ജനസംഖ്യയുംവിസ്‌ഫോടനവും

രണ്ടനുഭവങ്ങള്‍ പറഞ്ഞു കൊണ്ട് തുടങ്ങാം. അനുഭവങ്ങളാണല്ലോ ഏററവും വലിയ അധ്യാപകന്‍. ഒന്ന്, 2011 ജൂലൈയില്‍ നടന്നതാണ്. പ്രശസ്ത ബ്രിട്ടീഷ് ഫുട്‌ബോള്‍ താരം ഡേവിഡ്‌ബെക്കാമിനും ഭാര്യ വിക്‌ടോറിയക്കും നാലമത്തെ കുഞ്ഞ് ജനിച്ചതായിരുന്നു പശ്ചാതലം. ബ്രിട്ടീഷ് ഫുട്‌ബോളിലെ പ്രശസ്തനായ താരത്തിന് നാലാമത്തെ കുട്ടി ജനിച്ചതില്‍ അവിടത്തെ പൊതു മാധ്യമങ്ങള്‍ വഴി അവരുടെ തന്നെ ആരാധകര്‍ കണക്കററു വിമര്‍ശിക്കുകയും പരിഹസിക്കുകയുംചെയ്തു. ഇതൊരു ദുര്‍മാതൃകയായിപ്പോയി എന്നുവരെ ചിലര്‍ പ്രതികരിച്ചു. ഇത് ബ്രിട്ടണിലെ സാമൂഹ്യ ശാസ്ത്രജ്ഞനും ജനസംഖ്യാ വിദഗ്ദനുമായ ഡമോര്‍ട്ട് ഗ്രഹാമിനെ വിറളിപിടിപ്പിച്ചു. മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ആ നിലപാടിനെതിരെ അദ്ദേഹം പൊട്ടിത്തെറിച്ചു. 

നാലാമത്തെ കുട്ടി ജനിച്ചതില്‍അദ്ദേഹംബെക്കാമിനെയുംവിക്‌ടോറിയയെയുംഅഭിനന്ദിച്ചുരംഗത്തെത്തി. കുട്ടികള്‍ കുറയുന്നത് സമൂഹത്തില്‍ ആശാവഹമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അനാവശ്യമായ സന്താനനിയന്ത്രണം സമൂഹത്തില്‍ മുരടിപ്പുണ്ടാക്കുമെന്നും സമൂഹം വയോജനങ്ങളാല്‍ വീര്‍പ്പുമുട്ടും എന്നും അദ്ദേഹം സലക്ഷ്യം സ്ഥാപിക്കുകയും ചെയ്തു. 

രണ്ടാമത്തേത് ചൈന ഈയിടെ നടത്തിയ സന്താന നിയന്ത്രണത്തില്‍ അയവുവരുത്തിക്കൊണ്ട് എടുത്ത നിലപാടാണ്. 1979ല്‍ ചൈന പാസ്സാക്കിയ ഒററക്കുട്ടി നയം ആറുദിവസം നീണ്ടുനിന്ന മുടിനാരിഴകീറി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ അവര്‍ ഭേതഗതിചെയ്യുകയായിരുന്നു. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സ്‌ററാന്റിംഗ് കമ്മററിയുടെ പുതിയ നയം ദമ്പതികളില്‍ ഒരാള്‍ ഒററക്കുട്ടിയാണെങ്കില്‍ അവര്‍ക്കു രണ്ടുകുട്ടികളാവാംഎന്നാണ്. 40 വര്‍ഷമായിചൈന പിന്തുടരുന്ന ഈ നയമനുസരിച്ച് ഇപ്പോഴുണ്ടാകുന്ന വിവാഹങ്ങളിലെ ദമ്പതികള്‍ ഏതാണ്ടെല്ലാവരും ഒററക്കുട്ടി വ്യവസ്ഥിതിയില്‍ ജനിച്ചവരായിരിക്കും. അങ്ങനെ വായിക്കുമ്പോള്‍ ചൈന തങ്ങളുടെ നയം പൂര്‍ണ്ണമായും മാററി എന്നാണ് നമുക്കു വായിക്കുവാന്‍ കഴിയുക. ആറുദിവസം നീണ്ടുനിന്ന കോണ്‍ഗ്രസിന്റെ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന പ്രശ്‌നം രാജ്യത്ത് വളര്‍ന്നുവരുന്ന വയോധികരുടെ അനുപാതവും സമൂഹത്തില്‍ ഈ നയംഉണ്ടാക്കുന്ന അസന്തുലിതത്വവും തന്നെയായിരുന്നു എന്നാണ് വസ്തുത.

ഇനി നമുക്ക് പ്രധാനമന്ത്രി തന്റെ 73ാം സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാജ്യവുമായി പങ്കുവെച്ച ആശങ്കയിലേക്കുകടക്കാം. പുതിയ ഇന്ത്യയുടെ ഊടും പാവും നെയ്യുവാന്‍ അദ്ദേഹം പ്രഖ്യാപിച്ച കാര്യങ്ങളുടെ കൂട്ടത്തില്‍ ഒരു വിസ്‌ഫോടനം എന്ന വാക്കുമുണ്ടായിരുന്നു. ജനസംഖ്യയുടെ വര്‍ധനവിനെയാണ് അദ്ദേഹം-സമൂഹ്യശാസ്ത്രവും വിളിച്ചിട്ടുള്ളതു പോലെ,വിസ്‌ഫോടനം എന്നുവിവരിച്ചത്. ഇത് സത്യത്തില്‍ പ്രധാനമന്ത്രിയുടെ മാത്രം അഭിപ്രായമല്ല. ലോകത്ത് പൊതുവെ ഉയര്‍ന്നു കേള്‍ക്കുന്ന ഒരുവിഷയമാണ്. അങ്ങനെ പറയുവാന്‍ ഓരോരുത്തരെയും പ്രേരിപ്പിക്കുന്നതാവട്ടെ ജനസംഖ്യയിലെ വളര്‍ച്ചയാണ്. ലോകത്ത് ജനസംഖ്യ അതിനു മാത്രം കുതിച്ചുവളരുകയാണ്. പത്തൊമ്പതാം നൂററാണ്ടിലേക്ക് ലോകം കണ്‍മിഴി തുറക്കുമ്പോള്‍ ലോക ജനസംഖ്യ 160 കോടിയായിരുന്നു. 1930ല്‍ അത് 200 കോടിയായി.1987 ജൂലൈ അഞ്ചിന് അത് 500 കോടിയായി. ഇപ്പോള്‍ അത് 700 കോടികടന്നിരിക്കുന്നു. ഈ സംഖ്യകളുടെ വളര്‍ച്ച ശ്രദ്ധിച്ചാല്‍ തന്നെ അറിയാം, ജനസംഖ്യാ വര്‍ദ്ധനവ് നാം പ്രതീക്ഷിക്കുന്നതിലും എത്രയോ ഇരട്ടിയാണ് എന്ന്. അതേസമയം ഇതിനനുസൃതമായ ഒരുവളര്‍ച്ചയിലേക്ക് വിഭവങ്ങളുടെ കാര്യത്തില്‍ ലോകം എത്തുന്നുമില്ല. 
അപ്പോള്‍ പിന്നെ ജനസംഖ്യ നിയന്ത്രിക്കുകയല്ലാതെ മറെറാരുവഴിയുമില്ലെന്നും ഇല്ലെങ്കില്‍ ദാരിദ്രം വലിയ വെല്ലുവിളിയായിത്തീരുമെന്നും ആരും പറഞ്ഞുപോകും. വെറും പ്രഥമദൃഷ്ട്യാ ചിന്തിക്കുകയും ആദ്യമായി മനസ്സില്‍വരുന്നതു വിളിച്ചുപറയുകയും ചെയ്യുന്ന ആര്‍ക്കും സംഭവിക്കുന്നതു മാത്രമേ പ്രധാനമന്ത്രിക്കും സംഭവിച്ചിട്ടുള്ളൂ. എന്നാല്‍ ഈ പറഞ്ഞതിനുമപ്പുറത്തേക്ക് നാം മേല്‍സൂചിപ്പിച്ച സൂചകങ്ങള്‍ വഴി ചിന്തയുമായി കടക്കുമ്പോള്‍ നമുക്ക് ഈ വിഷയത്തില്‍ ചില പുനപ്പരിശോധന വേണ്ടതല്ലേ എന്ന് തോന്നിപ്പോകും. ചെറിയ കുടുംബങ്ങള്‍ക്കേ രാജ്യത്തെ സ്‌നേഹിക്കുവാനും രാജ്യത്തിന്റെ വികസനത്തില്‍ സഹായിക്കാനുമാകൂ എന്നൊക്കെക്കൂടി പറയുമ്പോള്‍ ആ തോന്നലുകള്‍ക്ക് വേറെ ചില നിറങ്ങള്‍ കൂടി കൈവരികയുംചെയ്യും.

ജനസംഖ്യാ നിയന്ത്രണം ദാരിദ്രത്തെ ഇല്ലാതെയാക്കും എന്നുകരുതുന്നവര്‍ കാണാതെപോകുന്ന ചിലതുണ്ട് എന്നു പറയുവാനാണ് നാം ഡമോര്‍ട്ട് ഗ്രഹാമിനെയും ചൈനയെയും ഉദ്ധരിച്ചത്. ജനസംഖ്യാനിയന്ത്രണം വേണമെന്നുശഠിച്ചിരുന്ന റഷ്യയിലെ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുട്ടിനും ഇതു പ്രകടിപ്പിച്ചിട്ടുണ്ട്. 2006ല്‍ അദ്ദേഹം ജനസംഖ്യ നാള്‍ക്കുനാള്‍കുറഞ്ഞുവരുന്നതാണ് നാം നേരിടുന്ന ഏററവുംവലിയ പ്രശ്‌നം എന്നു തന്റെ രാജ്യത്തോട് പറഞ്ഞിട്ടുണ്ട്. ഇവരൊക്കെ എടുത്തുകാണിക്കുന്നത് വയോധികരുടെ പെരുപ്പമാണ്. സമൂഹത്തിന് സൃഷ്ടാവ് ഒരുസന്തുലിതത്വം നല്‍കിയിട്ടുണ്ട്. അതിന്റെ ഏററവും വലിയ രസതന്ത്രം കുടികൊള്ളുന്ന ഒന്നാണ് പ്രായം എന്നത്. മനുഷ്യനെ പ്രായം കൊണ്ട് പല തട്ടുകളാക്കി അവന്‍ തിരിച്ചിരിക്കുന്നു. ഓരോ തട്ടിലുമുള്ളവര്‍ നിശ്ചിതകാലവും തന്റെ ആ കാലത്തോടുള്ള കടമയും പൂര്‍ത്തിയാക്കി മുകളിലെ തട്ടിലേക്കുമാറുന്നു. ഓരോതട്ടുകളിലും ഉണ്ട് ചിലകൊടുക്കല്‍ വാങ്ങലുകള്‍. ആരോഗ്യകരമായ ഒരുസമൂഹത്തിന് അതിന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുവാനും നിവൃത്തിചെയ്യപ്പെടുവാനും വിവിധ പ്രായത്തിലുള്ള ജനങ്ങള്‍ അനിവാര്യമാണ്. സമൂഹത്തില്‍ കുഞ്ഞുങ്ങളുണ്ടാവുമ്പോള്‍ മാത്രമേ സന്തോഷത്തിന്റെ കിലുക്കം ഉണ്ടാകൂ. സമൂഹത്തില്‍ യുവജനങ്ങള്‍ ഉണ്ടാകുമ്പോഴേ പൊതുരംഗങ്ങളില്‍ ചലനമുണ്ടാവൂ. സമൂഹത്തില്‍ വളര്‍ച്ച പ്രാപിച്ച മധ്യവയസ്‌കരുണ്ടാകുമ്പോഴേ നിയന്ത്രണവും ഭരണവുമുണ്ടാകൂ. സമൂഹത്തില്‍വയോജനങ്ങളുണ്ടാകുമ്പോഴേ മനുഷ്യനു മുമ്പില്‍ അനുഭവം ഒരു പാഠമായിമാറൂ. ഈ ഘട്ടങ്ങളെയെല്ലാംസ്‌നേഹം, ബഹുമാനം, കാരുണ്യം തുടങ്ങിയവ കൊണ്ട് സൃഷ്ടാവ് പരസ്പരം ചേര്‍ത്തു കെട്ടിയിരിക്കുകയാണ്. ഈ ഗുണങ്ങളാണെങ്കിലോ സാമൂഹ്യ ജീവിതത്തിന്റെ അനിവാര്യമായ കൂട്ടുകളും ചേരുവകളും ആണുതാനും.ആയതിനാല്‍ ഈ നിലയിലുള്ള ജനസാന്നിധ്യം ഇല്ലാത്തയിടങ്ങളില്‍ ഒരുതരം മുരടിപ്പ് സ്വാഭാവികമായുംഉണ്ടാകും. അവിടെ നിറവും പൊലിവുംകുറയും. മക്കളില്ലാത്ത അല്ലെങ്കില്‍ ഉള്ള മക്കളെല്ലാം മൂത്തുപോയ ഒരുവീട്‌സങ്കല്‍പ്പിച്ചാല്‍ മാത്രംമതി ഈ ചെറിയരസതന്ത്രം മനസ്സിലാക്കുവാന്‍. ഈ വീടിന്റെ സ്ഥാനത്ത് ഒരുരാജ്യമായാല്‍ അവിടെയും അവസ്ഥ അതു തന്നെയായിരിക്കും.ചൈന ഇപ്പോള്‍ അനുഭവിക്കുന്നതു പോലെ.

ആള്കുറഞ്ഞാല്‍ വിഭവംമതിയാകും എന്നു പറയുന്നവര്‍ അതിനുവേണ്ടി ജനസംഖ്യ നിയന്ത്രിക്കുവാന്‍ ഒരുങ്ങുമ്പോള്‍ ഒടുക്കേണ്ടിവരുന്ന വിലയാണ് ഈ മുരടിപ്പ്. ഇതുചെറിയ കാലത്തിനുള്ളില്‍ അനുഭവപ്പെട്ടതാണ്. വീണ്ടും കാലംകൂടിയാല്‍ ഇതുഗുരുതരമായിത്തീരുകയും സാമൂഹ്യ ഒഴുക്ക് തന്നെ നിലച്ചുപോവുകയുംചെയ്യും. എന്നാല്‍ വിഭവങ്ങളുടെ കാര്യത്തിലുള്ള ആശങ്കക്കു തീരെസാംഗത്യമില്ല എന്നല്ല പറയുന്നത്. സത്യത്തില്‍ അതിനു സൃഷ്ടാവ്തന്നെ ചില നിയന്ത്രണങ്ങളും പദ്ധതികളും വെച്ചിട്ടുണ്ട്. അവയധികവും സ്വാഭാവികമാണ്. മരണം അവയിലൊന്നാണ്. ഒരു ഭാഗത്തു ജനനം നടക്കുമ്പോള്‍ മറുഭാഗത്ത് മരണവും നടക്കുന്നുണ്ട്.മറെറാന്ന് ജീവിതത്തിലെ ഏതു പ്രായത്തിലും മനുഷ്യന് കുട്ടികളുണ്ടാകുന്നില്ല എന്നതാണ്. ഒരു നിശ്ചിത ആരോഗ്യകാലത്തെ പ്രചനനം നടക്കൂ. സ്ത്രീകള്‍ക്കു പ്രത്യേകിച്ചും ആര്‍ത്തവവിരാമവും അതുവഴി ഗര്‍ഭധാരണ ശേഷിനഷ്ടപ്പെടുകയും ചെയ്യുന്നു. ലൈംഗികവികാരത്തിനും തൃഷ്ണക്കും ഈ ഗതിയുണ്ട്. ലൈംഗിക പങ്കാളികള്‍ രണ്ടുപേര്‍ക്കും എല്ലായ്‌പ്പോഴും ഒരേ അളവിലുള്ള കാമം നിനില്‍ക്കുന്നില്ല. കാമം ലൈംഗികതയുടെയും അതുവഴി പ്രചനനത്തിന്റെയും ഊര്‍ജ്ജമാണ്. ഇനി ഇതെല്ലാം ദമ്പതികള്‍ അതിജീവിച്ചാല്‍തന്നെ സ്വാഭാവികമായ നാണവും മാനക്കേടുമെല്ലാംവീണ്ടുംഒരു പ്രത്യുല്‍പാദനത്തിലേക്കു പോകാതിരിക്കുവാനുള്ള വിഘ്‌നങ്ങളായി നില്‍ക്കും. അതിനും പുറമെ ജനിക്കുന്ന കുട്ടികള്‍ തമ്മില്‍ ആരോഗ്യകരമായ ഒരു പ്രായവ്യത്യാസം പാലിക്കുവാന്‍ സൃഷ്ടാവ്തന്നെ താല്‍പര്യപ്പെടുന്നുമുണ്ട്. കുഞ്ഞുങ്ങള്‍ക്കു രണ്ടു പൂര്‍ണ്ണ വയസ്സുവരെ മുലയൂട്ടുവാന്‍ മാതാപിതാക്കളോട് ഖുര്‍ആന്‍ പറയുന്നത്(2:233) ഈ അര്‍ഥം ഉള്‍ക്കൊള്ളുന്നുണ്ട്. അതിനാലെല്ലാം ജനസംഖ്യകൃത്രിമമായി നിയന്ത്രിച്ചില്ലെങ്കില്‍ ലോകം മനുഷ്യരെ കൊണ്ടൂവീര്‍പ്പുമുട്ടുംഎന്ന്ആശങ്കപ്പെടേണ്ട എന്നുസൂചിപ്പിക്കുന്നുണ്ട്. ഇതു ലളിതമായി മനസ്സിലാക്കുവാന്‍ മനുഷ്യേതര ജീവികളെ പരിശോധിച്ചാല്‍ മാത്രംമതി. അവരില്‍ നമുക്ക് പാഠമുണ്ട്. ഇത്തരം പാഠങ്ങള്‍ പഠിപ്പിക്കുവാന്‍ വേണ്ടി കൂടിയാവണമല്ലോ അവരെ നമ്മുടെ ജീവിത പരിസരത്തുവിന്യസിച്ചിരിക്കുന്നതും. ഒരു ജനസംഖ്യാ നിയന്ത്രണവും ഇല്ലാതിരുന്നിട്ടും ഒരു ഭരണകൂടത്തിന്റെയും ഇടപെടല്‍ ഇല്ലാതിരുന്നിട്ടും ഒരുജീവിയും പെററുപെരുകി ഭൂമി നിറയുന്നില്ല. അല്ലെങ്കില്‍ ഇപ്പോള്‍ ഭൂമിയില്‍ നിറയെ എലികളും പൂച്ചകളുമായിരിക്കണമായിരുന്നുവല്ലോ.  

സാമൂഹ്യശാസ്ത്രജ്ഞന്‍മാരില്‍ ശരിയായി ചിന്തിക്കുന്നവര്‍ വിഭവങ്ങളുടെ കാര്യത്തിലുള്ള ഈ ആശങ്ക തള്ളിക്കളയുന്നതിനു പിന്നില്‍ മറെറാരു വസ്തുതയുണ്ട്. അത് മനുഷ്യന്‍ അധികരിക്കുന്നതോടൊപ്പം മാനുഷികവിഭവം എന്ന വിഭവം ഒപ്പം വളരുന്നുണ്ട് എന്നതാണ്. ശരിക്കും പറഞ്ഞാല്‍ ലോകത്തെ ഏററവും ഭദ്രമായവിഭവം അതാണ്. ചെറിയ ഒരു ഉദാഹരണം വഴി ഇതു ഗ്രഹിക്കാം. ജനം വര്‍ധിച്ചതോടെ അവരുടെ ചിന്താധിതിഷ്ഠിതമായ ജീവിത പോരാട്ടത്തിന്റെയും അളവ് വര്‍ധിച്ചു. അതു പുതിയ കണ്ടുപിടുത്തങ്ങളിലേക്കു നയിച്ചു. അവര്‍ ഉദാഹരണമായി മോബൈല്‍ ഫോണ്‍ കണ്ടുപിടിച്ചു. അത് ലക്ഷങ്ങളുടെ അന്നത്തിനും ജീവിത സന്ധാരണത്തിനും വഴിതുറന്നു. ജനവര്‍ധനവുംസമയക്കുറവും മറികടന്ന് സമയവും ദൂരവും ലാഭിക്കുവാന്‍ മനുഷ്യനെ മൊബൈല്‍ ഫോണ്‍ സഹായിച്ചു. മറുവശത്താവട്ടെ അതുവഴി അവനു അന്നത്തിനുള്ള വഴിയും തുറന്നുകിട്ടി. അപ്പോള്‍ ഇതുതന്നെ നമുക്ക്ശരിയായ വഴിചൂണ്ടിക്കാണിച്ചുതരുന്നു. അഥവാ, മാന്യവും പ്രകൃതിദത്തവുമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചും ആ മാര്‍ഗങ്ങള്‍ അവതാളപ്പെടാതിരിക്കുവാനുള്ള ഉദ്‌ബോധനം സജീവമാക്കിയും ഉള്ള നിയന്ത്രണങ്ങള്‍ മാത്രം സ്വീകരിക്കുകയും അതേസമയം മുന്‍ധാരണകളില്‍ നിന്നും പിന്‍വാങ്ങി നിലവിലുള്ള ജനങ്ങളുടെ മാനുഷിക വിഭവം വികസിപ്പിച്ച് അതു പരമാവധി ഉപയോഗപ്പെടുത്തി സന്തോഷപൂര്‍വ്വം ഒരുകുടുംബമായി ജീവിക്കുകയാണ് ബുദ്ധി എന്ന വഴി. അതാണ് ദൈവീകവഴി എന്നതിനാല്‍ അതേ വിജയിക്കൂ. അതല്ലാത്തതിനെല്ലാം പിന്നീട് വലിയവില നല്‍കേണ്ടതായിവരും. 

പിന്നെ ഇതേവിഷയം ഇന്ത്യന്‍ സാഹചര്യത്തില്‍ വിലയിരുത്തുമ്പോള്‍ ഒരുഭാഗത്ത് ഹിന്ദുക്കള്‍ പെററുപെരുകണമെന്ന്ആഹ്വാനം ചെയ്യുന്ന ആര്‍ എസ്എസ്, സാക്ഷിമഹാരാജ്, സാധ്വി പ്രാചി, പ്രവീണ്‍തൊഗാഡിയ, ശ്യാമള്‍ഗോസാമിമുതലായവരുടെ നിലപാടും അതേസമയം ഇപ്പോള്‍രണ്ടിലേറെ കുട്ടികളുള്ളവരെ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുവാന്‍ അനുവദിക്കരുത് എന്ന കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ ട്വീററും മൂന്നാമത്തെ കുഞ്ഞിന് വോട്ടവകാശവും പൗരത്വവും നല്‍കരുത് എന്ന ബാബാ രാംദേവിന്റെ പ്രസ്താവനയും എല്ലാം തമ്മില്‍ ഒരു രസകരമായ കൂട്ടിമുട്ടല്‍ഉണ്ടാകുന്നുണ്ട്. അത്തരംചേരായ്മകളും വൈപരീതങ്ങളും ഇന്ത്യയില്‍ ഇപ്പോള്‍ സ്വാഭാവികമായിക്കഴിഞ്ഞതാണല്ലോ, അതൊക്കെ ആ വഴിക്കുവിടാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter