ആത്മാര്‍ത്ഥത
ഇമാം അബൂഅലി ദഖ്ഖാഖ്(റ) പറയുന്നു: സൃഷ്ടികളുടെ നിരീക്ഷണത്തില്‍ നിന്ന് സുരക്ഷിതത്വം നേടലാണ് ഇഖ്‌ലാസ്വ്. അപ്പോള്‍, മുഖ്‌ലിസ്വ് ആയ ഒരു വ്യക്തിക്ക് ലോകമാന്യത ഉണ്ടായിരിക്കുന്നതല്ല. ഇമാം ഫുളൈലുബ്‌നു ഇയാള്(റ) പറയുന്നു: ജനങ്ങള്‍ക്കു വേണ്ടി കര്‍മം ഉപേക്ഷിക്കല്‍ ലോകമാന്യതയാകുന്നു; ജനങ്ങള്‍ക്കു വേണ്ടി ചെയ്യലാകട്ടെ ശിര്‍ക്കും. ഇത് രണ്ടില്‍ നിന്നും നിനക്ക് അല്ലാഹു മോചനം തരലാണ് ഇഖ്‌ലാസ്വ്. ഇമാം ജുനൈദുല്‍ ബഗ്ദാദി(റ) നിര്‍വചിക്കുന്നത് ഇങ്ങനെയാണ്: അല്ലാഹുവിന്റെയും അടിമയുടെയും ഇടയിലുള്ള ഒരു രഹസ്യകാര്യമാണ് ഇഖ്‌ലാസ്വ്. ഒരു മലക്കും അതറിയില്ല, അറിഞ്ഞാല്‍ മലക്കിനു രേഖപ്പെടുത്താന്‍ കഴിയും; ഒരു പിശാചിനും അത് മനസ്സിലാവില്ല, മനസ്സിലാക്കിയാല്‍ അവനത് ദുഷിപ്പിക്കാന്‍ സാധിക്കും. ഒരു ദേഹേച്ഛക്കും അത് ഗ്രഹിക്കാനാവില്ല, അതിന് കഴിയുമെങ്കില്‍ വശീകരിച്ചെടുക്കാനാകും.
ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സ്വാരി(റ) പറയുന്നു: ഒരു മുഖ്‌ലിസ്വിന്റെ ബാധ്യത തന്റെ ഇഖ്‌ലാസ്വ് അവന്‍ തന്നെ കാണാതിരിക്കലും അതിലേക്ക് വ്യതിചലിക്കാതിരിക്കലുമാണ്. ഇതിനെതിര് സംഭവിച്ചാല്‍ അവന്റെ ഇഖ്‌ലാസ്വ് അപൂര്‍ണമായിരിക്കും. മാത്രമല്ല, ആ അവസ്ഥയെ രിയാഅ് (ലോകമാന്യത) എന്നാണ് ചിലര്‍ വിളിച്ചിരിക്കുന്നത്.
ഇഖ്‌ലാസ്വിന്റെ ഇപ്പറഞ്ഞ നിര്‍വചനങ്ങളും പ്രസ്താവങ്ങളും പ്രതിപാദനങ്ങളുമെല്ലാം ചെന്നുചേരുന്നത് ഏകമായ ഒരാശയത്തിലേക്കാണ്. ശാരീരികമോ സാമ്പത്തികമോ ഹൃദയപരമോ ആയ ഏതുവിധം ആരാധനാകര്‍മങ്ങളിലും മനസ്സിന് യാതൊരു തരത്തിലുള്ള ഓഹരിയും അതിലുണ്ടാകരുത് എന്നതാണത്; അതുപോലെ താന്‍ ഇഖ്‌ലാസ്വ് ഉള്ള ആളാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നിക്കാനായി അവന്‍ യാതൊന്നും ചെയ്തുകൂടതാനും.
ഇഖ്‌ലാസ്വിന്റെ മഹത്ത്വം വിവരിക്കുന്ന നിരവധി കാര്യങ്ങള്‍ ഖുര്‍ആനിലും ഹദീസുകളിലും കാണാം. കര്‍മങ്ങളുടെ സ്വീകാര്യത തന്നെ ഇഖ്‌ലാസ്വ് ഉണ്ടാകുന്നതിലധിഷ്ഠിതമാണ്; അതിനാല്‍ പ്രവാചക തിരുമേനി(സ്വ)യോടു തന്നെ ആത്മാര്‍ത്ഥതയുടെ അനിവാര്യതയെപ്പറ്റി അല്ലാഹു അനുശാസിച്ചിരിക്കുന്നു. എന്നാല്‍, ഇത് ഉമ്മത്തിനെ പഠിപ്പിക്കാന്‍ വേണ്ടിയത്രേ. ഖുര്‍ആന്‍ പ്രസ്താവിക്കുകയാണ്: നബിയേ, അങ്ങ് പ്രഖ്യാപിക്കുക-മതത്തെ അല്ലാഹുവിനു വേണ്ടി ആത്മാര്‍ത്ഥമാക്കിക്കൊണ്ട് അവന് ആരാധിക്കുവാന്‍ ഞാന്‍ അനുശാസിക്കപ്പെട്ടിരിക്കുന്നു.
മറ്റൊരിടത്ത് ഇങ്ങനെ കാണാം: എന്റെ ദീനിനെ അല്ലാഹുവിനു വേണ്ടി ആത്മാര്‍ത്ഥമാക്കിക്കൊണ്ട് അവനെ ഞാന്‍ ആരാധിക്കുന്നു എന്ന് താങ്കള്‍ പറയുക. വീണ്ടും അല്ലാഹു പറയുന്നു: ദീനിനെ അല്ലാഹുവിനു വേണ്ടി മാത്രം ആത്മാര്‍ത്ഥമാക്കിക്കൊണ്ട് അവന് നിങ്ങള്‍ ആരാധനകളര്‍പ്പിക്കുക; അറിയുക, ആത്മാര്‍ത്ഥമായ ദീന്‍(5) അവനുള്ളതാകുന്നു.(6) തന്റെ അടിമകളോട് അവരുടെ മുഴുവന്‍ ആരാധനകളും-അവ വാചികമോ കാര്‍മികമോ സാമ്പത്തികമോ എന്തുമാവട്ടെ-അവനു വേണ്ടി മാത്രമായിരിക്കണമെന്നും ലോകമാന്യതയില്‍ നിന്ന് വിദൂരമായിരിക്കണമെന്നും അല്ലാഹു അനുശാസിച്ചതായി കാണാം. ഖുര്‍ആന്‍ പഠിപ്പിക്കുകയുണ്ടായി: ദീന്‍കാര്യങ്ങള്‍ അവനു മാത്രം ആത്മാര്‍ത്ഥമാക്കി അവന് ആരാധന ചെയ്യാനേ അവരോട് കല്‍പിക്കപ്പെട്ടിട്ടുള്ളൂ.
മറ്റൊരിടത്ത് ഇഖ്‌ലാസ്വിന്റെ മഹത്ത്വം വിവരിക്കുന്നത് കൂടുതല്‍ വ്യക്തമായാണ്. അന്ത്യനാളില്‍ സംതൃപ്തിയുടെയും അനുഗ്രഹത്തിന്റെയും ദര്‍ശനമായി സര്‍വശക്തനും മഹോന്നതനുമായ അല്ലാഹുവിനെ കാണണമെങ്കില്‍, അവനു വേണ്ടി മാത്രമായി കളങ്കലേശമന്യേ സമര്‍പ്പിക്കപ്പെടുന്ന സല്‍ക്കര്‍മങ്ങളേ മാര്‍ഗമുള്ളൂ എന്നാണവിടെ സ്പഷ്ടമാക്കുന്നത്. സൃഷ്ടികളുടെ നിരീക്ഷണങ്ങളിലും കാഴ്ചയിലും നിന്ന് പൂര്‍ണമായി മുക്തമായതാവണം അവ. ഖുര്‍ആന്‍ വ്യക്തമാക്കുന്നു: തന്റെ നാഥന്റെ തിരുദര്‍ശനം ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവന്‍ ഉത്തമമായ കര്‍മങ്ങള്‍ അനുഷ്ഠിച്ചുകൊള്ളട്ടെ; റബ്ബിനുള്ള ഇബാദത്തില്‍ മറ്റൊരാളെയും അവന്‍ പങ്കു ചേര്‍ക്കാതിരിക്കട്ടെ.
ഇനി നബിതിരുമേനി(സ്വ)യുടെ ഹദീസുകള്‍ പരിശോധിച്ചുനോക്കിയാല്‍ അവയും, കര്‍മങ്ങളത്രയും അല്ലാഹുവിനു വേണ്ടി നിഷ്‌കളങ്കവും ആത്മാര്‍ഥവുമായി അനുഷ്ഠിക്കണമെന്ന് പഠിപ്പിക്കുകയാണ്. ജനങ്ങളുടെ പ്രകീര്‍ത്തനങ്ങളോ സ്തുതിയോ ആരാധനകള്‍ കൊണ്ടുദ്ദേശിച്ചുപോകരുതെന്ന് നബിവചനങ്ങള്‍ താക്കീത് ചെയ്യുന്നുമുണ്ട്. അല്ലാഹുവിനു വേണ്ടി ഇഖ്‌ലാസ്വോടെ അനുവര്‍ത്തിക്കപ്പെട്ടതല്ല എങ്കില്‍ കര്‍മങ്ങളത്രയും അതിന്റെ ഉടമയിലേക്കുതന്നെ തിരസ്‌കൃതമാകുമെന്നും ഹദീസുകളിലുണ്ട്. അടിമയുടെ പ്രവൃത്തികളുടെ ബാഹ്യഭാഗങ്ങളിലേക്കല്ല, അവന്റെ ഹൃദയത്തിലുള്ള ഉദ്ദേശ്യങ്ങളിലേക്കാണ് അല്ലാഹുവിന്റെ നോട്ടമെന്നും നബിവചനങ്ങളില്‍ കാണാം; കാരണം നിയ്യത്തുകളനുസരിച്ചായിരിക്കും കര്‍മങ്ങളുടെ സ്വീകാര്യത. ഓരോ കാര്യവും അവ അനുവര്‍ത്തിക്കപ്പെടുമ്പോഴുള്ള ഉദ്ദേശ്യം എന്താണോ അപ്രകാരമായിരിക്കും പരിഗണിക്കപ്പെടുക.
ലോകമാന്യതയെ തിരുമേനി(സ്വ) ശക്തിയായി വിലക്കിയിട്ടുണ്ടെന്ന് കാണാം. ചിലപ്പോള്‍ നബി(സ്വ) അതിനെ ചെറിയ ശിര്‍ക്ക് എന്നാണ് വിളിച്ചതെങ്കില്‍ മറ്റു ചിലേടത്ത് രഹസ്യ ശിര്‍ക്ക് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ലോകമാന്യത വെച്ചുപുലര്‍ത്തുന്നവനില്‍ നിന്ന് അന്ത്യനാളില്‍ റബ്ബ് ഒഴിഞ്ഞുമാറുമെന്നും, അവനുള്ള ഇബാദത്തില്‍ മനുഷ്യന്‍ ആരെയാണോ പങ്കാളികളാക്കിയത് എങ്കില്‍ അവരിലേക്ക് തട്ടിവിടുമെന്നും ഹദീസുകള്‍ പഠിപ്പിക്കുന്നുണ്ട്. ഇഖ്‌ലാസ്വിന്റെ മഹത്ത്വം വെളിപ്പെടുത്തുകയും മേല്‍പറഞ്ഞ കാര്യങ്ങള്‍ സ്പഷ്ടമാക്കുകയും ചെയ്യുന്ന ഏതാനും നബിവചനങ്ങള്‍ നമുക്ക് നോക്കാം:
ഹ. അബൂഉമാമ(റ)യില്‍ നിന്നുദ്ധരണം-അദ്ദേഹം പ്രസ്താവിച്ചു: നബി(സ്വ)യുടെയടുത്തു വന്ന് ഒരാള്‍ ചോദിച്ചു: തിരുദൂതരേ, അല്ലാഹുവിങ്കല്‍ നിന്ന് പ്രതിഫലവും ഒപ്പം പ്രസിദ്ധിയും ആഗ്രഹിച്ചുകൊണ്ട് യുദ്ധം ചെയ്യുന്ന ഒരാളെക്കുറിച്ച് അങ്ങ് എന്താണ് പറയുന്നത്? നബി(സ്വ) പ്രതികരിച്ചു: അവന്ന് ഒരു പ്രതിഫലവുമില്ല! അയാള്‍ മൂന്നു വട്ടം ചോദ്യം ആവര്‍ത്തിച്ചു. മറുപടി ഒന്നു തന്നെ. തുടര്‍ന്നവിടന്ന് പറഞ്ഞു: അല്ലാഹുവിനു വേണ്ടി മാത്രമായനുവര്‍ത്തിക്കപ്പെടുന്നതും അവന്റെ സംതൃപ്തി ഉദ്ദേശിക്കപ്പെട്ടതുമായ കര്‍മങ്ങളേ അവന്‍ സ്വീകരിക്കുകയുള്ളൂ.
ഹ. അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം-തിരുനബി(സ്വ) അരുളിയതായി അദ്ദേഹം പറഞ്ഞു: അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കോ രൂപങ്ങളിലേക്കോ അല്ല നോക്കുക, മറിച്ച് നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ് അവന്റെ ദര്‍ശനം.(2) റസൂല്‍(സ്വ) പ്രസ്താവിച്ചതായി താന്‍ ശ്രവിച്ചുവെന്ന് ശദ്ദാദുബ്‌നു ഔസ്(റ) പറയുന്നു: ആളുകള്‍ കാണാനായി ഒരാള്‍ വ്രതമനുഷ്ഠിച്ചാല്‍ അവന്‍ പങ്കു ചേര്‍ത്തു, ആളുകള്‍ കാണാനായി നമസ്‌കരിച്ചാല്‍ പങ്കു ചേര്‍ത്തു, ആളുകള്‍ കാണാനായി(3) ദാനം ചെയ്താല്‍ പങ്കു ചേര്‍ത്തു.
ഹ. മഹ്മൂദുബ്‌നു ലബീദ്(റ) പറയുന്നു: ഒരിക്കല്‍ നബി(സ്വ) വീട്ടില്‍ നിന്ന് പുറത്തുവന്ന് പ്രഖ്യാപിച്ചു: ഹേ ജനങ്ങളേ, രഹസ്യശിര്‍ക്ക് നിങ്ങള്‍ കരുതിയിരിക്കണം! എന്താണ് തിരുമേനീ, രഹസ്യശിര്‍ക്ക് എന്ന് അവര്‍ ആരാഞ്ഞു. ഒരാള്‍ നമസ്‌കരിക്കാനായി എണീറ്റു നില്‍ക്കുന്നു. അപ്പോള്‍ വളരെ പണിപ്പെട്ട് നന്നാക്കി മെച്ചപ്പെടുത്തി അവന്‍ നമസ്‌കരിക്കും. എന്നാല്‍, ജനങ്ങള്‍ തന്റെ നമസ്‌കാരം വീക്ഷിക്കുന്നുണ്ട് എന്ന് കണ്ടായിരിക്കും അവനിങ്ങനെ ചെയ്യുക-ഇതാണ് രഹസ്യശിര്‍ക്ക്(5) എന്ന് പുണ്യറസൂല്‍ വിശദീകരിച്ചു. തിരുമേനി(സ്വ) പ്രസ്താവിച്ചു: നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഏറ്റവും ഭയപ്പെടുന്നത് ചെറിയ ശിര്‍ക്കാണ്! അവര്‍ ചോദിച്ചു: എന്താണത്? നബി(സ്വ) പ്രതികരിച്ചു: ലോകമാന്യത. ആളുകള്‍ക്കെല്ലാം അവരുടെ കര്‍മങ്ങളുടെ പ്രതിഫലം നല്‍കപ്പെട്ടുകഴിഞ്ഞാല്‍ ലോകമാന്യതക്കാരോട് അല്ലാഹുവിന്റെ വിളംബരമുണ്ടാകും: ദുന്‍യാവില്‍ വെച്ച് ആരെ കാണിക്കാനായി നിങ്ങള്‍ കര്‍മങ്ങള്‍ അനുഷ്ഠിച്ചിരുന്നുവോ അവരുടെയടുത്തുപോയി പ്രതിഫലമന്വേഷിക്കുക. ഹ. അബൂസഈദിബ്‌നി അബീഫളാല(റ) എന്ന സ്വഹാബി പുണ്യറസൂല്‍(സ്വ) അരുളിയതായി ഉദ്ധരിക്കുന്നു: അന്ത്യനാളില്‍ സകല മനുഷ്യരും ഒരുമിച്ചു കൂട്ടപ്പെട്ടു കഴിഞ്ഞാല്‍ ഒരു വക്താവ് വിളിച്ചുപറയും: ഏതെങ്കിലും വ്യക്തി തന്റെ കര്‍മങ്ങളില്‍ അല്ലാഹുവല്ലാത്ത മറ്റാരെയെങ്കിലും പങ്കു ചേര്‍ത്തിരുന്നുവെങ്കില്‍ തന്റെ പ്രതിഫലം അയാളുടെ പക്കല്‍ അന്വേഷിച്ചുകൊള്ളട്ടെ. കാരണം, അല്ലാഹു ശിര്‍ക്കില്‍ നിന്ന് സ്വയം പര്യാപ്തനാകുന്നു ഇഖ്‌ലാസ്വിന്റെ വര്‍ധിത പ്രസക്തി വിശദീകരിച്ചുകൊണ്ട് മഹാന്മാരായ പണ്ഡിതന്മാര്‍ ധാരാളം വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇമാം മക്ഹൂല്‍(റ) പറയുന്നു: ഒരാള്‍ നാല്‍പത് ദിവസം ആത്മാര്‍ഥതയോടെ കര്‍മങ്ങളനുഷ്ഠിച്ചുകഴിഞ്ഞുെവന്നാല്‍ തത്ത്വജ്ഞാനത്തിന്റെ ഉറവിടങ്ങള്‍ അവന്റെ ഹൃദയത്തില്‍ നിന്ന് നാക്കിലേക്ക് ബഹിര്‍ഗമിക്കാതിരിക്കയില്ല.(2) ഇമാം സഹ്‌ലുബ്‌നു അബ്ദില്ലാഹിത്തുസ്തരി(റ)(3)യോട് ഒരാള്‍ ചോദിച്ചു: മനസ്സിന് ഏറ്റവും ദുസ്സഹമായ കാര്യമേതാണ്? അദ്ദേഹം മറുപടി നല്‍കി: ഇഖ്‌ലാസ്വ്. കാരണം, മനസ്സിന് അതില്‍ നിന്ന് യാതൊരു നേട്ടവും ലഭിക്കാനില്ല.
അബൂസുലൈമാനദ്ദാറാനി(റ) പറഞ്ഞു: ഒരാള്‍ പൂര്‍ണ ഇഖ്‌ലാസ്വുള്ളവനായാല്‍ വസ്‌വാസുകളുടെ ആധിക്യവും ലോകമാന്യതയും അവനെ വിട്ട് പമ്പ കടക്കും. ശൈഖ് ഇബ്‌നു അജീബ(റ)യുടെ കാഴ്ചപ്പാടില്‍ കര്‍മങ്ങളെന്നത് ചില രൂപങ്ങള്‍ മാത്രം; അവയുടെ അന്തസ്സത്തയാണ് ഇഖ്‌ലാസ്വ്. താന്‍ പറയുന്നു: അനുഷ്ഠാനങ്ങളത്രയും ചില ചിത്രങ്ങളും രൂപങ്ങളുമാണ്. അവയുടെ ആത്മാവ് ഇഖ്‌ലാസ്വ് ആകുന്നു. ആത്മാവുണ്ടാകുമ്പോഴേ രൂപങ്ങള്‍ക്ക് നിലനില്‍പുള്ളൂ; ഇല്ലെങ്കിലവ നിര്‍ജീവമാകും എന്നതുപോലെ, ശാരീരികവും ഹൃദയപരവുമായ കര്‍മങ്ങള്‍ക്ക് ഇഖ്‌ലാസ്വ് കൊണ്ടേ നിലനില്‍പുണ്ടാകൂ. ഇല്ലെങ്കില്‍ അവ കേവലം രൂപങ്ങളും കോലങ്ങളും മാത്രമായി അധഃപതിച്ചുപോകും; പരിഗണിക്കപ്പെടുകയില്ല.(6) ഇങ്ങനെ, ഇഖ്‌ലാസ്വ് സംബന്ധിച്ച് പണ്ഡിതന്മാരുടെയും ആത്മജ്ഞാനികളുടെയും പ്രസ്താവങ്ങള്‍ അസംഖ്യമാണ്. അവരെല്ലാം ആത്മാര്‍ത്ഥതയുടെ മഹത്ത്വവും മികച്ച സ്വാധീനശക്തിയും ഊന്നിപ്പറഞ്ഞിട്ടുണ്ട്.
ഇഖ്‌ലാസ്വിന് വ്യത്യസ്ത പദവികളുണ്ടെന്നാണ് ആത്മജ്ഞാനികള്‍ വിവരിച്ചിട്ടുള്ളത്. ഇമാം ഇബ്‌നു അജീബ(റ) പറയുന്നു: ആത്മാര്‍ത്ഥത മൂന്ന് പദവികളിലായുണ്ടാകും-സാധാരണക്കാരുടേത്, പ്രത്യേകക്കാരുടേത്, അതിവിശിഷ്ടരുടേത് എന്നിങ്ങനെയാണത്. അപ്പോള്‍ സാധാരണക്കാരുടെ ഇഖ്‌ലാസ്വ് എന്നത് അല്ലാഹുവുമായുള്ള വിനിമയങ്ങളില്‍ നിന്ന് സൃഷ്ടികളെ മാറ്റിനിറുത്തുകയാണ്; എന്നാല്‍ അതോടൊപ്പം ശാരീരിക-സാമ്പത്തിക സുരക്ഷ, ഭക്ഷണവിശാലത പോലെയുള്ള ഭൗതികസൗകര്യങ്ങളും സ്വര്‍ഗമന്ദിരങ്ങളും ഹൂറികളും പോലെയുള്ള പാരത്രികനേട്ടങ്ങളും അവര്‍ ആഗ്രഹിക്കും.
എന്നാല്‍, പ്രത്യേകക്കാരുടെ ആത്മാര്‍ത്ഥത വേറെയാണ്: അവര്‍ ഭൗതികനേട്ടങ്ങള്‍ യാതൊന്നും ആഗ്രഹിക്കുകയില്ല. പാരത്രികവിജയവും സൗഭാഗ്യവും മാത്രമാണവരുടെ ലക്ഷ്യം. അതിവിശിഷ്ടരുടെ ഇഖ്‌ലാസ്വ് മേല്‍പറഞ്ഞ രണ്ടു രീതിയിലുമല്ല. ക്ഷേമസൗഭാഗ്യങ്ങള്‍-ഐഹികമോ പാരത്രികമോ എന്ന അന്തരമില്ല-അവര്‍ മാറ്റിനിറുത്തും. അവരുടെ ആരാധനകള്‍ അല്ലാഹുവിനോടുള്ള അടിമത്തസാക്ഷാല്‍ക്കാരമെന്ന നിലക്കു മാത്രമായിരിക്കും. അവന്റെ തിരുദര്‍ശനത്തിലുള്ള അഭിനിവേശവും പ്രതിപത്തിയും മാത്രം മുന്‍നിറുത്തി യജമാനത്വത്തിന്റെ മുറകള്‍ അനുഷ്ഠിച്ചുവരിക എന്ന നിലക്കല്ലാതെ സ്വര്‍ഗസുഖങ്ങള്‍ നേടാനാവില്ല അവരുടെ ഇബാദത്തുകള്‍. അതാണ് ഇബ്‌നുല്‍ ഫാരിള് പാടിയത്:
(സ്വര്‍ഗത്തിലെ സുഖക്ഷേമൈശ്വര്യങ്ങളല്ല നിന്നോട് ഞാന്‍ ചോദിക്കുന്നത്. എങ്കിലും ഞാന്‍ സ്വര്‍ഗത്തെ സ്‌നേഹിക്കുന്നുണ്ട്. അത് നിന്നെ കാണാനാണെന്നു മാത്രം.) മറ്റൊരു മഹാന്‍ കൂടുതല്‍ സ്പഷ്ടമായാണ് വിവരിക്കുന്നത്: (ആളുകളൊക്കെ അല്ലാഹുവിനെ ആരാധിക്കുന്നത് നരകം ഭയന്നാണ്. അതില്‍ നിന്ന് രക്ഷപ്പെടുക എന്നത് മഹാഭാഗ്യമായി അവര്‍ കാണുന്നു. അല്ലെങ്കില്‍ സ്വര്‍ഗനിവാസത്തിനാണവര്‍ ഇബാദത്ത് ചെയ്യുന്നത്. അങ്ങനെ സ്വര്‍ഗീയാരാമങ്ങളില്‍ ഉല്ലസിക്കാമെന്നും സല്‍സബീല്‍ കുടിച്ച് ആനന്ദനിര്‍വൃതിയടയാമെന്നും അവരാഗ്രഹിക്കുന്നു. എന്റെ കാര്യം പറയട്ടെ, ഈ സ്വര്‍ഗത്തിലോ നരകത്തിലോ എനിക്ക് ഒരു പ്രത്യേകാഭിപ്രായവുമില്ല. എനിക്കെന്റെ സ്‌നേഹഭാജനത്തെ കണ്ടുകൊണ്ടിരിക്കണം; പകരം മറ്റൊന്ന് ഞാനാഗ്രഹിക്കുന്നില്ല.) ഇബ്‌നു അജീബ(റ) തുടരുന്നു: വിഷയത്തിന്റെ സംഗ്രഹം ഇതാണ്-മനസ്സിന്റെ ആധിപത്യത്തില്‍ നിന്ന് പുറത്തുവരാനും ലോകമാന്യതയുടെ അതിസൂക്ഷ്മവിനകളില്‍ നിന്ന് രക്ഷപ്പെടാനും ഒരു ശൈഖിന്റെ മാര്‍ഗദര്‍ശകത്വമില്ലാതെ ഒരിക്കലും സാധ്യമാകയില്ല...സ്വൂഫികളുടെ ഏറ്റം മഹോന്നതമായ ഉദ്ദേശ്യം തങ്ങളുടെ ഇഖ്‌ലാസ്വുമായി സമുന്നതപദവികളിലേക്ക് ആരോഹണം ചെയ്യുക എന്നതാണ്. എന്തെങ്കിലും പ്രത്യേക പ്രതിഫലം കാംക്ഷിക്കാതെ, അവന്റെ സംതൃപ്തി മാത്രം ലക്ഷീകരിച്ച്(2) ആരാധിക്കുക എന്നതാണവരുടെ ലക്ഷ്യം:
(ശാശ്വതവാസത്തിനുള്ള സ്വര്‍ഗങ്ങളോ അതീവസുന്ദരികളായ സ്വര്‍ഗീയ മഹിളകളോ മുത്തുമാണിക്യങ്ങളാലുള്ള തമ്പുകളോ അല്ല സ്വൂഫികളുടെ ലക്ഷ്യം. പ്രത്യുത, മഹോന്നതനായ അല്ലാഹുവിന്റെ തിരുദര്‍ശനമാണ് അവരുടെ അഭിലാഷം. സമാദരണീയരായ ആത്മജ്ഞാനികള്‍ തങ്ങളുടെ ആരാധന കൊണ്ടുദ്ദേശിക്കുന്നത് ഇപ്പറഞ്ഞതത്രേ.)ഇപ്പറഞ്ഞ അര്‍ഥത്തിലാണ് സയ്യിദ റാബിഅത്തുല്‍ അദവിയ്യ(റ)യുടെ സുപ്രസിദ്ധ പ്രസ്താവം. അവര്‍ പറയുകയുണ്ടായി: 'നാഥാ, നിന്റെ നരകം ഭയന്നോ സ്വര്‍ഗം കൊതിച്ചോ അല്ല ഞാന്‍ നിന്നെ ആരാധിക്കുന്നത്. നിനക്ക് ഞാന്‍ ഇബാദത്ത് ചെയ്യുന്നത് നിന്നെത്തന്നെ കിട്ടാന്‍ വേണ്ടിയത്രേ.' അപ്പോള്‍, പ്രതിഫലമോ ശിക്ഷയോ, സ്വര്‍ഗമോ നരകമോ ഒന്നുമുണ്ടായിരുന്നില്ലെങ്കിലും അല്ലാഹുവിനെ ആരാധിക്കുന്നതില്‍ നിന്ന് അവര്‍ പിന്തിരിയുമായിരുന്നില്ല; തങ്ങളുടെ ഇബാദത്തുകളില്‍ ഒരു കുറവും അവര്‍ വരുത്തുകയുമില്ലായിരുന്നു. കാരണം, അവര്‍ അല്ലാഹുവിനെ ആരാധിക്കുന്നത് അല്ലാഹുവിനു വേണ്ടിയാണ്.(3) മാത്രമല്ല, അവരുടെ കര്‍മങ്ങള്‍ ഉദ്ഭൂതമാകുന്നത് പടച്ചവനോട് മാത്രമുള്ള സ്‌നേഹം നിറഞ്ഞുകവിഞ്ഞ ഹൃദയത്തില്‍ നിന്നാണ്; അവന്റെ സംതൃപ്തിയും സാമീപ്യവും തേടുന്ന മനസ്സില്‍ നിന്നാണ്. അവന്റെ ഔദാര്യങ്ങളും അനുഗ്രഹങ്ങളും കൈവരിക്കുകയും പുണ്യങ്ങളും നന്മകളും ആസ്വദിക്കുകയും ചെയ്ത ശേഷമാണ് അവര്‍ ഈ അവസ്ഥാവിശേഷത്തിലേക്കുയര്‍ന്നത്.
എന്നാല്‍ ഇപ്പറഞ്ഞതിന്റെ അര്‍ഥം, സ്വൂഫികളായ ആത്മജ്ഞാനികളും മഹാന്മാരും സ്വര്‍ഗത്തില്‍ കടക്കണമെന്ന് ആഗ്രഹിക്കുന്നില്ല എന്നോ നരകത്തില്‍ നിന്ന് ദൂരീകൃതരാകാന്‍ താല്‍പര്യമില്ലാത്തവരാണ് എന്നോ അല്ല.-തസ്വവ്വുഫിന്റെ വിരോധികളായ ചില മൂഢന്മാര്‍ അങ്ങനെയാണ് മനസ്സിലാക്കിയത്-(1)സ്വൂഫികളായ മഹാന്മാര്‍ നരകത്തെ അനിഷ്ടപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്നുണ്ട്. കാരണം, റബ്ബിന്റെ വിദ്വേഷത്തിന്റെയും കോപത്തിന്റെയും ശിക്ഷയുടെയും അടയാളമാണത്. അതുപോലെ സ്വര്‍ഗത്തെ അവര്‍ സ്‌നേഹിക്കുകയും ചോദിക്കുകയും ചെയ്യും. അല്ലാഹുവിന്റെ സ്‌നേഹത്തിന്റെയും സംതൃപ്തിയുടെയും സാമീപ്യത്തിന്റെയും ലക്ഷണമാണത് എന്നതാണ് കാരണം. ഫിര്‍ഔനിന്റെ ഭാര്യ ആസിയ ബീവി(റ) പറഞ്ഞത് അതായിരുന്നു: നാഥാ, നിന്റെ സമീപത്തായി സ്വര്‍ഗത്തില്‍ എനിക്കൊരു സദനം പണിതുതരേണമേ.
ആസിയ ബീവി(റ) സ്വര്‍ഗം ചോദിക്കുന്നതിനു മുമ്പ് സന്നിധാനവും സാമീപ്യവുമാണ് അല്ലാഹുവിനോട് അപേക്ഷിച്ചത്; വീടിനും മുമ്പേ അയല്‍പക്കമാണ് അവര്‍ ചോദിച്ചത്.
(വീടിനോടുള്ള സ്‌നേഹമല്ല ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്നത്; അവിടെ നിവസിക്കുന്നവനോടുള്ള അനുരാഗമത്രേ.) ആസിയ ബീവി(റ) സ്വര്‍ഗം അഭിലഷിച്ചത് പടച്ചവന്റെ സംതൃപ്തിയും സാമീപ്യവും സ്‌നേഹവും ലഭിക്കുന്നതിനു വേണ്ടി മാത്രമായിരുന്നു.ഇതുപോലെ അടിമയുടെ മനക്കരുത്ത് സമുന്നതവും ലക്ഷ്യങ്ങള്‍ പവിത്രവുമാകുമ്പോള്‍, ഐഹികമോ പാരത്രികമോ എന്ന വ്യത്യാസമന്യേ വൈയക്തിക നേട്ടങ്ങളും ശാരീരികാസ്വാദനങ്ങളും പരിഗണിക്കുന്നതില്‍ നിന്ന് അവന്‍ സമുന്നതനായിത്തീരും. തന്റെ ആരാധനകളിലുടനീളം ദിവ്യസ്‌നേഹവും സാമീപ്യവുമാണവന്‍ ആഗ്രഹിക്കുക. നിഷ്‌കളങ്കമായ അടിമത്തസാക്ഷാല്‍ക്കാരമാണവന്‍ ലക്ഷീകരിക്കുക. അപ്പോള്‍ ഒരാളുടെ മനക്കരുത്തിന്റെ അവസ്ഥയനുസരിച്ചാകും അവന്റെ ലക്ഷ്യം.
അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നതിലും അവന് ആരാധനകളര്‍പ്പിക്കുന്നതിലും നിന്ന് പാരത്രികസൗഖ്യമോ സ്വര്‍ഗീയ വിഭവങ്ങളുടെ ആസ്വാദനമോ ലക്ഷീകരിച്ചുകൂടാ എന്നല്ല നാം മുകളില്‍ പറഞ്ഞതിന്റെ അര്‍ത്ഥം; നരകശിക്ഷയില്‍ നിന്ന് മോചനമാഗ്രഹിച്ചുകൂടാ എന്നുമല്ല ഉദ്ദേശ്യം. അത്തരമൊരാള്‍ വഴിതെറ്റിയവനോ മാര്‍ഗഭ്രംശം വന്നവനോ ആണെന്ന് നാം പറയുന്നുമില്ല. അല്ലാഹുവിന്റെ മോക്ഷവാഗ്ദാനത്തില്‍ നിന്ന് അവന്‍ തടയപ്പെട്ടവനാണെന്ന് വാദിക്കാനും നാം തയ്യാറല്ല. മറിച്ച് അവന്‍ ഉത്തമനും അനുസരണശീലനുമായ ഒരു സത്യവിശ്വാസിയാണ്. എന്നാല്‍, അവന്റെ പദവി മുകളില്‍ പറഞ്ഞ സ്വൂഫികളുടേതില്‍ നിന്ന് താഴെയായിരിക്കും. അവരുടെ ഉദ്ദേശ്യങ്ങള്‍ പവിത്രകരവും മനക്കരുത്തുകള്‍ സമുന്നതവുമായിരിക്കും ഇഖ്‌ലാസ്വിന്റെ കാര്യത്തില്‍.
ഇമാം ജലാലുദ്ദീന്‍ സുയൂഥി(റ) പറയുന്നു: കല്‍പനകള്‍ അനുസരിക്കുന്നതും നിരോധങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നതും അല്ലാഹുവിനു വേണ്ടി മാത്രമാകുന്നു.
Leave A Comment