എല്ലാം ഓണ്‍ലൈനാവുമ്പോള്‍, ഒരു പുനര്‍വിചിന്തനം ആയിക്കൂടേ...
കോവിഡ് എന്ന മഹാമാരി ലോകമാകെ പടര്‍ന്നുപിടിച്ചതോടെ, പലതും ഓണ്‍ലൈനായിരിക്കുകയാണ്. ഈദ് സംഗമങ്ങള്‍ മാത്രമല്ല, ഇഫ്താര്‍ സംഗമങ്ങള്‍ പോലും ഓണ്‍ലൈനായി നടത്തിയെന്ന് പറയുന്നവരുണ്ട്.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും എന്തും ഏതും അതിലൂടെത്തന്നെ സാധ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നു. ഓണ്‍ലൈന്‍ മീറ്റിംഗ് രംഗത്തെ ഒരു പ്രമുഖ കമ്പനി, അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ, മീറ്റിംഗിനിടെ ഓരോരുത്തരുടെയും മേശപ്പുറത്ത് സംഘാടകര്‍ ഓഡര്‍ ചെയ്യുന്ന, ഓരോരുത്തരും അവരുടെ ആവശ്യപ്രകാരം തെരഞ്ഞെടുക്കുന്ന ഭക്ഷണം ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ കൂടി ഒരുക്കാനുള്ള ശ്രമങ്ങളിലാണെന്ന് പറഞ്ഞത് ഇതാണ് വ്യക്തമാക്കുന്നത്.
ചുരുക്കത്തില്‍ കോവിഡാനന്തരവും പലതും ഓണ്‍ലൈനായി തുടരാനാണ് സാധ്യത കാണുന്നത്. ഏറ്റവും ചുരുങ്ങിയത് ഒരു യോഗമുണ്ടെന്ന് പറയുമ്പോള്‍ ഓണ്‍ലൈനാണോ ഓഫ്‍ലൈനാണോ എന്ന് ചോദ്യം സാര്‍വ്വത്രികമാവുമെന്നതില്‍ സംശയമില്ല.
പറഞ്ഞുവരുന്നത്, നമ്മുടെ മതവിജ്ഞാന സംവിധാനങ്ങളിലും സാരമായ ശാസ്ത്രീയ മാറ്റങ്ങള്‍ ആലോചിക്കാവുന്നതല്ലേ എന്നതാണ്. മതവിജ്ഞാന രംഗത്ത് സ്വകാര്യ സ്വത്ത് ഇത്രമാത്രം ചെലവഴിക്കുന്ന മറ്റൊരു നാട് നമ്മുടെ കേരളത്തെ പോലെ ഉണ്ടാവാനിടയില്ല. സര്‍ക്കാര്‍ സൌകര്യങ്ങളെ പോലും വെല്ലും ഇന്‍ഫ്രാ സ്ട്രക്ചറും മറ്റു സൌകര്യങ്ങളുമാണ്, കേവലം 2 മണിക്കൂര്‍ മാത്രം പ്രവര്‍ത്തിക്കുന്ന പ്രാഥമിക മദ്റസകള്‍ക്ക് പോലും സമുദായം ഒരുക്കിയിരിക്കുന്നത്. മതവിജ്ഞാന രംഗത്ത് യാതൊരു കുറവും വരരുതെന്ന സമുദായത്തിന്റെ ഈ ചിന്ത പ്രശംസനാര്‍ഹം തന്നെ.
എന്നാല്‍ അതേസമയം, കോവിഡ് ബാക്കി വെക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇനി സമുദായം മുന്നോട്ട് പോവാനിരിക്കുന്നത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും പലരും പ്രയാസപ്പെട്ടേക്കാം. ഈ സമയത്ത് സമുദായത്തിന്റെ മുന്‍ഗണനാക്രമങ്ങള്‍ മാറാതിരിക്കില്ല, മാറ്റാന്‍ ബന്ധപ്പെട്ടവര്‍ തന്നെ മുന്‍കൈയ്യെടുക്കേണ്ടതുമാണ്.
ഇനി അത്തരം സാഹചര്യങ്ങളൊന്നുമില്ലെങ്കില്‍ പോലും, ഇതുവരെ നാം ചെയ്തിരുന്ന പല ചെലവുകളും ഒഴിവാക്കാമായിരുന്നുവെന്നോ ചിലതെങ്കിലും അനാവശ്യമായിരുന്നുവെന്നോ ഇതോടെ നമുക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്. അത് മനസ്സിലാക്കി, ഭാവിയിലെങ്കിലും അതനുസരിച്ച് നാം ക്രമീകരിക്കേണ്ടിയിരിക്കുന്നു. ചെലവുകള്‍ അത്യാവശ്യമോ ആവശ്യമോ ആയ കാര്യങ്ങളില്‍ പരമാവധി ചരുക്കി, ബാക്കി വരുന്നത് ക്രിയാത്മകമായ മറ്റു മാര്‍ഗ്ഗങ്ങളിലേക്കും നമ്മേക്കാള്‍ അത് ആവശ്യമായ ജനവിഭാഗങ്ങളിലേക്കും നീക്കാനായാല്‍, കോവിഡാനന്തര സമൂഹം കൂടുതല്‍ പുരോഗമനോല്‍സുകമായിരിക്കും. ഭാവി ചരിത്രം, അത് പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്യും.
Leave A Comment