മഹ്ലന്‍ യാ ആഇശ
ഇടക്കാലത്ത് അൽപം ശാന്തമായിരുന്ന മുസ്ലിം സംഘടനാ പരിസരം വീണ്ടും ശബ്ദമലിനീകരണത്താൽ പ്രക്ഷുബ്ധമാണ്. ഭീകരാരോപണങ്ങളും പൂരപ്പാട്ടുകളും എച്ച്ഡി ക്ലാരിറ്റിയിൽ ഓടിക്കൊണ്ടിരിക്കുന്നു. ഓരോരുത്തർക്കും വേണ്ട തെളിവുകളുമായി സോഷ്യൽ മീഡിയ സെലബ്രിറ്റികളും സജീവം.
ഓർമ്മവരുന്നത് പ്രവാചക ചരിത്രമാണ്
ഒരു കൂട്ടം ജൂതർ ഒരിക്കൽ നബിയുടെ അടുക്കൽ വന്ന് ഇസ്ലാമിക അഭിവാദനമായ ‘അസ്സലാമു അലൈക്കും’ എന്നു തോന്നിപ്പിക്കുന്ന രീതിയിൽ ‘അസ്സാമു അലൈക്കും’ എന്നു നബിയോട് പറഞ്ഞു. സലാം = സമാധാനം, സാം = നാശം. ജൂതരുടെ വാക്കുകൾ ശ്രദ്ധിച്ച നബി (സ) വ അലൈക്കും ( നിങ്ങൾക്കും അതുപോലെ) എന്നു മാത്രം പ്രതിവചിച്ചു. അപ്പുറത്ത് ഇത് കേട്ടുകൊണ്ടിരുന്ന പത്നി ആഇശ (റ)ക്ക് ജൂതരുടെ പ്രയോഗം തീരെ സഹിച്ചില്ല. അവർ പറഞ്ഞു : നിങ്ങളുടെ മേൽ നാശവും അല്ലാഹുവിന്റെ ശാപവും കോപവും ഉണ്ടാവട്ടെ.. ഉടനെ പ്രവാചകൻ (സ) പത്നിയോട് പറഞ്ഞു..
മഹ് ലൻ യാ ആഇശ .... ഒന്നു സമാധാനപ്പെട് ആഇശാ ഇങ്ങനെ വയലന്റ് ആവല്ലേ.. അൽപം മയത്തോടെ ...എല്ലാ കാര്യങ്ങളും മയത്തോടെ ചെയ്യുന്നതാണ് അല്ലാഹുവിനിഷ്ടം.
അപ്പോ ആഇശയുടെ പ്രതികരണം: അവർ പറഞ്ഞത് താങ്കൾ കേട്ടില്ലേ..
പ്രവാചാകൻ പറഞ്ഞു: അതിനു ഞാൻ മറുപടി കൊടുത്തല്ലോ..
ഇതിൽ നിന്നു കുറെ പാഠങ്ങൾ നമുക്ക് പഠിക്കാനുണ്ട്.
പറയാനുള്ളത് പറയണം. പക്ഷേ അത് കുറെകൂടി മാന്യമായ ഭാഷയിലും അത് കേൾക്കുന്നവർ ഉൾകൊള്ളാനും ആർക്കാണോ മറുപടി നൽകുന്നത് അവരോടുള്ള ഗുണകാംക്ഷ മുൻനിറുത്തി ആവുകയും ചെയ്യണം. അല്ലാത്തവ പ്രവാചകൻ മുന്നറിയിപ്പ് നല്കിയ അധരവ്യായാമായി മാറുമോ എന്നു സ്വയം വിചാരണ ചെയ്യേണ്ടവനാണ് യഥാർഥ വിശ്വാസി. പ്രബോധിതനിൽ ചലനം സൃഷ്ടിക്കണമെന്നാണ് താത്പര്യമെങ്കിൽ അത് എങ്ങനെ ആവണമെന്ന് മൂസ നബി അ ഉപദേശത്തിലും മുഹമ്മദ് നബി (സ) സ്വഭാവ വിശദീകരണത്തിലും ഖുർആൻ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.
വിശ്വാസികളുടെ അസ്തിത്വം ഇല്ലാതാക്കാനും അവരെ കായികമായി നേരിടാനും ശ്രമിക്കുന്ന സംഘ് പരിവാർ രാഷ്ട്രീയത്തിന് മുന്നിൽ കൈകൂപ്പി നിൽക്കുകകയും വിശ്വാസികളെ ആദർശ രഹിത സമൂഹമായി മാറ്റാൻ ശ്രമിക്കുന്ന ഭൌതികവാദ പ്രസ്ഥാനങ്ങളുമായി ചങ്ങാത്തം സ്ഥാപിക്കുകയും എന്നാൽ സമുദായത്തുള്ളിലെ മതനവീനവാദികളെ മുഖ്യ ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്യുന്ന സ്വഭാവം ചില ഒറ്റപ്പെട്ട കക്ഷികളുടെതാണ്. അത് കോപ്പിയടിക്കാൻ ചില വ്യക്തികൾ വെമ്പൽ കൊള്ളുന്നതിന്റെ പിന്നിലെ അജണ്ടകൾ പരിശോധക്കപ്പെടെണ്ടാതാണ്.
ലോക മുസ്ലിം ജനസംഖ്യയിൽ കേവലം എട്ട് ശതമാനം മാത്രം വരുന്ന കേരളത്തിലെ മുസ്ലിംകൾക്കിടയിൽ ചെറു ന്യൂനപക്ഷം മാത്രമായ മൂന്നു നൂറ്റാണ്ട് പരിശ്രമിച്ചിട്ടും ഇന്നും ലോകം മുസ്ലിം മുഖ്യധാരയുടെ പുറത്ത് നിൽക്കുന്ന വഹാബിസത്തെ കഴിഞ്ഞ കാലങ്ങളിൽ പരമ്പരാഗത മുസ്ലിം സമൂഹം ചോദ്യം ചെയ്തിട്ടുണ്ട്. ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്. അത് തുടരുകയും ചെയ്യും. അതിനു അട്ടഹാസങ്ങൾക്കും താൽക്കാലിക വികാര പ്രകടനങ്ങൾക്കും അപ്പുറം വൈജ്ഞാനികവും സൌമ്യവും സ്ഥല-കാല ബോധത്തോടുകൂടിയ പ്രവർത്തനനങ്ങളുമാണ്.
#മഹ്ലൻ #മഹ്ലൻ #മഹ്ലൻ
Leave A Comment