സത്യസന്ധത
ഉത്തമകര്‍മങ്ങളനുഷ്ഠിക്കാനും പൂര്‍ണതയുടെ പടവുകളില്‍ കയറുവാനും ഉള്ള പ്രേരകം സത്യസന്ധതയാണെന്നതിനാല്‍ അതിനെക്കുറിച്ച് നമുക്കാദ്യം സംസാരിക്കാം. പിന്നീട് ആത്മാര്‍ത്ഥതയും ക്ഷമയും വിശകലനവിധേയമാക്കാം. സത്യസന്ധതയുടെ ഇനങ്ങള്‍ പലതാണെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ചിലര്‍ ശാഖകളും ഉപശാഖകളുമായി സുദീര്‍ഘപ്രതിപാദനം നടത്തിയിരിക്കുന്നു. മറ്റു ചിലര്‍ സംഗ്രഹിച്ച് മധ്യരീതിയില്‍ വിവരിച്ചിരിക്കയാണ്.
ഹുജ്ജത്തുല്‍ ഇസ്‌ലാം അബൂഹാമിദിനില്‍ ഗസ്സാലി(റ) വിശകലനം ചെയ്യുന്നത് കാണുക: സത്യസന്ധത (അസ്സ്വിദ്ഖ്) എന്ന പദത്തിന് ആറു വിവക്ഷകളുണ്ട്-വാക്ക്, വിചാരവും ഉദ്ദേശ്യവും, ദൃഢമനസ്‌കത, മനക്കരുത്തനുസരിച്ച് കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുക, പ്രവൃത്തി, ദീനിന്റെ മുഴുവന്‍ പദവികളും സാക്ഷാല്‍ക്കരിക്കുക എന്നീ ആറില്‍ ഓരോന്നിലുമുള്ള സത്യസന്ധതയാണത്. ഇപ്പറഞ്ഞതിലൊക്കെ സത്യസന്ധത എന്ന വിശേഷണം ഒരാള്‍ക്കുണ്ടായാല്‍ അവന്‍ സ്വിദ്ദീഖ് (സത്യനിഷ്ഠന്‍) ആയിത്തീര്‍ന്നു. വാക്കിലുള്ള സത്യസന്ധത എന്നു വെച്ചാല്‍ സംസാരത്തിലാണല്ലോ അതുണ്ടാവുക. വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കലും അവ ലംഘിക്കലുമൊക്കെ ഇതുമായി ബന്ധപ്പെട്ടതാണ്. ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ കളവ് പറയുന്നതില്‍ നിന്ന് രക്ഷപ്പെടുവാന്‍ കഴിയുമല്ലോ.
വിചാരത്തിലും ഉദ്ദേശ്യത്തിലുമുള്ള സത്യസന്ധതയാണ് മറ്റൊന്ന്. ആത്മാര്‍ത്ഥതയുമായി ബന്ധപ്പെട്ടതാണിത്. തന്റെ ചലനാവസ്ഥകളുടെയും നിശ്ചലാവസ്ഥകളുടെയുമൊക്കെ പിന്നില്‍ അല്ലാഹു അല്ലാതെ മറ്റൊരു പ്രേരണയും ഇല്ലാതിരിക്കലാണിത്. മൂന്നാമത്തേത് അല്ലാഹുവിനു വേണ്ടി കര്‍മങ്ങളനുഷ്ഠിക്കുന്നതിലുള്ള ദൃഢമനസ്‌കതയുടെ കാര്യത്തിലുള്ള സത്യനിഷ്ഠയാണ്. നാലാമത്തേത് മനക്കരുത്തനുസരിച്ച് കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലുള്ള സത്യസന്ധതയാണ്. ആ വഴിക്ക് വന്നുചേരാവുന്ന പ്രതിബന്ധങ്ങളെയെല്ലാം നിസ്സാരമായി കണ്ട് അവ കീഴ്‌പ്പെടുത്തുക മുഖേനയാണ് ഇത് സുസാധ്യമാകുന്നത്. അഞ്ചാമത്തേത് കര്‍മങ്ങളിലുള്ള സത്യനിഷ്ഠയാണ്. അപ്പോള്‍ തന്റെ ബാഹ്യപ്രകടനങ്ങള്‍ യഥാര്‍ഥത്തിലുള്ള ആന്തരിക നിലപാടിനു വിരുദ്ധമായിക്കൂടാ. ദീനിലുള്ള വ്യത്യസ്ത പദവികളില്‍ സത്യസന്ധത പുലര്‍ത്തലാണ് ആറാമത്തേത്. ഭയം, പ്രത്യാശ, ബഹുമാനം, ഭൗതികപരിത്യാഗം, സംതൃപ്തി, തവക്കുല്‍, ദിവ്യസ്‌നേഹം മുതലായവ ഉദാഹരണം.
ഇമാം ഖാളി സകരിയ്യല്‍ അന്‍സ്വാരി(റ) സത്യസന്ധതക്ക് മൂന്ന് തലങ്ങളുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അവ പ്രതിപാദിച്ചുകൊണ്ട് മഹാന്‍ എഴുതുന്നു: സത്യസന്ധത എന്നത് യാഥാര്‍ഥ്യത്തോട് യോജിച്ച വിധിയാകുന്നു. നാവ്, ഹൃദയം, പ്രവൃത്തികള്‍ എന്നിവയാണതിന്റെ സ്ഥലം. ഇവയില്‍ ഓരോന്നിനും അതിന്റേതായ വിശേഷണങ്ങള്‍ ഉണ്ട്. അപ്പോള്‍, വാക്കിലുള്ള സത്യസന്ധത എന്നുവെച്ചാല്‍ ഒരു വിഷയം ഉള്ളത് എങ്ങനെയോ അതേ രീതിയില്‍ അതിനെപ്പറ്റി പറയലാണ്. ഹൃദയത്തിലുള്ള സത്യനിഷ്ഠ എന്നത് ദൃഢമായ മനക്കരുത്ത്(5) ആകുന്നു. പ്രവൃത്തികളിലുള്ള സത്യനിഷ്ഠയാകട്ടെ, ഉത്സാഹത്തോടും നിഷ്‌കളങ്ക സ്‌നേഹത്തോടും കൂടി അതനുവര്‍ത്തിക്കലാണ്. ഈ സത്യനിഷ്ഠക്ക് നിമിത്തമാകുന്നത് അതതു കാര്യങ്ങള്‍ ഉള്ളവര്‍ പറഞ്ഞ വൃത്താന്തങ്ങളിലുള്ള ദൃഢവിശ്വാസമാണ്. അതിന്റെ ഫലമാകട്ടെ, ആ ലക്ഷണമുള്ളവരെ അല്ലാഹുവും സൃഷ്ടികളും പ്രകീര്‍ത്തിക്കും എന്നതാകുന്നു. എന്നാല്‍, സാധാരണക്കാരായ ആളുകള്‍ സത്യസന്ധത എന്നത് നാക്കു കൊണ്ടുള്ള സംസാരത്തെപ്പറ്റി മാത്രം പറയുന്നതാണ്. സ്വൂഫികളായ മഹാന്മാരാകട്ടെ, അതിന്റെ വ്യാപകമായ അര്‍ഥമാണുദ്ദേശിക്കുന്നത്. നാവു കൊണ്ടുള്ള സംസാരത്തിനു പുറമെ ഹൃദയത്തിന്റെയും പ്രവൃത്തികളുടെയും സ്ഥിതിഗതികളുടെയുമൊക്കെ സത്യസന്ധത അവരുടെ പ്രയോഗത്തിലുള്‍പ്പെടുന്നതാണ്.
അല്ലാമ ഇബ്‌നു അബീശരീഫ്(റ) ഹവാശില്‍ അഖാഇദില്‍ പറയുന്നു: അകത്തായാലും പുറത്തായാലും ശരി രഹസ്യവും പരസ്യവും തുല്യമാവുക എന്ന അര്‍ഥത്തിലാകുന്നു സ്വൂഫികള്‍ സത്യസന്ധതയെ വ്യവഹരിച്ചിരിക്കുന്നത്. അപ്പോള്‍ ഒരാളുടെ സ്ഥിതിഗതികള്‍ അവന്റെ പ്രവര്‍ത്തനങ്ങളെ വ്യാജമാക്കുകയില്ല. അവന്റെ പ്രവൃത്തികള്‍ സ്ഥിതിഗതികളെയും കള്ളമാക്കുകയില്ല.(1) സ്വൂഫികളുടെ ഈ അര്‍ഥകല്‍പന പ്രകാരം ദൃഢനിശ്ചയവും ഖണ്ഡിത തീരുമാനവുമുണ്ടായിത്തീരുന്ന ഒരു വിശേഷണമാണത്. പൂര്‍ണതയുടെ പടവുകളില്‍ കയറാനുള്ള മനക്കരുത്തുണ്ടാക്കുകയും അഭിശപ്തമായ ന്യൂനവിശേഷങ്ങളില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യാന്‍ പ്രേരകമാകുന്ന വിശേഷണവുമാകുന്നു സത്യസന്ധത.
ഈ പരിഗണന വെച്ചുനോക്കുമ്പോള്‍ അല്ലാഹുവിന്റെ പന്ഥാവില്‍ പ്രവേശിക്കുന്നവന്റെ കൈയിലെ ഖഡ്ഗമാകുന്നു സത്യസന്ധത. തടസ്സങ്ങളും പ്രതിരോധങ്ങളും അതു കൊണ്ടയാള്‍ക്ക് വെട്ടിമാറ്റുവാനാകും. റബ്ബിങ്കലേക്കുള്ള വഴിയില്‍ ഇത്തരം തടസ്സങ്ങള്‍ പലതുമുണ്ടാകാം. ഈ വാളില്ലെങ്കില്‍ പുരോഗതിയുടെ പടവുകളില്‍ മുന്നേറാനയാള്‍ക്കാവില്ല. യാത്ര നിലച്ചുപോകാനും വഴിയില്‍ സ്തംഭിച്ചുനിന്നുപോകാനുമൊക്കെ ചിലപ്പോള്‍ അയാള്‍ പാത്രീഭൂതനാവുകയും ചെയ്യും.
ഇബ്‌നു ഖയ്യിമില്‍ ജൗസിയ്യ(റ) എഴുതുന്നു: അല്ലാഹുവുമായുള്ള കൂടിക്കാഴ്ചക്കു വേണ്ട സത്യനിഷ്ഠമായ തയ്യാറെടുപ്പാണ് സര്‍വസല്‍ക്കര്‍മങ്ങളുടെയും ഈമാനികാവസ്ഥകളുടെയും താക്കോല്‍. അവങ്കലേക്ക് സഞ്ചരിക്കുന്നവരുടെ പദവികളുടെയും മുരീദുമാരുടെ സ്ഥാനമാനങ്ങളുടെയും ചാവിയും അതുതന്നെ. ജാഗരൂകത, പശ്ചാത്താപം, ഖേദം, സ്‌നേഹം, പ്രത്യാശ, ഭയം, കീഴ്‌പ്പെടല്‍ തുടങ്ങി ഹൃദയങ്ങളുടെയും അവയവങ്ങളുടെയും മറ്റെല്ലാ പ്രവൃത്തികളും മേല്‍പറഞ്ഞ പദവികളും സ്ഥാനങ്ങളുമാണ്. അവയുടെയെല്ലാം താക്കോല്‍, തുറസ്സാക്കിത്തരുന്നവനും സര്‍വജ്ഞനുമായ അല്ലാഹുവിങ്കലാകുന്നു. അവനല്ലാതെ ഒരു ദൈവമോ നാഥനോ ഇല്ല.
അപ്പോള്‍ തസ്വവ്വുഫിന്റെ വഴിയില്‍ പ്രവേശിച്ചവന്‍ സത്യസന്ധതയുള്ളവനായിക്കഴിഞ്ഞാല്‍ സമുന്നതമായ ഈമാനിക പദവികളിലേക്ക് ദ്രുതപാദങ്ങളുമായി അവന് നടന്നെത്താന്‍ കഴിയും. കാരണം ചാലകവും പ്രേരകവുമായ ശക്തിയാണത്. അല്ലാഹുവിങ്കലേക്കുള്ള വഴിയിലെത്തിച്ചേരാനുള്ള ഓരോ പദവിക്കും അനിവാര്യമത്രേ സത്യനിഷ്ഠ എന്ന വിശേഷണം.
അല്ലാഹുവിന്റെ പന്ഥാവില്‍ സഞ്ചരിക്കുന്നതിന്റെ പ്രഥമഘട്ടം അവനിലേക്ക് നിഷ്‌കളങ്കമായി പശ്ചാത്തപിച്ചു മടങ്ങി സത്യനിഷ്ഠ പുലര്‍ത്തലാകുന്നു. ഈ തൗബയാണ് മുഴുവന്‍ സല്‍ക്കര്‍മങ്ങളുടെയും അടിത്തറ; പൂര്‍ണതയുടെ പദവികളില്‍ ആദ്യത്തേതും അതുതന്നെ. സ്വേച്ഛകള്‍ കല്‍പിച്ചുകൊണ്ടിരിക്കുന്ന മനസ്സിനെ സംസ്‌കരിച്ചെടുക്കുന്നതിലുള്ള സത്യനിഷ്ഠ, അതിന്റെ രോഗങ്ങളിലും ദുരാഗ്രഹങ്ങളിലും നിന്ന് രക്ഷ പ്രാപിക്കുന്നതില്‍ വലിയ വിജയം നേടിത്തരുന്നതാണ്; മ്ലേച്ഛവിശേഷണങ്ങളില്‍ നിന്ന് ഹൃദയത്തെ അത് ശുദ്ധീകരിക്കുകയും ചെയ്യും. അങ്ങനെയത് ആസ്വാദ്യകരമായ ഈമാനിന്റെ അവസ്ഥ പ്രാപിക്കും. അത് തിരുമേനി(സ്വ) ഒരു ഹദീസില്‍ വിവരിച്ചിട്ടുണ്ടല്ലോ: അല്ലാഹുവിനെ രക്ഷാകര്‍ത്താവായും ഇസ്‌ലാമിനെ മതമായും മുഹമ്മദ് മുസ്ഥഫാ തിരുമേനി(സ്വ)യെ പ്രവാചകനായും തൃപ്തിപ്പെട്ടംഗീകരിച്ചവന്‍ ഈമാനിന്റെ രുചി ആസ്വദിച്ചിരിക്കുന്നു.
പിശാചിനോട് സമരം ചെയ്യുന്നതിലും അവന്റെ ദുര്‍ബോധനങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിലുമുള്ള സത്യനിഷ്ഠ അവന്റെ ചതിയില്‍ നിന്നും തിന്മകളില്‍ നിന്നും വിശ്വാസിക്ക് കാവലും സുരക്ഷിതത്വവും നല്‍കുന്നതാണ്. അതേ സമയം പിശാചിനെയത് തന്റെ ദുര്‍മാര്‍ഗത്തിലും വഴികേടിലും നിന്ന് ഇച്ഛാഭംഗത്തിലും നിരാശയിലുമാഴ്ത്തുകയും ചെയ്യും. ഹൃദയത്തില്‍ നിന്ന് ഭൗതികഭ്രമം നിഷ്‌കാസനം ചെയ്യുന്നതിലുള്ള സത്യസന്ധതയാകട്ടെ ദാനധര്‍മങ്ങള്‍, അന്യരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കല്‍, സല്‍ക്കര്‍മങ്ങളിലുള്ള പരസ്പര സഹകരണം മുതലായവ മുഖേന സ്ഥിരമായ മനസ്സമര മുറകളിലായിരിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതാണ്. അങ്ങനെ ഭൗതിക ഭ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അവന് കഴിയും. ഹൃദയത്തില്‍ ഭൗതികമേല്‍ക്കോയ്മക്കുള്ള പിടിയില്‍ നിന്ന് വിമോചിതനാകാനും അവന് സാധിക്കുന്നതാണ്.
കര്‍മങ്ങള്‍ കുറ്റമറ്റതാക്കാനും അജ്ഞതയില്‍ നിന്നുള്ള മോചനത്തിനുമായി വിജ്ഞാനം നേടുന്നതിലുള്ള സത്യസന്ധത ഋജുവായ ജീവിതം നയിക്കാന്‍ വ്യക്തിയെ പ്രേരിപ്പിക്കും. സ്ഥിരോത്സാഹത്തിനും പ്രയാസങ്ങള്‍ സഹിക്കുന്നതിനും രാത്രികളില്‍ ഉറക്കമൊഴിവാക്കുന്നതിനുമൊക്കെ അതവനെ തല്‍പരനാക്കുന്നതാണ്. കൂടുതല്‍ വിജ്ഞാനം നേടുന്നതിനും അറിവിന്റെ മേഖലകള്‍ കീഴടക്കുന്നതിനുമായാണ് അവന്‍ ഈ ത്യാഗസഹനത്തിനൊരുങ്ങുക. മഹാന്മാരായ പണ്ഡിതന്മാര്‍ മുഴുവന്‍ തങ്ങളുടെ സത്യനിഷ്ഠയും ആത്മാര്‍ത്ഥയും ക്ഷമയും കൊണ്ടുമാത്രമേ പ്രഗത്ഭരായിട്ടുള്ളൂ.
എന്നാല്‍ കര്‍മങ്ങളിലുള്ള സത്യസന്ധതയാകട്ടെ, അറിവിന്റെ ഫലവും ലക്ഷ്യവും അതാണ്. കാരണം, മനുഷ്യനെയത് നിരന്തരമായ പുരോഗതിയുടെ വഴിയിലെത്തിക്കും. താനൊരു സമ്പൂര്‍ണ മനുഷ്യനാകുന്നതിന് അവന്റെ വിജ്ഞാനം ഒരു നിമിത്തമായിത്തീരുകയും ചെയ്യും. എന്നാല്‍, ഈ സത്യനിഷ്ഠയില്‍ ആത്മാര്‍ഥത ഉണ്ടായേ തീരൂ. അല്ലെങ്കില്‍ പ്രയാണവീഥിയില്‍ തന്നെ ലക്ഷ്യത്തിലെത്താനാകാതെ പിടിച്ചുനിറുത്തുന്ന ചില രോഗങ്ങള്‍ സംജാതമായേക്കാം. പേരും പ്രശസ്തിയും ആഗ്രഹിക്കല്‍, തദ്വിഷയകമായ കാര്യങ്ങളിലേക്കുള്ള വ്യതിയാനങ്ങള്‍ മുതലായവ ഉദാഹരണം. അപ്പോള്‍ സത്യസന്ധതയിലുള്ള ആത്മാര്‍ഥത ഉദ്ദിഷ്ട ലക്ഷ്യത്തില്‍ നിന്നുള്ള പ്രതികൂല ലാഞ്ചനകളെ ഉച്ചാടനം ചെയ്യുന്നതാണ്. അല്ലാഹുവിനെ അറിയുക, അവന്റെ സംതൃപ്തിയും സ്‌നേഹവും ആര്‍ജിക്കുക എന്നിവയാണല്ലോ ലക്ഷ്യം.
ഇത്രയും പ്രതിപാദിച്ചതില്‍ നിന്ന് സത്യസന്ധതയുടെ പ്രാധാന്യവും അതിന്റെ മഹത്തായ പ്രതിഫലങ്ങളും വ്യക്തമാണ്. ഇക്കാരണത്താലാണ് രിസാലത്തും നുബുവ്വത്തുമൊഴിച്ചുള്ള പദവികളില്‍ ഏറ്റം സമുന്നതമായത് സത്യസന്ധതയുടെ (സ്വിദ്ദീഖ്) പദവിയായി അല്ലാഹു പരിഗണിച്ചത്. ഇമാം അബുല്‍ ഖാസിമില്‍ ഖുശൈരി(റ) പറയുന്നു: സത്യനിഷ്ഠ എന്നത് മുഴുവന്‍ കാര്യങ്ങളുടെയും സ്തംഭമാണ്. കാര്യങ്ങളുടെ പൂര്‍ണതയും വ്യവസ്ഥയുമൊക്കെ അതില്‍ തന്നെയാണ്. പ്രവാചകത്വപദവിയുടെ തൊട്ടുതാഴെയുള്ളതാണത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: അല്ലാഹുവിനെയും റസൂലിനെയും ആരെങ്കിലും അനുസരിച്ചാല്‍ അവര്‍ റബ്ബ് അനുഗ്രഹിച്ചവരൊന്നിച്ചായിരിക്കും-അതായത് നബിമാര്‍, സ്വിദ്ദീഖുകള്‍, രക്തസാക്ഷികള്‍, സ്വാലിഹീങ്ങള്‍ എന്നിവരുടെ കൂടെ. ഏറ്റം ഉത്തമരായ കൂട്ടുകാരത്രേ അവര്‍.
സത്യസന്ധതയുടെ ഈ മഹത്ത്വം കൊണ്ടുതന്നെയാണ് അതിന്റെയാളുമായി സന്തതസഹവര്‍ത്തിത്വം പുലര്‍ത്തണമെന്ന് സത്യവിശ്വാസികളോട് അല്ലാഹു കല്‍പിച്ചത്. അവരുടെ അവസ്ഥയില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയും സത്യസന്ധതയില്‍ നിന്ന് ഫലം നേടുകയും ചെയ്യാനാണിത്. ഖുര്‍ആന്‍ അനുശാസിക്കുന്നു: ഹേ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യസന്ധരോടൊന്നിച്ച് ആവുകയും ചെയ്യുക.(3) എന്നാല്‍ ഇവരുടെ അംഗസംഖ്യ കുറവായിരിക്കുമെന്നും സത്യവിശ്വാസികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒരു വിഭാഗമായിരിക്കും അവരെന്നും അല്ലാഹു വ്യക്തമാക്കുകയുണ്ടായി: നാഥനുമായി തങ്ങള്‍ എന്തു കരാര്‍ ചെയ്തുവോ അതിനെ സത്യസന്ധമായി പുലര്‍ത്തുന്നവര്‍ സത്യവിശ്വാസികളിലുണ്ട്.
മുകളില്‍ നാം സൂചിപ്പിച്ച സ്വിദ്ദീഖുകളുടെ ഈ ദൗര്‍ലഭ്യത്തിലേക്ക് ഇമാം മഅ്‌റൂഫുല്‍ കര്‍ഖി(റ) വിരല്‍ ചൂണ്ടിയിട്ടുണ്ട്. മഹാന്‍ പറയുന്നു: സജ്ജനങ്ങള്‍ എത്രയധികമുണ്ട്; എന്നാല്‍ അവരുടെ കൂട്ടത്തില്‍ സത്യനിഷ്ഠര്‍ (സ്വിദ്ദീഖുകള്‍) വളരെക്കുറച്ചു പേരെയുള്ളൂ. തങ്ങളുടെ വിശ്വാസത്തിലും നബി(സ്വ)യോട് ചെയ്ത കരാറുകളിലും സത്യസന്ധത പാലിക്കാത്ത കപടവിശ്വാസികളെപ്പറ്റി അല്ലാഹു പരസ്യമായി ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി: അവര്‍ റബ്ബിനോട് സത്യനിഷ്ഠ പുലര്‍ത്തിയിരുന്നെങ്കില്‍ അതവര്‍ക്ക് ഉത്തമമായേനെ.(3) തന്റെ സത്യനിഷ്ഠയുടെ ഫലം ഒരു വ്യക്തിക്ക് പരലോകത്ത് ലഭിക്കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ വിജയത്തിന്റെയും നേട്ടത്തിന്റെയും നിമിത്തം അതാകുമെന്നും അല്ലാഹു പഠിപ്പിക്കുകയാണ്: സത്യസന്ധരായ വ്യക്തികള്‍ക്ക് അവരുടെ സത്യനിഷ്ഠ ഉപയോഗപ്പെടുന്ന ദിവസമാണ് ഇത്.
പുണ്യറസൂല്‍(സ്വ) സത്യനിഷ്ഠയെപ്പറ്റി പഠിപ്പിച്ചത്, അത് നന്മയിലേക്ക് കൊണ്ടെത്തിക്കുന്ന പന്ഥാവായാണ്. വ്യക്തിയെ സ്വര്‍ഗപ്രവേശത്തിന്നര്‍ഹനാക്കുന്ന മുഴുവന്‍ സമ്പൂര്‍ണതകളും ശ്രേഷ്ഠതകളും ഉള്‍ക്കൊള്ളുന്നതാണ് നന്മ എന്നത്. അതുപോലെത്തന്നെ, സത്യനിഷ്ഠ എന്ന വിശേഷണം നിരന്തരമായി മുറുകെ പിടിക്കുന്നത് സ്വിദ്ദീഖി പദവി കൈവരിക്കുന്നതിനുള്ള താക്കോലായി നബി(സ്വ) പഠിപ്പിച്ചിരിക്കയാണ്. ഒരു ഹദീസില്‍ ഇങ്ങനെ കാണാം: സത്യസന്ധത നന്മയിലേക്ക് നയിക്കും. നന്മയാകട്ടെ സ്വര്‍ഗത്തില്‍ കൊണ്ടെത്തിക്കുകയാണ് ചെയ്യുക. ഒരാള്‍ സത്യനിഷ്ഠയോടെ മുന്നോട്ടു പോയിപ്പോയി അല്ലാഹുവിങ്കല്‍ സ്വിദ്ദീഖ് എന്ന് അവന്‍ രേഖപ്പെടുത്തപ്പെടും. എന്നാല്‍ വ്യാജമാകട്ടെ അധര്‍മത്തിലേക്കാണ് കൊണ്ടുചെല്ലുക. അധര്‍മം നരകത്തിലേക്ക് വഴിതെളിക്കുകയും ചെയ്യുന്നു. ഒരു വ്യക്തി വ്യാജനായി മുന്നോട്ടു നീങ്ങുകയും ഒടുവില്‍ അല്ലാഹുവിങ്കല്‍ വ്യാജനായി രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്നതാണ്.
സത്യസന്ധത ചിന്തക്ക് വിശ്രമവും ഹൃദയത്തിന് പ്രശാന്തതയും പ്രദാനം ചെയ്യുമെന്ന് തിരുമേനി(സ്വ) വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍ വ്യാജമാകട്ടെ അസ്വസ്ഥതയും സന്ദേഹവും അസ്ഥിരതയും അസ്വാരസ്യവുമാണ് ജനിപ്പിക്കുന്നത്. തിരുനബി(സ്വ)യുടെ പൗത്രന്‍ ഹസനുബ്‌നു അലി(റ) പ്രസ്താവിച്ചു: റസൂല്‍(സ്വ)യില്‍ നിന്ന് ഞാന്‍ ഈ തത്ത്വം ഹൃദിസ്ഥമാക്കിയിരിക്കുന്നു-നിന്നെ സന്ദേഹിപ്പിക്കുന്ന കാര്യങ്ങളുപേക്ഷിച്ച് സന്ദേഹമില്ലാത്തവ പ്രവര്‍ത്തിക്കുക. കാരണം, സത്യനിഷ്ഠ മനഃശാന്തീദായകമാണ്; വ്യാജമാകട്ടെ സംശയജനകവും.
സത്യസന്ധന്മാരെല്ലാം ഒരേ പദവിയിലല്ല. മറിച്ച് അവരില്‍ സത്യനിഷ്ഠരും (സ്വാദിഖുകള്‍) പരമസത്യസന്ധരും (സ്വിദ്ദീഖുകള്‍) ഉണ്ടായിരിക്കും. ഇമാം അബുല്‍ ഖാസിമില്‍ ഖുശൈരി(റ) പറയുന്നു: സത്യസന്ധതയില്‍ ഏറ്റം ചുരുങ്ങിയത് രഹസ്യവും പരസ്യവും തുല്യമാകലാകുന്നു. സത്യസന്ധന്‍ (സ്വാദിഖ്) എന്നാല്‍ വാക്കുകളില്‍ സത്യത പുലര്‍ത്തുന്നവന്‍ എന്നാണ്. എന്നാല്‍ സ്വിദ്ദീഖ് (പരമസത്യസന്ധന്‍) മുഴുവന്‍ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും സ്ഥിതിഗതികളിലുമൊക്കെ സത്യനിഷ്ഠ പുലര്‍ത്തുന്നവനാകുന്നു.(2) സ്വിദ്ദീഖി പദവി തന്നെ വ്യത്യസ്തമാണ് എന്നതും ശ്രദ്ധേയമത്രേ; ചിലത് മറ്റു ചിലതിനേക്കാള്‍ ഉന്നതമായിരിക്കും. ഹ. അബൂബക്ര്‍ സ്വിദ്ദീഖ്(റ) ആണ് ഈ പദവിയുടെ പരമകാഷ്ഠ പ്രാപിച്ച മഹാന്‍. അല്ലാഹു തന്നെ അത് സാക്ഷീകരിച്ചിട്ടുമുണ്ട്: സത്യം കൊണ്ടുവരികയും അതിനെ സത്യമായംഗീകരിക്കുകയും ചെയ്തവര്‍-അവരത്രേ ശരിയായ അര്‍ഥത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നവര്‍.സ്വിദ്ദീഖി പദവിയുടെ മീതെ പ്രവാചകത്വത്തിന്റെ സ്ഥാനമേയുള്ളൂ. അതിനാല്‍ സമുന്നതമായ വിലായത്തിന്റെയും മഹത്തായ ഖിലാഫത്തിന്റെയും പദവിയാണത്. സ്വിദ്ദീഖി പദവി നേടിക്കഴിഞ്ഞാല്‍ പിന്നെ ദൈവികമായ നിരവധി ദര്‍ശനങ്ങളും മാനസിക വികാസങ്ങളും വിജൃംഭണങ്ങളും കാഴ്ചപ്പാടുകളുമൊക്കെയുണ്ടാകും. ഹൃദയത്തിന്റെ പൂര്‍ണതയും അതിന്റെ പരമവിശുദ്ധിയുമാണതിന് കാരണം.
നാം ഇതുവരെ പറഞ്ഞതിന്റെ സംഗ്രഹമിതാണ്: സത്യസന്ധതയും ആത്മാര്‍ത്ഥതയും കൊണ്ട് തന്റെ അന്തരംഗം പ്രകാശമാനമാക്കുന്ന ഒരു വ്യക്തിയുടെ ചലനങ്ങളും നിശ്ചലാവസ്ഥകളും അവന്റെ ഹൃദയത്തിന്റെ സ്ഥിതിയനുസരിച്ചാണ് പ്രകടമാവുക. അവന്റെ പ്രവര്‍ത്തനങ്ങളിലും വാക്കുകളിലും സ്ഥിതിഗതികളിലുമെല്ലാം സത്യസന്ധത വെളിപ്പെടുന്നതാണ്. കാരണം, ഒരു രഹസ്യാവസ്ഥ ഒരാള്‍ മനസ്സില്‍ സൂക്ഷിക്കുന്നുവെങ്കില്‍ ലക്ഷണങ്ങള്‍ പടച്ചവന്‍ അയാളില്‍ പ്രത്യക്ഷീഭവിപ്പിക്കും.
അല്ലാമ ഖുര്‍ഥുബി(റ) പറയുന്നു: മഹോന്നതനായ അല്ലാഹുവിനെപ്പറ്റി മനസ്സിലാക്കിയ ഒരാള്‍ക്ക് തന്റെ വാക്കുകളില്‍ സത്യസന്ധതയും പ്രവൃത്തികളില്‍ ആത്മാര്‍ഥതയും അവസ്ഥകളില്‍ വിശുദ്ധിയും മുറുകെപ്പിടിക്കല്‍ അനിവാര്യമത്രേ. ഒരാള്‍ ഇപ്രകാരം ആയിക്കഴിഞ്ഞാല്‍ അവന്‍ പുണ്യവാന്മാരിലേക്ക് ചെന്നെത്തുകയും പാപവിമോചകനായ റബ്ബിന്റെ സംതൃപ്തി പ്രാപിക്കുകയും ചെയ്യും.
അതുകൊണ്ട് ഹേ മുരീദ്, നിന്റെ വാക്കുകളിലെല്ലാം നീ സത്യസന്ധനായേ പറ്റൂ. കാരണം, വ്യാജം പറയല്‍ കപടവിശ്വാസികളുടെ ലക്ഷണമാകുന്നു. തിരുമേനി(സ്വ) പ്രസ്താവിക്കുകയുണ്ടായി: കപടവിശ്വാസികളുടെ അടയാളം മൂന്നെണ്ണമാണ്-സംസാരിച്ചാല്‍ കളവു പറയുക, വാഗ്ദാനം ചെയ്താല്‍ ലംഘിക്കുക, വിശ്വസിച്ചാല്‍ വഞ്ചിക്കുക. അതുപോലെ, അല്ലാഹുവിങ്കലേക്ക് എത്തിച്ചേരുക എന്ന ലക്ഷ്യത്തില്‍ നീ സത്യനിഷ്ഠനാകണം. കാരണം, സമുന്നതമായ ലക്ഷ്യങ്ങള്‍ പൂതിവെച്ചതുകൊണ്ടു മാത്രം ലഭ്യമാകയില്ല. മഹാന്മാര്‍ ഇങ്ങനെ പറയാന്‍ കാരണമതാണ്-അല്ലാഹുവില്‍ ചെന്നെത്തണമെന്ന കേവലാഭിലാഷമുള്ളവന്‍ അവിടം പ്രാപിക്കയില്ല. മറിച്ച് സ്ഥിരോത്സാഹവും നിസ്തന്ദ്രപരിശ്രമവുമാണ് അതിന്നനിവാര്യം.
സത്യനിഷ്ഠ കൊണ്ട് നിന്റെ ഹൃദയത്തെ ജാജ്ജ്വല്യമാക്കുകയും വേണം. എങ്കിലേ നിന്റെ യാത്രക്ക് സഹായകമായി അതില്‍ നിന്ന് ഉന്മേഷവും മനക്കരുത്തും ഉദ്ഭൂതമാകൂ. 'അല്ലാഹുവേ...' എന്നു പറഞ്ഞ് പടച്ചവനെ വിളിക്കുമ്പോഴും അവനുമായി അഭിമുഖം നടത്തുമ്പോഴുമെല്ലാം നീ സത്യസന്ധത പുലര്‍ത്തുക. കാരണം, സത്യനിഷ്ഠ മുറുകെ പിടിക്കുന്നവന്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യനായിരിക്കുന്നതാണ്. അല്ലാഹുവിങ്കലേക്കുള്ള നിന്റെ വഴികാട്ടിയും മാര്‍ഗദര്‍ശിയുമായ ശൈഖിനോട് ചെയ്ത ഉടമ്പടിയിലും നീ സത്യസന്ധത പുലര്‍ത്തണം. നിന്റെ പുരോഗതിക്കും പെട്ടെന്ന് ലക്ഷ്യം പ്രാപിക്കുന്നതിനും അത് സഹായകമായിരിക്കും.
കല്‍പനകളിലും നിരോധങ്ങളിലുമെല്ലാം അല്ലാഹുവും റസൂലുമായി യോജിക്കുന്നതിലും നീ സത്യനിഷ്ഠ പുലര്‍ത്തണം. അപ്പോഴേ റബ്ബിനോടുള്ള അടിമത്തം സാക്ഷാല്‍കൃതമാവുകയുള്ളൂ. തങ്ങളുടെ മുഴുവന്‍ സ്ഥാനങ്ങളിലും പദവികളിലുമുടനീളം ആ അടിമത്തം നിലനില്‍ക്കണമെന്നതാണ് മുരീദുമാരുടെ അഭിലാഷം.
Leave A Comment