കാമുകിയിൽ നിന്ന് ഖാലിഖിലേക്ക്
(സൂഫീ കഥ - 33)
അബ്ദുല്ലാഹ ബ്നു മുബാറക് (റ) ഒരു യുവതിയെ പ്രേമിച്ചിരുന്നു. ഒരു രാത്രി കൂടെയുള്ളവർ മദ്യ ലഹരിയിലായിരുന്നു. അദ്ദേഹം അവിടെ നിന്നെഴുന്നേറ്റു നടന്നു. തന്‍റെ കാമുകിയുടെ വീടിനടുത്തെത്തി. അവിടെ താഴെ നിന്നു. കാമുകി വീടിനു മുകളിലേക്ക് കയറി. ഇബ്നു മുബാറക് താഴെയും കാമുകി മുകളിലുമായി രണ്ടു പേരും പരസ്പരം നോക്കിനിന്നു.
തന്‍റെ കാമുകിയുടെ സൌന്ദര്യം ആസ്വദിച്ച് ഇബ്നു മുബാറക് അവിടെ ഒരേ നിൽപായിരുന്നു. നേരം പോകുന്നത് അറിഞ്ഞതേയില്ല. സുബ്ഹ് ബാങ്ക് കൊടുക്കുന്നത് കേട്ടപ്പോൾ അദ്ദേഹം വിചാരിച്ചത് അത് ഇശാ ബാങ്ക് ആണെന്നായിരുന്നു. സൂര്യനുദിച്ചുയർന്നപ്പോഴാണ് താൻ രാത്രി മുഴുവനും കാമുകിയുടെ സൌന്ദര്യത്തിൽ ലയിച്ചിരിക്കുകയായിരുന്നുവെന്ന് മനസ്സിലായത്. തദവസരം അദ്ദേഹത്തിന് ബോധോദയമുണ്ടായി. അദ്ദേഹം സ്വന്തത്തോടു തന്നെ പറഞ്ഞു:
“ഇബ്നു മുബാറകേ, നീ എത്ര മോശത്തരമാണ് ചെയ്യുന്നത്. നിന്‍റെ ദേഹേഛക്കു വിധേയനായി നീ രാവ് മുഴുവനും നിന്‍റെ കാലിൽ നിന്നു. എന്നിട്ടും ഒരു മടുപ്പും തോന്നിയില്ല. എന്നാൽ ഇമാമെങ്ങാനും നിസ്കാരത്തിൽ അൽപം നീളം കൂടിയ സൂറത് ഓതിയാൽ നിനക്ക് ആകെ ഭ്രാന്തു പിടിക്കും. അപ്പോൾ നീ ഈ പറഞ്ഞു നടക്കുന്ന ഈമാനിന്‍റെ അർഥമെന്താണ്?”
അങ്ങനെ അദ്ദേഹത്തിനു മനം മാറ്റമുണ്ടായി. മനസ്താപമുണ്ടായി. പശ്ചാതപിച്ചു. ആത്മീയ ജ്ഞാനം നേടി. അങ്ങനെ ആത്മീയതയുടെ ഉന്നതങ്ങളിലെത്തി. എത്രത്തോളമെന്നോ...
ഒരിക്കലദ്ദേഹത്തിന്‍റെ മാതാവ് അദ്ദേഹത്തെയന്വേഷിച്ച് തോട്ടത്തിൽ ചെന്നു. അദ്ദേഹം സുഖമായി ഉറങ്ങുകയായിരുന്നു. തൊട്ടടുത്തൊരു സർപ്പമുണ്ട്. സർപ്പത്തിൽ വായയിൽ തുളസിച്ചെടുയുടെ ഒരു കമ്പുമുണ്ട്. ആ കമ്പുകൊണ്ട് ഇബ്നു മുബാറകിന്‍റെ ശരീരത്തിലേക്ക് വരുന്ന ഈച്ചകളെ ആട്ടുകയായിരുന്നു ആ പാമ്പ്.
കശ്ഫ് - 306