വിവാഹത്തിലെ പേക്കൂത്തുകള്‍, ആരെയാണ് കല്ലെറിയേണ്ടത്
വിവാഹത്തോടനുബന്ധിച്ച് നടന്ന ചില കാട്ടിക്കൂട്ടലുകളുടെ കാഴ്ചകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പലരെയും വേദനിപ്പിച്ചതാണ്. പലരും അതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും പ്രതികരിച്ചതും കണ്ടു. ആ വിഷയത്തെ അല്‍പം കൂടി ആഴത്തില്‍ നോക്കുകയാണ് ബൈനോകുലര്‍.
ഏതാനും വര്‍ഷം മുമ്പ് എന്റെ കുടുംബത്തില്‍ നടന്ന ഒരു വിവാഹം ഓര്‍മ്മ വരികയാണ്. വളരെ വലിയ സുഹൃദ് വലയമുള്ള ആളായിരുന്നു വരന്‍. ഒരു പാരലല്‍ കോളേജിലെ അധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ ശിഷ്യന്മാരും കൂട്ടുകാരും മാഷുമാരും ടീച്ചര്‍മാരുമെല്ലാം വിവാഹത്തിന് എത്തിയിരുന്നു. വരനോടൊപ്പം പെണ്‍വീട്ടിലേക്ക് പോയ കൂട്ടുകാര്‍, അവിടെ മണിയറയിലേക്ക് പ്രവേശിക്കണമെന്നും അല്ലറ-ചില്ലറ തമാശകളൊക്കെ ഒപ്പിക്കണമെന്നും പദ്ധതിയിട്ടിരുന്നു.
എന്നാല്‍, അവിടെയെത്തിയപ്പോള്‍ അല്‍പം പ്രായം ചെന്ന ഒരു കാരണവര്‍ വടിയും പിടിച്ച് കോലായില്‍ ഒരു കസേരയിലിരിക്കുന്നുണ്ടായിരുന്നു. വരനോടൊപ്പം കൂട്ടുകാര്‍ അകത്തേക്ക് കയറാന്‍ തുനിഞ്ഞതും കാരണവരുടെ ശബ്ദമുയര്‍ന്നു, എങ്ങോട്ടാ നിങ്ങളെല്ലാം കൂടി. അവിടെയുള്ളതൊക്കെ സ്ത്രീകളാണ്. കൂട്ടത്തിലൊരാള്‍ മറുപടി പറഞ്ഞു, പുതിയാപ്ലയുടെ കൂടെ അകത്തേക്കാണ്. ഉടനെ വന്നു മറുചോദ്യം, അവന്‍ മരിച്ചുപോവുമ്പോള്‍ നീ ഖബ്റിലേക്കും കൂടെ പോവോ. സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കിയതും കൂട്ടുകാര്‍ പതുക്കെ പിന്‍വലിഞ്ഞു. ആ കാരണവരോട് വല്ലാത്തൊരു ബഹുമാനം തോന്നിയെന്ന് പറയാതെ വയ്യ. ഒറ്റവാക്കില്‍ പറഞ്ഞാല്‍, കൃത്യസമയത്ത് വേണ്ടവിധം ഇടപെടാന്‍ ഇത്തരം മുതിര്‍ന്നവര്‍ ഇല്ലാത്തതാണ് എല്ലാ പേക്കൂത്തുകള്‍ക്കും അവസരമൊരുക്കുന്നത്.
നികാഹ് എന്നത് ഏറെ പവിത്രമായ ഒരു കര്‍മ്മമാണെന്ന് മാത്രമല്ല, ഒരു കുടുംബത്തിന്റെ തന്നെ അസ്ഥിവാരമിടുന്ന അത്, വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രവാചക ചര്യയായ ഒരു ആരാധനാകര്‍മ്മം കൂടിയാണ്. ഇസ്‍ലാമിന്റെ ബാലപാഠങ്ങളറിയുന്ന ആര്‍ക്കും ഇതെല്ലാം എല്ലാവര്‍ക്കും അറിയാവുന്നത് തന്നെയാണ്. പക്ഷേ, സമയോചിതമായ ചില തിരിച്ചറിവുകളില്ലായ്മയോ ചിലപ്പോഴെങ്കിലും പ്രതികരിക്കാനുള്ള പരിമിതികളോ ആണ് ഇത്തരം ദുരവസ്ഥകളിലേക്ക് കാര്യങ്ങളെത്തിക്കുന്നത് എന്നതല്ലേ ശരി. എല്ലാം കഴിഞ്ഞ് മറ്റാരെങ്കിലും ശ്രദ്ധയില്‍ പെടുത്തുമ്പോഴാണ് പലരും ഇതേകുറിച്ച് ബോധവാന്മാരാകുന്നതും ശേഷം മനസ്സാ പശ്ചത്താപിക്കുന്നതും.
ഇനിയും ഇത്തരം ദുര്‍നടപ്പുകള്‍ വരാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം. വിവാഹം എന്നത് ചെറുപ്പക്കാരുടെ ജീവിതത്തിലെ ഒരു സ്വപ്ന മുഹൂര്‍ത്തമാണ്. മുന്‍പരിചയങ്ങളൊന്നുമില്ലാതെ ചെയ്യേണ്ടിവരുന്ന ജീവിതത്തിലെ ആദ്യവും ഏകവുമായ മുഹൂര്‍ത്തം. ഈ വേളകളില്‍ എങ്ങനെയായിരിക്കണമെന്നും എന്തെല്ലാം ശ്രദ്ധിക്കണമെന്നും കൃത്യമായി പറഞ്ഞുകൊടുക്കേണ്ടത് വീട്ടുകാരും മുതിര്‍ന്ന ബന്ധുക്കളും കുടുംബക്കാരുമാണ്.
മഹല്ലുകള്‍ക്കുമുണ്ട് ഇവിടെ ചില കാര്യങ്ങള്‍ ചെയ്യാന്‍. വിവാഹത്തിലേക്ക് കാലെടുത്ത് വെക്കാന്‍ ഒരുങ്ങുന്നവര്‍ക്ക്, തദ്വിഷയകമായ നിര്‍ദ്ദേശങ്ങളും അതില്‍ പാലിക്കേണ്ട മതപരവും കുുടംബപരവും സാമൂഹ്യവുമായ മര്യാദകളും പറഞ്ഞുകൊടുക്കാനുള്ള അവസരങ്ങളുണ്ടാക്കേണ്ടതുണ്ട്.
കുറ്റപ്പെടുത്താനും അങ്ങനെ സംഭവിക്കരുതായിരുന്നു എന്നൊക്കെ പറയാന്‍ നല്ല സുഖമാണ്. കാര്യങ്ങളെ മുന്‍കൂട്ടി കണ്ട് വേണ്ടത് ചെയ്യാനോ, ഏറ്റവും ചുരുങ്ങിയത് കാണുന്ന മുറക്ക് കണ്‍മുമ്പില്‍ വെച്ച് തന്നെ അരുതെന്ന് പറയാനോ സാധിക്കുകയാണ് വേണ്ടത്. അല്ലാതെ, എല്ലാം കഴിഞ്ഞ് കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്ന് മാത്രമല്ല, പലപ്പോഴും അതിന്റെ ഉത്തരവാദിത്തം ചുമത്തപ്പെടുത്തേണ്ടത്, വധൂ-വരന്മാരേക്കാള്‍, കുടുംബത്തിലെ മറ്റു കാരണവരിലും കണ്ടു നില്‍ക്കുന്നവരിലുമാണെന്ന് പറയാതെ വയ്യ.
Leave A Comment