പ്രവിശാലമായ അർഥതലങ്ങളുള്ള അറബി പദമാണ് ഖൈർ എന്നുള്ളത്. ഭൗതികവും ആത്മീയവുമായ പുരോഗതികളെ സൂചിപ്പിക്കുന്നതിനായി, വിവിധ സാഹചര്യങ്ങളിൽ, വിശുദ്ധ ഖുർആൻ പ്രസ്തുത സംജ്ഞയെ മാറി മാറി ഉപയോഗിച്ചിരിക്കുന്നു. എന്നാൽ സമഗ്രവും ഇരുതല സ്പർശിയുമായ അർഥത്തിലാണ്, ജ്ഞാന സൗഭാഗ്യത്തെ പരാമർശിക്കുന്നിടത്ത്, ഈ പദത്തെ ഖുർആൻ ഉപയോഗിച്ചിട്ടുള്ളത്. ആർക്ക് തത്വദർശനം നല്കപ്പെട്ടുവോ, അവനു അപരിമേയമായ നന്മകൾ നല്‍കിയിരിക്കുന്നുവെന്നാണ് ഖുർആന്‍റെ ഭാഷ്യം (269-2)
ജ്ഞാനത്തിന്‍റെ പ്രത്യേകത അത് സ്രഷ്ടാവിന്‍റെ സമ്മാനമാകുന്നുവെന്നുള്ളതാണ്. ആ സൗഭാഗ്യ ലബ്ധിയെ മാനുഷികമായ പരിഗണനകളാൽ, നിർവ്വചിച്ചും നിർണ്ണയിച്ചുമെടുക്കാൻ സാധിക്കുന്നതല്ല. പണ്ഡിതന്‍റെ പുത്രൻ പണ്ഡിതനാകണമെന്നില്ല. പാമരന്‍റെയോ പരമദരിദ്രന്‍റെയോ സന്താനങ്ങൾ ജ്ഞാനത്തിന്‍റെ ഔന്നത്യത്തിൽ എത്തിക്കൂടെന്നുമില്ല. പക്ഷേ, ജ്ഞാനത്തിന്‍റെ വിശാലത അതിന്‍റെ മറുകരയിൽ, അതിന്‍റെ അവസാനത്തിൽ, ഒരാളെയും കൊണ്ടെത്തിക്കുന്നില്ല എന്നുള്ളതാകുന്നു. ആത്യന്തിക ദർശനങ്ങളുടെ മുഴുവൻ പൊരുളും തനിക്കു ലഭിക്കാനിടയായി എന്നു പ്രവാചകൻ (സ) പറഞ്ഞു വച്ചിട്ടുണ്ട്. എന്നാൽ അതേ നബിയോടാണ്, കൂടുതൽ വിജഞാനത്തിനായി പ്രാർഥിക്കാൻ ഖുർആൻ പഠിപ്പിക്കുന്നത്.
വിജ്ഞാനത്തിന്‍റെ സ്രോതസ്സ് ദൈവികമാകുന്നു, അതു പ്രകാശവരമായി വർഷിക്കുന്നത്, വൈവിധ്യ രൂപമാർജ്ജിക്കുന്നത്, അവന്‍റേത് മാത്രമായ തീരുമാനത്താലാകുന്നു. അതിനു അർഹരല്ലാത്തവരെ സ്വയം അതു തിരസ്കരിച്ചേക്കാം. പക്ഷേ, നിർഭാഗ്യവശാൽ അവർ കരുതുന്നത്, മതത്തെ അവർ ഉപേക്ഷിക്കുന്നുവെന്നാണ്. എന്നാൽ, സത്യത്തിൽ മതം അവരെ കടിച്ചെടുത്തു പുറത്തിടുകയാണു ചെയ്യുന്നത്. വിവിധ പ്രവാചകന്മാരുടെ പ്രതിയോഗികളുടെ ചരിത്രങ്ങളിലൂടെ ഈ സത്യം അനാവരണം ചെയ്യപ്പെട്ടിട്ടുണ്ട്. കപടന്മാർക്കുവേണ്ടി അവസാനമായി ഒരു പ്രാർഥനക്കു പോലും സാഹചര്യമുണ്ടാകാത്ത ദുരനുഭവങ്ങളുണ്ട്.
വിജ്ഞാനത്തിൻറെ ലക്ഷ്യം, പ്രവാചക ദൗത്യങ്ങളുടെ പിന്തുടർച്ചയാകുന്നു. നുബുവ്വത്തും രിസാലത്തും, (പ്രവാചകത്വ പദവികൾ) തീർച്ചയായും അവസാനിച്ചുവെങ്കിലും, അവയുടെ ദൗത്യം അഥവാ പ്രബോധനം, അനന്തമായി വിജ്ഞാനികളുടെ ഉത്തരവാദിത്വമായി തുടരുന്നു. പ്രവാചകന്മാർ സ്വയം സമർപ്പിതരും ത്യാഗമനസ്കരുമായിരുന്നു. മാറ്റി വെക്കാനും മറച്ചുവെക്കാനുമാവാത്ത പ്രബോധന ദൗത്യം ഭഗീരഥപ്രയത്നങ്ങളിലൂടെ സമൂഹത്തിനാകെ അവർ നൽകിപ്പോന്നു. ഇബ്നു അബ്ബാസ്(റ)ന്‍റെ ഒരു നിവേദന പ്രകാരം, പ്രവാചകന്മാരുടെ പ്രബോധന ദൗത്യവുമായിട്ടുള്ള ഉടമ്പടി, ജ്ഞാനികളിലൂടെ പുനർജജനി കൊള്ളുന്നുവെന്നാണ്. ആ ദൗത്യത്തിനു കാലയളവിന്‍റെ പരിമിതികളില്ല, പകരം, ആയുർദൈർഘ്യത്തിന്‍റെ വ്യത്യാസങ്ങൾ മാത്രമേ ബാധകമാവൂ. ഇമാം നവവി(റ) കേവലം നാലു പതിറ്റാണ്ടുകളാണ് ഈ ദൗത്യം നിർവഹിച്ചു പോന്നത്. എന്നാൽ മറ്റു പലരും, ദീർഘായുസ്സ് ലഭിച്ചാൽ തന്നെയും പാഴ്ജന്മമായി മാറുന്നതും കാണാം.
ഒരു പ്രവാചകനും, തന്‍റെ കുടുംബത്തിൽ മാത്രമായി ഒതുങ്ങിക്കൂടി, സമൂഹത്തിനുവേണ്ടി കാത്തിരുന്നിട്ടില്ല. മറിച്ച്, സമൂഹത്തെതേടി, അവർ അങ്ങോട്ടിറങ്ങിച്ചെല്ലുകയാണ് ചെയ്തിട്ടുള്ളത്. പ്രവാചകത്വത്തിന്‍റെ ദൃഷ്ടാന്തങ്ങൾ സമൂഹത്തിനു മുൻപിൽ അവതരിപ്പിച്ചു കാത്തുനിൽക്കാത്തതു പോലെ, മാനവ വിമോചനത്തിനുള്ള സന്ദേശവുമായി, പരിശുദ്ധ മതത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ അകറ്റുവാനുള്ള വിശദീകരണങ്ങളുമായി, മനുഷ്യരാശിയെ സമീപിക്കേണ്ടുന്ന ബാധ്യത ഇന്നു പണ്ഡിത സമൂഹത്തിനുണ്ട്.
ഈ പറഞ്ഞതിനർത്ഥം മതത്തിനു നമ്മെ ആവശ്യമുണ്ട് എന്നാകുന്നു. പ്രബോധനത്തിനു വേണ്ടി നിയുക്തരാകുകയെന്ന ആവശ്യം നമ്മിലൂടെ യാഥാർഥ്യവല്‍ക്കരിപ്പെടുമെന്നാണ്. പക്ഷേ, നമ്മളില്ലെങ്കിൽ, മതം അതിന്‍റെ സ്വന്തം വഴി തേടുക തന്നെ ചെയ്യും. ഏതു ശത്രുവും എത്ര പ്രയത്നിച്ചാലും, ലോകത്തിന്‍റെ പരിസമാപ്തിവരെ അത് വിജയപഥത്തിൽ തുടർന്നുകൊണ്ടിരിക്കുക തന്നെ ചെയ്യും. ഒരിക്കലും നമ്മളാണു അതിനെ ശാക്തീകരിക്കുന്നതെന്നു തെറ്റിദ്ധരിക്കരുത്. ഒരു വഴിയിലൂടെ മാത്രമാണ് അതിൻറെ ശാക്തീകരണം സാധ്യമാകുക എന്നും കരുതരുത്. തീർച്ചയായും പാരമ്പര്യ നിബദ്ധമായ വഴികൾ മഹത്വമുള്ളതുതന്നെ.
എങ്കിലും, ചിലപ്പോൾ ആരുടെയും ഒരു പ്രവർത്തനവുമില്ലാതെ തന്നെ, ചിലരിലേക്ക് അതിന്‍റെ വെളിച്ചമെത്തിയേക്കാം. ഒരു പക്ഷേ, അതിന്‍റെ കൊടിയ എതിരാളിയുടെ അന്തരാളത്തിലേക്കു പോലും! വർത്തമാനകാലത്ത്, നെതർലാൻഡിലെ എം പി യായിരുന്ന മിസ്റ്റർ ജെറോം വാൻ ക്ലവേറൻ ഈ ഗണത്തിൽപ്പെട്ട ഒന്നാം തരം ഉദാഹരണമാണ്. ഒരു നൂറ്റാണ്ടു കാലമായി, യൂറോപ്പിനേറ്റ വിഷബാധയാണു ഇസ്‍ലാം എന്നു പ്രസ്താവിച്ച ഈ വ്യക്തി, ഇസ്‍ലാം വിമർശനത്തിനുവേണ്ടിയുള്ള പുസ്തകരചനക്കായി മെറ്റീരിയൽ തിരയുന്നതിനിടയിലാണു ഇസ്‍ലാമിനെ കണ്ടെത്തുന്നത്. ഇദ്ദേഹത്തിനു പ്രബോധനം നൽകാൻ ഒരു മതപണ്ഡിതനും അവിടെ എത്തിയിരുന്നില്ല. ഇങ്ങനെ ദിനംതോറും, നൂറുകണക്കിനാളുകൾ വിശുദ്ധ മതം ആശ്ലേഷിക്കുന്നുണ്ട്. ചിലപ്പോഴെല്ലാം ചെറിയ ഒരു പറ്റമാളുകൾ മതവിശ്വാസത്തിൽ നിന്ന് അകന്നു പോകുന്നുമുണ്ടായിരിക്കാം - നിസ്സാരമായ ഭൗതിക താല്പര്യങ്ങൾക്കു വിധേയമായിക്കൊണ്ടു പോലും. അതുകൊണ്ടാണ്, മനസ്സുകൾ വിശ്വാസത്തിൽ ഉറപ്പിച്ചു നിൽക്കാനുള്ള പ്രാർത്ഥന ഖുർആൻ അവതരിപ്പിക്കുന്നത്.
ഒരേ ഒരു വഴിയിലൂടെ മാത്രമാണ് അതിന്‍റെ ശാക്തീകരണം സാധ്യമാകുക എന്നു ശഠിക്കരുത്. തീർച്ചയായും, കാലഘട്ടത്തിനു അനുസൃതമായി, സന്ദർഭോചിതമായി, വിവിധ രൂപഭാവങ്ങളിൽ, കേന്ദ്രങ്ങളിൽ, അതിനെ പരിചയപ്പെടുത്താൻ നാം പ്രതിജ്ഞാബദ്ധരായിരിക്കണം. തെറ്റിദ്ധാരണകൾ അകറ്റിക്കൊടുക്കാൻ വാക്കു കൊണ്ടും കർമ്മം കൊണ്ടും ശ്രമിച്ചു കൊണ്ടിരിക്കണം. ഒരു പക്ഷേ, ഈ ദൗത്യത്തിൽ നൈമിഷികമായി, സാന്ദർഭികമായി നാം വിജയിച്ചു കൊള്ളണമെന്നില്ല. പരീക്ഷണങ്ങൾ ഉണ്ടാകാതിരിക്കുകയുമില്ല. ജീവിതത്തിലെ വിഷാദത്തിന്‍റെ വർഷത്തിലാണ് പ്രവാചകൻ(സ്വ) ത്വാഇഫിൽ പോകുന്നത്. പ്രതികൂല സാഹചര്യത്തിനു പരിഹാരമായാണ് അവിടെ ചെന്നത്. പക്ഷേ, അവിടെയാണ് കൂടുതൽ പരീക്ഷണമുണ്ടായത്. എന്നാലും, ആ സമൂഹത്തിനു വിപത്തുകൾ വരാൻ കൊതിക്കുകയോ അവർക്കെതിരെ പ്രതികൂലമായി പ്രാർത്ഥിക്കുകയോ ചെയ്യാതെ, പ്രതീക്ഷയുടെ പുലരി സ്വപ്നം കണ്ടത് പിന്നീടു സാക്ഷാത്കരിച്ചതാണു ചരിത്രം.
ലഭ്യമായ സൗകര്യങ്ങൾക്കു മുന്നിൽ നമ്രശിരസ്കരായി നന്ദി പറയുന്നതാണ് പ്രവാചകൻമാരുടെ രീതി. പ്രവാചകന്മാരായ യൂസുഫ്(അ), സുലൈമാൻ (അ) തുടങ്ങിയവരുടെ ചരിത്രം ഇതാണു പറയുന്നത്. സൗകര്യങ്ങൾ ദുരന്തമാവാതിരിക്കാൻ, അതിനായി നിതാന്തമായ വിനയം കൈക്കൊള്ളുന്ന മാതൃക അവരിലുണ്ട്. കാരണം, സൗകര്യങ്ങൾ തന്നെയും പരീക്ഷണങ്ങളായി രൂപം പ്രാപിച്ചേക്കാം.
പ്രബോധന വഴിയിൽ പ്രതിയോഗികളുടെ വിമർശനങ്ങൾ അല്‍പം പോലും നമ്മെ ദൗത്യത്തിൽ നിന്നും പിന്തിരിപ്പിച്ചു കൂടാ. ഒരുവേള, പല കേന്ദ്രങ്ങളിൽ നിന്നും അതൊരു ക്യാമ്പയിനായിപ്പോലും രൂപപ്പെട്ടേക്കാം. പ്രവാചകനായ നൂഹ് (അ) നബിയുടെ സമകാലികർ ഓരോ സംഘങ്ങളായി സമീപിച്ചു കൊണ്ടാണ്, അദ്ദേഹത്തെ ഭത്സിച്ചത്. പക്ഷേ, അവസാനം അദ്ദേഹത്തിനായിരുന്നു വിജയം. വർത്തമാനകാലത്ത്, മതത്തിന്‍റെ ശത്രുക്കൾ വിവിധ വിമർശനങ്ങൾ ഉന്നയിച്ച്, ഒരേ നുണ പലയാവൃത്തി പറഞ്ഞു സത്യമാക്കുന്ന ഗീബൽസിയൻ സിദ്ധാന്തം സ്വീകരിച്ചേക്കാം. എങ്കിലും അതിനെല്ലാം, ശാന്തമായും യുക്തിഭദ്രമായും മറുപടി പറയാനുള്ള ബാധ്യത നമുക്കുണ്ട്. ഈ മറുപടി പ്രഭാഷണങ്ങളിലൂടെ, രചനകളിലൂടെ, നേരിട്ടുള്ള ആശയവിനിമയങ്ങളിലൂടെ, സാമൂഹ്യമാധ്യമങ്ങളിലൂടെ നമുക്കു നൽകാവുന്നതാണ്. ചോദ്യങ്ങൾ ചിലപ്പോൾ നമ്മെ പ്രകോപിപ്പിക്കാൻ പോന്നതു തന്നെയുമായിരിക്കാം. ഉദാഹരണത്തിന്, ആരാണ് സ്രഷ്ടാവിനെ സൃഷ്ടിച്ചത് എന്നോ അന്യമതസ്ഥരെ കൊന്നു കളയുന്നത് പുണ്യമാണെന്നു കരുതുന്നവരല്ലേ നിങ്ങൾ എന്നോ ഒക്കെ ചോദിക്കപ്പെട്ടേക്കാം.
ഈ രണ്ടാമതു പറഞ്ഞ വിമർശനം നമ്മുടെ രാജ്യത്ത് കൂടുതലായി ഉപയോഗിക്കുന്നതും കേൾക്കാം. പാരമ്പര്യമായി തുടർന്നുവരുന്ന പല വിമർശനങ്ങളും പുതിയ കുപ്പിയിൽ അവതരിപ്പിക്കപ്പെടുന്നുമുണ്ടാവാം.
സത്യത്തിൽ ഖുർആൻ പറയുന്നത്, രാഷ്ട്രീയ സംഘർഷ സാഹചര്യത്തിൽ പോലും, ഒരു അമുസ്‍ലിം വ്യക്തി നമ്മുടെ ശക്തി കേന്ദ്രത്തിൽ എത്തിപ്പെട്ടാൽ ഏറ്റവും സുരക്ഷിതമായ അവന്‍റെ താവളത്തിൽ എത്തിച്ചു കൊടുക്കണമെന്നാണ്. അവന്‍റെ മതസംബന്ധമായ തെറ്റിദ്ധാരണകൾ, വാക്കുകൊണ്ടും പ്രവർത്തന രീതികൊണ്ടും അകറ്റികൊടുക്കണമെന്നാണ്.
നിങ്ങൾ ആലോചിച്ചു നോക്കൂ, എട്ടു നൂറ്റാണ്ടിലെ ഇസ്‍ലാമിക സാന്നിധ്യമുണ്ടായിട്ടുപോലും, അവിശ്വാസികളെ ഇന്ത്യയിൽ കൊന്നുകളഞ്ഞിട്ടില്ല. ഒരു ഭരണാധിപൻ എന്ന നിലയിൽ, മുഹമ്മദു ബ്ൻ ഖാസിംപോലെയുള്ളവരെ അങ്ങേയറ്റം സ്നേഹിക്കുകയും വിഗ്രഹവല്‍ക്കരിക്കാൻ പോലും ശ്രമിക്കുകയുമാണുണ്ടായത്. റോമൻ സാമ്രാജ്യത്തിന്‍റെ രാഷ്ട്രീയ അതിക്രമങ്ങളിൽ നിന്നു പോലും സമൂഹത്തെ രക്ഷിച്ചത് മുസ്‌ലിംകളാണ്. മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ ഈജിപ്തിലെ, മത - ഭാഷാ ന്യൂനപക്ഷങ്ങൾ ഏറ്റവും സുരക്ഷിതരായി ഇന്നും അവിടെ കഴിയുന്നുണ്ട് എന്നുള്ളതാണു സത്യം.
ഏറ്റവും സൂക്ഷ്മമായ പ്ലാനിങ്ങുകൾ പ്രബോധന പ്രവർത്തനങ്ങൾക്കായി നാം നടത്തേണ്ടതുണ്ടെന്നു പ്രവാചക ജീവിതം ബോധ്യപ്പെടുത്തുന്നുണ്ട്. ഹിജ്റയുടെ ഒരൊറ്റ സംഭവത്തിൽ തന്നെയും അതു തെളിഞ്ഞു കാണാം
മക്കയിൽ നിന്ന് 460 കി.മീ ദൂരെ സ്ഥിതി ചെയ്യുന്ന മദീനയിലേക്കുള്ള യാത്രക്കു വേണ്ടി പരിചിതമായ വഴിയല്ല അവിടുന്നു തെരഞ്ഞെടുത്തത്. വടക്കു ഭാഗത്തേക്കുള്ള മദീനയിലേക്കു നേർക്കുനേരെ പോകുന്നതിനു പകരം, തെക്ക് ഭാഗത്തേക്ക് ആറു കിലോമീറ്റർ യാത്ര ചെയ്തു പിന്നെ 72 മണിക്കൂർ സൗർ ഗുഹയിൽ പതുങ്ങിയിരുന്നു, പിന്നീട് യാത്രാ ഗൈഡിനെയും പ്രത്യേക മൃഗത്തെയും സജ്ജീകരിച്ചുവച്ചാണ് മുന്നൊരുക്കം. മൂന്നു ദിവസം ഭക്ഷണം എത്തിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഉൾപ്പെടെ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നുവെന്നു ചരിത്രം വ്യക്തമാക്കിത്തരുന്നു.
പറഞ്ഞു തഴമ്പിച്ച അർത്ഥശൂന്യമായ വിമർശങ്ങൾ ശത്രുക്കൾ ഉന്നയിച്ചേക്കാം. ഉദാഹരണത്തിന് ശൈശവവിവാഹമെടുക്കാം. സാക്ഷാൽ, മഹാത്മാഗാന്ധി മുതൽ, ഇടതു പക്ഷ സൈദ്ധാന്തികൻ ഇഎം എസ് വരെയുള്ളവരുടെ കുടുംബ പശ്ചാത്തലങ്ങളിൽ ശൈശവവിവാഹമുണ്ട്. മൃതിയടഞ്ഞ ഭർത്താവിന്‍റെ ചിതയിൽ ചാടി സ്ത്രീ മരണം വരിക്കുന്ന സമ്പ്രദായങ്ങൾ ഇന്നും നിലവിലുണ്ട് - നിയമപരമായി നിർത്തലാക്കിയിട്ടുണ്ടെങ്കിലും. പക്ഷേ, നബിയെപ്പറ്റി പറയുമ്പോൾ മാത്രം, ജീവിതത്തിൻറെ ഏറ്റവും സുന്ദരമായ കാലം മുഴുവൻ തന്നെക്കാൾ 15 വയസ്സ് കൂടുതലുള്ള ഖദീജ (റ) യുടെ കൂടെയാണ് പ്രവാചകൻ കഴിഞ്ഞതെന്നു ശത്രുക്കൾ മൂടിവെക്കുന്നു. എല്ലാ വിവാഹങ്ങളുടെയും പിന്നിലുണ്ടായിട്ടുള്ള ആശയ പ്രചരണങ്ങളുടെ സാധ്യതകളും ചരിത്രസത്യങ്ങളും മൂടിവെക്കപ്പെടുന്നു. അതെല്ലാം കൃത്യമായി വിശദീകരിച്ചുകൊടുക്കേണ്ട ബാധ്യത നമുക്കുണ്ട്.
ഒരു കാര്യം ഉറപ്പാണ്. എത്രമാത്രം വിമർശങ്ങൾ അഴിച്ചുവിട്ടാലും, വിശുദ്ധ ഇസ്‌ലാം ശക്തിപ്രാപിച്ചു കൊണ്ടിരിക്കുകതന്നെ ചെയ്യും.
(അലിഫ് - ഖത്തർ പണ്ഡിത കൂട്ടായ്മയുടെ 2022- 2024 പ്രവർത്തനോദ്ഘാടനത്തിന്റെ ഭാഗമായി, ദാറുൽഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി 27-05- 2022 നു ഖത്തറിൽ നടത്തിയ പ്രഭാഷണ സംഗ്രഹം.
- തയ്യാറാക്കിയത്, മുഹമ്മദലി ഖാസിമി, അമ്മിനിക്കാട്
Leave A Comment