ഹജ്ജിനുള്ള കാല്‍നടയാത്ര, ചില യാഥാര്‍ത്ഥ്യങ്ങള്‍

അനസ് (റ) നിവേദനം ചെയ്യുന്നു, പ്രവാചകരുടെ ആരാധനയെ കുറിച്ച് അന്വേഷിച്ച്, നബി പത്നിമാരുടെ വീടുകളിലേക്ക് മൂന്നാളുകള്‍ വന്നു. വിവരങ്ങളറിഞ്ഞപ്പോള്‍, ആരാധനകള്‍ അത്രയും മതിയോ എന്ന ചിന്തയാണ് അവരിലുണ്ടായത്. അവര്‍ പറഞ്ഞു, പ്രവാചകര്‍ക്ക് അല്ലാഹു എല്ലാം പൊറുത്ത് കൊടുത്തതാണല്ലോ. നമ്മുടെ കാര്യം അങ്ങനെയല്ലല്ലോ. ശേഷം അവരിലൊരാള്‍ പറഞ്ഞു, ഞാന്‍ രാത്രി മുഴുവന്‍ നിസ്കരിക്കും (ഉറങ്ങുകയേ ഇല്ല). രണ്ടാമന്‍ പറഞ്ഞു, ഞാന്‍ എല്ലാ ദിവസവും നോമ്പെടുക്കും. ഒരു ദിവസം പോലും ഉപേക്ഷിക്കുകയേ ഇല്ല. ഇത് കേട്ട മൂന്നാമന്‍ പറഞ്ഞു, ഞാന്‍ ഒരിക്കലും വിവാഹം കഴിക്കില്ല, സ്ത്രീകളുമായി അകലം പാലിച്ച് ജീവിതം നയിക്കും. ഇത് കേട്ട പ്രവാചകര്‍ അങ്ങോട്ട് വന്ന് ചോദിച്ചു, ഇങ്ങനെയൊക്കെ പറഞ്ഞവര്‍ നിങ്ങളാണോ. അല്ലാഹുവാണേ സത്യം, നിങ്ങളില്‍ അല്ലാഹുവിനെ ഏറ്റവും ഭയക്കുന്നവനും ഭക്തിയുള്ളവനും ഞാനാണ്. എന്നിട്ടും ഞാന്‍ നോമ്പെടുക്കുകയും ഒഴിവാക്കുകയും ചെയ്യാറുണ്ട്, നിസ്കരിക്കുകയും ഉറങ്ങുകയും ചെയ്യാറുണ്ട്, സ്ത്രീകളെ വിവാഹം കഴിക്കാറുമുണ്ട്. എന്റെ ചര്യയോട് മുഖം തിരിക്കുന്നവന്‍ എന്നില്‍ പെട്ടവനല്ല (ബുഖാരി, മുസ്‍ലിം)

അല്ലാഹുവിന് ആരാധനകള്‍ നിര്‍വ്വഹിക്കുകയെന്ന ലക്ഷ്യത്തില്‍ പോലും സ്വശരീരത്തെ പ്രയാസപ്പെടുത്തുന്നതും ഇതരര്‍ക്ക് അവകാശപ്പെട്ട തങ്ങളുടെ സമയം ഹനിക്കുന്നതും ഇസ്‍ലാമിക ശരീഅത് നിരുല്‍സാഹപ്പെടുത്തുന്നു എന്നാണ് മേല്‍പറയപ്പെട്ട ഹദീസ് വ്യക്തമാക്കുന്നത്. ഇസ്‍ലാമിക കര്‍മ്മങ്ങളിലൊക്കെ ഇത് പ്രകടമായി തന്നെ കാണാവുന്നതാണ്. സുന്നത് നോമ്പുകളില്‍ ഏറ്റവും ശ്രേഷ്ഠമാണ് അറഫാ ദിനത്തിലെ നോമ്പ്. ലോകമുസ്‍ലിംകളെല്ലാവരും ആ ദിനം നോമ്പെടുക്കുമ്പോഴും അറഫായിലുള്ള ഹാജിമാര്‍ക്ക് അത് സുന്നതില്ലെന്നതാണ് കര്‍മ്മ ശാസ്ത്ര നിയമം. അന്നേ ദിവസവും തുടര്‍ദിവസങ്ങളിലും ചെയ്യാനുള്ള ഹജ്ജിന്റെ വിവിധ കര്‍മ്മങ്ങള്‍ സാവേശം നിര്‍വ്വഹിക്കുന്നതിന് അത് തടസ്സമാവരുതെന്നാണ് അതിന് പണ്ഡിതര്‍ പറയുന്ന പ്രധാന കാരണം തന്നെ.

ജീവിതവും സമയവും അമൂല്യമാണെന്ന് വിശ്വസിക്കുന്നവനാണ് വിശ്വാസി. ലഭ്യമായ സമയം കൊണ്ട് ഒട്ടേറെ ഉത്തരവാദിത്തങ്ങള്‍ അവന്ന് നിറവേറ്റാനുണ്ട്. തന്നെ സൃഷ്ടിച്ച പടച്ച തമ്പുരാനോടെന്ന പോലെ, സ്വശരീരത്തോടും ഭാര്യ-മക്കളോടും മാതാപിതാക്കളോടും ബന്ധുക്കളോടും സമസൃഷ്ടികളോടും സഹജീവികളോടും സസ്യലതാദികളടങ്ങുന്ന പ്രകൃതിയോട് പോലും അവന് ചെയ്ത് തീര്‍ക്കാന്‍ ബാധ്യതകളേറെയാണ്. 

ഹിജ്റ ചെയ്ത് മദീനയിലെത്തിയ വേളയില്‍ അതിഥികളായ മുഹാജിറുകളെയും ആതിഥേയരായ മദീനക്കാരെയും ഓരോരുത്തരെയായ പ്രവാചകര്‍ കൂട്ടിയിണക്കുന്നുണ്ട്. അക്കൂട്ടത്തില്‍ പെട്ടവരായിരുന്നു മുഹാജിറായ സല്‍മാനുല്‍ഫാരിസി(റ)യും മദീനക്കാരനായ അബുദ്ദര്‍ദാഅ്(റ)വും. സുഹൃത്തിനോടൊപ്പം വീട്ടിലെത്തിയ സല്‍മാന്‍(റ), അബുദ്ദര്‍ദാഅ്(റ)ന്റെ ഭാര്യയുടെ അലങ്കാരങ്ങളേതുമില്ലാത്ത രൂപഭാവങ്ങള്‍ കണ്ട് അല്‍ഭുതപ്പെട്ട് കാരണമന്വേഷിച്ചു.  താങ്കളുടെ സുഹൃത്തായ അബുദ്ദര്‍ദാഇന് ഐഹിക കാര്യങ്ങളിലൊന്നും താല്പര്യമില്ലെന്നായിരുന്നു അവരുടെ മറുപടി. ശേഷം ഭക്ഷണം വിളമ്പിയപ്പോള്‍, എനിക്ക് നോമ്പാണെന്ന് പറഞ്ഞ് കഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍, താങ്കള്‍ കഴിക്കാതെ ഞാനും കഴിക്കില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ കൊണ്ട് നോമ്പ് മുറിപ്പിച്ചതും രാത്രി ഉറങ്ങാതെ നിസ്കാരത്തിന് തുനിഞ്ഞ അദ്ദേഹത്തെ നിര്‍ബന്ധിച്ച് ഉറങ്ങാന്‍ പറഞ്ഞയച്ചതും രാത്രിയുടെ അവസാന യാമങ്ങളില്‍ മാത്രം, നിസ്കരിക്കാനായി വിളിച്ചുണര്‍ത്തിയതും ഹദീസുകളില്‍ കാണാം. ശേഷം ഇങ്ങനെ ഉപദേശിക്കുകയും ചെയ്തു, താങ്കളുടെ രക്ഷിതാവിന് ചില അവകാശങ്ങളുണ്ട്, താങ്കളുടെ ശരീരത്തിനുമുണ്ട് അവകാശങ്ങള്‍, ഭാര്യക്കുമുണ്ട് അങ്ങയുടെ സമയത്തില്‍ അവകാശം. ആയതിനാല്‍, ഓരോരുത്തര്‍ക്കും അവകാശപ്പെട്ടത് അവര്‍ക്ക് കൊടുത്തേ പറ്റൂ. തൊട്ടടുത്ത ദിവസം പ്രവാചക സദസ്സിലെത്തിയപ്പോള്‍ അബുദ്ദര്‍ദാഅ്(റ) ഇക്കാര്യം പ്രവാചകരോട് പറഞ്ഞു, അവിടുന്ന് പറഞ്ഞു, സല്‍മാന്‍ പറഞ്ഞതാണ് സത്യം. 

Also Read:മതം ചോദ്യം ചെയ്യപ്പെടുമ്പോൾ പണ്ഡിതന്മാർക്കു ചെയ്യാനുള്ളത്

നാഥന്‍ കനിഞ്ഞ് നല്കിയ ആയുസ്സില്‍ തന്നില്‍ അര്‍പ്പിതമായ ബാധ്യതകളെല്ലാം ചെയ്ത് തീര്‍ക്കാനാവുമ്പോഴാണ് വിശ്വാസിയുടെ ജീവിതം സാര്‍ത്ഥകമാകുന്നത്. ലഭ്യമായ സമയം ഏതെങ്കിലും ഒന്നിന് മാത്രം മാറ്റിവെക്കുന്നത് ഭൂഷണമല്ലെന്നര്‍ത്ഥം. വൃദ്ധരായ മാതാപിതാക്കളുണ്ടായിരിക്കെ, ധര്‍മ്മ സമരത്തിന് പോവാന്‍ അനുവാദം ചോദിച്ചെത്തിയ അനുചരനോട്, നിന്റെ വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കുന്നതാണ് നിന്റെ ധര്‍മ്മയുദ്ധമെന്നായിരുന്നു പ്രവാചകര്‍ നല്കിയ മറുപടി. ഇത് പഠിപ്പിക്കുന്നത് ഉത്തരവാദിത്തങ്ങളുടെ മുന്‍ഗണനാക്രമം ഏറെ പ്രധാനമാണ് എന്നത് തന്നെയാണ്.

ഇബ്നുമസ്ഊദ് (റ) നിവേദനം ചെയ്യുന്ന ഈ ഹദീസ് കൂടി നമുക്ക് ഇതിനോട് ചേര്‍ത്ത് വായിക്കാം, തീവ്രത കാണിക്കുന്നവര്‍ നശിക്കട്ടെ എന്ന് പ്രവാചകര്‍ മൂന്ന് തവണ പറഞ്ഞു (മുസ്‍ലിം). ആരാധനാകര്‍മ്മങ്ങളില്‍ പോലും, കല്‍പിക്കപ്പെട്ടതിലുപരി, സ്വശരീരത്തെ പ്രയാസപ്പെടുത്തരുതെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തുന്നത് ഈ ഹദീസിന്റെ കൂടി വെളിച്ചത്തിലാണ്. 

മതാനുഷ്ഠാനങ്ങൾ നിർവഹിക്കുമ്പോൾ ഈ സന്തുലിത സ്വഭാവം നിലനിറുത്തകയും കൃത്രിമത്വവും അതിതീവ്രതയും ബാലിശമായ സങ്കീർണ്ണതകളും ഒഴിവാക്കപ്പെടുകയും വേണം.  അബൂ ഹുറൈറ (റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം “ ഈ മതം സരളമാണ്. ആരെങ്കിലും അനാവശ്യ തീവ്രത പുലർത്തുന്ന പക്ഷം അത് അവനെ കീഴടക്കും”. (ബുഖാരി). മടുപ്പിലേക്കും അശക്തിയിലേക്കും നയിക്കുന്ന രീതിയിൽ മത കർമ്മങ്ങൾ നിർവഹിക്കരുതെന്ന് ഒട്ടേറെ പ്രവാചക അദ്ധ്യാപനങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. 

അതു പോലെ തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ് ആരാധന കർമ്മങ്ങളിലുണ്ടാകിനിടയുള്ള  പ്രകടനപരതയും അനാവശ്യ ശ്രദ്ധക്ഷണിക്കലും; പ്രത്യേകിച്ച് വ്യക്തിഗത ഇബാദത്തുകളിൽ.  മറ്റുള്ളവരിൽ  നിന്നു വ്യതിരിക്തനായി നിൽക്കാനും അവരുടെ ശ്രദ്ധ തന്നിലേക്ക് ആകർഷിക്കാനുമായി മാത്രം പ്രത്യേകതരം വസ്ത്രങ്ങൾ ധരിക്കുന്നത് പോലും ആ വ്യക്തിയിൽ നിന്നു അല്ലാഹു പിന്തിരിയുന്നതിനു ഇടയാക്കുമെന്നാണ് നബി(സ) പഠിപ്പിച്ചത്. നാം നിർവഹിക്കുന്ന നിർബന്ധിത ഇബാദത്തുകളിൽ ജനങ്ങളുടെ ശ്രദ്ധ നമ്മിലേക്ക് പതിക്കുന്നതിന് വഴിയൊരുക്കുമ്പോൾ ഒരു പക്ഷേ നാം അറിയാതെ തന്നെ നമ്മുടെ ഉദ്ദേശശുദ്ധിയിൽ മായം ചേരാനിടയുണ്ട്. അത്തരം കാര്യങ്ങളെ ഉറുമ്പിന്റെ സഞ്ചാരത്തേക്കാൾ രഹസ്യമായ ശിർക്ക് എന്നാണ് തിരുദൂതർ (സ) വിശേഷിപ്പിച്ചത്. 

ചുരുക്കത്തില്‍, ഹജ്ജ് കര്‍മ്മത്തിനാണെങ്കില്‍ പോലും, ലഭ്യമായ സൌകര്യങ്ങളുപയോഗപ്പെടുത്താതെ, കാല്‍നടയായി കാതങ്ങള്‍ താണ്ടി സ്വശരീരത്തെ പ്രയാസപ്പെടുത്തുന്നതും മറ്റുള്ളവര്‍ക്ക് കൂടി അവകാശപ്പെട്ട സമയവും ആയുസ്സും ചെലവഴിക്കുന്നതും മതപരമായി പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതോ ആഘോഷിക്കപ്പെടേണ്ടതല്ല. ഒരു വ്യക്തിക്ക് ന്യായമായ കാരണങ്ങളോ ലക്ഷ്യങ്ങളോ ഉണ്ടെങ്കിൽ അങ്ങനെ ഹജ്ജ് ചെയ്യാൻ സ്വാതന്ത്ര്യവും അവകാശവും ഉണ്ടെങ്കിലും അത് മതപരമായ ഒരു പുണ്യകർമ്മമ്മയായി കൊട്ടിഘോഷിക്കപ്പെടാവതല്ലെന്ന് മാത്രമല്ല മതപരമായി വിലക്കപ്പെട്ട പല ഘടകങ്ങളും അതിൽ വന്ന് ചേരാനും സാധ്യത ഏറെയാണ്.
അതേ സമയം, ഇത്തരം അപാതകളോ ബാധ്യതാനിര്‍വ്വഹണത്തിലെ വീഴ്ചകളോ ഒന്നും വരാതെ, ആത്മാര്‍ത്ഥമ പൂര്‍ണ്ണമായി നടത്തുന്ന യാത്രകള്‍ അനുവദനീയമല്ലെന്ന് പറയുന്നില്ല താനും. അത്തരം ശ്രമങ്ങളുടെ ഉദ്ദേശ്യശുദ്ധിയും അതിലടങ്ങിയ വിവിധ ലക്ഷ്യങ്ങളും നന്നായി അറിയുന്നവനാണല്ലോ പടച്ച തമ്പുരാന്‍. അവന്‍ എല്ലാ കര്‍മ്മങ്ങള്‍ക്കും കൃത്യമായ പ്രതിഫലം നല്കുന്നവന്‍ തന്നെ.

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter