വെളിച്ചം വിതറിയ ചെറുശ്ശേരി കുടുംബം
cheruകേരളത്തിന്റെ സാംസ്‌കാരിക, സാമൂഹിക പുരോഗതിക്കു വേണ്ടി ബഹുമുഖ സംഭാവനകള്‍ നല്‍കിയ നിരവധി കുടംബങ്ങളെ കുറിച്ച് കേരള ചരിത്രപഠനങ്ങളില്‍ കാണാം. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലെ ചെറുശ്ശേരി കുടുംബം ഈ ഗണത്തില്‍ ഏറെ പ്രസ്താവ്യമാണ്. കൊണ്ടോട്ടിയെന്ന ദേശം ഹിജ്‌റ എട്ടാം ശതകാന്ത്യത്തില്‍ പഴയങ്ങാടിപ്പള്ളി നിര്‍മാണത്തോടെയാണ് കൊണ്ടോട്ടിയുടെ ചരിത്രമാരംഭിക്കുന്നത്. ആറര നൂറ്റാണ്ടു മുന്‍പ് തിരൂരങ്ങാടി പള്ളിയിലേക്ക് ജുമുഅക്ക് പോയിരുന്ന ഈ പ്രദേശത്തുകാര്‍ക്ക് പല തവണ ജുമുഅ നഷ്ടപ്പെട്ട സാഹചര്യത്തില്‍ തലയൂര്‍ മൂസതിന്റെ ജന്‍മസ്വത്തായിരുന്ന പ്രദേശം പണം കൊടുത്തു കാടുവെട്ടി ഉണ്ടായ പ്രദേശമായത് കൊണ്ടാണ് കൊണ്ടോട്ടി എന്ന പേരു വന്നത്. പിന്നീടുണ്ടായ പൊന്നാനി-കൊണ്ടോട്ടി കൈതര്‍ക്കത്തില്‍ പഴയങ്ങാടി പള്ളിയുടെ അധികാരം കൊണ്ടോട്ടി തങ്ങന്‍മാര്‍ക്ക് ലഭിക്കുന്ന വിധത്തിലുള്ള ബ്രിട്ടീഷ് കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ അന്നത്തെ ഖാദി, മഖ്ദൂം നാലാമന്‍ താമസിച്ചിരുന്ന വീടിന്റെ ഭാഗം നിസ്‌കാരത്തിനും ജുമുഅക്കും വിട്ട് കൊടുത്താണ് ഖാദിയാരകം പള്ളി(ഖാദി താമസിക്കുന്ന അകം) സ്ഥാപിതമാകുന്നത്. ഖാദിയാരകം പള്ളി കേന്ദ്രമാക്കിയാണ് ചെറുശ്ശേരി കുടുംബത്തിന്റെ നവോഥാന ചലനങ്ങള്‍. വേരുകള്‍ കൊണ്ടോട്ടിക്കടുത്ത് തുറക്കല്‍ താമസിച്ചിരുന്ന കുടുംബം വര്‍ഷങ്ങളായി ഇപ്പോള്‍ ഖാദിയാരകത്ത് താമസിക്കുന്നു. കുടുംബത്തിന്റെ ആറു തലമുറയെ കുറിച്ച് മാത്രമേ നമുക്ക് അറിയാന്‍ സാധിക്കുന്നുള്ളൂ. ചെറുശ്ശേരി അലിയുടെ പുത്രന്‍ കുഞ്ഞറമു മുസ്‌ലിയാര്‍. അദ്ദേഹത്തിന്റെ പുത്രന്‍ സൈനുദ്ദീന്‍ മുസ്‌ലിയാര്‍. അവരുടെ മകന്‍ മുഹമ്മദ് മുസ്‌ലിയാര്‍. അവരുടെ മകന്‍ സൈനുദ്ദീന്‍ മുസ്‌ലിയാര്‍(സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി). അവരുടെ മക്കള്‍ ഇങ്ങനെ പോകുന്നു കുടുംബ പരമ്പര. ചെറുശ്ശേരി അലിയുടെ പുത്രന്‍ കുഞ്ഞറമു മുസ്‌ലിയാര്‍(മ: ഹി:1319). അദ്ദേഹത്തിന്റെ മക്കളാണ് അഹ്മദ്കുട്ടി മുസ്‌ലിയാര്‍, സൈനുദ്ദീന്‍മുസ്‌ലിയാര്‍, അലിമുസ്‌ലിയാര്‍ എന്നിവര്‍. സൈനുദ്ദീന്‍മുസ്‌ലിയാര്‍ക്ക് മൂന്ന് ആണ്‍മക്കളാണുണ്ടായത്. മുഹമ്മദ് മുസ്‌ലിയാര്‍, അബു മുസ്‌ലിയാര്‍, കുഞ്ഞറമുട്ടി മുസ്‌ലിയാര്‍ എന്നിവരാണവര്‍. മൂന്ന് വിവാഹം നടത്തിയ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ക്ക് കുഞ്ഞറമു മുസ്‌ലിയാര്‍, സൈനുദ്ദീന്‍ മുസ്‌ലിയാര്‍, മുഹമ്മദ് മാസ്റ്റര്‍ എന്നീ മൂന്നു മക്കള്‍. ഒരു പെണ്‍കുഞ്ഞ് ചെറുപ്പത്തിലേ മരിച്ചു. ചെറുശ്ശേരി അലി മുസ്‌ലിയാരെ കുറിച്ച് കാര്യമായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ചെറുശ്ശേരി മുഹമ്മദ് മുസ്‌ലിയാരുടെ മകനാണ് 'സമസ്ത' ജന.സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍. മലബാറിന്റെ, പ്രത്യേകിച്ച് കൊണ്ടോട്ടിയുടെ മത, സാമൂഹിക, വൈജ്ഞാനിക പുരോഗതിയില്‍ നിസീമമായ സേവനമര്‍പ്പിച്ച പല പ്രമുഖരും ഈ കുടുംബത്തില്‍ ഉദയം ചെയ്തിട്ടുണ്ട്. മുസ്‌ലിയാരകത്ത് കുടുംബമാണ് അന്നവിടെ ഉണ്ടായിരുന്ന മറ്റൊരു കുടുംബം. അവരുടെതായി എടുത്തുപറയത്തക്ക സേവനങ്ങളൊന്നുമില്ല. ചെറുശ്ശേരി കുടുംബത്തില്‍ ഏറെ പ്രശസ്തരാണ് ചെറുശ്ശേരി അഹ്മദ് കുട്ടിമുസ്‌ലിയാര്‍, മുഹമ്മദ് മുസ്‌ലിയാര്‍, സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍. ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാര്‍ 1873 ല്‍ തുറക്കലില്‍ കുഞ്ഞറമു ബിന്‍ അലി(മ.ഹി: 1319)യുടേയും മുസ്‌ലിയാരകത്ത് ഖാദി അലി ഹസന്‍ മുസ്‌ലിയാരുടെ പുത്രി ഫാത്വിമയുടേയും മകനായി ജനിച്ചു. താനൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍(മ.ഹി: 1328, പണ്ഡിതനും നഖ്ശബന്ദി ത്വരീഖത്തിന്റെ ശൈഖുമായ താനൂര്‍ അബ്ദുറഹിമാന്‍ ശൈഖിന്റെ പുത്രന്‍), അല്‍ഹാജ് അലിയ്യുത്തൂരി(മ.ഹി: 1334), ജ്യേഷ്ഠ സഹോദരന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍(മ.ഹി:1334), ചാലിലകത്ത് കുഞ്ഞഹമ്മദാജി എന്നിവരാണ് പ്രധാനാധ്യാപകര്‍. 1906 ല്‍ 33-ാം വയസില്‍ കൊടിയത്തൂര്‍ പള്ളിയില്‍ മതാധ്യാപനം ആരംഭിച്ച് ഔദ്യോഗിക ജീവിതമാരംഭിച്ചു. 1909 ല്‍ വാഴക്കാട് മുദരിസായി. 1918 ല്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വാഴക്കാട്ട് നിന്ന് പിരിഞ്ഞപ്പോള്‍ അദ്ദേഹവും പിരിഞ്ഞു. പിന്നീട് മൊറയൂരിലാണ് മതാധ്യാപനം നടത്തിയത്. 1925 ല്‍ വീണ്ടും വാഴക്കാട് തന്നെ സ്ഥാനമേറ്റു. തുടര്‍ന്ന് ആറു വര്‍ഷം അവിടെ സേവനം ചെയ്തു. നല്ലളം, മണ്ണാര്‍ക്കാട് മഅ്ദനുല്‍ ഉലൂം എന്നിവിടങ്ങളിലും അധ്യാപനം നടത്തിയിട്ടുണ്ട്. പണ്ഡിതനും മുഫ്തിയും സൂഫിയും സ്വാതന്ത്ര്യ സമരസേനാനിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന അദ്ദേഹമാണ് കുടുംബത്തിന്റെ പേരും പെരുമയും വര്‍ധിപ്പിച്ചത്. വാക്ചാതുരിയും സാഹിത്യ ശൈലിയും സ്വായത്തമാക്കിയ അദ്ദേഹം അക്കാലത്തെ പ്രഗത്ഭ വാഗ്മിയായിരുന്നു. കോഴിക്കോട്, മലപ്പുറം, വേങ്ങര, കുറ്റൂര്‍, തളിപ്പറമ്പ്, മാങ്കാവ്, കൊട്ടപ്പുറം എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാസങ്ങള്‍ നീളുന്ന അദ്ദേഹത്തിന്റെ വഅദ്(മതപ്രഭാഷണം) പരിപാടികള്‍ നടന്നിരുന്നു. അധ്യാപനരംഗത്തും രചനാരംഗത്തും തിളങ്ങിയ അദ്ദേഹം അറബിയിലും മലയാളത്തിലും രചനകള്‍ നടത്തി. താനൂര്‍ ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാരുടെ 'മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍' എന്ന ബ്രിട്ടീഷ് വിരുദ്ധ കൃതിയുടെ അവതാരിക, കുന്നപ്പള്ളി കരിമ്പനക്കല്‍ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ 'വഹാബി ഖണ്ഡനം' അവതാരിക, ഖുലാസ്വ ഖിലാഫത് തര്‍ജമ, റദ്ദുല്‍ ഹിന്ദ് അവതാരിക എന്നിവ അദ്ദേഹത്തിന്റെ രചനകളാണ്. അന്നത്തെ പല എഴുത്തുകാരും അവരുടെ സൃഷ്ടികള്‍ എഡിറ്റ് ചെയ്യാന്‍ അദ്ദേഹത്തെ സമീപിച്ചിരുന്നു. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ പല ഗ്രന്ഥങ്ങളുടേയും എഡിറ്റിങ് നിര്‍വഹിച്ചത് അദ്ദേഹമാണ്. അറബിയില്‍ അദ്ദേഹം എഴുതിയ നിരവധി അനുമോദന, അനുശോചനാ കവിതകളുമുണ്ട്. 1930ല്‍ 60-ാം വയസില്‍ നിര്യാതനായി. ഖാദിയാരകം ജുമുഅത്ത് പള്ളിയുടെ മുന്‍ഭാഗത്ത് കിഴക്ക് തെക്കായാണ് അദ്ദേഹത്തിന്റെ ഖബര്‍ സ്ഥിതി ചെയ്യുന്നത്. ചെറുശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍ ചെറുശ്ശേരി അഹ്മദ്കുട്ടി മുസ്‌ലിയാരുടെ ജ്യേഷ്ഠ സഹോദരനും ഗുരുനാഥനുമായിരുന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ പുത്രനാണ് ചെറുശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍. കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍ പ്രധാന സഹപാഠിയാണ്. ഫറോക്കിലെ ചെറുവണ്ണൂരിലും ശേഷം കൊണ്ടോട്ടി ഖാദിയാരകത്തുമാണ് സേവനം ചെയ്തത്. സേവനം ചെയ്ത രണ്ടു പ്രദേശങ്ങളിലും മതവിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനും അവ നടപ്പിലാക്കാനും അദ്ദേഹം ശ്രമിച്ചു. ഖാദിയാരകം പള്ളിയില്‍ അന്‍പതോളം വര്‍ഷം മതാധ്യാപനം നടത്തി. ഭക്തിയോടെ നടന്നുനീങ്ങുന്ന അദ്ദേഹത്തെ വിദൂരത്ത് നിന്ന് കണ്ടാല്‍ പോലും ആളുകള്‍ ആദരിച്ച് എഴുന്നേറ്റിരുന്നു. ഗ്രന്ഥങ്ങള്‍ രചിച്ചതായി അറിവില്ല. 1970ല്‍ അദ്ദേഹം വിടപറഞ്ഞു. മരണശയ്യയില്‍ കിടക്കുമ്പോള്‍, വല്ല ഇടപാടുകളും ഉണ്ടോയെന്ന് ആരോ തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഒരു മാതൃകായോഗ്യനായ പണ്ഡിതന്റേതു തന്നെയായിരുന്നു.''ഞാനൊരാളേയും ചീത്തപറയാത്തത് കാരണം ആരോടും പൊരുത്തപ്പെടീക്കാനില്ല. ഒരാള്‍ക്കും ഞാന്‍ കാശ് കൊടുക്കാനില്ല, പലരും എനിക്ക് തരാനുണ്ട് അത് ഞാന്‍ വിട്ടു വീഴ്ച ചെയ്ത് കൊടുക്കുന്നു.'' ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ 1937ല്‍ ചെറുശ്ശേരി മുഹമ്മദ് മുസ്‌ലിയാരുടേയും ബംഗാളത്ത് പാത്തുമ്മുണ്ണിയുടെയും മകനായി മൊറയൂരില്‍ ജനിച്ചു. പള്ളിപ്പറമ്പില്‍ ശൈഖ് മൊല്ലാക്കയുടെ ഓത്ത് പള്ളിയില്‍ അല്‍പകാലവും കൊണ്ടോട്ടി സ്‌കൂളില്‍ എട്ടു വര്‍ഷവും വിദ്യനുകര്‍ന്ന ശേഷം ദര്‍സ് പഠനമാരംഭിച്ചു. ഏഴ് വര്‍ഷം പിതാവ് മുഹമ്മദ് മുസ്‌ലിയാരുടെ ശിക്ഷണത്തിലും ശേഷം മഞ്ചേരിയില്‍ ഓവുങ്ങള്‍ അബ്ദുറഹിമാന്‍ മുസ്‌ലിയാരുടെ ദര്‍സില്‍ രണ്ടു വര്‍ഷവും ചാലിയത്ത് ഓടക്കല്‍ സൈനുദ്ദീന്‍ മുസ്‌ലിയാരുടെ ദര്‍സില്‍ ഒരു വര്‍ഷവും പഠിച്ചു. ഇരുപത്തി രണ്ടാമത്തെ വയസില്‍ കോടങ്ങാട് മതാധ്യാപനം തുടങ്ങി. സുന്നി മഹല്ല് ഫെഡറേഷന്റെ മാതൃകാ ദര്‍സ് സംരംഭത്തിന്റെ തുടക്കമെന്നോണം 1977 സെപ്തംബര്‍ 25 മുതല്‍ 18 വര്‍ഷം ചെമ്മാട് മഹല്ലില്‍ മുദരിസായി. എം.എം ബശീര്‍ മുസ്‌ലിയാരുടെ വിയോഗ ശേഷം ചെമ്മാട് ദാറുല്‍ ഹുദയുടെ പ്രിന്‍സിപ്പലും 1994 ജൂണ്‍ എട്ടിന് സ്ഥിരാധ്യാപകനുമായി. 1980 മുതല്‍ സമസ്ത മുശാവറ അംഗവും തൊട്ടടുത്ത വര്‍ഷം ഫത്‌വാ കമ്മിറ്റി അംഗവുമായി. 1994 ജൂണ്‍ 11 മുതല്‍ പരീക്ഷാ ബോര്‍ഡ് ചെയര്‍മാനായി. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ മരണ ശേഷം 1996 മുതല്‍ സമസ്ത ജ:സെക്രട്ടറിയായി തുടരുന്നു. പരിഷ്‌കരണങ്ങള്‍ മുസ്‌ലിം സമുദായത്തിന്റെ മത സാമൂഹിക വൈജ്ഞാനിക രംഗത്തെ നിരവധി പരിഷ്‌കരണങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ചെറുശ്ശേരി കുടുംബത്തിനായിട്ടുണ്ട്. മാസങ്ങള്‍ നീളുന്ന പ്രഭാഷണങ്ങളിലൂടെയും പതിറ്റാണ്ടുകള്‍ നീണ്ട അധ്യാപനത്തിലൂടെയും രചനകളിലൂടെയും വിജ്ഞാന രംഗത്തെ അവര്‍ പരിപോഷിപ്പിച്ചു. ചാലിലകത്ത് കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ കൂടെ സിലബസ് പരിഷ്‌കരണം നടപ്പിലാക്കി വാഴക്കാട്ടെ തന്‍മിയതുല്‍ ഉലൂം മദ്‌റസയെ ദാറുല്‍ ഉലൂമായി വളര്‍ത്തുന്നതില്‍ അഹ്മദ്കുട്ടി മുസ്‌ലിയാരുടെ പങ്ക് അനിഷേധ്യമാണ്. ഖാദിയാരകം മഹല്ല് ഇന്നും നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ജമാഅത്ത് ഖുല്ലത്തുല്‍ഇസ്‌ലാം സംഘത്തിന് തുടക്കം കുറിച്ചതും കാര്യമായി സഹായിച്ചതും മുണ്ടപ്പലം ഖാദിയും സ്‌കൂള്‍ അധ്യാപകനുമായിരുന്ന ചെറുശ്ശേരി കുഞ്ഞറമുട്ടി മുസ്‌ലിയാരാണ്. പള്ളിയില്‍ കുതുബ്ഖാന(ലൈബ്രറി) സ്ഥാപിച്ചതും നിരവധി ഗ്രന്ഥങ്ങള്‍ വഖ്ഫ് ചെയ്തതും ഭംഗിയായി നടത്തിപ്പോന്നതും ഈ കുടുംബം തന്നെ. മുണ്ടപ്പലത്ത് ഇമാമായി ജോലി ചെയ്തിരുന്ന ചെറുശ്ശേരി കുഞ്ഞറമുട്ടി മുസ്‌ലിയാര്‍ സ്‌കൂള്‍ അധ്യാപകന്‍ കൂടിയായിരുന്നു. അതില്‍ നിന്ന് കിട്ടിയ വരുമാനം ഖാദിയാരകത്തെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം ചെലവഴിച്ചത്. സാമൂഹിക, വൈയക്തിക, കുടുംബ പ്രശ്‌നങ്ങളില്‍ ആവശ്യാനുസരണം ഇടപെട്ട് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ ഇവര്‍ മുന്നിലായിരുന്നു. ഫത്‌വകള്‍ സങ്കീര്‍ണമായ ഫത്‌വകള്‍ ചോദിക്കാന്‍ ആളുകള്‍ സമീപിച്ചിരുന്നത് ചെറുശ്ശേരി കുടുംബത്തിലെ പണ്ഡിതരെയായിരുന്നു. ഇന്നും ആ സ്ഥിതി തുടര്‍ന്നു വരുന്നു. വഖ്ഫ്, അനന്തരാവകാശം, ത്വലാഖ് തുടങ്ങിയ വിഷയങ്ങളിലാണ് കാര്യമായി അവര്‍ക്ക് ഫത്‌വ കൊടുക്കേണ്ടി വന്നിട്ടുള്ളത്. ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാരുടേയും സൈനുദ്ദീന്‍ മുസ്‌ലിയാരുടേയും ജീവിതത്തില്‍ അവര്‍ നല്‍കിയ പല ഫത്‌വകളും അവരുടെ പാണ്ഡിത്യവും കുശാഗ്രബുദ്ധിയും അപഗ്രഥന ശേഷിയും വിളിച്ചറിയിക്കുന്നവയാണ്. മഖ്ദൂമികള്‍ക്ക് ശേഷം ഒരു നൂറ്റാണ്ടിലേറെയായി ഖാദിയാരകം ഖാദിമാരായി തുടര്‍ന്ന് വരു ന്നത് ചെറുശ്ശേരി കുടുംബത്തിലെ പണ്ഡിതരാണ്. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും ഇന്നും ആ പദവി വഹിച്ചു വരുന്നു. പുറമെ, നൂറോളം മഹല്ലുകളിലും അദ്ദേഹം ഖാദിയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter