ശുദ്ധി മനസ്സിലും ശരീരത്തിലും
ഇസ്‌ലാം പരിശുദ്ധിയുടെ മതമാണ്. ശുദ്ധി വരുത്തുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നു. (ഖുര്‍ആന്‍) ശുദ്ധി ഈമാനിന്റെ പകുതിയാണെന്ന് സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. വൃത്തിയില്ലായ്മ ആപല്‍ക്കരമാണെന്നതില്‍ രണ്ടു പക്ഷമില്ല. മത ശാസ്ത്രീയ വീക്ഷണങ്ങള്‍ ഏകകണ്ഠമാണിവിടെ. അതിനാല്‍ അശുദ്ധിക്കെതിരെ എല്ലാവരും ശബ്ദിക്കുന്നു.
ശാരീരികവും ആത്മീയവുമായി ബന്ധപ്പെട്ട വിശുദ്ധിയെ നമുക്ക് അഞ്ചായി തിരിക്കാം.
1) വിശ്വാസത്തിലെ വിശുദ്ധി. അതായത് ശിര്‍ക്കില്‍നിന്ന് മനസ്സ് ശുദ്ധമാക്കുക.
2) ചെറുതും വലുതുമായ അശുദ്ധികളില്‍നിന്നും നജസില്‍നിന്നും ശരീരം ശുദ്ധമാക്കുക.
3) കുറ്റകൃത്യങ്ങളില്‍നിന്ന് അവയവങ്ങള്‍ ശുദ്ധമാക്കുക.
4) ദുഃസ്വഭാവങ്ങളില്‍നിന്നും ഹൃദയം ശുദ്ധമാക്കുക.
5) അല്ലാഹു അല്ലാത്തതില്‍നിന്നെല്ലാം മനസ്സ് ശുദ്ധമാക്കുക.
ഉപരി സൂചിത ശുദ്ധീകരണങ്ങളില്‍ പരമ പ്രധാനമായത് വിശ്വാസത്തിലെ വിശുദ്ധിയാണ്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് അശുദ്ധികളില്‍നിന്നുള്ള ശുദ്ധീകരണത്തിനാണ്.
ശുചീകരണത്തിന്റെ മര്യാദകള്‍
മദീനാപള്ളിയുടെ ചെരുവില്‍ ജീവിച്ചിരുന്ന ഫഖീറുകളായ സ്വഹാബികളെപ്പറ്റി ഖുര്‍ആന്‍ പറഞ്ഞു: ''അവിടെ പൗരുഷമുള്ള വ്യക്തികളുണ്ട്. പരിശുദ്ധിയെ സ്‌നേഹിക്കുന്നവരാണവര്‍. ശുദ്ധിയുള്ളവരെ അല്ലാഹു സ്‌നേഹിക്കുന്നു'' (സൂറത്തു തൗബ-108).
അശുദ്ധിയോ അഴുക്കോ ബാധിച്ചാല്‍ ഉടനെ വെള്ളമുപയോഗിച്ച് ശുദ്ധീകരിക്കുന്ന സ്വഭാവക്കാരായിരുന്നു അവര്‍. അതുകൊണ്ടാണ് അവരെ 'പരിശുദ്ധിയെ സ്‌നേഹിക്കുന്നവര്‍' എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചതെന്ന് ചില മുഫസ്സിറുകള്‍ (ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍) പറയുന്നു.( അവാരിഫുല്‍ മആരിഫ്)
കല്ലുകൊണ്ട് ്യുശൗച്യം ചെയ്താല്‍ മതിയെന്ന് നബികരീം(സ്വ) അവരോട് മുമ്പ് അരുളിയിരുന്നു. എന്നിട്ടും അവര്‍ വെള്ളം തന്നെ ഉപയോഗിച്ചിരുന്നതുകൊണ്ടാണ് ഈ വിശേഷണം അവര്‍ക്ക് ലഭിച്ചത്. ഈ ആയത്ത് അവതരിച്ച ശേഷം ഖുബാ നിവാസികളായ സ്വഹാബികളെപ്പോലെ മറ്റെല്ലാവരും വെള്ളം തന്നെ ശൗച്യത്തിനുപയോഗിച്ചുവന്നു.
സല്‍മാര്‍(റ)വിനോട് ഒരാള്‍ ചോദിച്ചു: ''നിങ്ങളുടെ പ്രവാചകന്‍ നിങ്ങള്‍ക്ക് കക്കൂസില്‍പോകാന്‍ പോലും പഠിപ്പിച്ചിട്ടുണ്ട് അല്ലേ?'' സല്‍മാന്‍(റ) പ്രതിവചിച്ചു: ''ശരിയാണ്. മലമൂത്ര വിസര്‍ജ്ജനം ഖിബ്‌ലയുടെ നേരെയിരുന്നു ചെയ്യാന്‍ പാടില്ല. കല്ലുകൊണ്ട് ശൗച്യം ചെയ്യുകയാെണങ്കില്‍ ചുരുങ്ങിയത് മൂന്ന് കല്ലെങ്കിലും ഉപയോഗിക്കണം. ഉണങ്ങിയ ചാണകമോ എല്ലോ ശൗച്യം ചെയ്യാന്‍ ഉപയോഗിച്ചുകൂടാ. ഇതൊക്കെ തിരുനബി ഞങ്ങളെ പഠിപ്പിച്ചു.''
ശൗച്യം ചെയ്യുന്നതിന്റെ ഫര്‍ളുകള്‍ രണ്ടെണ്ണമാണ്. ഒന്ന്, മാലിന്യം നീക്കുക. രണ്ട്, അതിനുപയോഗിക്കുന്ന വസ്തു ശുദ്ധിയുള്ളതായിരിക്കുക. അതായത് ഉണക്കച്ചാണകം കൊണ്ടോ ഒരിക്കല്‍ ഉപയോഗിച്ച വസ്തു (മുസ്തഅ്മല്‍) കൊണ്ടോ എല്ലു കൊണ്ടോ ശൗച്യം ചെയ്യാതിരിക്കുക. ശൗച്യം മൂന്ന്, അഞ്ച് എന്നിങ്ങനെ ഒറ്റയാക്കല്‍ സുന്നത്താണ്. കല്ലുകൊണ്ട് മനോരം ചെയ്ത ശേഷം വെള്ളമുപയോഗിക്കലും സുന്നത്തു തന്നെ. ഉറച്ചതും ഉണങ്ങിയതും ശുദ്ധിയുള്ളതും നജസിനെ വലിച്ചെടുക്കുന്നതും വന്ദിക്കപ്പെടാത്തതുമായ ഏതു സാധനവും കല്ലിന്റെ സ്ഥാനത്ത് പറ്റുന്നതാണ്.
കല്ലുകൊണ്ട് ശുദ്ധിയാക്കണമെങ്കില്‍ പുറപ്പെട്ട സാധനം ഉണങ്ങാതിരിക്കുക, അത് പുറപ്പെടുേമ്പോള്‍ എത്തിയ സ്ഥലത്തുനിന്ന് മറ്റു സ്ഥലത്തേക്ക് നീങ്ങാതിരിക്കുക, വേറെ നജസോ ത്വാഹിറോ അതിലേക്ക് ചേരാതിരിക്കുക എന്നിങ്ങനെയുള്ള പല നിബന്ധനകളുമുണ്ട്. ഈ നിബന്ധനകള്‍ ഒത്തുവന്നില്ലെങ്കില്‍ കല്ലുകൊണ്ട് ശുദ്ധിയാക്കുവാന്‍ പാടുള്ളതല്ല. വെള്ളം തന്നെ വേണ്ടി വരുന്നതാണ്. അതുകൊണ്ട് കല്ലോ മറ്റോ ഇപയോഗിച്ച് ശൗച്യം നടത്തുന്നവര്‍ വളരെ സൂക്ഷിക്കേണ്ടതുണ്ട്.
കല്ലുകൊണ്ട് ശൗച്യം ചെയ്യുേമ്പാള്‍ കല്ല് ഇടതുകയ്യില്‍ പിടിക്കുക, അത് ദ്വാരത്തിന്റെ നജസില്ലാത്ത ഭാഗത്തു വെച്ച് നജസിലേക്ക് നീക്കി നജസിനെ തുടച്ചെടുക്കുക, ആദ്യത്തെ കല്ലുകൊണ്ട് ദ്വാരത്തിന്റെ മുന്നില്‍നിന്ന് പിന്നിലേക്കും രണ്ടാമത്തെ കല്ലുകൊണ്ട് പിന്നില്‍നിന്ന് മുന്നിലേക്കുമാണ് തടവേണ്ടത്. മൂന്നാമത്തേതു കൊണ്ട് ദ്വാരത്തിന്റെ ചുറ്റുമാണ് തടവേണ്ടത്.
ഇടതുകൈ കൊണ്ട് മനോരം ചെയ്യലാണ് സുന്നത്ത്. ആവശ്യമില്ലാതെ വലതുകൈ കൊണ്ട് ശൗച്യം ചെയ്യല്‍ കറാഹത്താണ്. ശാഫിഈ മദ്ഹബില്‍ പെട്ടവരും അല്ലാത്തവരുമായ ഒരു വിഭാഗം പണ്ഡിതന്‍മാര്‍ അത് ഹറാമാണെന്നും പറഞ്ഞിട്ടുണ്ട്. വലതുകൈ ആഹാരം കഴിക്കാനുള്ളതാണ്. അത് ശൗച്യം ചെയ്യാന്‍ ഉപയോഗിക്കുന്ന പക്ഷം ആഹാരം കഴിക്കുന്ന സമയത്ത് മ്ലേഛമായ വിചാരങ്ങള്‍ക്ക് ഇടവരും. അതാണ് ഈ നിരോധനത്തിന്റെ പൊരുള്‍ എന്നു പറയപ്പെടുന്നു. വലതുവശത്തെ ആദരിക്കലാണ് അതിലടങ്ങിയിരിക്കുന്നതെന്നും ഉണ്ട്. ഗുദത്തിന്റെ ചുരുളുകളിലുള്ള കാഷ്ടങ്ങള്‍ നല്ലപോലെ കഴുകി വൃത്തിയാക്കേണ്ടതാണ്. പൃഷ്ടദ്വാരത്തെ കഴുകുമ്പോള്‍ നടുവിരല്‍ സഹായകമായി ഉപയോഗിക്കേണ്ടതാണ്. മനോരശേഷം കൈ നല്ലവണ്ണം കഴുകല്‍ സുന്നത്താണ്. കൈ വാസനിച്ചുനോക്കല്‍ സുന്നത്തില്ല. കാരണം, നജസ് നീങ്ങിയിട്ടുണ്ടെന്ന മികച്ച ധാരണയുണ്ടായാല്‍ മതി. ശുചീകരണ ശേഷം പ്രത്യേക ദിക്‌റ് സുന്നത്തുണ്ട്.
Leave A Comment