നിന്റെ ഭര്‍ത്താവ് അടുത്തു  തന്നെയാണ്

hussssഎന്റെ ഭര്‍ത്താവിന്റെ വ്യക്തിത്വത്തെ കുറിച്ചും സ്വഭാവത്തെ കുറിച്ചും ഏറെക്കുറെ എനിക്ക് നന്നായറിയാം. ഇടക്കിടെയുണ്ടാവുന്ന ചില പ്രശ്‌നങ്ങളൊക്കെ പലപ്പോഴും താന്‍ മുന്‍കൈയെടുത്തു തന്നെയാണ് പരിഹരിക്കാറ്. എന്നാലും പലപ്പോഴുമുണ്ടാകുന്ന ഇത്തരം അസ്വാരസ്യങ്ങള്‍ എന്നെ തെല്ലൊന്നുമല്ല ഉലക്കുന്നത്. എന്താണൊരു പോംവഴി. പ്രശ്‌നങ്ങളില്ലാത്ത സമാധാന പൂര്‍വമായ ദാമ്പത്യ ജീവിതം എങ്ങനെയായിരിക്കും സാധ്യമാവുക. സഹോദരീ... പലപ്പോഴും നിന്റെ മനസ്സിന്റെ അകത്തളത്തില്‍ നിന്നുമുല്‍ഭവിക്കുന്ന ചോദ്യമാണിത്. സുഖകരവും ആനന്ദദായകവുമായ ദാമ്പത്യ ജീവിതം നീയുള്‍പ്പെടെയുള്ള സോദരിമാരുടെ സ്വപ്നമാണ്. താഴെ പറയുന്ന ഏതാനും നിര്‍ദ്ദേശങ്ങള്‍ നിന്റെ ജീവിതത്തില്‍ കൃത്യമായി പാലിച്ചാല്‍ നിന്റെ സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ ഒരു പ്രയാസവുമുണ്ടാവുകയില്ല.

1) വിവാഹമെന്ന മഹത് കര്‍മത്തോടു കൂടി നിങ്ങള്‍ ഒന്നായി മാറിയെന്ന യാഥാര്‍ത്ഥ്യ ബോധം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇനിമുതലങ്ങോട്ട് നിങ്ങള്‍ വ്യത്യസ്ത വ്യക്തികളല്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പരസ്പരം സംയോജിച്ചു പ്രവര്‍ത്തിക്കാന്‍ പാകമായ മാനസിക സ്ഥിതി നിര്‍മിച്ചെടുക്കണം. 2)  നിന്നെ സംബന്ധിച്ചിടത്തോളം നിന്റെ ഭര്‍ത്താവാണ് മറ്റാരെക്കാളും നിന്നോട് ഏറ്റവും അടുത്തയാള്‍. പിന്നെയേ നിന്റെ മറ്റു കുടുംബ ബന്ധങ്ങളൊക്കെ വരുന്നുള്ളൂ. എന്നാല്‍, അവരെ സംബന്ധിച്ചിടത്തോളം അവരുടെ മാതാപിതാക്കളോടാണ് ഏറ്റവും അടുത്ത ബന്ധം. അതിനാല്‍ തന്നെ നിന്റെയും അവരുടെ കുടുംബത്തിന്റെയും ഇടക്ക് ആശാസ്യകരമായ ബന്ധം സൂക്ഷിക്കാന്‍ എപ്പോഴും ശ്രമിക്കുക. 3) ഏതു പ്രശ്‌നത്തിനും പരിഹാരമുണ്ടെന്നോര്‍ക്കുക. മനുഷ്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്. അതു ഫലപ്രദമായി പരിഹരിക്കുന്നതിലാണു കാര്യം. 4)  പ്രതിസന്ധികള്‍ ഉടലെടുക്കുമ്പോള്‍ കഴിയുന്നതും വളരെ പെട്ടെന്നുതന്നെ പരിഹാരം കാണാനുള്ള മാര്‍ഗങ്ങള്‍ തേടണം. പരസ്പരം വിദ്വേഷം നിലനില്‍ക്കെ, രാത്രി കഴിച്ചുകൂട്ടിയാല്‍ അല്ലാഹുവിന്റെ കോപം അവര്‍ക്കു മേല്‍ ഇറങ്ങുന്നതാണ്. 5)  നിങ്ങള്‍ക്കിടയിലെ പ്രശ്‌നത്തില്‍ മറ്റു കുടുംബാംഗങ്ങള്‍ ഇടപെട്ട് രംഗം കൂടുതല്‍ വഷളാക്കുന്നത് ശ്രദ്ധിക്കണം. കാരണം, പ്രശ്‌നങ്ങള്‍ കൈവിടും തോറും രമ്യതയിലെത്താനുള്ള സാധ്യതയും കുറഞ്ഞുവരും. 6) പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അതിന്റെ മൂലകാരണത്തെ നന്നായി മനസ്സിലാക്കുകയും അനുയോജ്യവും പക്വവുമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കുകയും വേണം. 7)  എപ്പോഴും ശാന്തവും ദൃഢചിത്തവുമായി പ്രശ്‌നങ്ങളെ നേരിടുക. വൈകാരികതയുടെ വേലിയേറ്റത്തില്‍ അപകടകരമായ തീരുമാനങ്ങളെടുക്കരുത്. 8)  സത്യം നിന്റെ ഭാഗത്താണെങ്കില്‍ പോലും ഭര്‍ത്താവെടുത്ത തെറ്റായ തീരുമാനത്തിന്റെ പേരില്‍ അവരെ മുറിപ്പെടുത്താതിരിക്കുക. രംഗം ശാന്തമായ ശേഷം അവധാനതയോടെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താമല്ലോ. 9)  നിന്റെ പക്കലാണ് തെറ്റു പറ്റിയതെങ്കില്‍ അതു പൂര്‍ണ ഹൃദയത്തോടെ തുറന്നു സമ്മതിക്കണം. കാരണം ഒരു വിശ്വാസിയുടെ ഏറ്റവും ഭംഗിയേറിയ സ്വഭാവ സവിശേഷതയാണത്. 10)  പ്രശ്‌നം കൂടുതല്‍ വഷളാവുകയും ഭര്‍ത്താവിന്റെ സംസാരം അതിര്‍ കടക്കുന്നതായി അനുഭവപ്പെടുകയും ചെയ്താല്‍ ക്ഷമയവലംബിക്കുകയും മൗനം ആയുധമാക്കുകയും ചെയ്യുക. അല്ലാത്ത പക്ഷം അതു മറ്റനേകം പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. 11)  ദേശ്യമുണ്ടാകുമ്പോള്‍ നിന്റെ ഭര്‍ത്താവ് നിനയ്ക്ക് ചെയ്ത ഗുണങ്ങള്‍ ഓര്‍ത്തിരിക്കുക. അത് ഒരു പരിധി വരെ നിന്റെ ദേശ്യത്തെ ലഘൂകരിക്കാന്‍ സഹായിച്ചേക്കും. 12) ഭര്‍ത്താവിന് അനിഷ്ടകരമായ കാര്യങ്ങളില്‍ മുഴുകാതിരിക്കുക. കാരണം, അത് അവരുടെ കോപം പിടിച്ചുപറ്റാനേ ഉപകരിക്കൂ. 13) സംസാരത്തിനിടയില്‍ പഴയ പ്രശ്‌നങ്ങളുടെ ഭാണ്ഡങ്ങളഴിക്കുന്നത് ശ്രദ്ധിച്ചു വേണം. അതു പ്രശ്‌നങ്ങളെ ഒന്നു കൂടി സങ്കീര്‍ണമാക്കാനേ ഉപകരിക്കൂ. 14) പ്രതിസന്ധികളുടെ ബാഹുല്യം  കണ്ട് നിരാശയാകരുത്. പ്രാര്‍ത്ഥനയും അല്ലാഹുവിലുള്ള പ്രതീക്ഷയും ആയുധമാക്കി മുന്നേറുക. 15) സ്ത്രീ എപ്പോഴും പുരുഷനെക്കാള്‍ ചിന്താപരമായി അല്‍പം മുമ്പ് തന്നെ പക്വതയാര്‍ജിക്കുമെന്ന കാര്യം മറക്കാതിരിക്കുക. അതു കൊണ്ട് തന്നെ നിന്റെ ഭര്‍ത്താവിനെ ലാളനയും സംരക്ഷണവും പരിഗണനയും ആവശ്യമുള്ള കുട്ടിയുടെ സ്ഥാനത്ത് കാണുക. കുട്ടികളുടെ ചാപല്യത്തില്‍ നാമൊരിക്കലും മത്സരിക്കാറില്ലല്ലോ. 16) പ്രശ്‌നങ്ങള്‍ വര്‍ധിക്കുകയും മാനസിക സംഘര്‍ഷങ്ങള്‍ വല്ലാതെ തളര്‍ത്തുകയും ചെയ്യുമ്പോള്‍ അല്ലാഹുവുമായുള്ള നിന്റെ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ സംഭവിച്ചിട്ടുണ്ടാകാമെന്ന് സ്വാഭാവികമായും നീ സംശയിക്കണം. കാരണം. നീയും അല്ലാഹുവും തമ്മിലുള്ള ബന്ധം സുശക്തമായാല്‍ അവന്‍ നിന്റെയും   ഭര്‍ത്താവിന്റെയും ഇടയിലുള്ള ബന്ധം സുശക്തമാക്കുന്നതാണ്. 17) നിങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തെ ചൊല്ലിയുള്ള സംസാരങ്ങളും തര്‍ക്കങ്ങളും കഴിവതും മക്കളില്‍നിന്നും അകറ്റാന്‍ ശ്രമിക്കണം. കാരണം, അതു ദൂരവ്യാപകമായ മറ്റുപല പ്രശ്‌നങ്ങളിലേക്കും നയിക്കും. 18) പരീക്ഷണങ്ങളില്‍ ക്ഷമയവലംബിക്കുന്നവര്‍ക്ക് അല്ലാഹു വാഗ്ദാനം ചെയ്ത അറ്റമില്ലാത്ത പ്രതിഫലത്തെ കുറിച്ച് എപ്പോഴും ബോധവതിയായിരിക്കണം. അവസാനമായി ദാമ്പത്യവിജയം എന്നതു കൊണ്ട് ജീവിതത്തിലൊരു പ്രശ്‌നവും ഉണ്ടാവില്ലെന്ന് ആശിക്കരുത്. മറിച്ച് ഉടലെടുക്കുന്ന പ്രശ്‌നങ്ങളെ ഫലപ്രദമായി പരിഹരിക്കുന്നതിലാണു നിന്റെ വിജയം കിടക്കുന്നത്. വിവ: ശരീഫ് തോടന്നൂര്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter