യുഎസ് പോലീസിന്റെ വംശവെറിയും ഇസ്രായേലിലെ പരിശീലന പരിപാടികളും
ഫലസ്തീനില്‍ ഇസ്രാഈല്‍ സ്വീകരിക്കുന്ന ആക്രമണ രീതികള്‍ തന്നെയാണ് പലപ്പോഴും അമേരിക്കയിലും പോലീസ് പ്രയോഗിക്കുന്നത്. ഇസ്രാഈലും അമേരിക്കയും തമ്മിലുള്ള ഈ രംഗത്തെ പരസ്പര സഹകരണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ജ്യൂയിഷ് വോയ്സ് ഫോർ പീസ് (ജെവിപി), റിസർച്ചിങ് അമേരിക്കൻ ഇസ്രായേലി അലയൻസ് എന്നീ സംഘടനകൾ നൽകുന്ന റിപ്പോർട്ടുകൾ പ്രകാരം അമേരിക്കയും ഇസ്രായേലും തമ്മിലുള്ള പ്രധാന സഹകരണങ്ങളിലൊന്ന് രാജ്യത്തെ സംഘർഷങ്ങൾ തടയാൻ പ്രയോഗിക്കുന്ന തന്ത്രങ്ങളുടെ കൈമാറ്റമാണ്.
2001 സെപ്റ്റംബർ 11 ന് വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് അമേരിക്കൻ നിയമ ഉദ്യോഗസ്ഥർ തീവ്രവാദം തടയുന്നതിന്റെ മികച്ച തന്ത്രങ്ങൾ പഠിച്ചെടുക്കാനായി പരിശീലനം തേടിയെത്തിയത് ഇസ്രായേലിലായിരുന്നു. രാജ്യത്തെ പൗരന്മാർക്ക് സുരക്ഷ ഒരുക്കുന്നതിന് പ്രാധാന്യം നൽകുന്നതിന് പകരം വംശ വെറിയും പ്രതിഷേധങ്ങളെ അടിച്ചമർത്തലും നിരീക്ഷണ സംവിധാനം ശക്തമാക്കലുമാണ് ഈ സഹകരണം കൊണ്ട് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ഡിസംബർ മാസത്തിൽ ഇത്തരം ട്രെയിനിങ്ങുകളിൽ പങ്കെടുത്തവരാണ് ജോർജ് ഫ്ലോയ്ഡ് സംഭവത്തിൽ ഉത്തരവാദികളായ നോർത്ത് മിന്നെപോളീസിലെ പോലീസ് ഉദ്യോഗസ്ഥർ.
ഇസ്രായേലിൽ പരിശീലനം നടത്തുമ്പോൾ വെസ്റ്റ് ബാങ്കിലും ഗാസയിലും ജെറുസലേമിലും ഇസ്രായേൽ സൈനികർ നടത്തുന്ന നരനായാട്ട് അവർക്ക് ലൈവായി കാണിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നുവത്രെ. ഇസ്രയേലി സൈനിക ജയിലുകളിലെ ചീഫ് ഓഫീസർമാരുമായും ഇവർക്ക് സമാഗമങ്ങൾ ഉണ്ടാകും. ഫലസ്തീനി അതോറിറ്റിയുമായി ചേർന്ന് എങ്ങനെയാണ് എതിർപ്പുകളെ അടിച്ചമർത്തുന്നതെന്നും പരിശീലനത്തിന്റെ ഭാഗമായി വിശദീകരിക്കുമത്രെ. ജെവിപിയുടെ പ്രധാന പ്രവർത്തകരിലൊരാളായ ലൈല പറയുന്നത് അമേരിക്കയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പോലീസിന്റെ വംശവെറിയുടെ വലിയ പ്രചോദനങ്ങളിലൊന്ന് ഈ പരിശീലനക്കൈമാറ്റങ്ങളാണെന്നാണ്.
ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ആയുധങ്ങളുടെ വിൽപ്പനയും ഈ പരിശീലന കൈമാറ്റത്തിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ്. 2011 ൽ കാലിഫോർണിയയിൽ പ്രതിഷേധക്കാർക്ക് നേരെ ഉപയോഗിച്ചിരുന്ന അമേരിക്കൻ നിർമിത കണ്ണീർ വാതകം ഇതിൽ പ്രധാനിയാണ്.
പൗരൻമാരെ അവരുടെ മതം, തൊലിനിറം എന്നിവ അടിസ്ഥാനത്തിൽ നിരീക്ഷിക്കുന്നതിനായി ടെക്കി കമ്പനികളെ ബന്ധപ്പെടുന്ന യുഎസ് പോലീസിന്റെ സമീപനത്തിനെതിരെ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ കടുത്ത എതിർപ്പുകളുമായി രംഗത്ത് വന്നിരുന്നു.
ഫലസ്തീനിലെ മസ്ജിദുകളിൽ നമസ്കരിക്കുന്നവരെ നിരീക്ഷിക്കുവാനായി ഇസ്രായേൽ ഏർപ്പെടുത്തിയ സംവിധാനത്തെ പിന്തുടർന്ന് അമേരിക്കയും മസ്ജിദുകളിൽ നിരീക്ഷണ സംവിധാനം ആരംഭിച്ചിട്ടുണ്ട്. ന്യൂ ഇയർ എയർ പോലീസ് ഡിപ്പാർട്ട്മെൻറ് സെൻറ് ഡെമോഗ്രാഫിക് യൂണിറ്റ് എന്ന പേരിലാണ് ഈ സംവിധാനം അറിയപ്പെടുന്നത്. നിലവിൽ അമേരിക്കയിൽ നടക്കുന്ന "'ബ്ലാക്ക് ലിവ്സ് മാറ്റർ' പ്രതിഷേധക്കാരെ നിരീക്ഷിക്കാനും അവരുടെ വിവരങ്ങൾ അന്വേഷിക്കുവാനും എൻവൈപിഡി രംഗത്തുണ്ട്. ഇവരെ നിരീക്ഷിക്കുന്നതിനെ ന്യായീകരിക്കാൻ എഫ്ബിഐയും ആഭ്യന്തര സുരക്ഷാ സമിതിയും പറയുന്നത് കറുത്ത വംശജരായ തീവ്രവാദികളെയാണ് തങ്ങൾ നിരീക്ഷിക്കുന്നതെന്നാണ്. ഈ സംവിധാനം നമ്മെ ഓർമ്മപ്പെടുത്തുന്നത് പൗരന്മാരുടെ അവകാശങ്ങൾ ഹനിച്ച് കൊണ്ട് രാജ്യസുരക്ഷ സംരക്ഷിക്കാനുള്ള വ്യാജ നടപടികൾ സർക്കാർ നടത്തുന്നുണ്ടെന്നാണ്.
വംശീയ വിവേചനത്തിന് വലിയ പങ്കുവഹിക്കുന്ന ഈ മാരകമായ പരിശീലന കൈമാറ്റ പരിപാടി നിർത്തി വെക്കാൻ അമേരിക്കയിലെ പല ഭാഗത്തും ശക്തമായ ക്യാമ്പയിനുകൾ ഉയർന്നുവന്നിരുന്നു. അതേ തുടർന്ന് 2018 ൽ നോർത്ത് കരോലിനയിലെ ദുർഹാം നഗരം ഇസ്രയേലിലെ പരിശീലന പരിപാടി അവസാനിപ്പിച്ചു. നഗരത്തിലെ ഫലസ്തീൻ സോളിഡാരിറ്റി മൂവ്മെന്റും കറുത്ത വംശജരുടെ സമിതിയും സിറ്റി കൗൺസിലിൽ നിരന്തരമായി സമ്മർദ്ദം ചെലുത്തിയതോടെയാണ് ഇത്തരമൊരു തീരുമാനം പുറത്തുവന്നത്.
2018 ഡിസംബറില്‍ വെര്‍മോണ്ട് സംസ്ഥാനവും ശക്തമായ പ്രാദേശിക സംഘടനകളുടെ സമ്മർദംമൂലം പോലീസ് ട്രെയിനിങ് പദ്ധതി ഉപേക്ഷിച്ചിരുന്നു. നിലവിൽ സമാന ക്യാമ്പയിനുകൾ വാഷിംഗ്ടൺ ഡിസി, സിയാറ്റിൽ തുടങ്ങിയ സംസ്ഥാനങ്ങളിലും ശക്തമായി വരികയാണ്. ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട ശക്തമായ പ്രതിഷേധത്തെ തണുപ്പിക്കാനായി രാഷ്ട്രീയക്കാർ പോലീസ് സംവിധാനത്തെ പരിഷ്കരിക്കാനുള്ള നിയമനിർമാണം അവതരിപ്പിച്ചിട്ടുണ്ട്. ചില നഗരങ്ങളാവട്ടെ പോലീസ് സംവിധാനത്തെ തന്നെ പാടെ ഉപേക്ഷിച്ചിട്ടുണ്ട്. ഇത് വഴി പോലീസിലെ വംശവെറി പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയുമെന്നാണ് പല നിരീക്ഷകരും വ്യക്തമാക്കുന്നത്.
കടപ്പാട്: അൽ ജസീറ
Leave A Comment