ഒബാമ ഖാംനഇക്ക് കത്തെഴുതുമ്പോള്‍....
അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ ഇറാന്റെ പരമോന്നത ആത്മീയ തലവന്‍ ആയത്തുല്ല അലി ഖാംനഇക്ക് സുപ്രധാന നയതന്ത്ര വിഷയങ്ങളില്‍ സഹകരണമഭ്യര്‍ത്ഥിച്ചു കൊണ്ട് കഴിഞ്ഞ മാസം രഹസ്യമായി കത്തെഴുതിയെന്ന വാര്‍ത്ത വലിയ ഒച്ചപ്പാടോടെയാണ് അമേരിക്കയിലെയും സഖ്യരാജ്യങ്ങളിലെയും മാധ്യമ-രാഷ്ട്രീയ സമൂഹം സ്വീകരിച്ചത്. അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഒബാമയുടെ ഡെമോക്രാറ്റിക് പാര്‍ട്ടി കനത്ത തിരിച്ചടി നേരിട്ട് നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് കത്തെഴുത്ത് രഹസ്യവുമായി വാള്‍സ്ട്രീറ്റ് ജേണല്‍ എന്ന മുഖ്യധാരാ ദിനപത്രം രംഗത്ത് വന്നത്. പശ്ചിമേഷ്യയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇസ്‍ലാമിക് സേറ്റ് വിരുദ്ധ പോരാട്ടത്തിന്‍റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ ഇറാന് നിര്‍വ്വഹിക്കാന്‍ കഴിയുന്ന സുപ്രധാന പങ്കിലേക്ക് വിരല്‍ചൂണ്ടി പ്രസ്തുത വിഷയത്തില്‍ സഹകരണമാവശ്യപ്പെട്ടു കൊണ്ടും ഇറാന്‍ ആണവ വിഷയത്തില്‍ കൂടുതല്‍ ഫലപ്രദമായ സംഭാഷണത്തിന് പ്രേരിപ്പിച്ചുമാണ് ഒബാമ കത്തെഴുതിയതെന്ന് പത്ര റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കയിലെ സമകാലിക രാഷട്രീയ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ സെനറ്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പരാജയം അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും, പ്രമുഖ ബ്രിട്ടീഷ് ദിനപത്രമായ ഗാര്‍ഡിയന്‍ നിരീക്ഷിച്ചത് പോലെ, തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് ശേഷം പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ശ്രദ്ധ ആഭ്യന്തര വിഷയങ്ങള്‍ വിട്ട് അന്തര്‍ദേശീയ പ്രാധാന്യവും പരിഗണനയുമുള്ള വിഷയങ്ങളിലേക്ക് തിരിഞ്ഞേക്കുമെന്ന പ്രവചനത്തിന്റെ വ്യക്തമായ നിദര്‍ശനമാണ് ഈ കത്തെഴുത്ത് സംഭവത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്.
ജോര്‍ജ് ബുഷ് ജൂനിയറിന്റെ റിപ്പബ്ലിക്കന്‍ യുഗത്തില്‍ അഭംഗുരമായ അധിനിവേശ പരമ്പരകളിലൂടെയും ധാര്‍ഷ്ട്യവും ധിക്കാരവും സ്ഫുരിക്കുന്ന ശരീരഭാഷയിലുള്ള ലോകരാഷ്ട്രങ്ങളോടുള്ള ഇടപെടലുകളിലൂടെയും പൗരസ്ത്യദേശത്ത് പൊതുവെയും മുസ്‍ലിം ലോകത്ത് പ്രത്യേകിച്ചും വെറുപ്പിന്റെ പര്യായസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടിരുന്ന അമേരിക്കയെക്കുറിച്ച് ഒബാമയുടെ അധികാരാരോഹണത്തോടെയും 2009ല്‍ അദ്ദേഹം നടത്തിയ കൈറോ പ്രസംഗത്തിലൂടെയും അവിശ്വാസത്തിന്റെയും സംശയത്തിന്റെയും കലര്‍പ്പോടെയാണെങ്കിലും നേരിയ തോതിലുള്ള പ്രതീക്ഷകള്‍ ലോകം വെച്ചുപുലര്‍ത്താന്‍ തുടങ്ങിയിരുന്നു. കാലാനുക്രമത്തില്‍ ഒബാമന്‍ മായാജാലത്തെക്കുറിച്ചുള്ള അമിതപ്രതീക്ഷകളുടെ നിരര്‍ത്ഥകത തിരിച്ചറിയാന്‍ ആഗോള സമൂഹത്തിന് സാധിച്ചെങ്കിലും താന്‍ നല്‍കിയ മാറ്റത്തിന്റെയും പരിവര്‍ത്തനത്തിന്റെയും വര്‍ണ്ണാഭമായ വാഗ്ദാനങ്ങളെ ലോകജനതക്ക് മുമ്പില്‍ സാക്ഷാത്ക്കാരത്തിന്റെ പട്ടുടയാട ചൂടിച്ച് നിര്‍ത്താന്‍ വൈറ്റ് ഹൌസിലെ തന്റെ അവസാന നാളുകളില്‍ ഒബാമ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം നടപടികളെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
[caption id="attachment_40542" align="alignleft" width="383"]
ഒബാമ പ്രശസ്തമായ കൈറോ പ്രസംഗത്തിനിടെ[/caption]
തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പോലെ ഇറാഖില്‍ നിന്ന് അമേരിക്കന്‍ സേനയെ പിന്‍വലിക്കാന്‍ ഒബാമക്ക് കഴിഞ്ഞെങ്കിലും രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും വ്യാപകമായ ആക്ഷേപമാണ് പ്രസ്തുത നടപടിക്കെതിരെ ഉയര്‍ന്നത്. ഇസ്‍ലാമിക് സ്റ്റേറ്റിന്‍റെ നിഷ്ഠൂരവും അത്യപലപനീയവുമായ അധിനിവേശ-അതിക്രമ പ്രവര്‍ത്തനങ്ങളുടെ പരോക്ഷ പ്രതിസ്ഥാനത്ത് അമേരിക്ക പ്രതിഷ്ഠിക്കപ്പെടുന്നതിന് വരെ ഹേതുകമായിത്തീര്‍ന്ന പ്രസ്തുത നടപടി വരുത്തി വെച്ച മാനക്കേട് മറക്കാനും മാറ്റത്തിന്റെ വൈജയന്തി വാഹകനെന്ന മങ്ങിത്തുടങ്ങിയ തന്റെ പ്രതിച്ഛായ പൊടി തട്ടിയെടുക്കാനും ഇസ്‍ലാമിക് സ്റ്റേറ്റിന്റെ നാരായ വേരറുക്കുന്നതിലൂടെ തനിക്ക് സുസാദ്ധ്യമാകുമെന്ന് അദ്ദേഹം കരുതുന്നു.
ഇത് പ്രായോഗികമായി വിജയിപ്പിച്ചെടുക്കാന്‍ ഇറാന്റെ പിന്തുണ തേടുന്നതിലൂടെ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ ഭീഷണി എന്നെന്നേക്കുമായി അവസാനിപ്പിക്കാനും അതോടൊപ്പം ഇറാന്‍ ആണവ വിഷയത്തില്‍ നിര്‍ണ്ണായകമായ വഴിത്തിരിവുകള്‍ സൃഷ്ടിക്കാനും കഴിയുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു. ഇറാഖില്‍ ശിയാ നേതൃത്വത്തിലുള്ള സുസ്ഥിര ഭരണം കൊണ്ടുവരാന്‍ സഹായകമാകും എന്നതിനൊപ്പം തങ്ങള്‍ക്കു മേല്‍ പടിഞ്ഞാറന്‍ ശക്തികള്‍ ഏര്‍പ്പെടുത്തിയ ഉപരോധ നടപടികള്‍ എടുത്തു കളയുന്നതിനുള്ള സാദ്ധ്യതകള്‍ കൂടി തുറന്നിടുന്നു എന്ന നിലക്ക് പ്രാദേശികമായും-അന്തര്‍ദേശീയമായും തങ്ങള്‍ക്ക് രാഷ്ട്രീയ നേട്ടങ്ങള്‍ സമ്മാനിക്കാന്‍ പര്യാപ്തമായ ഈ അഭ്യര്‍ഥന ഇറാന്‍ തള്ളിക്കളഞ്ഞേക്കില്ലെന്ന ന്യായമായ വിശ്വാസവും പ്രസ്തുത പ്രത്യാശക്ക് കരുത്തു പകരുന്നുണ്ട്.
അമേരിക്ക-ഇറാന്‍ നയതന്ത്ര ബന്ധം മെച്ചപ്പെടുന്നതില്‍ റിപ്പബ്ലിക്കന്‍മാര്‍ക്കും ഇസ്രായേലിനും ഒപ്പം അറബ് മേഖലയിലെ പരമ്പരാഗത സഖ്യകക്ഷികളായ സൌദി അറേബ്യ അടക്കമുള്ള സുന്നി രാഷ്ട്രങ്ങള്‍ക്കുമുള്ള കടുത്ത അമര്‍ശം അറിയാതെയല്ല ഒബാമ ഇത്തരമൊരു ഉദ്യമത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നതെന്ന് വ്യക്തമാണ്. ഇറാനു മേലുള്ള ഉപരോധ നടപടികള്‍ അവസാനിപ്പിക്കാന്‍ ബ്രിട്ടനടക്കമുള്ള യൂറോപ്യന്‍ കക്ഷികളുടെ തല്‍പരതയും നജാദിയന്‍ യുഗത്തിനു ശേഷം ഇറാനില്‍ രൂപപ്പെട്ടു വന്നിരിക്കുന്ന അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങളും ഇവയെ മറികടന്ന് തന്റെ ലക്ഷ്യം നേടാന്‍ സഹായകരമാകുമെന്നാണ് അദ്ദേഹം കണക്ക് കൂട്ടുന്നത്. ഇസ്‍ലാമിക് സ്റ്റേറ്റ് വിരുദ്ധ പോരാട്ടത്തില്‍ ഇറാന്‍റെ പിന്തുണ തേടുന്നതും ആണവ ചര്‍ച്ചകളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന മുന്‍നിലപാടില്‍ നിന്ന് വൈറ്റ് ഹൌസ് പിന്നോട്ട് പോയതിന്റെയും കാരണം മറ്റൊന്നാകാന്‍ വഴിയില്ല.
ലോക പോലീസിന്‍റെ അജയ്യപീഠത്തിലിരുന്ന ജോര്‍ജ്ജ് ബുഷിന്‍റെ അമേരിക്കയല്ല ഇന്ന് ഒബാമ നേതൃത്വം നല്‍കുന്ന അമേരിക്ക എന്നത് സാര്‍വ്വാംഗീകൃത യാഥാര്‍ത്ഥ്യമാണിന്ന്. ആഗോള മാന്ദ്യവും ഭാരിച്ച യുദ്ധച്ചെലവും പരിക്ഷീണമാക്കിയ സാമ്പത്തിക പരിതസ്ഥിതിയും അന്തര്‍ദേശീയ തലത്തില്‍ തന്നെ അതിബൃഹത്താം വിധം മാറ്റത്തിന് വിധേയമായ രാഷ്ട്രീയ-സാമ്പത്തിക സമവാക്യങ്ങളും കണ്ണുരുട്ടിയും മീശപിരിച്ചും ലോകരാഷ്ട്രങ്ങളെ ചൊല്‍പ്പടിക്കു നിര്‍ത്തിയിരുന്ന വല്യേട്ടന്‍ സ്ഥാനത്ത് നിന്ന് അമേരിക്കയെ നിഷ്ക്കരുണം ഇറക്കിവിട്ട സാഹചര്യമാണ് നിലവിലുള്ളത്. അനുനയനത്തിന്‍റെയും നയതന്ത്ര ചാതുരിയുടെയും പാത മാത്രമേ ഈ സാഹചര്യത്തില്‍ സഞ്ചാര യോഗ്യമായിട്ടുള്ളൂ എന്ന പ്രായോഗിക ചിന്തയിലധിഷ്ഠിതമായ വെളിപാടു കൂടിയാണ് ഇറാന്‍ ആണവ സമ്പുഷ്ടീകരണമടക്കമുള്ള വിഷയങ്ങളില്‍ ആധുനിക ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിട്ടുവീഴ്ച മനോഭാവത്തിന് അമേരിക്കയെ പ്രേരിപ്പിച്ചതെന്ന് വേണം കരുതാന്‍.
ആണവ വിഷയത്തില്‍ അന്തിമമായ തീരുമാനത്തിലെത്താന്‍ ഇറാന് പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ നല്‍കിയ കാലാവധി ഈ മാസം 24ന് അവസാനിക്കാനിരിക്കെ ചരിത്രപരമായ സ്വാധീനങ്ങളെയൊട്ടാകെ മറികടന്നുള്ള ഒരു അദ്ഭുതത്തിന്റെ പിറവിയൊന്നും ലോകം പ്രതീക്ഷിക്കുന്നില്ലെങ്കിലും ആഗോള രാഷ്ട്രീയ സമവാക്യങ്ങളില്‍ ഒരു പൊളിച്ചെഴുത്തിന്റെ നാന്ദി അതിസൂക്ഷ്മ തലത്തിലെങ്കിലും കുറിക്കപ്പെട്ടേക്കാനുള്ള സാധ്യത നിരീക്ഷകലോകം തള്ളിക്കളയുന്നില്ല. ഈ സാധ്യതയില്‍ നിന്നുദ്ഭൂതമാകുന്ന പ്രതീക്ഷയുടെ ചിറകേറിത്തന്നെയാണ് ഒബാമയുടെ രഹസ്യ കുറിമാനം ഇറാനിലേക്ക് പറന്നതെന്ന് നിസ്സംശയം പറയാം.



Leave A Comment