നമ്മുടെ മക്കള്‍ ദിവസവും എത്ര പെഗ്ഗ് കുടിക്കുന്നുണ്ടാവും
നമ്മുടെ മുമ്പിലൂടെ യൂണിഫോമിട്ട് ബാഗും തൂക്കി നടക്കുന്ന യു.പി, ഹൈസ്കൂള്‍, പ്ലസ്ടു വിദ്യാര്‍ത്ഥികളടക്കം മദ്യത്തിനടിമകളായി മാറിയതിന്റെ നേര്ച്ചിത്രങ്ങളില് ഈയടുത്ത കാലത്തായി പത്രങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ഇതൊരു പുതിയ സംഭവമല്ലെങ്കിലും കുറേ രക്ഷിതാക്കളെ ഇതു കണ്ണുതുറപ്പിച്ചിട്ടുണ്ട്.
സ്വന്തം മകന് വീട്ടില്‍നിന്ന് ഇറങ്ങുന്നത് സ്കൂളിലേക്കു തന്നെയാണെന്നും അവിടെ അച്ചടക്കത്തോടെ ഇരുന്ന് എല്ലാം കേട്ടു പഠിച്ച്, സ്കൂള്‍ വിട്ട് നേരെ വീട്ടിലെത്തുന്നുവെന്നും കാലാകാലങ്ങളായി വിശ്വസിച്ചുപോന്നിരുന്ന മാതാപിതാക്കള്‍ക്ക് ഇന്നു കുറച്ചൊക്കെ കണ്ണു തുറന്ന് തുടങ്ങിയിട്ടുണ്ട്. കാരണം, നേരിട്ട് കാണുകയല്ലേ... കുട്ടിക്കുടിയന്മാരുടെ പ്രകടനങ്ങള്‍.
എന്നാലും 'കുടി'ക്കൊരു കുറവുമില്ല. ഇന്റര്‍വെല്‍ സമയത്ത് പുറത്തുപോയി അകത്താക്കിവരുന്ന കുട്ടികളുണ്ടത്രെ. വാട്ടര്‍ബോട്ടിലില്‍ കുടിവെള്ളത്തില്‍ ചേര്‍ത്ത് ലഹരിനുണയുന്നവരുമുണ്ട്. ആഘോഷദിവസങ്ങളിലെ കുടിയെക്കുറിച്ച് പിന്നെ പറയണ്ട... ഇതൊന്നും കൂടുതല്‍ എഴുതി വിശദീകരിക്കുന്നില്ല. ആണത്തം തെളിയിക്കാനും കൂട്ടുകാരന് കമ്പനി കൊടുക്കാനും വേണ്ടി കുടിച്ചു തുടങ്ങുന്നതാണ് പലരും. മുതിര്‍ന്നാല്‍ പിന്നങ്ങോട്ട് കാരണങ്ങളുടെ ലിസ്റ്റ് നീളും. മനോവിഷമം, പ്രാരാബ്ധം, വിനോദം ഇതിന്റെയൊക്കെ തോത് കുറയ്ക്കുന്നതും കൂട്ടുന്നതും മദ്യമാണത്രെ!
കഴിഞ്ഞുപോയ ആഘോഷദിവസങ്ങളില്‍ കോടികളുടെ കളക്ഷന്‍ നേടിയ ബീവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍ പത്രങ്ങള്‍ നിരത്തിയപ്പോള്‍ ആശ്ചര്യമോ ആശങ്കയോ ഇല്ലാതെ നാമത് വായിച്ചു തള്ളി.
പണ്ടൊക്കെ കള്ളു കുടിയന് പെണ്ണ് കിട്ടില്ലായിരുന്നു. ഇന്നിപ്പോള്‍ ചെക്കന് കുടിക്കില്ല എന്ന് പറഞ്ഞാല്‍ ''അവനെന്തെങ്കിലും കുഴപ്പമുണ്ടോ!?'' എന്നു പെണ്‍വീട്ടുകാര്‍ ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
മദ്യപാനത്തിലൂടെ ആ വ്യക്തി മാത്രമല്ല, ഒരു കുടുംബവും സമൂഹവും ഒന്നടങ്കം അതിന്റെ ദൂഷ്യവശങ്ങള്‍ അനുഭവിക്കുകയാണെന്നറിയുമ്പോള് പോലും അതിനെ മഹത്വവല്‍ക്കരിക്കുകയാണ് ഇന്ന് സമൂഹം ചെയ്യുന്നത്.
മദ്യപാനത്തെ എല്ലാ മതങ്ങളും ഒരുപോലെ നിഷിദ്ധമാക്കിയിട്ടുണ്ട്. ഏറിപ്പോയാല്‍ ഒരു പ്രസ്താവന ഇറക്കും. ''അവന്/അവള് നമ്മില്‍പ്പെട്ടവനല്ല'' തീര്‍ന്നു. പക്ഷേ, അവന് നമ്മില്‍ പെടണമെന്നൊന്നും ഉണ്ടാകില്ല. അവനെക്കൂടി തിരിച്ചുകൊണ്ടു വരാന്‍ നമുക്കൊക്കെ ഒരു ശ്രമം നടത്തിക്കൂടെ? പ്രത്യേകിച്ച് മുസ്ലിം സമൂഹം മദ്യപാനികളെ ഒറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്.
അവരെ പഴയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഒരു ശ്രമവും നടത്തുന്നില്ല. അസുഖം വന്ന് കിടപ്പിലായാലും പറയും... ''അവന് കുടിച്ച് വരുത്തിവെച്ചതല്ലേ?''
മരിച്ചാല്‍ പറയും... കുടിച്ച് കുടിച്ചാ മരിച്ചത്.
മദ്യപാനം തെറ്റ് തന്നെ! മാപ്പര്‍ഹിക്കാത്ത കടുത്ത തെറ്റ്. അത് ചെയ്യുന്നവരെ തിരുത്താന്‍ ശ്രമിക്കാതെ, കാണുമ്പോള്‍ വല്ലപ്പോഴും ഒരു വേദവാക്യം പറഞ്ഞുകൊടുത്തതു കൊണ്ടൊന്നും കുടി നിര്‍ത്തുകയില്ല.
ക്ഷമിക്കണം... ഞാന്‍ കുടിയന്മാരെ ന്യായീകരിക്കുകയല്ല. നമ്മളവരെ കുടിയനാക്കി മാറ്റി നിര്‍ത്തിയിരിക്കയാണ് എന്ന കാര്യം സത്യമാണ്.
കുറേ പള്ളികള്‍ കയറ്റി മഹല്ലിന്റെ വിസ്താരം കുറച്ചു കൊണ്ടുവരാന്‍ ചിലര്‍ ഉത്സാഹം കാട്ടുന്നുണ്ട്, ''ഞങ്ങളുടെ പള്ളിയാ...'' എന്നു പറയാന്‍. ഇന്ന് എല്ലാ വിഭാഗങ്ങള്‍ക്കും എല്ലാ മുക്കുമൂലകളിലും പള്ളിയുണ്ട്. പള്ളി ഉണ്ടാക്കാനുള്ള പണം ഏതെങ്കിലും അറബി കൊടുത്തതാകും. ഇങ്ങനെ നോക്കിയാല്‍ 100 വീട് തികയുന്ന മഹല്ലുകള്‍ കുറവാണ്.
വെള്ളിയാഴ്ച ജുമുഅക്കാണ് എല്ലാവരും പള്ളിയില്‍ ഒരുമിച്ചു കൂടുന്നത്. പണ്ടൊക്കെ വെള്ളിയാഴ്ച ജനസാന്ദ്രമായിരുന്നു. ഇന്ന് സ്വന്തം പള്ളികളിലേക്ക് ആളുകളെ പങ്കിട്ടപ്പോള്‍ ആളും കുറഞ്ഞു.
ഈ മഹല്ലുകളിലൊക്കെ കേന്ദ്രീകരിച്ച് മദ്യപാനികളെ കണ്ടെത്തി മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിക്കൂടെ?
നമ്മള്, ഈ വായനക്കാര്‍ എല്ലാവരും തീര്‍ച്ചയായും ഒരു മഹല്ലുമായോ പള്ളിക്കമ്മിറ്റിയുമായോ ഏതെങ്കിലും രീതിയില്‍ ബന്ധമുള്ളവരായിരിക്കും. നമ്മുടെ മഹല്ല് നന്നാക്കാനുള്ള ഉത്തരവാദിത്തം നമുക്ക് തന്നെയല്ലേ?
കുറേ കാര്യങ്ങള്‍ നമുക്കൊക്കെ ചെയ്യാനാകും. ചിലത് കുറിക്കാം.
മദ്യപാനികള്‍ക്കും കുടുംബത്തിനും ഓറിയന്റേഷന്‍ ക്ലാസുകള്‍.
ആരോഗ്യ ബോധവത്ക്കരണ ക്ലാസുകള്‍.
ഹെല്‍ത്ത് ക്യാമ്പ്/മെഡിക്കല്‍ ക്യാമ്പ്-.
മദ്യപാനത്തിനെതിരെ സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍/ലഘുലേഖ വിതരണം.
ഡീ-അഡിക്ഷന് സെന്ററുകള്‍ സ്ഥാപിക്കുകയോ മദ്യപാനികളെ അത്തരം സെന്ററുകളില്‍ എത്തിക്കുകയോ ചെയ്യുക.
കുട്ടികളില്‍ ബോധവത്ക്കരണം.
യുവാക്കളില്‍ ബോധവത്ക്കരണം.
രക്ഷിതാക്കളില്‍ ബോധവത്ക്കരണം
തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയും
അപ്പോഴാണ് മറ്റൊരു പ്രശ്നം?..
കുഞ്ഞാലിയും മരക്കാരും അയമോട്ടിയുമൊക്കെയല്ലേ സ്ഥലത്തെ പ്രധാന കുടിയന്മാര്... ഇവരുടെ വായിലെ തെറിയുടെ രുചി നമുക്കൊക്കെ സുപരിചിതമാണ്.
പിന്നെ 'ബോധം' ഉള്ള സമയത്ത് വല്ല പിരിവും ചോദിക്കാനുള്ളതും ഇവരോട് തന്നെയല്ലേ?...
അതുകൊണ്ട്.. ഈ പൊല്ലാപ്പിനൊക്കെ പോണോ?
പോവണം.... പോയേ പറ്റൂ...
നാല് തെറി കേട്ടോളൂ, അവരുടെ പിരിവ് തല്ക്കാലം വേണ്ടെന്നു വെച്ചോളൂ. എന്നാലും നമ്മുടെ പ്രവര്‍ത്തനം കൊണ്ട് ഒരു കുടുംബമെങ്കിലും രക്ഷപ്പെട്ടാലോ?...
തീര്‍ച്ചയായും മദ്യപാനം മാറ്റിയെടുക്കാന്‍ നമുക്ക് കഴിയും! നാം മനസ്സ് വെക്കുകയാണെങ്കില്‍.



Leave A Comment