വിസര്‍ജന മര്യാദകള്‍
മലമൂത്ര വിസര്‍ജന സ്ഥലത്തേക്ക് പ്രവേശിക്കുവാന്‍ ഉദ്ദേശിക്കുന്നവന്‍ പാദരക്ഷ ധരിക്കലും തല മറക്കലും സുന്നത്താകുന്നു. പാദരക്ഷ ധരിക്കാതെ മലിന സ്ഥലങ്ങളില്‍ പ്രവേശിച്ചാല്‍ ഹുക്‌വേം' എന്നറിയപ്പെടുന്ന ഒരുതരം വിഷാണുക്കള്‍ പാദത്തിനടിയിലൂടെ ശരീരത്തില്‍ പ്രവേശിക്കുമത്രെ. മലിനവായുവില്‍ നിറഞ്ഞിരിക്കുന്ന വിഷാണുക്കള്‍ മുടിയില്‍ പറ്റിപ്പിടിച്ചാലുണ്ടാകുന്ന വിനകള്‍ വളരെ ഗൗരവം നിറഞ്ഞതാണെന്നാണ് വൈദ്യശാസ്ത്രജ്ഞരുടെ വീക്ഷണം. പാദരക്ഷ ധരിക്കുകയും തലമറക്കുകയും ചെയ്താല്‍ വിഷാണുക്കളെ ഒഴിവാക്കാന്‍ സഹായകമാവും.
അല്ലാഹുവിന്റെയും റസൂലിന്റയും നാമങ്ങളും മറ്റു വന്ദിക്കപ്പെടുന്ന പേരുകളും എഴുതിയ സാധനങ്ങള്‍ ദേഹത്തിലുണ്ടെങ്കില്‍ അവ നീക്കം ചെയ്ത ശേഷമാണ് കക്കൂസില്‍ പ്രവേശിക്കേണ്ടത്. കക്കൂസ് എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കപ്പെടുന്നത് മലമൂത്രവിസര്‍ജനം ചെയ്യാന്‍ പോയിരിക്കുന്ന സ്ഥലം എന്നാണ്. ഇത് പ്രത്യേകം തയ്യാറാക്കിയ സ്ഥലംതന്നെയാവണമെന്നില്ല. തോട്ടം, പറമ്പ്, വയല്‍ മുതലായ സ്ഥലങ്ങളില്‍നിന്ന് വല്ലയിടത്തും വിസര്‍ജിച്ചാല്‍ ആ സ്ഥലത്തിനും ഇവിടെ പറയുന്നതെല്ലാം ബാധകമാണ്.
പ്രവേശിക്കുമ്പോഴും പുറത്തു വരുമ്പോഴും പ്രത്യേകം ദിക്‌റുകള്‍ സുന്നത്തുണ്ട്.
കക്കൂസില്‍ പ്രവേശിക്കുമ്പോള്‍ ഇടതുകാലും പുറപ്പെടുമ്പോള്‍ വലതുകാലും മുന്തിക്കുക. പ്രവേശിക്കുമ്പോഴും പുറപ്പെടുമ്പോഴും ദിക്‌റ് ചൊല്ലുക. ഇരിക്കുന്നതിനു മുമ്പ് വസ്ത്രം ഉയര്‍ത്താതിരിക്കുക, വിസര്‍ജനം കഴിഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ നിവര്‍ന്നു നില്‍ക്കുന്നതിനു മുമ്പു തന്നെ വസ്ത്രം താഴ്ത്തുക. ഇടതു ഭാഗത്തിന്‍മേല്‍ ചാരിയിരിക്കുക, ഇരുത്തം ദീര്‍ഘിപ്പിക്കാതിരിക്കുക, സംസാരിക്കാതിരിക്കുക എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ട മര്യാദകളില്‍ പെട്ടതാണ്.
ദിക്‌റ് കക്കൂസില്‍ പ്രവേശിക്കുന്നതിനു മുമ്പായിരിക്കണം ചൊല്ലേണ്ടത്. വിസര്‍ജന സ്ഥലത്തേക്ക് കാലു കുത്തിയതിനു ശേഷമേ അക്കാര്യം ഓര്‍ത്തുള്ളൂവെങ്കില്‍ ദിക്‌റ് മനസ്സുകൊണ്ട് കരുതുക. ഉച്ചരിക്കാന്‍ പാടില്ല. അതുപോലെത്തന്നെ പുറപ്പെടുമ്പോള്‍ ചൊല്ലേണ്ട ദിക്‌റ് വിസര്‍ജന സ്ഥലത്തു നിന്ന് പുറത്തു വന്ന ഉടനെയാണ് ചൊല്ലേണ്ടത്.
വിസര്‍ജനത്തിന് പോകുമ്പോഴും മടങ്ങി വരുമ്പോഴുമൊക്കെ എന്തിനാണ് ദിക്‌റ് ചൊല്ലുന്നത് എന്നൊക്കെ ചിന്തിക്കുന്നവരുണ്ടാകും. വിവരക്കുറവിന്റെ പേരിലും അല്ലാതെയും അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ സത്യവിശ്വാസിയുടെ ഹൃദയത്തില്‍നിന്ന് ഒരിക്കലും വിട്ടുപോകാന്‍ പാടില്ലെന്ന പരമാര്‍ത്ഥം ഇവര്‍ക്ക് അറിയാതെ പോയെന്ന് വരാം. മാത്രമല്ല, പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാണ്. മനുഷ്യരിന്‍നിന്നും അവനെ അകറ്റാനുള്ള മാര്‍ഗം 'ബിസ്മി' ചൊല്ലലാണ്. അലി(റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം. ജിന്നുകളുടെ ദൃഷ്ടികള്‍ക്കും മനുഷ്യരുടെ ഗുഹ്യസ്ഥാനങ്ങള്‍ക്കും ഇടയിലുള്ള മറ വിസര്‍ജന സ്ഥലത്ത് പ്രവേശിക്കുമ്പോള്‍ 'ബിസ്മില്ലാഹി' എന്നു ചൊല്ലലാണ്.''(തിര്‍മുദി) വിസര്‍ജന സ്ഥലങ്ങള്‍ പിശാചിന്റെ സങ്കേതമാണെന്നും അതിനാല്‍ അവയില്‍ പ്രവേശിക്കുമ്പോള്‍ പിശാചുക്കളെ തൊട്ട് അല്ലാഹുവിനോട് അഭയം തേടണമെന്നും നബികരീ(സ) പറഞ്ഞിട്ടുണ്ട്.(അബൂദാവൂദ്, ഇബ്‌നു മാജഃ)
അനായാസം വിസര്‍ജനാവശ്യങ്ങള്‍ നാം നിര്‍വ്വഹിച്ചു പോരുന്നു. അല്ലാഹു ഏര്‍പ്പെടുത്തിയ ആ മഹത്തായ പ്രക്രിയയുടെ അനുഗ്രഹീത വശം പലരും ചിന്തിക്കാറില്ല. ശരീര ഘടനയുടെ അന്യൂന സംവിധാനം പ്രയാസരഹിതമായി നിര്‍വ്വഹിക്കാന്‍ കഴിയുന്നതില്‍ അല്ലാഹുവിനെ സ്തുതിക്കേണ്ട കടമ നമുക്കില്ലേ. മലമൂത്ര വിസര്‍ജനത്തിന് കഴിയാതെ കുടലില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടന്നാല്‍ നമ്മുടെ സ്ഥിതി എന്താകും. നേരിയ മലബന്ധമോ മൂത്ര തടസ്സമോ അനുഭവപ്പെടുമ്പോഴും മരുന്നും പഥ്യവുമായി നടക്കുന്നവരല്ല നമ്മില്‍ പലരും? കൂലങ്കശമായി ചിന്തിച്ചു നോക്കൂ. പ്രയാസ രഹിതമായി വിസര്‍ജന പ്രിക്രിയ നിര്‍വ്വഹിക്കാന്‍ കഴിവു നല്‍കിയ അല്ലാഹുവിന് എന്തുമാത്രം നന്ദി രേഖപ്പെടുത്തണം. എത്രമാത്രം സ്തുതി കീര്‍ത്തനങ്ങളര്‍പ്പിക്കണം. എത്ര അധികം ചെയ്താലും മതിയാകുമോ. കക്കൂസില്‍നിന്ന് പുറത്തുവന്നശേഷം ചൊല്ലേണ്ടുന്ന 'ഗുഫ്‌റാനക......' എന്ന ദിക്‌റിന്റെ ആവശ്യകതയെക്കുറിച്ച് ഇനി ചിന്തിക്കുക. വിഷയങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്തുക.
മലമൂത്ര വിസര്‍ജന സമയത്ത് വിസര്‍ജന വസ്തുവിലേക്കും വിസര്‍ജനാവയവത്തിലേക്കും നോക്കല്‍ കറാഹത്താണ്. തുപ്പുന്നതും ചീറ്റുന്നതും അനാവശ്യമായി സംസാരിക്കുന്നതും തിന്നുന്നതും കുടിക്കുന്നതും മിസ്‌വാക്ക് ചെയ്യുന്നതു അങ്ങനെത്തന്നെ.
ഗുഹ, ഉറച്ച സ്ഥലം, കാറ്റ് വീശുന്ന സ്ഥലം, ജനങ്ങള്‍ സംസാരിച്ചിരിക്കുന്ന സ്ഥലം, ജനസഞ്ചാരമുള്ള വഴി, ഫലം കായ്ക്കുന്ന മരച്ചുവട്, ഖബ്‌റിനു സമീപം, കെട്ടിനില്‍ക്കുന്ന വെള്ളം, കുറഞ്ഞൊലിക്കുന്ന വെള്ളം എന്നിവിടങ്ങളില്‍ വിസര്‍ജിക്കരുത്. ഭക്ഷണ സാധനങ്ങള്‍, എല്ല്, വന്ദിക്കപ്പെടുന്ന വസ്തുക്കള്‍, ഖബര്‍ മുതലായവയുടെ മേല്‍ മൂത്രിക്കല്‍ ഹറാമാകുന്നു. പള്ളിയില്‍ മൂത്രിക്കലും ഹറാമാകുന്നു. അത് പാത്രത്തിലാണെങ്കിലും ശരി. മറയില്ലാത്ത അവസരത്തില്‍ ഖിബ്‌ലക്ക് മുന്നിട്ടും പിന്നിട്ടും മലമൂത്ര വിസര്‍ജനം ചെയ്യല്‍ അനുവദിനീയമല്ല.
ഇസ്തിബ്‌റാഅ് നിര്‍ബന്ധം
മൂത്രമൊഴിച്ചു കഴിഞ്ഞാല്‍ ഇസ്തിബ്‌റഃ (നല്ലവണ്ണം വാര്‍ത്തു കളയല്‍) ചെയ്യണം. കണ്ണു ശുദ്ധി വരുത്തുക, ലിംഗം കുടയുക, പലതവണ തടവുക തുടങ്ങിയ കാര്യങ്ങള്‍ അതിന് പ്രയേജനപ്പെടും. തങ്ങി നില്‍ക്കുന്ന മുഴുവന്‍ മൂത്രം പുറത്തു പോകാന്‍ ഇത് ആവശ്യമാണ്. ശൗച്യം ചെയ്യുന്നതിനു മുമ്പ് നാലടി നടക്കുന്നതും കൂടുതല്‍ കണ്ഠശുദ്ധി വരുത്തുന്നതും മൂത്രത്തുള്ളികള്‍ തീരെ തങ്ങിനിര്‍ക്കാതിരിക്കാന്‍ നല്ലതാണ്.
ഇത് ഇത്ര വലിയ കാര്യമാണോ? അതിനേക്കാള്‍ പ്രാധാന്യമുള്ള കാര്യങ്ങള്‍ വേറെ എത്ര കിടക്കുന്നുണ്ട് എന്ന് ചിന്തിക്കുന്നവരുണ്ടാവാം. ചില കാര്യങ്ങള്‍ മനുഷ്യരുടെ ദൃഷ്ടിയില്‍ നിസ്സാരമായിരിക്കും. പക്ഷെ ശറഇന്റെ വീക്ഷണത്തില്‍ വളരെ ഗുരുതരം തന്നെയായിരിക്കും. ഇത്തരത്തില്‍പ്പെട്ട കാര്യമാണ് ഇസ്തിബ്‌റഃ. ഇതിനെ നിസ്സാരവല്‍ക്കരിച്ചാല്‍ കഠിന ശിക്ഷ അനുഭവിക്കേണ്ടി വരും. ഇസ്തിബ്‌റഃയുടെ കാര്യത്തില്‍ വന്ന ഒരു ഹദീസ് കാണുക.
''ഇബ്‌നു അബ്ബാസില്‍നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ''ഒരിക്കല്‍ നബി(സ) രണ്ട് ഖബ്‌റുകള്‍ക്കരികിലൂടെ നടക്കുകയുണ്ടായി. അപ്പോള്‍ അവിടുന്ന് അരുളി. നിശ്ചയം ഈ ഖബ്‌റുകളിലുള്ളവര്‍ ശിക്ഷയനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അവര്‍ ശിക്ഷിക്കപ്പെടുന്നതാവട്ടെ (സൂക്ഷിക്കാന്‍ വിഷമകരമായ) ഗുരുതര കുറ്റത്തിന്റെ പേരിലല്ല. അതിലൊരാള്‍ മൂത്രമൊഴിച്ച ശേഷം ഇസ്തിബ്‌റഃ (മൂത്രത്തുള്ളികള്‍ നല്ലവണ്ണം ചോര്‍ത്തിക്കളയല്‍) ചെയ്യാത്തവനും മറ്റവന്‍ ഏഷണി തൊഴിലാക്കിയവനുമായിരുന്നു. അനന്തരം നബി(സ) ഒരു പച്ച ഈത്തപ്പന മടല്‍ എടുക്കുകയും രണ്ട് വിളര്‍പ്പാക്കി ഇരു ഖബ്‌റിന്‍മേലും ഓരോ പിളര്‍പ്പ് വെക്കുകയും ചെയ്തു. സ്വഹാബികള്‍ ചോദിച്ചു. അവിടുന്ന് എന്തിനാണിത് ചെയ്തത്? നബി(സ) പറഞ്ഞു. അവ രണ്ടും ഉണങ്ങാതിരിക്കുവോളം കാലം അവര്‍ രണ്ടാള്‍ക്കും ശിക്ഷ ലഘൂകരിക്കപ്പെട്ടേക്കാം.''(ബുഖാരി, മുസ്‌ലിം)
പ്രപഞ്ചത്തിലെ സസ്യലതാദികളടക്കമുള്ള സര്‍വ്വ ചേതന വസ്തുക്കളും അല്ലാഹുവിന് തസ്ബീഹ് ചൊല്ലുന്നുണ്ട്. ഉണങ്ങാതിരിക്കുമ്പോഴെല്ലാം അവക്ക് ജീവനുണ്ട്. ഖബ്‌റിന്റെ പുറത്ത് ഈത്തപ്പന മടല്‍ ചീന്തി വെച്ചതിന്റെ ആവശ്യകത വിവരിച്ച് നബി(സ) പറഞ്ഞ കാര്യം പ്രത്യേകം സ്മരിക്കുക. അവ ഉണങ്ങാതിരിക്കുവോളം കാലം ആ ഖബ്‌റിലുള്ളവര്‍ക്ക് ശിക്ഷ ലഘൂകരിക്കപ്പെടും. ഇത് എങ്ങനെ സാധ്യമാവും. അതിന്റെ തസ്ബീഹിന്റെ ബര്‍ക്കത്ത് കൊണ്ട് ശിക്ഷ ലഘൂകരിക്കപ്പെടുമെന്ന് പ്രഗത്ഭ പണ്ഡിതരുടെ സുചിന്തിതാഭിപ്രായം. (ശറഹു മുസ്‌ലിം).
ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ പുറംതള്ളാനുള്ള പ്രക്രിയയാണ് വിസര്‍ജ്ജനം. അനിവാര്യമായ ശാരീരിക ധര്‍മ്മമാണത്. സര്‍വ്വ ജീവജാലങ്ങളിലും അതിനുള്ള സംവിധാനം അല്ലാഹു ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആ സംവിധാനം അതിവിദഗ്ധവും സൂക്ഷ്മവും തന്നെയാണ്.
വിസര്‍ജ്ജിക്കണമെന്ന് തോന്നുമ്പോള്‍ തോന്നിയിടത്ത് വിസര്‍ജ്ജിക്കലാണ് പക്ഷിമൃഗാദികളുടെ പതിവ്. മുന്നും പിന്നും നോക്കേണ്ട ആവശ്യം അവര്‍ക്കില്ല. ജനമധ്യത്തിലും നടുറോട്ടിലും വെളിമ്പ്രദേശത്തും നടന്നും കിടന്നും വിസര്‍ജ്ജിച്ച് അന്തരീക്ഷം മലീമസമാക്കല്‍ പക്ഷിമൃഗാദികളുടെ സ്വഭാവമാണ്.
മനുഷ്യന്‍ ഈ രൂപത്തിലൊന്നും വിസര്‍ജ്ജനം നടത്തരുത്. കാരണം അവന്‍ കേവലം മൃഗമല്ല; ബുദ്ധിയും വിവേകവുമുള്ള ഉല്‍കൃഷ്ട ജീവിയാണ്. മനുഷ്യത്തത്തോടു നിരക്കാത്തതൊന്നും അവന്‍ ചെയ്യരുത്. ഇസ്‌ലാം അനുശാസിക്കുന്ന ചിട്ടകളും മര്യാദകളും പാലിച്ചുകൊണ്ട് മാത്രമേ മനുഷ്യന്‍ വിസര്‍ജ്ജനം നടത്താവൂ.
വഴിയോരങ്ങളിലും മറ്റും മറയില്ലാതെ മലമൂത്ര വിസര്‍ജ്ജനംചെയ്യല്‍ വിരോധാഭാസമാണ്. അങ്ങുമിങ്ങും പോകുന്നവരുടെ മുഖത്തുനോക്കി വിസര്‍ജ്ജിക്കല്‍ നാല്‍ക്കാലി സംസ്‌കാരമാണ്. മാനവും മര്യാദയുമുള്ള മനുഷ്യന് അതിനു കഴിയുമോ? ജാബിര്‍(റ) പറയുന്നത് കാണുക: ''കാഷ്ടിക്കാന്‍ ഉദ്ദേശിച്ചാല്‍ റസൂല്‍കരീം(സ) ആരും കാണാത്തവിധം ദൂരെ പോകുമായിരുന്നു'' (അബൂദാവൂദ്).
നഗ്‌നത വെളിവാക്കി, അപ്പുറവും ഇപ്പുറവും ഇരുന്നു സംസാരിച്ചുകൊണ്ട് വിസര്‍ജ്ജനം നടത്തല്‍ ചിലര്‍ക്കൊരു രസമാണ്. ഇപ്രകാരം ചെയ്യുന്നവരോട് അല്ലാഹു ദേഷ്യപ്പെടുമെന്ന് നബി(സ) പറഞ്ഞിരിക്കുന്നു. (അബൂദാവൂദ്, ഇബ്‌നുമാജ)
രോഗാണുക്കളുടെ സങ്കേതമാണ് വിസര്‍ജ്യങ്ങള്‍. ഏവരിലും അറപ്പും വെറുപ്പുമുളവാക്കുന്ന മലിന വസ്തുവും. പുറപ്പെട്ടുകഴിഞ്ഞാല്‍ ശുചീകരിച്ചില്ലെങ്കില്‍ ദേഹ വസ്ത്രാദികള്‍ ദുര്‍ഗന്ധമാകും. അതുമൂലമുണ്ടാകുന്ന വിപത്തുകള്‍ ഗുരുതരവും അനാരോഗ്യകരവുമാണെന്ന് പറയേണ്ടതില്ലല്ലോ. പലരും ഈ വസ്തുത ചിന്തിക്കാറില്ല. മൂത്രിച്ച് ശൗച്യം ചെയ്യാതെ എഴുന്നേല്‍ക്കുന്നവര്‍, കാഷ്ടിച്ചു കഴുകി വൃത്തിയാക്കാതെ അടിവസ്ത്രം ധരിക്കുന്നവര്‍ ഇങ്ങനെ പലതരമാണാളുകള്‍.
വിസര്‍ജ്ജനാനന്തരം ശൗച്യം ചെയ്യുന്നതില്‍ കര്‍ക്കശ നിലപാട് സ്വീകരിക്കുന്നവരേ യഥാര്‍ത്ഥ വിശ്വാസികളാവുകയുള്ളൂ. നാമമാത്ര ശൗച്യ പ്രഹസനം നടത്തിയോ രണ്ടോ മൂന്നോ കൈക്കുമ്പിള്‍ വെള്ളം കൊണ്ട് കഴുകിയാലോ മതിയാവുകയില്ല. ശരിയാംവണ്ണം ശൗച്യം ചെയ്‌തെങ്കില്‍ മാത്രമേ നമ്മുടെ നിസ്‌കാരം സാധുവാകുകയുള്ളൂ.
നിന്നു മൂത്രമൊഴിക്കുന്ന സ്വഭാവക്കാരുണ്ട്. അത് ഇസ്‌ലാമിക സംസ്‌കാരമല്ല. റസൂല്‍ കരീം (സ) വിരോധിച്ച കാര്യവുമാണ്. ഉമറുല്‍ ഫാറൂഖ്(റ) പറയുന്നു: ''ഞാനൊരിക്കല്‍ നിന്ന് മൂത്രമൊഴിക്കുന്നത് നബി(സ)യുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ അവിടുന്ന് അരുളി: ഉമറേ, നിന്ന് മൂത്രമൊഴിക്കരുത്. പിന്നീടൊരിക്കലും ഞാന്‍ നിന്ന് മൂത്രമൊഴിച്ചിട്ടില്ല'' (തുര്‍മൂദി അബൂദാവൂദ്). നിന്ന് മൂത്രിച്ചാല്‍ ശരീരത്തിലും വസ്ത്രത്തിലും മൂത്രം തെറിച്ച് വൃത്തികേടാവാനിടവരും. മാത്രമല്ല, നില്‍ക്കുന്ന അവസരത്തില്‍ മൂത്രക്കുഴലിന്റെ ശരിയായ അവസ്ഥയില്‍ മാറ്റം വരികയും ചെയ്യും. മൂത്രം ശരിക്ക് പുറത്തുപോകാന്‍ തടസ്സം വരികയും ചെയ്യുമെന്നാണ് ശാസ്ത്രമതം.
മൂത്രം പൂര്‍ണ്ണമായി പുറത്തുവന്ന ശേഷമേ എഴുന്നേല്‍ക്കാവൂ. അല്ലാതിരുന്നാല്‍ പിന്നീട് മൂത്രം പുറത്തു വന്ന് ശരീരവും വസ്ത്രവും മലിനമാവാനിടവരും. പലരും ഇക്കാര്യത്തില്‍ അശ്രദ്ധരാണ്. മൂത്രത്തിന്റെ ശീഘ്ര ഗതിയിലുള്ള ഒഴുക്ക് നിലച്ചാല്‍ അവര്‍ ശൗച്യം ചെയ്ത് എഴുന്നേല്‍ക്കുന്നു. പെട്ടെന്ന് സ്ഥലം വിടാനുള്ള ധൃതിയില്‍ മൂത്രധമനിയില്‍ അവ ശേഷിക്കുന്ന മലിനാംശം അവരറിയാതെ പുറപ്പെട്ടെന്നു വരാം. അത് ദേഹത്തെയും വസ്ത്രത്തെയും മലിനമാക്കും. ഇറുകിയ അടിവസ്ത്രവും പാന്റ്‌സും ധരിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. മൂത്രത്തിന്റെ സുഗമമായ പ്രവാഹത്തെ വസ്ത്രത്തിന്റെ ഇടുക്കം തടസ്സപ്പെടുത്തുന്നു. മൂത്രക്കുഴലില്‍ വേദനയും പഴുപ്പും മൂത്രത്തില്‍ കല്ലും ഉണ്ടാകാന്‍ ഇത് കാരണമാകും.
കുളിക്കാനിറങ്ങിയാല്‍ കുളിമുറിയില്‍ മൂത്രമൊഴിക്കുന്ന ചിലരുണ്ട്. അത് ഒരിക്കലും ചെയ്യരുത്. അവിടെ കുളിക്കുമ്പോള്‍ മൂത്രം തെറിച്ചിട്ടുണ്ടോ എന്ന 'വസ്‌വാസി'ന് കാരണമാകും.
കിണറിന്റെ പരിസരത്തും ഹൗളിന്‍ കരയിലും മൂത്രിക്കരുത്. കാല് കഴുകുമ്പോഴും മറ്റും വെള്ളം തെറിക്കാനിടവരും. അല്‍പം സൂക്ഷ്മതയുള്ളവര്‍ക്ക് 'വസ്‌വാസി'ന്ന് അതുമതി. സത്വവിശ്വാസികളുടെ മനസ്സില്‍ ചാഞ്ചല്യം സൃഷ്ടിച്ച് അവരെ സ്വസ്ഥതകെടുത്താന്‍ പിശാച് കിണഞ്ഞു ശ്രമിക്കും.
കുഞ്ഞുങ്ങള്‍ അകത്ത് മൂത്രമൊഴിച്ചെന്നു വരാം. ചില സ്ത്രീകള്‍ കാലുകൊണ്ട് അതിനെ നീക്കും. ഇതുകൊണ്ട് വീട് ശുദ്ധിയാവില്ല. മാലിന്യം വ്യാപിക്കുകയാണ് ചെയ്യുന്നത്. ഒരു തുണിക്കഷ്ണം കൊണ്ട് മലിനമായ സ്ഥലം ഒപ്പിയെടുക്കുക. പുറത്തേക്കു കാണിച്ചു അതു കഴുകി വൃത്തിയാക്കുക. നജസായ സ്ഥലത്ത് കുറച്ച് വെള്ളമൊഴിക്കുക. അതും ഒപ്പിയെടുക്കുക. ഇങ്ങനെ ഒന്നുരണ്ട് തവണ ആവര്‍ത്തിക്കുക. എന്നാല്‍ അകം വൃത്തിയാകും. സിമന്റ് ഇട്ട് ഉറപ്പിച്ച അകം ശുദ്ധിയാക്കേണ്ട രൂപമാണീ പറഞ്ഞത്. മൂത്രം താഴോട്ട് ഇറങ്ങുന്ന സ്ഥലത്ത് കുറച്ചു വെള്ളം അവിടെ ഒഴിച്ചാല്‍ തന്നെ ശുദ്ധിയാകും. മൂത്രത്തേക്കാള്‍ വെള്ളം അധികരിക്കണമെന്നുമാത്രം.
Leave A Comment