എപ്പോഴും വൃത്തി പാലിക്കേണ്ടവനാണ് വിശ്വാസി
വൃത്തിയും സൗന്ദര്യവും ഇഷ്ടപ്പെടാത്ത ആരുമുണ്ടാകില്ല. മനുഷ്യനെ ഏറ്റവും നല്ല രൂപത്തില്‍ സൃഷ്ടിച്ച നാഥന്‍ ഭംഗിയും സൗന്ദര്യവുമുള്ളവനും അതിഷ്ടപ്പെടുന്നവനുമാണ്. ആ നാഥന്‍ അടിമകളായ മനുഷ്യര്‍ക്ക് ജീവിത നിയമമായി നല്‍കിയ മതവും വൃത്തിക്ക് പ്രാധാന്യം നല്‍കുന്നുണ്ട്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങള്‍ മനുഷ്യനെ സര്‍വ മേഖലയിലും ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. ഏറ്റവും വലിയ പാപമായ ശിര്‍ക്കില്‍ നിന്ന് ശഹാദത് കലിമ ഉച്ചരിക്കലോടെ ഒരു മനുഷ്യന്‍ ശുദ്ധമാകുമ്പോള്‍ നിത്യജീവിതത്തിലെ പാപങ്ങളില്‍ നിന്ന് മുക്തി നേടാന്‍ അഞ്ച് നേരത്തെ നമസ്‌കാരവും, ഹൃദയക്കറകള്‍ കഴുകിക്കളയാന്‍ വര്‍ഷത്തില്‍ ഒരു മാസത്തെ വ്രതവും അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. സാമ്പത്തിക ശുദ്ധിയാണ് സകാത്തിലൂടെ ലക്ഷീകരിക്കുന്നതെങ്കില്‍, സര്‍വ ശൂദ്ധീകരണവും ഒരുമിച്ചു കൂടി ഹജ്ജ് കര്‍മ്മവും മനുഷ്യന് നിയമമാക്കപ്പെട്ടിരിക്കുന്നു.
സൂറതുല്‍ അഅ്റാഫില്‍ അല്ലാഹു പറയുന്നു : "ഓ ആദം സന്തതികളേ, എല്ലാ ആരാധനാ വേളകളിലും നിങ്ങള്‍ അലങ്കാരം അണിയുക (അഅ്റാഫ്31). ഇതിന്റെ തഫ്‌സീറില്‍ നസഫി (റ) പറയുന്നു അഥവാ മുടി ചീകി,സുഗന്ധം പൂശി വൃത്തിയായി വരിക. തന്റെ രക്ഷിതാവുമായി അഭിമുഖം നടത്താന്‍ വരുമ്പോള്‍ ഏറ്റവും നല്ല വസ്ത്രം ധരിക്കാന്‍ അടിമ ശ്രദ്ധിക്കേണ്ടതുണ്ട്. നബി(സ്വ) പറയുന്നു: അല്ലാഹു തന്റെ അടിമകള്‍ക്ക് ചെയ്യുന്ന അനുഗ്രഹങ്ങള്‍ അവരില്‍ പ്രകടമായി കാണാന്‍ ഇഷ്ടപ്പെടുന്നവനാണ്. നല്ല രൂപത്തില്‍ പടക്കപ്പെട്ട മനുഷ്യ സമൂഹം എപ്പോഴും നല്ല വൃത്തിയില്‍ നടക്കുന്നത് സൃഷ്ടാവിനെ സന്തോഷിപ്പിക്കുന്ന കാര്യമാണെന്നര്‍ത്ഥം.
സാമൂഹിക ജീവിയായ മനുഷ്യന്‍ വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹിക ജീവിതത്തിലും വൃത്തി സൂക്ഷിക്കണമെന്ന് ഇസ്‌ലാമികകര്‍മശാസ്ത്രം കല്‍പിക്കുന്നു. ഫിഖ്ഹിന്റെ അദ്ധ്യായങ്ങളിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തിയാല്‍ നമുക്കിത് വ്യക്തമാകും. ഇമാം ത്വബ്‌റാനി (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, നിങ്ങളുടെ വീട്ടു പരിസരം നിങ്ങള്‍ വൃത്തിയാക്കുക,ജൂതന്‍മാര്‍ അവരുടെ പരിസരങ്ങള്‍ വൃത്തിയാക്കുകയില്ല. ഗൃഹശുചിത്വത്തിന് ഇസ്‌ലാം നല്‍കിയ പ്രാധാന്യം ഇതില്‍ നിന്ന് മനസ്സിലാക്കാം. രാത്രി സമയങ്ങളില്‍ അടിച്ചു വാരരുതെന്നും, അടിച്ചു വാരിയ അവശിഷ്ടം വീട്ടില്‍ ഉപേക്ഷിക്കരുതെന്നും, ചിലന്തി വല കാലങ്ങളോളം വീട്ടില്‍ അവശേഷിപ്പിക്കരുതെന്നും ഇവ കാരണം ദാരിദ്ര്യം ഉണ്ടാകുമെന്നും മതം പഠിപ്പിക്കുന്നു. ദാരിദ്ര്യം ഉണ്ടാകുന്ന കാര്യങ്ങള്‍ വിശദീകരിക്കുന്നിടത്ത് ഇമാം ശര്‍വാനി ഇത് വ്യക്തമാക്കുന്നുണ്ട് (ശര്‍വാനി1,238). ശരീരവും വസ്ത്രവുമൊക്കെ വൃത്തിയായി കൊണ്ടുനടന്നാല്‍ ജീവിതത്തില്‍ ഐശ്വര്യവും സമാധാനവും കളിയാടുന്നതാണ്. ഇമാം ശാഫിഈ (റ) പറയുന്നു: ആരെങ്കിലും വസ്ത്രം വൃത്തിയായി സൂക്ഷിച്ചാല്‍ മനോ വിഷമങ്ങള്‍ കുറയുകയും, സുഗന്ധത്തോടെ നടന്നാല്‍ ബുദ്ധി വര്‍ധിക്കുകയും ചെയ്യുന്നതാണ് (ഫത്ഹുല്‍ മുഈന്‍)
ദിവസങ്ങളില്‍ വളരെ പ്രധാനപ്പെട്ട വെള്ളിയാഴ്ച ജുമുഅക്ക് തയ്യാറാകുന്ന മുസ്‌ലിം ഒരു പാട് മര്യാദകള്‍ പാലിക്കേണ്ടതുണ്ട്. വൃത്തിയായി കുളിക്കുക, നല്ല വസ്ത്രം ധരിക്കുക, സുഗന്ധം പൂശുക, ദുര്‍ഗന്ധം ഒഴിവാക്കുക, നഖം മുറിക്കുക തുടങ്ങിയവ അതില്‍ ചിലതാണ്. ഇത് പറഞ്ഞ് ഇമാം ഇബ്‌നു ഹജര്‍ (റ) പറയുന്നു ''ഈ കാര്യങ്ങള്‍ ജനങ്ങള്‍ ഒരുമിച്ചു കൂടുന്ന സ്ഥലങ്ങളില്‍ പോകുമ്പോഴൊക്കെ നിര്‍വഹിക്കേണ്ടവയാണ്. വെള്ളിയാഴ്ച ശക്തിയായ സുന്നത്തുണ്ടെന്ന് മാത്രം'' (തുഹ്ഫ ആദാബുല്‍ ജുമുഅ). താടിയും മീശയും വെട്ടി ശരിപ്പെടുത്തുക, കക്ഷ-ഗുഹ്യ ഭാഗങ്ങളിലെ രോമങ്ങള്‍ നീക്കം ചെയ്യുക, എന്നിവയും പ്രത്യേകം സുന്നത്തുണ്ട്. ക്രമാതീതമായി വളരുമ്പോഴൊക്കെ ഇവ നീക്കം ചെയ്യണമെന്നും രോമങ്ങള്‍ നാല്‍പതിലേറെ ദിവസവും നഖം പത്തിലേറെ ദിവസവും നീക്കം ചെയ്യാതിരിക്കല്‍ കറാഹത്താണെന്നും പണ്ഡിതര്‍ രേഖപ്പെടുത്തുന്നു (ഇആനതുത്ത്വാലിബീന്‍). നീക്കം ചെയ്യുന്ന രോമങ്ങളും നഖങ്ങളും കുഴിച്ചിടല്‍ സുന്നത്താണെന്ന് പഠിപ്പിക്കുന്നതിലൂടെ പ്രകൃതിയിലെ ശുചിത്യം കൂടി ലക്ഷീകരിക്കുന്നുണ്ട്.
മനുഷ്യ ജീവിതത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ് ദന്ത ശുദ്ധീകരണം. മിസ്‌വാക്ക് പതിവാക്കല്‍ കൊണ്ട് നമുക്കിത് നേടിയെടുക്കാവുന്നതാണ്. എന്റെ സമൂഹത്തിന് പ്രയാസമായി എനിക്ക് തോന്നുമായിരുന്നില്ലെങ്കില്‍ സദാ മിസ്‌വാക്ക് ചെയ്യാന്‍ ഞാനവരെ കല്‍പ്പിക്കുമായിരുന്നു (മുത്തഫഖുന്‍ അലൈഹി). ആഇശ ബീവി(റ)പറയുന്നു: ഒരിക്കല്‍ നബി(സ) പറയുകയുണ്ടായി മിസ്‌വാക്ക് ചെയ്യുന്നത് ദന്ത ശുദ്ധീകരണത്തിനും അല്ലാഹുവിന്റെ പ്രീതിനേടുവാനും നല്ല മാര്‍ഗമാണ് (നസാഇ). ഈ ഹദീസുകള്‍ കൊണ്ട് തന്നെ ഇതിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാം. വായനാറ്റം പോലോത്ത സാമുഹിക വിപത്തുണ്ടാക്കുന്നവയില്‍ നിന്ന് രക്ഷപ്പെടുന്നതിന് പുറമെ ധാരാളം ആത്മീയ ഫലങ്ങളും ഇത് കൊണ്ട് നേടിയെടുക്കാം. മിസ്‌വാക്ക് പതിവാക്കുന്ന വ്യക്തിക്ക് എഴുപത് ഉപകാരം ലഭിക്കുമെന്നും അതില്‍ ഒന്ന് മരണവേളയില്‍ ശഹാദത് കലിമ ചൊല്ലാന്‍ ഓര്‍മ വരികയെന്നതുമാണ് (മിര്‍ഖാത് ശര്‍ഹു മിശ്കാത്).
മുഅ്മിനായ വ്യക്തി ആന്തരികശുദ്ധിയോടൊപ്പം ബാഹ്യ ശുദ്ധിയും ശ്രദ്ധിക്കേണ്ടതുണ്ട്. അവനെപ്പോഴും വുളൂഅ് പതിവാക്കുന്നവനായിരിക്കുമെന്ന് ഒരു നബി വചനത്തില്‍ കാണാം. ബിലാലി(റ)നോടൊരിക്കല്‍ നബി (സ്വ) ചോദിച്ചു: 'സ്വര്‍ഗത്തില്‍ ഞാന്‍ കാലുകുത്തിയ ഇടങ്ങളിലൊക്കെ നിന്റെ കാലടി ശബ്ദം കേള്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത്ര വലിയ സ്ഥാനം കരഗതമാക്കാന്‍ എന്തൊരു ഇബാദത്താണ് നീ പ്രത്യേകം പതിവാക്കിയത്. ബിലാല്‍(റ)മറുപടി പറഞ്ഞു എനിക്ക് ചെറിയ അശുദ്ധി ഉണ്ടാകുമ്പോഴൊക്കെ ഞാന്‍ വുളൂഅ് എടുക്കുകയും രണ്ട് റക്അത്ത് നിസ്‌കരിക്കുകയും ചെയ്യാറുണ്ട് (റൂഹുല്‍ ബയാന്‍-3-163,164). വിജ്ഞാന വര്‍ദ്ധനവുദ്ധേശിക്കുന്നവര്‍ അഞ്ച് കാര്യങ്ങള്‍ ശീലമാക്കണമെന്ന് പണ്ഡിതര്‍ പഠിപ്പിക്കുന്നു
-1)രാത്രി രണ്ട് റക്അത്തെങ്കിലും പതിവാക്കുക
-2)സദാ വുളൂഅ് പതിവാക്കുക
-3)ദൈവഭക്തിയുള്ളവനാകുക
-4)വികാരപൂര്‍ത്തീകരണത്തിന് വേണ്ടിയല്ലാതെ ഇബാദതിന് വേണ്ടി ഭക്ഷണം കഴിക്കുക
-5)മിസ്‌വാക് ചെയ്യുക.
വസ്ത്ര ധാരണയിലും ഇസ്‌ലാം സൗന്ദര്യവും അതോടൊപ്പം വൃത്തിയും പരിഗണിക്കുന്നുണ്ട്. നല്ല വസ്ത്രം ധരിക്കണമെന്ന് പറയുന്നിടത്തൊക്കെ വെള്ളയാകല്‍ പ്രത്യേകം പുണ്യമുണ്ടെന്ന് ഫുഹാക്കള്‍ പഠിപ്പിക്കുന്നു. കാരണം അതാണ് വൃത്തിപാലിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം. സമുറത്(റ) വില്‍ നിന്ന് നിവേദനം, നബി(സ്വ)പറയുന്നു നിങ്ങള്‍ വെള്ള വസ്ത്രം ധരിക്കുക കാരണം അതാണ് ഏറ്റവും വൃത്തിയുള്ളതും നല്ലതും, അതില്‍ തന്നെ മരിച്ചവരെ നിങ്ങള്‍ കഫന്‍ ചെയ്യുകയും വേണം(നസാഇ). ശുദ്ധി ഈമാനിന്റെ പകുതിയാണെന്നും ക്ഷമ ഈമാനിന്റെ മറ്റൊരു പാതിയാണെന്നും പഠിപ്പിക്കുന്ന ഇസ്‌ലാം ആന്തരിക ശുദ്ധിയും ബാഹ്യ ശുദ്ധിയും ഒരു പോലെ പ്രാധാന്യം നല്‍കുന്ന മതമാണെന്നാണ് നാം മനസ്സിലാക്കേണ്ടത്. ഹൃദയശുദ്ധിയുള്ളവര്‍ക്ക്(തഖ്‌വയുള്ളവര്‍ക്ക്)മാത്രമേ ബാഹ്യ ശുദ്ധിയും ജീവിതത്തില്‍ സൂക്ഷിക്കാനാവൂ. അവരാണ് അല്ലാഹുവിന്റെ ഇഷ്ടദാസന്‍മാര്‍. അല്ലാഹു നമ്മെ ശുദ്ധരില്‍ ഉള്‍പ്പെടുത്തട്ടെ. ആമീൻ
Leave A Comment