ഇസ്‌ലാം തീവ്രവാദത്തിന്റെ ഉറവിടമല്ല, തീവ്രവാദത്തെനെതിരെ മുസ്‌ലിം രാഷ്ട്രങ്ങളുമായി കൈകോര്‍ക്കും: അംഗലാ മെര്‍കല്‍
mercal ബര്‍ലിന്‍: ഇസ്ലാം തീവ്രവാദത്തിന്‍െറ ഉറവിടമല്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍. തീവ്രവാദത്തിനെതിരായ പോരാട്ടങ്ങളില്‍ മുസ്ലിം രാഷ്ട്രങ്ങളുമായി കൈകോര്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി. മ്യൂണികില്‍ നടന്ന സുരക്ഷസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സമ്മേളനത്തില്‍ പങ്കെടുക്കാനത്തെിയ യു.എസ് വൈസ് പ്രസിഡന്‍റ് മൈക് പെന്‍സിന്‍െറ സാന്നിധ്യത്തിലായിരുന്നു മെര്‍കലിന്‍െറ പരാമര്‍ശം. റഷ്യയുമായുള്ള യൂറോപ്പിന്‍െറ സഖ്യം വെല്ലുവിളികള്‍ നിറഞ്ഞതാണ്. എന്നാല്‍, ഐ.എസ് പോലുള്ള തീവ്രവാദസംഘങ്ങള്‍ക്കെതിരെ പൊരുതാന്‍ റഷ്യയുമായി കൈകോര്‍ക്കേണ്ടിയിരിക്കുന്നു.  ഏഴു മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് യാത്രവിലക്കേര്‍പ്പെടുത്താനുള്ള യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമറിയിച്ചിരുന്നു മെര്‍കല്‍. നാറ്റോ കാലഹരണപ്പെട്ടതാണെന്നും യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള ബ്രിട്ടന്‍െറ തീരുമാനം മഹത്തരമാണെന്നുമുള്ള ട്രംപിന്‍െറ പ്രസ്താവനകളും റഷ്യയോടുള്ള നിലപാടുമാറ്റവും ആശങ്കപ്പെടുത്തുന്നതാണ്.  ട്രംപ് ഭരണകൂടത്തിന്‍െറ വിദേശകാര്യ നയങ്ങള്‍ ആശങ്കപ്പെടുത്തുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂനിയന്‍, ഐക്യരാഷ്ട്രസഭ, നാറ്റോ പോലുള്ള ആഗോള സംഘടനകള്‍ കൂടുതല്‍ ശക്തമാകേണ്ടിയിരിക്കുന്നെന്നും മെര്‍കല്‍ ചൂണ്ടിക്കാട്ടി. വൈസ് പ്രസിഡന്‍റായി ചുമതലയേറ്റശേഷമുള്ള പെന്‍സിന്‍െറ ആദ്യ വിദേശപര്യടനമാണിത്. നാറ്റോ സഖ്യത്തിന് യു.എസ് നല്‍കുന്ന പിന്തുണ തുടരുമെന്നും അതില്‍ സംശയം വേണ്ടെന്നും  പെന്‍സ് പറഞ്ഞു. ബാള്‍ട്ടിക് രാജ്യങ്ങളായ എസ്തോണിയ, ലാത്വിയ, ലിത്വേനിയ എന്നിവയുടെ പ്രതിനിധികള്‍ക്കിടയിലായിരുന്നു പെന്‍സിന്‍െറ ഇരിപ്പിടം. യുക്രെയ്ന്‍ പ്രസിഡന്‍റ് പെട്രോ പൊറോഷെങ്കോയും തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിമും സമ്മേളനത്തിനത്തെി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter