മഹല്ലുകള്‍ കാര്യക്ഷമമാക്കാന്‍ ചില പ്രായോഗിക വഴികള്‍

കേരളത്തിലെ മുസ്‌ലിം പരിസരത്ത് അധികരിച്ച് കൊണ്ടിരിക്കുന്ന അധാര്‍മികവും അസാംസ്‌കാരികവുമായ ചെയ്തികള്‍ക്ക് ഒരളവോളമെങ്കിലും അറുതിവരുത്താന്‍ മഹല്ല് കമ്മിറ്റികള്‍ക്ക് സാധ്യമാവേണ്ടതാണ്. പള്ളിദര്‍സും മദ്രസയും സ്‌കൂളും മറ്റും സ്തുത്യര്‍ഹമായ നിലയില്‍ തന്നെയാണ് മിക്ക മഹല്ലുകളും നടത്തിവരുന്നത് .അത് കൊണ്ട് മാത്രം മതിയാക്കാതെ മഹല്ല് നിവാസികളുടെ സമഗ്രമായ പുരോഗതി സാധ്യമാക്കാന്‍ തങ്ങളുടെ കര്‍മ മേഖലയില്‍ വേണ്ടുന്ന ശാസ്ത്രീയവും കാലോചിതവുമായ മാറ്റം അതെങ്ങനെയാവണം എന്നതിനെ സംബന്ധിച്ചുള്ള ആലോചന അനിവാര്യമായിരിക്കുന്നു. മഹല്ലുകാരുടെ മതകീയ വിദ്യാഭ്യാസ സാമ്പത്തിക പശ്ചാത്തലത്തെപ്പറ്റിയുള്ള ഒരു സര്‍വ്വേയാണ് ആദ്യം വേണ്ടത്. 

മഹല്ലിനെ സംബന്ധിച്ച് സംസാരിക്കുമ്പോള്‍ പതിനഞ്ച്-ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മഹല്ലിന്റെ സ്ഥിതിയും മഹല്ല് ഭരിച്ച മഹാരഥന്മാരുടെ രീതികളും ഒന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. ഇത്രയൊന്നും ജനസാന്ദ്രതയില്ലാത്തതും സാമ്പത്തിക പുരോഗതി നേടാത്തതുമായ പ്രദേശങ്ങളായിരുന്നു മിക്കവയും. മഹല്ലിലെ പൗരപ്രമുഖരായ കാരണവന്മാര്‍ക്ക് പ്രദേശത്തെ ഓരോ മുക്കുമൂലകളും, കുടുംബങ്ങളെക്കുറിച്ചും, കുടുംബങ്ങളിലെ കെട്ടുബന്ധങ്ങളെ സംബന്ധിച്ചും നല്ല അവബോധമുളളവരായിരുന്നു. മഗ്‌രിബിനും ഇശാഇനുമിടയില്‍ പള്ളിയിലെ സ്രാമ്പിയിലിരുന്ന് മഹല്ല് നിവാസികളുടെ ജീവിതരീതിയിലെ ശരിതെറ്റുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. ഇന്ന് സാമ്പത്തികമായി ഉയര്‍ന്നെങ്കിലും അവശതയനുഭവിക്കുന്ന എത്രയോ കുടുംബങ്ങള്‍ എത്രയെത്ര പ്രദേശത്തുണ്ട്. അവരെയും കൂടി വിശ്വാസത്തിലെടുത്ത് അവര്‍ക്ക് ആശ്വാസകരമായ പദ്ധതികളും ആവിഷ്‌കരിക്കണം. ഇവിടെയാണ് സര്‍വ്വേയുടെ പ്രസക്തി. ഭരണ നിര്‍വ്വഹണം സുതാര്യവും എളുപ്പവുമാക്കാന്‍ നാലു ഡിവിഷനായി തിരിച്ച് വിദ്യാഭ്യാസം, വിവാഹം, ചാരിറ്റി, പ്രബോധനം എന്നിവ സബ്കമ്മിറ്റികളുടെ കീഴിലാക്കാവുന്നതാണ്. 

വിദ്യാഭ്യാസം:

പ്ലസ് ടു കഴിഞ്ഞാല്‍ തുടര്‍ പഠനങ്ങളാണ് മിക്ക രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും അലട്ടുന്ന പ്രശ്‌നം. അത്തരക്കാരെ സമീപിക്കുകയും അവരുടെ മാര്‍ക്കും മാനസികനിലയും താത്പര്യവും സാമ്പത്തിക ശേഷിയും വേണ്ട വിധം മനസ്സിലാക്കുകയും അര്‍ഹിക്കുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കാനും ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാനും മഹല്ലിന്റെ വിദ്യാഭ്യാസ സബ്കമ്മിറ്റിക്ക് കഴിയണം. 

ചാരിറ്റി ഡിവിഷന്‍:

സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട, അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടി സാമൂഹ്യ ക്ഷേമ വകുപ്പടക്കം സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ പല പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. അത്തരം ആനുകൂല്യങ്ങളെല്ലാം അധികവും സാമര്‍ഥ്യമുള്ളവര്‍ പിന്‍വാതിലിലൂടെ തട്ടിയെടുക്കാറാണ് പതിവ്. സ്വന്തം നിലയില്‍ മഹല്ലിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പം സര്‍ക്കാറിന്റെ ആനുകൂല്യങ്ങളും അര്‍ഹരായവര്‍ക്ക് വേണ്ടി പരമാവധി പ്രയോജനപ്പെടുത്താനും മഹല്ലിന്റെ ചാരിറ്റി വിഭാഗത്തിന് ചുമതല നല്‍കാവുന്നതാണ്. അത് പോലെ നാട്ടിലെയും വിദേശങ്ങളിലെയും സന്നദ്ധ സംഘടനകളെയും സേവന തത്പരരായ വ്യക്തിത്വങ്ങളെയും സഹകരിപ്പിച്ച് കൊണ്ട് ഒരു വിവാഹനിധിക്ക് രൂപം നല്‍കുക വഴി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സഹായമെത്തിക്കുകയെന്ന മഹത്തായ ദൗത്യവും കൂടി മഹല്ലിന്റെ ചാരിറ്റി ഡിവിഷനില്‍ പ്രാവര്‍ത്തികമാക്കാവുന്നതാണ്. 

വിവാഹങ്ങള്‍ക്ക് ഓഡിറ്റോറിയം: ഓരോ മഹല്ലിലും ഓഡിറ്റോറിയം നിര്‍മ്മിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിട്ടുണ്ട്. ഒരു പറമ്പില്‍ ഒരു വീട് എന്ന സ്ഥിതിയില്‍ നിന്ന് പറമ്പില്‍ മൂന്നും നാലും വീടുകള്‍ ഉയരുകയും സ്ഥലം ചുരുങ്ങുകയും ചെയ്യുന്നു. ഗ്രാമപ്രദേശങ്ങള്‍ അതിവേഗം നഗരവത്കരിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളമെന്ന് പല ചലനങ്ങളും തെളിയിക്കുന്നു. കല്യാണ പന്തലിനും ഭക്ഷണസൗകര്യത്തിനും അയല്‍ക്കാരന്റെ സ്ഥലം മാത്രമല്ല വീട് മുഴുവനും തന്നെ ഉപയോഗപ്പെടുത്തേണ്ടിവരുന്നു. ഇത് മൂലം മോഷണം തുടങ്ങിയ അരുതാത്ത പ്രവണതകളും അരങ്ങേറുന്നു. മഹല്ല് കമ്മിറ്റികള്‍ മദ്രസയും സ്‌കൂളും മറ്റും നടത്തുന്നത് പോലെ വിവാഹങ്ങള്‍ക്കും മറ്റു സാംസ്‌കാരിക പരിപാടികള്‍ നടത്താന്‍ കഴിയുന്ന വിധം സൗകര്യപ്രദമായ ഒരു ഓഡിറ്റോറിയവും കൂടി നിര്‍മ്മിക്കേണ്ടത് അനിവാര്യമാണ്. 

പ്രബോധനം:

മനോഹരങ്ങളായ മസ്ജിദുകളും മദ്രസകളും കോളേജുകളും ഓരോ പ്രദേശങ്ങളിലും ലാന്റ് മാര്‍ക്ക് അടയാളപ്പെടുത്താവുന്ന വിധം ഉയര്‍ന്ന് കൊണ്ടിരിക്കുന്നു. വിഭ്രമമില്ലാത്ത വിധം മതസംഘടനകളുടെ വാര്‍ഷിക വിദ്യാഭ്യാസ ബിരുദദാന സമ്മേളനങ്ങള്‍ കൊണ്ട് അന്തരീക്ഷം മുഖരിതമാണ്. എന്നാല്‍ ചാനലുകളും പത്രങ്ങളും ദുഃഖകരമായ വാര്‍ത്തകളാണ് നമുക്ക് നിത്യവും തന്ന് കൊണ്ടിരിക്കുന്നത്. പിടിക്കപ്പെടുന്ന കുറ്റവാളികളില്‍ മുഴുവനെന്ന് തന്നെ പറയട്ടെ മുസ്‌ലിം നാമങ്ങളാണ്. പതിനെട്ടും ഇരുപതും ഇരുപത്തിരണ്ടും വയസ്സുള്ള സുന്ദരമായ പേരുകളില്‍ അറിയപ്പെടുന്ന മുസ്‌ലിം ചെറുപ്പക്കാരാണ് എല്ലാവിധ കുറ്റകൃത്യങ്ങളിലും എത്തിനില്‍ക്കുന്നത്. ഇതിലൂടെ നമ്മുടെ മതഭൗതിക വിദ്യാഭ്യാസ സംരംഭങ്ങളും പ്രഭാഷണ പ്രബോധന പ്രവര്‍ത്തനങ്ങളും വേണ്ടരീതിയിലാകുന്നില്ല എന്നാണല്ലോ അനുമാനിക്കേണ്ടത്.

മതവിഷയങ്ങളില്‍ അകന്ന് നില്‍ക്കുന്നവരെ സമീപിക്കുകയും അവരുമായി കലഹിക്കാതെ മാതൃകാപരമായി ഇടപെടാന്‍ മഹല്ലിന്റെ പ്രബോധന ചുമതലയുള്ളവര്‍ക്ക് കഴിയണം. എല്ലാ സബ്കമ്മിറ്റികളിലും ഖാളി, ഖതീബ് തുടങ്ങിയ പണ്ഡിതന്മാരെയും വേണമെങ്കില്‍ മഹല്ലിന് പുറത്തുള്ള കൊള്ളാവുന്ന വ്യക്തിത്വങ്ങളെയും അഡീഷണല്‍ മെമ്പര്‍മാരായി ഉള്‍പ്പെടുത്താവുന്നതുമാണ്. എല്ലാ മഹല്ലുകളുടേയും ഭരണനിര്‍വ്വഹണത്തിന് ഒരേകീകൃത സ്വഭാവം രൂപപ്പെടുത്തേണ്ടതുണ്ട്. ദീര്‍ഘവീക്ഷണത്തോടെ ധിഷണാശാലികളായ പണ്ഡിതര്‍ പടുത്തുയര്‍ത്തിയ കേരളത്തിലെ മദ്രസ (SKIMVB Board) പ്രസ്ഥാനം ലോകമുസ്‌ലിംകള്‍ക്ക് തന്നെ മാതൃക കാട്ടിയതാണ്. അത്‌പോലെ പ്രവര്‍ത്തന ക്ഷമതയുള്ള ഒരു മഹല്ല് ബോര്‍ഡിനു രൂപം നല്‍കാന്‍ ഉലമാ-ഉമറാ നേതൃത്വം ആലോചന നടത്തേണ്ടത് അനിവാര്യമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter