സ്വൂഫിയെ പ്രണയിച്ച സുന്ദരി
അഹ്മദ് ബിന്‍ സഈദ് എന്ന കൂഫക്കാരനായ ജ്ഞാനി തന്റെ പിതാവില്‍നിന്നും കേട്ട ഒരു സംഭവം രേഖപ്പെടുത്തിയത് ഇങ്ങനെ വായിക്കാം:
കൂഫയില്‍ ഭക്തനായൊരു ചെറുപ്പക്കാരനുണ്ടായിരുന്നു. നിരന്തരം പള്ളിയുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. വളരെ അത്യാവശ്യങ്ങള്‍ക്കു വേണ്ടി മാത്രമേ പള്ളിയില്‍നിന്നും അദ്ദേഹം പുറത്തു പോയിരുന്നുള്ളൂ.
വളരെ സുമുഖനും സുശീലനുമായിരുന്നു ആ ചെറുപ്പക്കാരന്‍. ആരെയും ആകര്‍ഷിക്കുന്നതായിരുന്നു ആ മുഖം. ആരെയും വശീകരിക്കുന്നതായിരുന്നു ആ വ്യക്തിത്വം.
ഒത്ത വലുപ്പം. അതിന് മാറ്റ് കൂട്ടുന്ന ആകാരവും!
പക്ഷെ, ആരാധനയിലും ദൈവ സ്മരണയിലുമായിരുന്നു അദ്ദേഹത്തിന്റെ ആനന്ദം. യുവത്വത്തിന്റെ പ്രസരിപ്പിലും ഇശ്ഖിന്റെ സ്വാദ് അദ്ദേഹം നുണഞ്ഞറിഞ്ഞു.
പള്ളിയില്‍നിന്നും വീട്ടിലേക്കും വീട്ടില്‍നിന്നും പള്ളിയിലേക്കുമായി ആ ജീവിതം മുന്നോട്ടു പോയി.
ഒരിക്കല്‍ നാട്ടിലെ സുന്ദരിയായ ഒരു ചെറുപ്പക്കാരി അദ്ദേഹത്തെ കാണാനിടയായി. ആ സുന്ദര വദനം അവളെ വല്ലാതെ ആകര്‍ഷിച്ചു.
അന്നു മുതല്‍ അവളുടെ ഹൃദയത്തില്‍ അവന്‍ കൂട് കെട്ടിത്തുടങ്ങി.
ദിവസങ്ങള്‍ കഴിഞ്ഞുപോയി.
മനസ്സിലെ ഇഷ്ടം വല്ലാതെ മൂര്‍ച്ഛിച്ചപ്പോള്‍ അത് ചെറുപ്പക്കാരനോട് തുറന്നു പറയാന്‍ തന്നെ അവള്‍ തീരുമാനിച്ചു.
ചെറുപ്പക്കാരന്‍ പള്ളിയിലേക്ക് പോകുന്ന വഴിയില്‍ അദ്ദേഹത്തെ കാത്തിരുന്നു.
ഒന്നുമറിയാത്ത ചെറുപ്പക്കാരന്‍ പതിവുപോലെ പള്ളിയിലേക്ക് ആരാധനകള്‍ക്കായി നടന്നുനീങ്ങുകയാണ്.
അടുത്തെത്തിയപ്പോള്‍ വഴിവക്കില്‍ കാത്തിരുന്ന പെണ്‍കുട്ടി അദ്ദേഹത്തെ നീട്ടി വിളിച്ചു:
'സഹോദരാ, എനിക്ക് താങ്കളോട് ഒരു കാര്യം പറയാനുണ്ടായിരുന്നു. അത് ശ്രവിക്കാന്‍ മനസ്സ് കാണിക്കുമോ?'
യുവാവ് ആ ഭാഗം ശ്രദ്ധിച്ചതുതന്നെയില്ല. ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കാതെ അദ്ദേഹം മുന്നോട്ടു നടന്നു.
നിരാശയായ ചെറുപ്പക്കാരി അവിടെത്തന്നെ നിലയുറപ്പിച്ചു. പള്ളിയില്‍നിന്നും തിരിച്ചു വരുമ്പോള്‍ സംസാരിക്കാന്‍ കഴിയുമെന്നായിരുന്നു ചിന്ത...
കുറേ കഴിഞ്ഞപ്പോള്‍ യുവാവ് ആരാധനകള്‍ കഴിഞ്ഞ് മടങ്ങിവരുന്നത് അവളുടെ ദൃഷ്ടിയില്‍ പെട്ടു.
അവള്‍ വഴിവക്കില്‍നിന്നും വീണ്ടും തന്റെ അതേ ചോദ്യം ആവര്‍ത്തിച്ചു.
'യുവാവെ, എന്നെയൊന്ന് ശ്രദ്ധിക്കുമോ... ഒരു കാര്യം പറയാനുണ്ടായിരുന്നു...'
ചെറുപ്പക്കാരന്‍ ഒരു നിമിഷം തല താഴ്ത്തി അവിടെ നിന്നു. തന്നോട് സംസാരിച്ച യുവതിയോട് ഇങ്ങനെ പറഞ്ഞു:
'സഹോദരീ, ഇത് തെറ്റിദ്ധാരണയുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലമാണ്. ഇവിടെ വെച്ച് നാം സംസാരിച്ചാല്‍ ആളുകള്‍ നമ്മെ തെറ്റിദ്ധരിക്കും. അങ്ങനെ തെറ്റിദ്ധരിക്കപ്പെടലിനെ ഞാന്‍ വെറുക്കുന്നു...'
'അത് അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്.....' യുവതി പറഞ്ഞു തുടങ്ങി. 'ജനങ്ങള്‍ ഇത് അറിയുകയും വേണം. എനിക്ക് താങ്കളോട് സ്‌നേഹമാണ്. എന്റെ ഹൃദയം അങ്ങയില്‍ ഉടക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, എന്റെയും താങ്കളുടെയും കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക.'
സംസാരം കഴിഞ്ഞ് യുവാവ് തന്റെ വീട്ടിലേക്ക് നടന്നു.
അവിടെയെത്തി വീണ്ടും ആരാധനകളില്‍ മുഴുകാനുള്ള ഒരുക്കത്തിലായിരുന്നു. പക്ഷെ, മനസ്സില്‍ യുവതിയെ കണ്ടുമുട്ടിയ ഈ സംഭവം കിടന്ന് കളിക്കാന്‍ തുടങ്ങി.
ആ വിഷയം പൂര്‍ണ്ണമായും മുറിച്ചിടണമെന്ന് ആ മനസ്സ് ആഗ്രഹിച്ചു. ആ പെണ്‍കുട്ടിയോട് പറയാനുള്ളതെല്ലാം പറഞ്ഞ് അവളെ ഇതില്‍നിന്നും പിന്തിരിപ്പിക്കണം. അല്ലാഹുവിന്റെ അടുത്ത് ശിക്ഷയെ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു അവസ്ഥയിലേക്കും ഇത് മാറാന്‍ പാടില്ല.
നമസ്‌കരിക്കാന്‍ മുന്നോട്ടു വന്ന അദ്ദേഹം ഒരു നിമിഷം പിന്നോട്ടു നിന്നു. ശേഷം, ഒരു കഷ്ണം കടലാസെടുത്ത് അതില്‍ ചില കാര്യങ്ങള്‍ എഴുതി. അതുമായി വീട്ടില്‍ നിന്നും പുറത്തിറങ്ങി.
നോക്കുമ്പോള്‍ യുവതി തല്‍സ്ഥാനത്തു തന്നെ നില്‍ക്കുന്നുണ്ടായിരുന്നു.
അദ്ദേഹം കത്ത് അവള്‍ക്കു നേരെ നീട്ടി. തിരിച്ചു നടന്നു.
അവളത് വലിയ സന്തോഷത്തോടെ സ്വീകരിച്ചു. നൂറു പ്രതീക്ഷകളായിരുന്നു മനസ്സില്‍. അതിന്റെ ഉള്ളടക്കം എന്താണെന്നറിയാന്‍ ഉള്ള് കൊതിച്ചു.
കത്ത് തുറന്ന് നോക്കിയപ്പോള്‍ അതില്‍ സ്വന്തം കൈപ്പടയില്‍ യുവാവ് എഴുതിവെച്ചത് ഇങ്ങനെയായിരുന്നു:
'ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം.
സഹോദരീ,
അടിമ ഒരു തെറ്റ് ചെയ്താല്‍ അല്ലാഹു ആദ്യം അത് ക്ഷമിക്കും. വീണ്ടും അവനത് ആവര്‍ത്തിച്ചാല്‍ അല്ലാഹു അത് മറച്ചുവെക്കും. മൂന്നാമതും അവനത് ആവര്‍ത്തിച്ചാല്‍ അല്ലാഹു അവനോട് കോപിക്കും.
അല്ലാഹുവിന്റെ കോപത്തെ താങ്ങാന്‍ ആര്‍ക്കാണ് കഴിയുക?
നീ എന്നോട് പറഞ്ഞ കാര്യം അസത്യമാണെങ്കില്‍ നിന്നോട് ഇത്രമാത്രം പറയാനേ ഞാന്‍ ഉദ്ദേശിക്കുന്നുള്ളൂ: ആകാശ ഭൂമികള്‍ തകിടം മറിയുന്ന ആ ഭയാനകമായ ദിവസത്തെ നീ ഓര്‍ക്കുക. അല്ലാഹു അല്ലാതെ അന്ന് അഭയം മറ്റൊന്നും ഉണ്ടായിരിക്കില്ല.
പിന്നെ, മറ്റൊരു കാര്യം. ഇപ്പോള്‍ എനിക്ക് എന്നെത്തന്നെ സംസ്‌കരിച്ച് കൊണ്ടുവരാന്‍ വേണ്ടപോലെ സാധിക്കുന്നില്ല. പിന്നെങ്ങനെയാണ് ഇപ്പോള്‍ നിന്നെയുംകൂടി ഞാന്‍ ഏറ്റെടുക്കുക?!
ഇനി, നീ പറഞ്ഞ കാര്യം സത്യമാണെങ്കില്‍ നിനക്ക് നിന്റെ വേദനകളെല്ലാം ഇറക്കി വെക്കാന്‍ പറ്റിയ ഒരിടം ഞാന്‍ പറഞ്ഞുതരാം. സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹുവാണത്. നിന്നെ നോക്കാനും സംരക്ഷിക്കാനും അവന്‍ എത്രയോ മതിയായവനാണ്. അവനോട് നീ നിന്റെ സ്വകാര്യങ്ങളെല്ലാം പറയുക. അവനെ വിട്ട് നമുക്ക് മറ്റെവിടേക്ക് പോകാനാണ്?!'
കത്ത് വായിച്ചു തീര്‍ന്നപ്പോള്‍ യുവതിയുടെ മനസ്സിലാല്‍ പലവിധ ചിന്തകള്‍ മിന്നിമറിയാന്‍ തുടങ്ങി.
പിന്നീട് ദിവസങ്ങളോളം അതിന്റെ ഉള്ളടക്കത്തെക്കുറിച്ച ചിന്തയിലായിരുന്നു അവള്‍.
അല്ലാഹുവിനെ ഓര്‍മിപ്പിച്ചുകൊണ്ടാണ് യുവാവ് തന്നെ പലതില്‍ നിന്നും അകറ്റാന്‍ ശ്രമിക്കുന്നതെന്ന കാര്യം അവളെ വല്ലാതെ ചിന്തിപ്പിച്ചു.
അത് അവളുടെ ഉള്ളിലെവിടെയോ ഒരു ചൂട് പടര്‍ത്തി. അതൊരു വെളിച്ചമായി പിന്നീട് മെല്ലെ മുനിഞ്ഞു കത്തിക്കൊണ്ടിരുന്നു.
ആ അല്ലാഹുവിനെ അടുത്തറിയാനും അവനെ പ്രണയിക്കാനും അവള്‍ തീരുമാനിച്ചു.
ദിവസങ്ങള്‍ അങ്ങനെ ഇഴഞ്ഞുനീങ്ങി.
ഉള്ളില്‍ വീണ്ടും ചിന്തകളുടെ തിരയിളക്കം.
പുതിയ പരിതസ്ഥിതിയില്‍ കാര്യം തീരുമാനമാക്കണമെന്ന നിശ്ചയത്തോടെ യുവതി വീണ്ടും അതേ വഴിയില്‍ യുവാവിനെ കാണാനായി ചെന്നുനിന്നു. അപ്പോഴേക്കും അവളുടെ മനസ്സ് വല്ലാതെ മാറിക്കഴിഞ്ഞിരുന്നു.
ദൂരെ നിന്നും പെണ്‍കുട്ടിയെ കണ്ട യുവാവ് ആ വഴിയെ വരാന്‍ മനസ്സ് കാണിച്ചില്ല. തിരിഞ്ഞു മറ്റൊരു വഴിക്കു പോകാന്‍ ഭാവിച്ചു.
ഇത് ശ്രദ്ധയില്‍ പെട്ട യുവതി ഉറക്കെ വിളിച്ചുപറഞ്ഞു:
'സഹോദരാ, ഒരൊറ്റത്തവണ കൂടി അങ്ങയെ കാണാന്‍ എന്നെ അനുവദിക്കണം. ഇനി, അല്ലാഹുവിന്റെ മുമ്പില്‍ വെച്ചല്ലാതെ ഞാന്‍ ്അങ്ങയെ കണ്ടുമുട്ടുകയില്ല.'
ഇത് പറഞ്ഞ് സ്ത്രീ പൊട്ടിപ്പൊട്ടി കരയാന്‍ തുടങ്ങി. ശേഷം, 'താങ്കളുടെ മനസ്സിലെ പ്രയാസങ്ങളെല്ലാം അല്ലാഹു എളുപ്പമാക്കിത്തരട്ടെ' എന്ന് യുവാവിനു വേണ്ടി പ്രാര്‍ത്ഥിച്ചു.
തനിക്ക് എന്തെങ്കിലും വിലപ്പെട്ട ഒരു ഉപദേശം നല്‍കണമെന്നായി അവസാനം ചെറുപ്പക്കാരനോട് യുവതി.
മനസ്സ് മാറിയ യുവതിക്ക് നല്ലൊരു ഉപദേശം നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചു.
'നീ നിന്റെ ശരീരത്തിന്റെ അപകടങ്ങളില്‍നിന്നും നിന്നെ കാത്തുസൂക്ഷിക്കുക...' ഇതായിരുന്നു അദ്ദേഹം നല്‍കിയ ഉപദേശം. ശേഷം, സൂറത്തുല്‍ അന്‍ആമിലെ അറുപതാമത്തെ സൂക്തം ഓതിക്കേള്‍പ്പിച്ചു. രാപ്പകലുകളില്‍ മനുഷ്യന്‍ ചെയ്യുന്ന സര്‍വ്വ ചെയ്തികളും അല്ലാഹു വ്യക്തമായി അറിയുന്നുണ്ടെന്ന് അവളെ ബോധിപ്പിച്ചു.
ഇതെല്ലാംകൂടി കേട്ടപ്പോഴേക്കും യുവതിയുടെ മനസ്സ് പശ്ചാത്താപം കൊണ്ട് വിനയാന്വിതമായിക്കഴിഞ്ഞിരുന്നു. ദൈവ ഭയം കൊണ്ട് അത് വിറയാര്‍ന്നുതുടങ്ങിയിരുന്നു.
തനിക്കു പറ്റിയ അബദ്ധ ചിന്തകളെക്കുറിച്ചെല്ലാം ഓര്‍ത്ത് ആ മനസ്സ് വല്ലാതെ നൊമ്പരപ്പെട്ടു. പിടിച്ചുനിര്‍ത്താനാകാതെ ആ കണ്ണുകള്‍ അണപൊട്ടിയൊലിച്ചു. ആ ഹൃദയത്തെ കഴുകിത്തുടച്ച് പരിശുദ്ധമാക്കാന്‍ മാത്രം പോരുന്നതായിരുന്നു ആ ഓരോ കണ്ണീര്‍ തുള്ളികളും.
ഈ സംഭവത്തോടെ യുവതി വീണ്ടും മാറി. പിന്നീട് സ്വന്തം വീട്ടില്‍ തന്നെയായിരുന്നു അവളുടെ ജീവിതം. നിരന്തരം ആരാധനകളിലും ദൈവസ്മരണകളിലുമായി അത് മു്‌ന്നോട്ട് ഒഴുകി.
അല്ലാഹു ആ മനസ്സിലെ ഇഷ്ട ഭാജനമായി മാറി.
സദാ ആ ചിന്ത ആ ഹൃദ്ത്തടത്തില്‍ കുളിര് പെയ്യിച്ചു.
ഒടുവില്‍, ധ്യാനനിമഗ്നമായ ആ ജീവിതം അങ്ങനെത്തന്നെ അവസാനിച്ചു. തന്റെ മനക്കൊട്ടാരത്തിലെ ഇഷ്ട ഭാജനമായ അല്ലാഹുവിങ്കലേക്ക് അവള്‍ പുഞ്ചിരിച്ചുകൊണ്ട് പറന്നുപോയി.
വിവരമറിഞ്ഞ ചെറുപ്പക്കാരന് ഇത് സഹിക്കാനായില്ല.
അദ്ദേഹം പൊട്ടിക്കരയാന്‍ തുടങ്ങി.
ഇതു കണ്ട ആളുകള്‍ അദ്ദേഹത്തോട് കാര്യമന്വേഷിച്ചു.
'മുമ്പ് അവള്‍ താങ്കളെ തേടി വന്നു. പക്ഷെ, അന്ന് അങ്ങ് അവളെ തിരിച്ചയച്ചു. എന്നിട്ട്, അവള്‍ മരിച്ചപ്പോള്‍ അങ്ങ് കരയുകയോ?... അവര്‍ ചോദിച്ചു.
യുവാവ് പറഞ്ഞു:
'ശരിയാണ്. അന്ന് അവളുടെ സര്‍വ്വ ആഗ്രഹങ്ങളെയും ഞാന്‍ മുളയിലേ നുള്ളിക്കളഞ്ഞു. വളരെ പണിപ്പെട്ടുകൊണ്ടാണ് അങ്ങനെ ചെയ്തത്. ആ ത്യാഗത്തെ നാളെ അല്ലാഹുവിന്റെ മുമ്പിലേക്കുള്ള വലിയൊരു നിക്ഷേപമായി ഞാന്‍ സമര്‍പ്പിക്കുകയായിരുന്നു. ഇപ്പോള്‍, അവളിതാ ഉന്നത ഭക്തയായി ജീവിച്ച് സുന്ദരമായി മരണപ്പെട്ടിരിക്കുന്നു. അവള്‍ കാരണം ഞാന്‍ എന്നെ നിയന്ത്രിച്ച്, അല്ലാഹുവില്‍ സമര്‍പ്പിച്ച ആ നിക്ഷേപത്തെ ഇനി നാളെ അവന്റെ അടുത്തുനിന്നും തിരിച്ചുചോദിക്കാന്‍ എനിക്ക് ലജ്ജ തോന്നുന്നു....'
അല്ലാഹുവിനെ കൊതിച്ച ഒരു പെണ്ണ് മരണപ്പെട്ടപ്പോള്‍ ഇശ്ഖിന്റെ ആഴങ്ങളില്‍ വിഹരിക്കുന്ന ആ യുവാവിന്റെ മനസ്സിനേറ്റ താപം അവര്‍ ശരിക്കും തിരിച്ചറിഞ്ഞു.
അവലംബം: www.madaniyya.com
Leave A Comment