നമ്മുടെ മഹല്ലുകള്‍, ഭരിക്കുന്നവരോടും നിവാസികളോടും പറയാനുള്ളത്..
കഴിഞ്ഞ ദിവസങ്ങളിലായി വാട്സപ്പിലൂടെ ലഭിച്ച സന്ദേശങ്ങളില്‍, മനസ്സില്‍ നീറ്റലുണ്ടാക്കിയ ഒന്നായിരുന്നു, ചെറുപ്പം തൊട്ടേ പരിചയമുള്ള ഒരു മഹല്ലിലെ കമ്മിറ്റി തെരഞ്ഞെടുപ്പ് വാര്‍ത്ത. തെരഞ്ഞെടുപ്പിന്റെ ഫലം സന്തോഷപ്രദമാണെങ്കിലും അതിലേക്ക് എത്തിപ്പെടാനുണ്ടായ സാഹചര്യമാണ് സങ്കടകരമായി തോന്നിയത്.
ഒരു പബ്ലിക് ഗ്രൂപ്പില്‍ വിജയം ആഘോഷിക്കുന്ന സന്ദേശം കണ്ടപ്പോഴാണ് ആ മഹല്ലില്‍ അങ്ങനെ ഒരു തെരഞ്ഞെടുപ്പ് നടന്ന വിവരം തന്നെ അറിയുന്നത്. ഉടനെ അന്നാട്ടുകാരനായ ഒരു സുഹൃത്തുമായി ബന്ധപ്പെട്ട് കാര്യമന്വേഷിച്ചു. നാട്ടിലെ ചില ആളുകള്‍ നിലവിലെ കമ്മിറ്റിയില്‍ സംശയങ്ങളുന്നയിക്കുകയും കണക്കുകള്‍ കൃത്യമല്ലെന്ന് പ്രചരിപ്പിക്കുകയും ചെയ്തുവത്രെ. നാട്ടുകാരില്‍ ചിലരെ കൂടെ കൂട്ടുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. അവസാനം കാര്യം കേസിലെത്തി, തെരഞ്ഞെടുപ്പിലൂടെ പുതിയ കമ്മിറ്റി രൂപീകരിക്കാന്‍ ഹോകോടതി വിധിയായി. 17അംഗ കമ്മിറ്റിയിലേക്ക് 27 പേര്‍ സ്ഥാനാര്‍ത്ഥികളായി മല്‍സരിച്ചു. അവസാനം ഫലം വന്നപ്പോള്‍, മാറ്റം ആവശ്യപ്പെട്ടവരില്‍ ഒരാള്‍ പോലും വിജയിച്ചില്ല, അഥവാ, ഭൂരിഭാഗം നാട്ടുകാരും പഴയ കമ്മിറ്റിയില്‍ പൂര്‍ണ്ണവിശ്വാസം അര്‍പ്പിക്കുന്നവര്‍ തന്നെ എന്നര്‍ത്ഥം.
സംഭവാന്ത്യം ശുഭകരമെങ്കിലും, നമ്മുടെ മഹല്ലുകള്‍ ഇത്തരം രീതിയിലേക്ക് നീങ്ങുന്നതിലുള്ള ആശങ്ക പങ്ക് വെക്കാതെ വയ്യ. എല്ലാ മാനുഷിക വിഷയങ്ങളിലും സന്തുലിതസമീപനം സ്വീകരിച്ച ഇസ്‍ലാം അധികാരരംഗത്തും ഇത് ഏറെ നിഷ്കര്‍ഷിച്ചത് നമുക്ക് വായിച്ചെടുക്കാവുന്നതേയുള്ളൂ. അധികാരം ചോദിക്കരുതെന്നും ആഗ്രഹിക്കരുതെന്നും അത് അന്ത്യനാളില്‍ ഖേദത്തിനും നിന്ദ്യതക്കും കാരണമാകുമെന്നും പറയുമ്പോള്‍ തന്നെ, ജനങ്ങള്‍ വിശ്വസിച്ച് ഏല്‍പിക്കുന്നിടത്ത് അല്ലാഹുവിന്റെ സഹായമുണ്ടാവുമെന്നും നീതിമാനായ അധികാരിക്ക് അര്‍ശിന്റെ തണലുണ്ടെന്നും പറയുന്നു.
നേതാവിന്റെ പക്ഷത്ത് തെറ്റുകള്‍ കണ്ടാല്‍ ഗുണകാംക്ഷയോടെ തിരുത്തണമെന്നും അക്രമിയായ അധികാരിയോട് പറയുന്ന സത്യത്തിന്റെ വാചകമാണെന്ന് ഏറ്റവും വലിയ ധര്‍മ്മസമരമെന്നും പറയുമ്പോള്‍ തന്നെ, നിസ്കാരം നിര്‍വ്വഹിക്കുന്ന കാലത്തോളം അധികാരത്തിലിരിക്കുന്നവര്‍ക്ക് കീഴ്പ്പെടുകയാണ് പ്രാഥമിക ധര്‍മ്മമെന്ന് കൂടി അത് പറഞ്ഞ് വെക്കുന്നു.
ഇവിടെയാണ് നമ്മുടെ മഹല്ല് കമ്മിറ്റിഭാരവാഹികളും മഹല്ല് നിവാസികളും പുനര്‍ചിന്തനം നടത്തേണ്ടത്. അനൈക്യവും ഛിദ്രതയുമുണ്ടാക്കാന്‍ ആര്‍ക്കും വളരെ എളുപ്പം സാധിക്കുന്നതേയുള്ളൂ. സംഭവിച്ചു പോയ മുറിവുകളുണങ്ങാന്‍ നൂറ്റാണ്ടുകള്‍ പോലും മതിയാകണമെന്നില്ല.
ഏറ്റവും വലിയ പാതകമെന്ന് നിസ്സംശയം പറയാവുന്ന ബഹുദൈവാരാധന പോലും അനൈക്യമുണ്ടാകുമോ എന്ന് പേടിച്ച് തടയാതെ മാറിനില്‍ക്കുന്ന ഹാറൂന്‍ നബി (അ)നെയാണ് ഖുര്‍ആനില്‍ നാം കാണുന്നത്.
മഹല്ലുകള്‍ നമ്മുടെ അടിസ്ഥാന ഘടകങ്ങളാണ്. ആ അറബി പദത്തിന്റെ അര്‍ത്ഥം തന്നെ പരിഹാരമാവുന്ന ഇടം എന്നാണ്. അഴിക്കാനും കുരുക്കാനും പ്രാപ്തിയും പക്വതയുമുള്ളവര്‍ ഉണ്ടാകുമ്പോഴാണ് ഒരു പ്രദേശം മഹല്ല് ആയി മാറുന്നത്. അഥവാ, അവിടെ തീര്‍ക്കാനാവാത്ത പ്രശ്നങ്ങള്‍ ബാക്കിയുണ്ടാവരുത് എന്നല്ലേ അത് സൂചിപ്പിക്കുന്നത്. അതേ മഹല്ലുകളാണ് ഇന്ന് പലപ്പോഴും പ്രശ്നങ്ങളുമായി പ്രാദേശിക കോടതികളും കടന്ന് ഹൈകോടതിയുടെയും സുപ്രീം കോടതിയുടെയും വാതിലുകളില്‍ പരിഹാരത്തിനായി കാത്തുനില്‍ക്കുന്നത്. കമ്മിറ്റിയിലെ പ്രശ്നങ്ങള്‍ റമദാന്‍ മാസം ജുമുഅക്ക് ശേഷം കത്തിക്കുത്തില്‍വരെ എത്തിയതും നാം മറന്നുകാണില്ല.
മാറിച്ചിന്തിച്ചേ തീരൂ, കമ്മിറ്റി അംഗങ്ങളും മഹല്ല് നിവാസികളും. അനൈക്യത്തിന്റെ വക്താക്കള്‍ക്ക് അതിന് ഇടം നല്‍കാത്തവിധം സുതാര്യമായിരിക്കണം മഹല്ല് പ്രവര്‍ത്തനങ്ങള്‍. അത് എല്ലാവര്‍ക്കും താങ്ങും തണലും അത്താണിയുമായിരിക്കണം. അവര്‍ക്ക് ആവശ്യമായ എല്ലാ സഹകരണവും പിന്തുണയും ആത്മാര്‍ത്ഥമായി നല്‍കാന്‍ മഹല്ല് നിവാസികളും ഒറ്റക്കെട്ടായി കൂടെ നില്‍ക്കണം. അബദ്ധങ്ങള്‍ സംഭവിക്കുന്ന പക്ഷം, അതൊരു തുരുപ്പുചീട്ടാക്കി അനൈക്യത്തിന്റെ വിത്ത് പാകുന്നതിന് പകരം, തിരുത്താനുള്ള ആത്മാര്‍ത്ഥമായ നീക്കങ്ങള്‍ നിവാസികളുടെ ഭാഗത്ത് നിന്നും അവയെ സന്തോഷത്തോടെ ചെവികൊള്ളാനും നടപ്പിലാക്കാനും അധികാരികളുടെ ഭാഗത്ത് നിന്നും ഒരു പോലെ ഉണ്ടായിരിക്കണം. അപ്പോഴേ നമ്മുടെ മഹല്ലുകള്‍ യഥാര്‍ത്ഥ ഇസ്‍ലാമിക മഹല്ലുകളാവൂ, നാഥന്‍ തുണക്കട്ടെ.
Leave A Comment