ്മങ്ങളും സദ്പ്രവൃത്തികളും മാത്രം... അബൂഹുറൈറ (റ) നിവേദനം ചെയ്യുന്ന ആ പ്രവാചകാധ്യാപനം എത്ര സത്യം, എന്റെ സ്വത്ത്..എന്റെ സ്വത്ത് എന്ന് അടിമ പറഞ്ഞുകൊണ്ടേയിരിക്കും... എന്നാല്‍ അവന്റെ സ്വത്തില്‍നിന്ന് മൂന്നെണ്ണം മാത്രമാണ് അവന്റേതായുള്ളത്. അവന്‍ ഭക്ഷിച്ചുതീര്‍ത്തത്, അവന്‍ ധരിച്ചു നുരുമ്പിപ്പോയത്, അല്ലെങ്കില്‍ ധര്‍മ്മം നല്കി നാളേക്ക് വേണ്ടി സൂക്ഷിച്ചുവെച്ചത്. അവയല്ലാത്തതെല്ലാം പോകുന്നതും മറ്റുള്ളവര്‍ക്ക് വേണ്ടി വിട്ടേച്ചുപോകേണ്ടതുമാണ്. (മുസ്‍ലിം) ലോകമേ യാത്ര എന്ന മലയാള കവിതയിലെ വരികള്‍ ഇങ്ങനെ വായിക്കാം. ഇഹത്തിലെ ധനം സുഖം യശസ്സുമാഭിജാത്യവും വഹിച്ചുകൊണ്ടുപോകയില്ല മര്‍ത്യനന്ത്യയാത്രയില്‍ അഹന്ത കൊണ്ടഴുക്കു പറ്റിടാത്ത കര്‍മ്മമൊന്നുതാന്‍ ഇഹത്തിലും സുഖം നൃണാം പരത്തിലും വരുത്തിടും

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter