മുആദ് ബിന്‍ ജബല്‍ (റ) - 2
 width= മുആദി(റ)ന്റെ ഈ ജ്ഞാന തൃഷ്ണയെ പ്രവാചക (സ)രും അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരും ഇസ്‍ലാമിന്റെ പരിപോഷണത്തിനും വ്യാപനത്തിനുമായി ഉപയോഗപ്പെടുത്തുക തന്നെ ചെയ്തു. മക്കാ വിജയം തീര്‍ത്ത ചരിത്രനേട്ടം ഖുറൈശികളില്‍ ഒരുപാടുപേരെ ഇസ്‍ലാമിലേക്ക് കൂടണയിച്ചിരുന്നു. മുസ്‍ലിം ജനസംഖ്യ പൂര്‍വാധികം വര്‍ദ്ധിച്ചതോടെ പുതു വിശ്വാസികള്‍ക്ക് മതജ്ഞാനം പകര്‍ന്നുനല്‍കാന്‍ പുതിയ പ്രബോധക  സംഘത്തെ ആവശ്യമായി വന്നു. അങ്ങനെയാണ് മക്കയിലെ ഗവര്‍ണറായി അത്താബ് ബിന്‍ അസീദ്(റ)വിനെ പ്രവാചകര്‍(സ)നിയോഗിച്ചതിനൊപ്പം ഖുര്‍ആന്‍ പഠിപ്പിക്കുന്ന ദൗത്യം മുആദി ബിന്‍ ജബല്‍(റ)വിനെ ഏല്‍പ്പിച്ചത്. **        **        ** അക്കാലത്താണ് യമനില്‍ പുതിയ പ്രഭാതം ഉദയം ചെയ്തത്, ഇസലാമിന്റെ മഹിതമായ സന്ദേശം യമനിലെ രാജസിംഹാസനത്തിലും കുഗ്രാമങ്ങളിലും വ്യാപിക്കുകയുണ്ടായി. ഒരു പാട് പേര്‍ ഇസ്ലാം ആശ്ലേഷിച്ചു. ഈ സന്തോഷം അറിയിച്ചു കൊണ്ടുള്ള രാജദൂതന്‍ യമനില്‍ നിന്നും പുറപ്പെട്ട് മദീനായില്‍ തിരുസന്നിധിയിലെത്തി. ഇസ്ലാം മതം സ്വീകരിച്ചവര്‍ക്ക് മതകാര്യങ്ങള്‍ അധ്യാപനം നടത്തി കൊടുക്കാന്‍ പ്രാപ്തരായ പ്രബോധക വൃന്ദത്തിന്റെ ആവിശ്യകത യമനിലുണ്ടെന്ന് അവര്‍ നബി(സ)യെ അറിയിച്ചു. സഹാബികളില്‍പെട്ട ഒരു സംഘത്തെ റസൂല്‍ (സ) ഈ ദൗത്യ നിര്‍വ്വഹണത്തിനായി യമനിലേക്ക് പറഞ്ഞയച്ചു. മുആദ് ബിന്‍ ജബല്‍ (റ) ആയിരുന്നു ഈ ദൗത്യസംഘത്തിന്റെ തലവന്‍. ദൗത്യസംഘം യമനിലേക്ക് പുറപ്പെടാന്‍ ഒരുങ്ങി. നബി (സ) കൈമാറിയ വെളിച്ചത്തിന്റെ തിരിനാളവുമായി ഹൃദയങ്ങളില്‍ സന്മാര്‍ഗ്ഗത്തിന്റെ പ്രഭചിന്താനായി യാത്രതിരിക്കുന്ന സംഘത്തിന് നബി (സ) യാത്രാമംഗളങ്ങള്‍ നേര്‍ന്നു. അവരെ യാത്രയാക്കികൊണ്ട് പ്രവാചക (സ)രും അനുഗമിച്ചു. ഒട്ടകപ്പുറത്തിരിക്കുന്ന മുആദി (റ)ന്റെ കൂടെ കാല്‍നടയായിട്ടാണ് പ്രവാചകര്‍ (സ) അവരെ യാത്രയാക്കുന്നത്. ഒരുപാടു ദൂരം മുആദി (റ) നൊപ്പം നബി (സ) നടന്നുകൊണ്ടിരുന്നു. അല്‍പം പിന്നിട്ടപ്പോള്‍ നബി (സ) തന്റെ യാത്ര അവസാനിപ്പിച്ചുകൊണ്ട് മുആദി (റ) നോടായി പറഞ്ഞു: ''ഈ വര്‍ഷം കഴിഞ്ഞാല്‍ ഒരു പക്ഷെ നിനക്ക് എന്നെ കാണാന്‍ സാധിക്കണമെന്നില്ല... പിന്നീട് നീ എന്റെ പള്ളിയുടെയും അന്ത്യവിശ്രമ ഗേഹത്തിന്റെയും സമീപം സഞ്ചരിച്ചെന്നുവരാം....'' ഇത് കേട്ട മുആദും (റ) സംഘവും കരയാന്‍ തുടങ്ങി. ആ മണ്ണില്‍ കണ്ണീരിന്റെ ഉപ്പുരസം കലര്‍ന്നു. നബി (സ) യുടെ തിരുവചനങ്ങള്‍ പുലരാന്‍ കാലമേറെ വേണ്ടിവന്നില്ല. ലോകാനുഗ്രഹിയായ പ്രവാചകന്‍ (സ) ഇഹലോകത്ത് നിന്നു സര്‍ഗലോകത്തേക്ക് യാത്രയായി. അതോടെ തിരുദര്‍ശനം നയനങ്ങളില്‍ സുറുമയുടെ സൗന്ദര്യം പകര്‍ന്നിരുന്ന നല്ല നാളുകള്‍ മുആദി (റ) ന് നഷ്ടമായി. യമനിലായിരുന്ന മുആദ് (റ) മദീനയില്‍ തിരിച്ചെത്തും മുമ്പേ ആ സൂര്യശോഭ അസ്തമിച്ചിരുന്നു. അസതമാനം മുആദി (റ) ന്റെ ഹൃത്തടങ്ങളില്‍ ഇരുള്‍ തീര്‍ത്തു. മദീനയെ സ്പന്ദിച്ച മുആദി (റ) ന്റെ കാല്‍പാടുകള്‍ ആ മണ്ണിന്റെ ഊഷരതയെയാണ് ആദ്യം അറിഞ്ഞത്. രാജകുമാരന്റെ സമ്പര്‍ക്കം നിലച്ച ആ മണ്ണിന്റെ പ്രസരിപ്പും പച്ചപ്പും നഷ്ടപ്പെട്ടതായി ആ മഹാനുഭാവന് ബോധ്യപ്പെട്ടു. **        **        ** പിന്നീട് ആഗോള ഇസ്‍ലാമിന്റെ ചെങ്കോലേന്തിയത് അബൂബകര്‍ (റ) ആയിരുന്നു. ശേഷം ഉമറുല്‍ ഫാറൂഖ് (റ) ആ സ്ഥാനത്ത് അവരോധിക്കപ്പെട്ടു. ഇക്കാലത്ത് പുതിയ ഒരു ഉത്തരവാദിത്വം മുആദി (റ)ന് മേല്‍ ഏല്‍പിക്കപ്പെടുകയുണ്ടായി. ബനൂ കിലാബ് ഗോത്രക്കാര്‍ക്കിടയില്‍ സമ്പത്ത് വിനിയോഗം സുഗമമായി നടപ്പിലാക്കാനാണ് ഉമര്‍ (റ) മുആദി(റ) നെ നിയോഗിച്ചത്. ധനികരുടെ സമ്പത്തില്‍ നിന്നും ഒരു വിഹിതം വാങ്ങി ദരിദ്രര്‍ക്ക് നല്‍കലായിരുന്നു മുആദി (റ)ല്‍ ഏല്‍പിക്കപ്പെട്ട പ്രധാന ജോലി. തന്റെ ചുമതലകളെല്ലാം ഭംഗിയായി നിറവേറ്റി അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി. തന്റെ കഴുത്തില്‍ ധരിച്ചിരുന്ന ഒരു വസ്ത്രം പ്രിയപത്‌നിക്ക് ഉപഹാരമായി അദ്ദേഹം കൊണ്ടുവന്നിരുന്നു. ഒട്ടകപ്പുറത്ത് ജീനിക്ക് താഴെ വിരിച്ചിരുന്ന വസ്ത്രമായിരുന്നു അത്. ഇത് കണ്ട ഭാര്യ മുആദി (റ) നോട് ചോദിച്ചു: '' ഭരണകര്‍ത്താക്കള്‍ യാത്രകഴിഞ്ഞ് വരുമ്പോള്‍ ഭാര്യക്കായി ഉപഹാരം സമര്‍പ്പിക്കാറുണ്ട്, എനിക്കുള്ള ആ ഉപഹാരം എവിടെ?'' മുആദ് (റ) പറഞ്ഞു: '' യാത്രയില്‍ എന്റെ കാര്യങ്ങള്‍ നിരീക്ഷിക്കാനായി ഒരു നിരീക്ഷകന്‍  കൂടെയുണ്ടായിരുന്നു.''(അല്ലാഹുവിനെയാണ് ഈ വ്യഗ്യഭാഷയിലൂടെ അദ്ദേഹം ഉദ്ദേശിച്ചത്.) ഭാര്യ പറഞ്ഞു: '' നബി (സ) യുടെയും അബൂബക്ര്‍ (റ) ന്റെയും ഇടയില്‍ അങ്ങ് വിശ്വസ്തനായിരുന്നില്ലേ? എന്നാല്‍ ഇന്ന് ഉമര്‍ (റ) അങ്ങയെ നിരീക്ഷിക്കാനായി ഒരു കാവല്‍ ഭടനെ നിശ്ചയിച്ചിരിക്കുകയോ?'' ഭാര്യയുടെ ഈ നൊമ്പരം ഖലീഫ ഉമറി (റ) ന്റെ പത്‌നിമാരുടെ ചെവികളിലുമെത്തി. അത് പിന്നീട് ഖലീഫയും അറിഞ്ഞു. ഖലീഫ ഉമര്‍(റ) മുആദി (റ)നെ വിളിപ്പിച്ച് കാര്യമന്വേഷിച്ചു. ഖലീഫ ചോദിച്ചു: ''മുആദ്, നിന്നെ നിരീക്ഷിക്കാനായി വല്ല കാവല്‍ഭടന്മാരെയും ഞാന്‍ കൂടെ നിശ്ചയിരുന്നോ?'' മുആദ് (റ) പറഞ്ഞു: '' ഖലീഫ അവര്‍കളെ, അല്ലാഹു നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നില്ലേ, അതാണ് ഞാന്‍ ഉദ്ദേശിച്ചത്, ന്യായീകരിക്കാന്‍ ഒന്നുമില്ലാത്തതു കൊണ്ട് ഞാന്‍ അങ്ങനെ പറഞ്ഞതാണ്.'' മുആദി (റ) ന്റെ ഫലിതം കേട്ട് ഉമര്‍ (റ) പുഞ്ചിരിച്ചു. ശേഷം ഖലീഫ ചില ഉപഹാരങ്ങള്‍ മുആദി (റ) ന് സമ്മാനിച്ചു കൊണ്ട് പറഞ്ഞു:'' ഇത് നിന്റെ പത്‌നിക്ക് സമ്മാനിച്ച് അവളെ തൃപ്തയാക്കൂ.'' **        **        ** ഉമര്‍ (റ)ന്റെ ഭരണകാലയളവില്‍ ശാമിലെ ഗവര്‍ണറായിരുന്നു യസീദ് ബിന്‍ അബീ സുഫ്‌യാന്‍ (റ). അദ്ദേഹം ഖലീഫയക്ക് ഒരു കത്തയച്ചു: ' അമീറുല്‍ മുഅ്മിനീന്‍, ശാമില്‍ മുസ്‍ലിം ജനത വര്‍ദ്ധിച്ചിരിക്കുന്നു. നഗരങ്ങളില്‍ ജനവാസം അധികരിച്ചിരിക്കുകയാണ്. അവര്‍ക്കെല്ലാം ഖുര്‍ആന്‍ പഠിപ്പിക്കാനും മതജ്ഞാനങ്ങള്‍ പകര്‍ന്നുനല്‍കാനും ആളുകളെ ആവശ്യമായി വന്നിരിക്കുന്നു. അതിനാല്‍ പ്രാപ്തരായ ഒരു സംഘത്തെ ഇങ്ങോട്ട് അയച്ചു തരണം.' കത്തുവായിച്ച ഖലീഫ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി. നബി (സ)യുടെ കാലത്ത് ഖുര്‍ആന്‍ സംരക്ഷിച്ചിരുന്ന അഞ്ച് അംഗ സംഘത്തെ തന്റെ സവിധത്തിലേക്ക് വിളിപ്പിച്ചു. മുആദ് ബിന്‍ ജബല്‍ (റ), ഉബാദത്ത്  ബിന്‍ സ്വാമിത് (റ), അബൂ അയ്യൂബില്‍ അന്‍സ്വാരി (റ), ഉബയ്യ് ബിന്‍ കഅ്ബ് (റ), അബൂ ദര്‍ദ്ദാഅ് (റ) എന്നിവരാണ് ഈ അഞ്ചംഗ സഹാബി സംഘം. ഉമര്‍ (റ) അവരോട് വിഷയം പറഞ്ഞു: '' ശാം നിവാസികള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിച്ചുകൊടുക്കുന്നവരെ ആവിശ്യമുണ്ടെന്ന് ഗവര്‍ണര്‍ സന്ദേശമയച്ചിട്ടുണ്ട്. നിങ്ങളില്‍ പെട്ട മൂന്നു പേര്‍ അതുമായി എന്നെ സഹായിക്കേണ്ടതുണ്ട്. നിങ്ങള്‍ പരസ്പരം തൃപ്തരാണെങ്കില്‍ നറുക്കെടുപ്പിലൂടെ മൂന്നു പേരെ കണ്ടെത്തുക, അല്ലെങ്കില്‍ മൂന്നുപേരെ ഞാന്‍ തന്നെ തിരഞ്ഞെടുക്കാം.'' അവര്‍ പറഞ്ഞു:'' ഞങ്ങള്‍ എന്തിന് നറുക്കെടുപ്പ് നടത്തണം? അബൂ അയ്യൂബ് വൃദ്ധനാണ്, ഉബയ്യ് രോഗിയുമാണ്, പിന്നെ അവശേഷിച്ചത് ഞങ്ങള്‍ മൂന്നുപേര്‍.'' ഖലീഫ പറഞ്ഞു:'' എന്നാല്‍, മൂന്നുപേരും ആദ്യം പോവേണ്ടത് ഹിംസിലേക്കാണ്, അവിടെ കാര്യങ്ങള്‍ ശരിയായരീതിയിലേക്കെത്തിയാല്‍ ഒരാള്‍ അവിടെ പ്രതിനിധിയായി നില്‍ക്കുക. മറ്റു രണ്ടുപേരില്‍ ഒരാള്‍ ദമാസ്‌കസിലേക്കും മറ്റൊരാള്‍ ഫലസ്തീനിലേക്കും പുറപ്പെടുക.'' ഖലീഫയുടെ നിര്‍ദ്ദേശങ്ങളെല്ലാം അവര്‍ പാലിച്ചു. ഹിംസിലെത്തി കാര്യങ്ങള്‍ ത്വരിതപ്പെട്ടപ്പോള്‍ ഉബാദ(റ) യെ അവിടെ നിയോഗിച്ചു. പിന്നീട് അബൂ ദര്‍ദ്ദാഅ്(റ) ദമാസ്‌കസിലേക്കും മുആദ് (റ) ഫലസ്തീനിലേക്കും പോയി. **        **        ** അവിടെയെത്തിയ മുആദി (റ) നെ കോളറ പിടികൂടി. രോഗം ആ മഹീമനീഷിയെ ശയ്യാവലംബിയാക്കി. മരണമാസന്നമായപ്പോള്‍ ഖിബ്‌ലയുടെ ഭാഗത്തേക്ക് മുഖം തിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: മരണത്തിന് സ്വാഗതം, വിടപറഞ്ഞ സുഹൃത്ത് എന്നെ സന്ദര്‍ശിക്കാന്‍ വന്നിരിക്കുന്നു. അല്ലാഹുവേ, വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനോ, നദികള്‍ കീറിമുറിക്കോനോ വേണ്ടി ഇഹലോകത്ത് ദീര്‍ഘകാലം താമസിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിട്ടില്ല. മറിച്ച് നട്ടുച്ചവെയിലിന്റെ ദാഹവും അന്ത്യനാളിലെ വിഷമഘട്ടങ്ങള്‍ അനുഭവിക്കാനും ദിക്ര്‍ സദസ്സുകളില്‍ പണ്ഡിതരുടെ വാഹനങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടിക്കാനുമാണ് ഞാന്‍ ഈ ലോകത്ത് അധികകാലം ജീവിക്കാന്‍ ഇഷ്ടപ്പെടുന്നതെന്ന് തീര്‍ച്ചയായും നീ അറിയുന്നവനാണ്. അതുകൊണ്ട് സത്യവിശ്വാസിയുടെ ആത്മാവിനെ നീ എങ്ങനെ വരവേല്‍ക്കുന്നുവോ അതുപോലെ നീ എന്നെയും വരവേല്‍ക്കണേ. അങ്ങനെ ആ വിശുദ്ധാത്മാവ് അല്ലാഹുവിന്റെ സവിധത്തിലേക്ക് പറന്നകന്നു. അജ്ഞതയില്‍ ദാഹിച്ചു വലഞ്ഞവര്‍ക്ക് മതജ്ഞാനത്തിന്റെ തെളിനീര്‍ ചഷകം നല്‍കി ദാഹമകറ്റിയ ആ പണ്ഡിത സഹാബിയുടെ കൂടെ നാളെ സര്‍ഗീയാരാമത്തില്‍ സംഗമിക്കാന്‍ അല്ലാഹൂ സൗഭാഗ്യം നല്‍കട്ടെ, ആമീന്‍. മുആദ് ബിന്‍ ജബല്‍ (റ) -ഒന്നാം ഭാഗം   വിവര്‍ത്തനം: സ്വാദിഖ് വി.കെ  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter