ജാബിര്‍ ബിന്‍ അബ്ദില്ല (റ)
നിറയെ പ്രതീക്ഷകളും അതിലേറെ പ്രത്യാശകളുമായി യസ്‌രിബില്‍ നിന്നും യാത്രയാരംഭിച്ച ആ യാത്രാസംഘം മക്കയെ ലക്ഷ്യമാക്കി അതിവേഗം മുന്നോട്ട് ഗമിച്ചു കൊണ്ടിരിക്കുകയാണ്. മക്കയിലെ പ്രവാചകന്‍ മുഹമ്മദി(സ്വ) നെ കണ്ട് സന്ധിയിലേര്‍പ്പെടാനുള്ള യസ്‌രിബിലെ ഒരു സംഘം വിശ്വാസികളുടെ യാത്രയാണിത്. ആ നിമിഷങ്ങളുടെ സൗഭാഗ്യമോര്‍ത്ത് ഓരോ യാത്രികനും പുളകം കൊള്ളുകയാണ്. പ്രവാചക (സ്വ) ന്റെ തൃക്കരങ്ങള്‍ പിടിച്ച് സര്‍വ്വ വിധ പിന്തുണയും സഹായവും അനുസരണയും അംഗീഗാര പത്രവും വാഗ്ദാനം ചെയ്യുന്ന രംഗമോര്‍ത്ത് അവരുടെ മാനസാന്തരങ്ങള്‍ ഹര്‍ഷാരവം പൂണ്ടു.
ആ യാത്രസംഘത്തിലൊരാള്‍ വൃദ്ധനാണ്. ഒമ്പത് പെണ്‍മക്കളെ യസ്‌രിബില്‍ ബാക്കിവെച്ചാണ് അദ്ദേഹം ഏക ആണ്‍തരിയെയും കൂടെ കൂട്ടി മക്കയിലേക്ക് യാത്രതിരിക്കുന്നത്. ആണ്‍ പിറന്നവനായി ഈ കുഞ്ഞ് മാത്രമാണ് അദ്ദേഹത്തിനുള്ളത്. നബി(സ്വ) യുമായി ഹസ്തദാനം ചെയ്ത് ബൈഅത്ത് ചെയ്യുന്നത് ഭൂമിലോകത്തെ അനിര്‍വചനീയമായ സുന്ദരമൂഹൂര്‍ത്തമാണ്. ആ മുഹൂര്‍ത്തം അല്ലാഹു സൃഷ്ടിച്ച ദിനങ്ങളില്‍ അതുല്യവും അത്യപൂര്‍വ്വവുമായ രംഗമാണ്. അത് തന്റെ ഏക ആണ്‍ സന്തതിക്കും നഷ്ടപ്പെട്ടു പോവരുതെന്ന അതിമോഹം കൊണ്ടാണ് പിതാവ് മകനെയും കൂടെ കൂട്ടിയത്.
ആ വൃദ്ധനായ വിശ്വാസി സഹോദരന്റെ നാമമാണ് അബ്ദുല്ലാഹി ബ്‌നു അംറ്. അന്‍സ്വാരി വിഭാഗത്തിലെ പ്രമുഖ ഗോത്രമായ ഖസ്‌റജ് വംശജനാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ അരുമസന്തതിയാണ് ജാബിര്‍ ബിന്‍ അബ്ദില്ല.
** ** **
ബാല്യകാലത്ത് തന്നെ ആ ഇളം ഹൃദയത്തില്‍ ഈമാന്റെ പ്രഭ തട്ടി. ആ പ്രഭയുടെ രശ്മികള്‍ ശരീരമാകെ മിന്നത്തിളങ്ങി. മഞ്ഞുതുള്ളികള്‍ വീണ പൂമൊട്ട് വിടര്‍ന്ന് പരിമളം പരത്തുന്നത് പോലെ ഇസ്‍ലാമിന്റെ സുന്ദര സന്ദേശം ആ ഹൃദയെത്ത പുല്‍കി. കുഞ്ഞിളം പ്രായത്തില്‍ തന്നെ നബി (സ്വ) യുമായി സൗഹൃദ ബന്ധം സ്ഥാപിക്കപ്പെട്ടു.
** ** **
നബി (സ്വ) മക്കയില്‍ നിന്നും പലായനം നടത്തി മദീനയിലെത്തി. അവിടുത്തെ അരുമ ശിഷ്യനായി ജാബിര്‍(റ) സദസ്സിലെ നിത്യസാന്നിധ്യമായി. ആ കലാലയം സമുദായത്തിന് സമര്‍പിച്ച ഉന്നത വ്യക്തിത്വമാണ് ജാബിര്‍ (റ). ഇസ്‍ലാമിക വിജ്ഞാനീയങ്ങളെ നെഞ്ചോടു ചേര്‍ത്ത് സംരക്ഷണവലയം തീര്‍ത്ത ജാബിര്‍ (റ) ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയും പ്രവാചക പഠനങ്ങളെ ഉദ്ധരിച്ച് പാണ്ഡിത്യത്തിന്റെ ജ്യോതിര്‍ഗോളമായിത്തീരുകയും ചെയ്തു. ആ ജീവിതം ലോകത്തിന് അനന്തരം നല്‍കിയ അമൂല്യ സമ്പത്താണ് 1540 ഹദീസുകള്‍. ഇതില്‍ 200- ല്‍ പരം ഹദീസുകള്‍ ബുഖാരി, മുസ്ലിം ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെടുന്നവയാണ്.
ഏകദേശം ഒരു നൂറ്റാണ്ട് കാലം ജീവിക്കാന്‍ സാധിച്ച, ആയുര്‍ദൈര്‍ഘ്യം കൊണ്ട് അനുഗ്രഹീതനായ സ്വഹാബി വര്യനാണ് ജാബിര്‍ (റ). അക്കാലങ്ങളിലെല്ലാം മുസ്ലിം സമുദായത്തിന് ദിശാബോധവും മാര്‍ഗദര്‍ശനവും നിര്‍ണ്ണയിക്കുന്ന പ്രകാശഗോപുരമായി അദ്ദേഹം നിലകൊണ്ടു.
** ** **
ഇസ്‍ലാമിക വ്യാപനത്തിന്റെ ഗതി നിര്‍ണ്ണയിച്ച പോരാട്ടങ്ങളുടെ അധ്യായങ്ങള്‍ രചിച്ച ബദറും ഉഹ്ദും നടക്കുമ്പോള്‍ ജാബിര്‍ (റ) തന്റെ ശൈശവദശയിലായിരുന്നു. അതു കൊണ്ട് തന്നെ പ്രവാചക(സ്വ) രുടെ കൂടെ ആ സമരവേദികളിലെ ഒരു കണ്ണിയാവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. മാത്രമല്ല, പിതാവ് യുദ്ധത്തിന് പുറപ്പെട്ടതോടെ ഒമ്പത് സഹോദരിമാരെ ശ്രദ്ധിക്കേണ്ട ബാധ്യത അദ്ദേഹത്തിനായിരുന്നു.
ഉഹ്ദിലെ പോരാട്ട സംബന്ധമായ ചില വിവരണങ്ങള്‍ ജാബിര്‍ (റ) പറയുന്നു: ഉഹ്ദ് പോരാട്ടത്തിന്റെ തലേനാള്‍ രാത്രി പിതാവ് എന്നെ വിളിച്ചുകൊണ്ട് പറഞ്ഞു: '' നാളെ യുദ്ധത്തിനിടയില്‍ പ്രവാചകാനുയായികളില്‍ ആദ്യമായി വീരമൃത്യു വരിക്കുന്നത് ഞാനായിരിക്കും, എനിക്ക് ശേഷം പ്രവാചകര(സ്വ) ല്ലാതെ എനിക്ക് ഏറെ പ്രിയപ്പെട്ടവന്‍ നീ മാത്രമാണ്, അതു കൊണ്ട് എന്റെ കടങ്ങള്‍ നീ വീട്ടണം, നിന്റെ സഹോദരിമാരോട് ദയയോടെ പെരുമാറണം, അവരോട് നീ നന്മ കല്‍പിക്കുകയും വേണം.''
പിറ്റേന്ന് ഉഹ്ദ് രണാങ്കളത്തില്‍ ആദ്യമായി രക്തസാക്ഷിത്വം പുല്‍കിയത് അദ്ദേഹത്തിന്റെ പിതാവായിരുന്നു.
അങ്ങനെ, ആ പരിശുദ്ധ ദേഹത്തെ മറവ് ചെയ്തതിന് ശേഷം ഞാന്‍ നബി (സ്വ) യുടെ അടുത്ത് ചെന്ന് പിതാവിന്റെ കടബാധ്യതയെ കുറിച്ച് പറഞ്ഞു: '' പുണ്യ പ്രവാചകരേ, കടബാധ്യതകള്‍ ബാക്കിവെച്ചാണ് എന്റെ പിതാവ് രക്തസാക്ഷിയായത്, ഇനി എനിക്ക് വരുമാനമായുള്ളത് ഈന്തപ്പനത്തോട്ടതില്‍നിന്നും ലഭിക്കുന്ന മിച്ചം ചിലതാണ്, അതുമായി കടം വീട്ടാന്‍ ഇറങ്ങിയാല്‍ വര്‍ഷങ്ങളോളം വീട്ടിയാലും തീരുകയില്ല, മാത്രമല്ല, സഹോദരിമാര്‍ക്ക് ചിലവ് കൊടുക്കാനുള്ള ഏക ധനാഗമനമാര്‍ഗമായി ഈ തോട്ടം മാത്രമേയുള്ളൂ...''
എല്ലാം ശ്രവിച്ച പ്രവാചകന്‍ (സ്വ) എന്നെയും കൂട്ടി എന്റെ കാരക്കകള്‍ ഒരുമിച്ചു കൂട്ടിവെക്കുന്ന സ്ഥലത്തേക്ക് പോയി. പിതാവന്റെ കടം കൈപറ്റാനുള്ളവരെ വിളിക്കാന്‍ ആവിശ്യപ്പെട്ടു. ഞാന്‍ അവരെ വിളിച്ചു. അവിടെ എത്തിയവര്‍ക്കെല്ലാം നബി (സ്വ) അവരുടെ വിഹിതം അളന്നു നല്‍കി. അതോടെ അല്ലാഹുവിന്റെ അപാരശക്തികൊണ്ട് ആ വര്‍ഷത്തെ കാരക്കയില്‍ നിന്നും പിതാവിന്റെ കടം വീട്ടാനായി. പക്ഷെ പിന്നീട് ആ മെതിക്കുന്ന സ്ഥലത്തേക്ക് നോക്കിയപ്പോള്‍ ഞാന്‍ അത്ഭുതപരതന്ത്രനായി. നിമിഷങ്ങള്‍ക്ക് മുമ്പ് അളന്നുകൊടുത്ത കാരക്കകള്‍ വീണ്ടും അവിടെതന്നെയുണ്ട്. ഒരു കാരയ്ക്ക പോലും കുറയാതെ സമൃദ്ധമായ നിലം കണ്ട് ഞാന്‍ അന്തിച്ചുനിന്നു.
** ** **
പിതാവിന്റെ നിര്യാണ ശേഷം ജാബിര്‍ (റ) എല്ലാ പോരാട്ടങ്ങളിലും ധീരോദാത്തമായി സംബന്ധിച്ചു. ഓരോ യുദ്ധവേളകളിലും ജാബിര്‍ (റ) മായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവിക്കുമായിരുന്നു. അത് വളരെ ശ്രദ്ധേയവും വാചാലവും സുപ്രസിദ്ധവുമായി തുന്നിച്ചേര്‍ത്ത ഏടുകളായിത്തീര്‍ന്നു. അത്തരമൊരു ചരിത്രാഖ്യായിക വിവരിക്കുകയാണ് ജാബിര്‍ (റ):
രംഗം ഖന്ദഖാണ്. ഞങ്ങള്‍ കിടങ്ങ് കുഴിച്ചു കൊണ്ടിരിക്കെ വലിയ ഒരു പാറ ഞങ്ങള്‍ക്ക് മുന്നില്‍ കണ്ടു. അത് പൊട്ടിക്കാന്‍ ഞങ്ങള്‍ക്ക് ആര്‍ക്കും സാധിച്ചില്ല. ഈ വിഷയം ഞങ്ങള്‍ നബി (സ്വ) യെ അറിയിച്ചു: '' റസൂലേ, ഉറച്ച ഒരു പാറ ഞങ്ങള്‍ക്ക് കിടങ്ങ് കീറാന്‍ തടസ്സമായി നില്‍ക്കുന്നുണ്ട്, ആ പാറയുടെ ശക്തിക്ക് മുന്നില്‍ ഞങ്ങളുടെ മണ്‍വെട്ടികള്‍ ദുര്‍ബലമാണ്.''
നബി (സ്വ): '' നിങ്ങള്‍ അത് പൊട്ടിക്കേണ്ട, ഞാന്‍ വരാം.''
നബി (സ്വ) തന്റെ ഇരിപ്പിടത്തില്‍ നിന്നും എണീറ്റു. മൂന്ന് ദിവസമായി ഞങ്ങള്‍ ആരു ഒന്നും ഭക്ഷിച്ചിട്ടില്ല. വിഷപ്പിന്റെ കാഠിന്യം കൊണ്ട് നബി (സ്വ) തന്റെ വയറ്റത്ത് കല്ല് കെട്ടിവെച്ചിട്ടുണ്ട്. നബി (സ്വ) മണ്‍വെട്ടിയെടുത്ത് പാറയില്‍ കൊത്തി. അപ്പോള്‍ അത് ചെറുകഷ്ണങ്ങളും ധൂമപടലങ്ങളുമായി ചിന്നിച്ചിതറി.
പ്രവാചകത്വത്തിന്റെ അത്ഭുതസിദ്ധി നേരില്‍ കണ്ട നിമിഷങ്ങളായിരുന്നു അത്. ഖന്ദഖില്‍ തന്നെയുള്ള ഇത്തരമൊരു നിമിഷത്തെ കുറിച്ച് ജാബിര്‍ (റ) വാചാലമാവുന്നു:
നബി (സ്വ) യുടെ കഷ്ടപ്പാട് കണ്ടപ്പോള്‍ എന്റെ മനസ്സ് അസ്വസ്ഥമായി. വിഷപ്പിന്റെ കാഠിന്യം അനുഭവിക്കുന്ന നബി (സ്വ) യെ കണ്ടപ്പോള്‍ എന്റെ വിഷമം പതിന്മടങ്ങ് വര്‍ദ്ധിച്ചു.
ഞാന്‍ നബി (സ്വ) യോട് ചോദിച്ചു: '' റസൂലേ, എന്നെ വീട്ടിലേക്ക് പോകുവാന്‍ അനുവദിക്കാമോ?''
നബി (സ്വ):'' അതെ പോവാം.''
ഞാന്‍ വീട്ടിലെത്തി പ്രിയതമയോട് ചോദിച്ചു:'' പ്രവാചകര്‍(സ്വ) ക്ക് അതിയായ വിശപ്പ് അനുഭവപ്പെടുന്നുണ്ട്, അത് പോലെ മറ്റൊരാള്‍ക്കും വിഷപ്പ് സഹിക്കാന്‍ സാധിക്കില്ല, പ്രവാചകര്‍ (സ്വ) ക്ക് നല്‍കാന്‍ ഇവിടെ വല്ലതും ഉണ്ടോ?''
ഭാര്യ പറഞ്ഞു:'' അല്‍പം ബാര്‍ലിയും ഒരു ആട്ടിന്‍ കുട്ടിയും ഉണ്ട്.''
ഞാന്‍ പോയി ആടിനെ അറുത്തു. കഷ്ണങ്ങളാക്കി മുറിച്ച് കലത്തിലാക്കി അടുപ്പില്‍ വെച്ചു. ബാര്‍ലിയെടുത്ത് പൊടിച്ച് ഭാര്യക്ക് നല്‍കി. അവര്‍ അത് കുഴച്ച് മാവാക്കി മാറ്റി.
അല്‍പം കഴിഞ്ഞ് മാംസം വെന്ത് മാവ് പുളി തുടങ്ങിയപ്പോള്‍ പ്രവാചക (സ്വ)രുടെ സമീപം പോയി പറഞ്ഞു:'' അങ്ങേക്ക് വേണ്ടി വളരെ കുറച്ച് ഭക്ഷണം മാത്രം തയ്യാറായിട്ടുണ്ട്, അങ്ങും പിന്നെ ഒന്നോ രണ്ടോ ആളുകള്‍ വന്ന് ഭക്ഷിച്ചോളൂ.''
നബി (സ്വ): '' ഭക്ഷണം എത്രയുണ്ട്?''
ഭക്ഷണത്തിന്റെ തോത് ഞാന്‍ പറഞ്ഞുകൊടുത്തു. ഭക്ഷണം എത്രയുണ്ട് എന്ന് മനസ്സിലാക്കിയ നബി (സ്വ) പറഞ്ഞു: '' ഖന്ദഖ് പടയാളികളേ, ജാബിര്‍ നിങ്ങള്‍ക്കായി ഭക്ഷണം ഒരുക്കിയിട്ടുണ്ട്. എല്ലാവരും അവന്റെ വീട്ടിലേക്ക് നടക്കൂ.''
പിന്നെ എന്റെ നേരെ തിരിഞ്ഞു കൊണ്ട് നബി (സ്വ) പറഞ്ഞു:'' നീ നിന്റെ വീട്ടില്‍ പോയി ഭാര്യയോട് മാംസക്കലം ഇറക്കി വെക്കാതെ, മാവ് പാകെ ചെയ്യാതെ അവിടെത്തന്നെ വെക്കാന്‍ പറയൂ.''
ഞാന്‍ വീട്ടില്‍ പോയി. വൈമനസ്യവും ലജ്ജയും നിറഞ്ഞ ആ നിമിഷങ്ങളെ കുറിച്ച് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. ഒരു ചെറിയ ആടും പിന്നെ അല്‍പം ബാര്‍ലിയും ഭക്ഷിക്കാന്‍ ഖന്ദഖ് പടയാളികള്‍ മുഴുവന്‍ ഇവിടെ വരികയോ എന്ന് ഞാന്‍ സ്വയം പിറുപിറുത്തു.
ഞാന്‍ ഭാര്യയോട് പറഞ്ഞു:'' കഷ്ടം, ഞാന്‍ ഇളിഭ്യനായിപ്പോവുന്നു, നബി (സ്വ) യും അനുയായികള്‍ മുഴുവനും ഇവിടെ വരികയാണ്.''
അവള്‍ ചോദിച്ചു:'' അപ്പോള്‍, ഭക്ഷണത്തിന്റെ തോതിനെ സംബന്ധിച്ച് നബി(സ്വ) ചോദിച്ചില്ലേ?''
ഞാന്‍:'' അതെ.''
അവള്‍:'' എന്നാല്‍ നിങ്ങള്‍ വിഷമിക്കേണ്ട, എല്ലാം അല്ലാഹുവും അവന്റെ പ്രവാചകരും അറിയുന്നുണ്ടല്ലോ?''
അവള്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ എന്റെ എല്ലാ വിമുഖതകളും ഇല്ലാതായി. അല്‍പനേരത്തിന് ശേഷം നബി (സ്വ) കടന്നു വന്നു. അന്‍സ്വാറുകളും മുഹാജിറുകളുമായ അനുയായി വൃന്ദവുമുണ്ട് കൂടെ. അവരോടായി നബി (സ്വ) പറഞ്ഞു:'' തിരക്ക് കാണിക്കാതെ അകത്ത് പ്രവേശിക്കൂ.''
നബി ( സ്വ) എന്റെ ഭാര്യയോട് പറഞ്ഞു:'' റൊട്ടിയുണ്ടാക്കാന്‍ ഒരു പരിചാരകയെക്കൂടി നിന്റെ കൂടെ വെക്കുക, മാംസം കലത്തോടെ അടുപ്പില്‍ തന്നെ നില്‍ക്കട്ടെ, അതില്‍ നിന്ന് മാംസം മുക്കിയെടുക്കണം.''
പിന്നെ നബി (സ്വ) റൊട്ടിയെടുത്ത് കഷ്ണങ്ങളാക്കി മുറിച്ചു. അതില്‍ മാംസവും വെച്ച് സ്വഹാബികള്‍ക്കായി എത്തിച്ചു കൊടുത്തു. വിശപ്പ് അകലും വരെ അവര്‍ സുഭിക്ഷമായി ഭക്ഷിച്ചു.
അല്ലാഹു തന്നെ സത്യം, സ്വഹാബികള്‍ പിരിഞ്ഞുപോയിട്ടും കലം തിളച്ചുമറിയുക തന്നെ, മാവില്‍ നിന്ന് റൊട്ടി ഉണ്ടാക്കി തീരുന്നില്ല.
ശേഷം നബി (സ്വ) എന്റെ ഭാര്യയോട് ഭക്ഷിക്കാനും സമാധാനപ്പെടാനും പറഞ്ഞു. അന്ന് മുഴുവനും അവള്‍ സന്തോഷവതിയും സംതൃപ്തയുമായിരുന്നു.
** ** **
ജാബിറി (റ) ന്റെ ആയുസ്സില്‍ അല്ലാഹു ദൈര്‍ഘ്യം പ്രദാനം ചെയ്തു. ഏകദേശം ഒരു നൂറ്റാണ്ടു കാലം അദ്ദേഹം ജീവിച്ചിട്ടുണ്ട്. ഈ സുദീര്‍ഘമായ കാലഘട്ടത്തില്‍ മുസ്‍ലിം ജനതയുടെ നായകനും ദിശാസൂചികയുമായി അദ്ദേഹം വര്‍ത്തിച്ചു.
അല്ലാഹുവിന്റെ സത്യമതത്തിന്റെ വ്യാപനത്തിനായി റോമാ സാമ്രാജ്യത്തിലേക്ക് പടപൊരുതാന്‍ പുറപ്പെട്ടു. മാലിക് ബിന്‍ അബ്ദില്ല അല്‍ ഖസ്അമി (റ) ആയിരുന്നു സേനാനായകന്‍. യാത്രയ്ക്കിടയില്‍ സേനാംഗങ്ങളുടെ സ്ഥിതി അറിയാന്‍ നായകന്‍ റോന്ത് ചുറ്റുകയായിരുന്നു. സൈന്യത്തെ സജ്ജമാക്കാനും അവരിലെ മുതിര്‍ന്നവരെ അവരര്‍ഹിക്കുന്ന പരിഗണനനല്‍കാനുമായിരുന്നു ഇത്.
അങ്ങനെ റോന്ത്ചുറ്റുന്നതിനിടയിലാണ് ഒരു കോവര്‍ കഴുതയുടെ മൂക്കുകയര്‍ കയ്യില്‍ പിടിച്ച് നടന്നുകൊണ്ടിരിക്കുകയായിരുന്ന ജാബിര്‍ (റ) സേനാനായകന്‍ മാലികി (റ) ന്റെ ദൃഷ്ടിയില്‍ പെടുന്നത്. മാലിക് (റ) ജാബിറി (റ) നോട് ചോദിച്ചു:'' വാഹനപ്പുറത്ത് കയറി സഞ്ചരിച്ച് യാത്ര ചെയ്യാനുള്ള സൗകര്യം അല്ലാഹു ചെയ്ത് തന്നിട്ടും താങ്കള്‍ എന്താണ് കാല്‍നടയായി യാത്രചെയ്യുന്നത്?''
ജാബിര്‍ (റ): '' നബി (സ്വ) പറഞ്ഞിട്ടുണ്ട് :'' അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടി ആരുടെയെങ്കിലും പാദങ്ങള്‍ കറുത്ത് പോയാല്‍ നരഗം അവന് നിഷിദ്ധമാണ്.''
ജാബിര്‍ (റ) ഇത് പറഞ്ഞപ്പോള്‍ മാലിക് (റ) മുന്നോട്ട് നടന്ന് മുന്നണി സൈന്യത്തിന്റെ സമീപമെത്തി. അവിടെ നിന്ന് ജാബിറി (റ) ന് നേരെ തിരിഞ്ഞ് കൊണ്ട് ഉച്ചത്തില്‍ പറഞ്ഞു:'' ജാബിര്‍, സ്വന്തമായി ഒരു കോവര്‍ കഴുത വാഹനമായി ഉണ്ടായിട്ടും താങ്കളെന്തുകൊണ്ടാണ് കാല്‍നടയായി യാത്രചെയ്യുന്നത്?''
മാലികി(റ) ന്റെ ചോദ്യത്തിന്റെ ഉദ്ദേശ്യം ജാബിറി (റ) ന് മനസ്സിലായി. അദ്ദേഹം ഉച്ചത്തില്‍ മറുപടി പറഞ്ഞു:''നബി (സ്വ) പറഞ്ഞിട്ടുണ്ട് :'' അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടി ആരുടെയെങ്കിലും പാദങ്ങള്‍ കറുത്ത് പോയാല്‍ നരഗം അവന് നിഷിദ്ധമാണ്.''
ഇത് കേട്ട സ്വഹാബികള്‍ ആ മഹത്തായ പ്രതിഫലം കാംക്ഷിച്ച് തങ്ങളുടെ വാഹനപ്പുറത്ത് നിന്നും താഴെയിറങ്ങി കാല്‍നടയായി യുദ്ധത്തിന് പോയി. ആ യുദ്ധത്തിലായിരുന്നു കൂടുതല്‍ കാലാള്‍ പട ഉണ്ടായിരുന്നത്.
** ** **
വീരചരിതങ്ങള്‍ രചിച്ച ആ സ്വഹാബി വര്യനെ ഒറ്റയടിക്ക് ഇങ്ങനെ വായിക്കാം:
ശൈശവദശയില്‍ അഖബാ ഉടമ്പടിയില്‍ സംബന്ധിച്ച് പ്രവാചകരു(സ്വ)മായി ബൈഅത്ത് ചെയ്തു...
ബാല്യത്തില്‍ തന്നെ പ്രവാചക(സ്വ) രുമായി സഹവാസബന്ധം....
ഹദീസുകള്‍ ഉദ്ധരിക്കുകയും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കുകയും ചെയ്ത അനുഗ്രഹീത പണ്ഡിതന്‍....
സത്യമതത്തിനായി പോരാടി, പാദങ്ങള്‍ക്ക് കറുപ്പഴക് നല്‍ക നരഗമോചനം കാംക്ഷിച്ച പോരാളി....
അല്ലാഹു ജാബിറി (റ) നെ അനുഗ്രഹിക്കുകയും അവരോട് സമക്ഷം സ്വര്‍ഗ്ഗത്തില്‍ സംഗമിക്കാന്‍ അനുഗ്രഹിക്കുകയും ചെയ്യട്ടെ... ആമീന്‍.
Leave A Comment