കുഞ്ഞായിന്‍ മുസ്‌ലിയാരുടെ നൂല്‍മാല മലയാളത്തില്‍

malaഅറബിമലയാള സാഹിത്യത്തില്‍ 230 വര്‍ഷം മുന്‍പ് രസികശിരോമണി കുഞ്ഞായീന്‍ മുസ്‌ലിയാര്‍ രചിച്ച'നൂല്‍മാല' ആദ്യമായി മലയാളത്തില്‍ പുറത്തിറങ്ങി. കൊണ്ടോട്ടി കെ.കെ മുഹമ്മദ് അബ്ദുല്‍കരീം ഫൗണ്ടേഷനു കീഴില്‍ യുവഗവേഷകനും ചരിത്രപണ്ഡിതനുമായ ഡോ. പി. സക്കീര്‍ഹുസൈനാണ് 'നൂല്‍മാല മൊഴിയും പൊരുളും' എന്ന പേരില്‍ കൃതി പുറത്തിറക്കിയത്. 1785ല്‍ ശൈഖ് ജീലാനിയുടെ പ്രകീര്‍ത്തന കാവ്യമായി അറബി മലയാളത്തില്‍ എഴുതപ്പെട്ട സാഹിത്യകൃതിയാണ് 'നൂല്‍മാല'. 1980 മാര്‍ച്ച് 31ന് ചരിത്രകാരനായ കെ.കെ മുഹമ്മദ് അബ്ദുല്‍കരീമാണ് ഇതിന്റെ അറബിമലയാളത്തില്‍ എഴുതപ്പെട്ട കൃതിആദ്യമായി കണ്ടത്തിയത്. മലപ്പുറം ജില്ലയിലെ കുറ്റൂരിലെ കുളിപ്പുലാക്കല്‍ എടത്തോളയിലെ പരേതനായ മുഹമ്മദ് ഹാജിയുടെ വീട്ടില്‍ നിന്നാണ് കൃതി ലഭിച്ചത്. സംസ്ഥാനത്ത് ഇതുവരെ കണ്ടെടുത്തിട്ടുള്ള അറബി മലയാള സാഹിത്യത്തില്‍ വിലപ്പെട്ട കൃതിയായ നൂല്‍മദ്ഹ് പഠനവിധേയമാക്കിയത് ആധുനിക മലയാള സാഹിത്യത്തിലും പഠനത്തിലും കൂടുതല്‍ സഹായകരമാകുമെന്ന് ഡോ. പി. സക്കീര്‍ഹുസൈന്‍ പറഞ്ഞു. മലയാള സാഹിത്യ രചനകളില്‍ പലതവണ കുഞ്ഞായിന്‍ മുസ്‌ലിയാരുടെ സാഹിത്യ കൃതികളായ നൂല്‍മദ്ഹ്, കപ്പപ്പാട്ട്, നൂല്‍മാല തുടങ്ങിയവയെകുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നുവെന്നല്ലാതെ നൂല്‍മാലയെ കുറിച്ച് കൃത്യമായ അന്വേഷണങ്ങള്‍ ഇതുവരെ നടന്നിരുന്നില്ല. പ്രശസ്ത സൂഫീവര്യനായിരുന്ന ശൈഖ് ജീലാനിയുടെ സ്തുതി ഗീതമായ മുഹിയുദ്ധീന്‍മാലയുടെ അനുബന്ധമായി നിരവധി ജീലാനി സ്തുതികാവ്യങ്ങള്‍ മലയാളികള്‍ക്കിടയിലുണ്ട്. എന്നാല്‍ ഉള്ളടക്കത്തിലും രചനയിലും തികച്ചും വ്യത്യസ്തത പുലര്‍ത്തുന്ന ഈ കൃതി മലയാളത്തില്‍ പുറത്തിറങ്ങുന്നത് ആദ്യമായാണ്. മലയാളത്തില്‍ ഇത് പുറത്തിറങ്ങിയതോടെ അറബി മലയാള രംഗത്തെ സാഹിത്യ പുരോഗതിയെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അറിയാനും ഗവേഷണംനടത്താനും കൂടുതല്‍ സഹായകരമാകും. നൂല്‍മദ്ഹാണ് കുഞ്ഞായീന്‍ മുസ്‌ലിയാരുടെ മറ്റൊരു പ്രധാന കൃതി .ഇത് രചിച്ച് 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നൂല്‍മാല രചിക്കപ്പെട്ടത്. കുഞ്ഞായീന്‍ മുസ്‌ലിയാരുടെ കപ്പപാട്ട്് ,നൂല്‍മദ്ഹ് എന്നീ കൃതികള്‍ക്ക് 2013ല്‍ അകാദമിക പഠനങ്ങള്‍ ഇദ്ദേഹം തയാറാക്കിയിട്ടുണ്ട്. 2014ല്‍ മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാഅകാദമി അത് പ്രസിദ്ധപ്പെടുത്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter