കാമറൂണ്‍-റൂഹാനി കൂടിക്കാഴ്ചയുയര്‍ത്തുന്ന പ്രതീക്ഷകള്‍
cameron roohaniരാഷ്ട്രങ്ങളും സാമ്രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ക്കും അഭിപ്രായനൈക്യം മറന്നുള്ള സഖ്യരൂപീകരണങ്ങള്‍ക്കും പലപ്പോഴും ആണിക്കല്ലായി വര്‍ത്തിച്ചിട്ടുള്ളത് പരസ്പരമുള്ള സ്വരച്ചേര്‍ച്ചകള്‍ക്കും സഹവര്‍ത്തിത്വ മനോഭാവത്തിനുമപ്പുറം പൊതു ശത്രുക്കളുടെ സാന്നിദ്ധ്യവും ശക്തിപ്പെടലുമാണെന്ന് ലോക ചരിത്രം ആവര്‍ത്തിച്ചു വ്യക്തമാക്കിത്തരുന്ന പാഠമാണ്. മധ്യേഷ്യന്‍ രാഷ്ട്രീയത്തില്‍ മേഖലയിലെ രാഷ്ട്രങ്ങള്‍ക്കും പടിഞ്ഞാറന്‍ ശക്തികള്‍ക്കും ഒരു പോലെ കീറാമുട്ടിയായിരുന്ന ഇറാന്‍ പ്രശ്‌നത്തില്‍ ചര്‍ച്ചകളിലൂടെയും സൗഹൃദ സംഭാഷണങ്ങളിലൂടെയും ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതികളെ ഈ ചരിത്ര പരികല്‍പനയുടെ വെളിച്ചത്തിലാണ് നോക്കിക്കാണേണ്ടത്. കഴിഞ്ഞ ബുധനാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ഇറാന്‍ പ്രസിഡണ്ട് ഹസ്സന്‍ റൂഹാനിയും യു.എന്‍ ജനറല്‍ അസംബ്ലിക്കിടെ നടത്തിയ കൂടിക്കാഴ്ചയെ ചരിത്രപ്രധാനമെന്ന് പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ വിശേഷമുദ്ര ചാര്‍ത്തിയത് വെറുതെയല്ല. രാഷ്ട്രീയ-സാമ്പത്തിക മേഖലകളില്‍ ഇറാന്റെ ഒറ്റപ്പെടലിന് ആക്കം കൂട്ടിയ നജാദിയന്‍ യുഗത്തിനു ശേഷം പാശ്ചാത്യ ശക്തികളുടെ ഉപരോധം മറികടക്കാനുള്ള ഇറാന്റെയും അറബ് മേഖലയില്‍ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റിനെ എന്നെന്നേക്കുമായി തുടച്ചു നീക്കാന്‍ സമഗ്ര പിന്തുണ നേടാനും ഊര്‍ജ്ജ-നയതന്ത്ര വിഷയങ്ങളില്‍ മേഖലയിലെ പുതിയ പങ്കാളിയായി ഇറാനെ ഉയര്‍ത്തിക്കൊണ്ട് വരാനുമുള്ള പടിഞ്ഞാറിന്റെയും ശ്രമങ്ങള്‍ സജീവമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ 1979ലെ വിപ്ലവാനന്തരം ഇരു രാഷ്ട്രത്തലവന്മാരും നടത്തുന്ന ഈ പ്രഥമ കൂടിക്കാഴ്ചക്ക തീര്‍ച്ചയായും വര്‍ദ്ധിത പ്രാധാന്യമുണ്ടായിരുന്നു. ഇറാഖ്-അഫ്ഗാന്‍ ഇടപെടലുകളിലും ആഗോള തീവ്രവാദ വിരുദ്ധ എടുത്തുചാട്ടങ്ങളിലും നേരിട്ട തിരിച്ചടികളുടെയും സാമ്പത്തിക മാന്ദ്യമേല്‍പിച്ച കടുത്ത ആഘാതങ്ങളുടെയും പശ്ചാത്തലത്തില്‍ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും വിദേശ നയത്തില്‍ സംഭവിച്ച കാതലായ തിരുത്തെഴുത്തുകളും പുനഃക്രമീകരണങ്ങളുമാണ് ഇറാന്‍-പടിഞ്ഞാറ് അനുരഞ്ജന ചര്‍ച്ചകള്‍ക്ക് അരങ്ങൊരുക്കിയത്. ഇറാന്‍ ആണവ വിഷയത്തിലെ അയവില്ലാത്ത സമീപനം മറ്റൊരു യുദ്ധത്തിലേക്ക് നയിച്ചാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച അമേരിക്കയുടെ അമിത ഉല്‍കണ്ഢയും മുന്‍കരുതലുമാണ് ഇത്തരമൊരു മഞ്ഞുരുക്കം യാഥാര്‍ത്ഥ്യമാക്കിയതെന്ന് വേണമെങ്കില്‍ പറയാം. ഒരു നിമിത്തമെന്നോണം ഇതേ വേളയില്‍ ഇറാനില്‍ അരങ്ങേറിയ അധികാരക്കൈമാറ്റം കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിയ പടപ്പുറപ്പാടില്‍ നിന്ന് ഇറാന്‍ വിട്ടു നിന്നത് പ്രശ്‌നത്തില്‍ പാശ്ചാത്യ ശക്തികള്‍ പുലര്‍ത്തുന്ന ഇരട്ടത്താപ്പ് ഉന്നയിച്ചായിരുന്നു. സിറിയയില്‍ ഇറാന്റെ കൂടി പിന്തുണയുള്ള അസദ് ഭരണകൂടത്തിനെതിരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ നിഷ്ഠൂരതകള്‍ക്കെതിരെ പ്രതികരിക്കാതെ അവക്ക് ഒത്താശ ചെയ്ത പടിഞ്ഞാറിന്റെ ഇപ്പോഴത്തെ തീവ്രവാദ വിരുദ്ധ സമരാവേശം ശുദ്ധ തട്ടിപ്പാണെന്ന നിലപാടാണ് ഇറാന്‍ സ്വീകരിച്ചത്. ആദര്‍ശപരമായും രാഷ്ട്രീയപരമായും ഐസിസ് വിരുദ്ധ പക്ഷത്തായിട്ടും അവര്‍ക്കെതിരെയുള്ള ആഗോള യുദ്ധത്തില്‍ ഇറാന്റെ പിന്തുണ നേടിയെടുക്കുന്നതില്‍ വിജയിക്കാന്‍ കഴിയാതിരുന്നത് വന്‍തിരിച്ചടിയായാണ് പടിഞ്ഞാറില്‍ വിലയിരുത്തപ്പെട്ടത്. പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് സമാധാനഭഞ്ജകര്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കുവാനുള്ള മേഖലയിലെ രാഷ്ട്രങ്ങളുടെ സ്വയംനിര്‍മ്മിത അശക്തത മൂലമാണെന്നത് പരസ്യമായ രഹസ്യമാണ്. അയല്‍ക്കാരായിരുന്നിട്ടും സുന്നി-ശിയാ ഭിന്നതയുടെ പേരില്‍ ഇറാനും സൗദി അറേബ്യക്കുമിടയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അകല്‍ച്ച തന്നെയാണ് ഇതിന്റെ മുഖ്യ ഹേതുകം. മേഖലയെ ബാധിക്കുന്ന പൊതു പ്രശ്‌നങ്ങളില്‍ പോലും ഒന്നിച്ചു നില്‍ക്കാന്‍ കഴിയാത്ത വിധം പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളെ ഈ അകല്‍ച്ച രണ്ട് ചേരിയിലാക്കിയിട്ടുണ്ടെന്ന് നമുക്ക് കാണാന്‍ കഴിയും. മേഖലയില്‍ പടിഞ്ഞാറന്‍ രാഷ്ട്രങ്ങളുടെ ഇടപെടല്‍ സാദ്ധ്യമാക്കുന്നതും ഇതേ സ്വരച്ചേര്‍ച്ചയില്ലായ്മ തന്നെയാണ്. മിതവാദിമുദ്രയുള്ള റൂഹാനി അധികാരാരോഹണം നടത്തിയതിനു ശേഷം ഇറാനും സൗദിക്കുമിടയില്‍ വളര്‍ന്നു വരുന്ന വിദേശകാര്യ വകുപ്പു തല ചര്‍ച്ചകളുടെയും സൗഹൃദ സംഭാഷണങ്ങളുടെയും അന്തരീക്ഷത്തെ ഈ സന്ദര്‍ഭത്തില്‍ വിലയിരുത്തുമ്പോള്‍ പ്രതീക്ഷക്ക് വകയുണ്ടെങ്കിലും ഇരു രാഷ്ട്രങ്ങള്‍ക്കും സമാധാനത്തിന്റെ പാതയില്‍ സഞ്ചരിക്കാന്‍ ദൂരമൊരുപാട് ബാക്കിയാണ്. പടിഞ്ഞാറുമായുള്ള അടുപ്പം ഇറാന് ആഭ്യന്തര നേട്ടങ്ങളാണ് വാഗ്ദാനം ചെയ്യുന്നതെങ്കില്‍ സൗദി-ഇറാന്‍ കൈകോര്‍ക്കല്‍ മേഖലയുടെ സൈനിക-സാമ്പത്തിക-നയതന്ത്ര മേഖലകളില്‍ ഗുണപരമായ ധാരാളം മാറ്റങ്ങള്‍ക്കുള്ള നാന്ദിയാകും. മൊത്തത്തില്‍, ആഗോള രാഷ്ട്രീയ നിര്‍വ്വചനങ്ങളും സൂത്രവാക്യങ്ങളും പുനര്‍നിര്‍വ്വചനങ്ങള്‍ക്കും പൊളിച്ചെഴുത്തുകള്‍ക്കും വിധേയമാകുമ്പോള്‍ പ്രായോഗികമായ രാഷ്ട്രീയ വിചിന്തനങ്ങള്‍ക്ക് തയ്യാറാകാന്‍ ഇറാനും സൗദിയുമടക്കമുള്ള പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളും പടിഞ്ഞാറും ഒരു പോലെ സന്നദ്ധമാകേണ്ടിയിരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പൊതുവികാരം മേഖലയിലെ രാഷ്ട്രങ്ങളെ ഒന്നിച്ചണിനിരക്കുന്നതിലേക്കു നയിച്ചാല്‍ ലോകസമാധാനത്തിന് സമീപകാലത്ത് ലഭിച്ച ഏറ്റവും വലിയ നേട്ടമെന്ന് നിസ്സംശയം നമുക്കതിനെ വിശേഷിപ്പിക്കാനാകും. നൃശംസനീയതയും മാനുഷിക വിരുദ്ധതയും മാത്രം കൈമുതലാക്കിയ ഒരു സംഘത്തെക്കൊണ്ട് ലോകത്തിന് അങ്ങനെയെങ്കിലും ഒരു ഉപകാരം ലഭിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter