സ്വയം മാറുന്നുവെങ്കില്‍ എല്ലാം ഹാപ്പി തന്നെ...

2016 ല്‍നിന്ന് 2017 ലേക്കുള്ള മാറ്റം ആശംസിക്കുന്ന തിരക്കിലാണ് പലരും. അതേസമയം, അതങ്ങനെ ആശംസിക്കേണ്ടതല്ലെന്ന് പറയുന്നവരുമുണ്ട് മറുഭാഗത്ത്. ഒന്ന് ചിന്തിച്ചാല്‍ ഈ മാറ്റം കേവലം എഴുത്തില്‍ മാത്രമല്ലേയുള്ളൂ. അതൊഴിച്ചാല്‍, ഇന്നലെയില്‍നിന്ന് ഇന്നിന് എന്ത് മാറ്റമാണുള്ളത്. എല്ലാം ഇന്നലത്തേത് പോലെ തന്നെ. അങ്ങനെയെങ്കില്‍ കേവലം ഒരു ഡിജിറ്റ് മാറ്റം, അത്രയേയുള്ളൂ.
എന്നാല്‍, ഇത്തരം മാറ്റങ്ങളെയൊക്കെ നമുക്ക് ജീവിതത്തിലേക്ക് കൂടി പരാവര്‍ത്തനം ചെയ്യാനായാലോ, അത് വലിയൊരു മാറ്റമാകും. ഓരോ ദിവസത്തെയും ഉണര്‍ന്നെണീക്കലിനെ ഒരു പുതുദിവസമായി മാത്രമല്ല, പുതുജീവിതമായി കാണുന്നവരാണ് വിശ്വാസികള്‍. മരിപ്പിച്ച ശേഷം പുനര്‍ജ്ജീവിപ്പിച്ച പടച്ചതമ്പുരാന് സ്തുതികളര്‍പ്പിച്ചാണല്ലോ നാമൊക്കെ എണീക്കുന്നത്. എങ്കില്‍ 2017 ഉം ഒരു പുനര്‍ജ്ജീവന്‍ തന്നെ.
മരണം ആസന്നമാവുന്നതോടെ എന്തും ഏതും മറക്കാനും പൊറുക്കാനും ഏറ്റവും നല്ല ജീവിതം നയിക്കാനും തയ്യാറാകുന്നു എന്നതാണ് മനുഷ്യപ്രകൃതി. മരണം മുന്നില്‍കാണുന്ന അസുഖങ്ങള്‍ പിടിപെടുമ്പോഴേക്കും അതുവരെയുള്ള വാശിയും പിണക്കങ്ങളുമെല്ലാം നാം മറക്കുന്നു, അഥവാ, കളങ്കമല്ലാത്ത ഹൃദയത്തിന്റെ ഉടമകളായി മാറുന്നു എന്നര്‍ത്ഥം.
അത്തരം ഒരു മാറ്റം നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരാനായിരിക്കട്ടെ നമ്മുടെ ഈ വര്‍ഷമാറ്റം നമ്മെ സഹായിക്കേണ്ടത്.
കഴിഞ്ഞ വര്‍ഷം നാം പിണങ്ങി നിന്ന ബന്ധുക്കള്‍, കൂട്ടുകാര്‍, അയല്‍വാസികള്‍, എല്ലാം പൊറുത്ത് പൊറുപ്പിച്ചും അവരുമായെല്ലാം ബന്ധം വിളക്കിച്ചേര്‍ത്ത് സുദൃഢമായ സാമൂഹിക ബന്ധങ്ങളുള്ള 2017...

ബാധ്യതകള്‍ വേണ്ടവിധം നിറവേറ്റാനായിട്ടില്ലാത്ത നമ്മുടെ മാതാപിതാക്കള്‍, ഭാര്യാ-ഭര്‍തൃ-സന്താനങ്ങള്‍, ഗുരുജനങ്ങള്‍..... എല്ലാവര്‍ക്കും അര്‍ഹമായ പരിഗണനയും സ്‌നേഹവും നല്‍കുന്ന 2017...
മനസ്സ് കൊണ്ടോ വാക്ക് കൊണ്ടോ പ്രവൃത്തികൊണ്ടോ നാം വേദനിപ്പിക്കാന്‍ ഇടയായവര്‍, അവരോടെല്ലാം മാപ്പ് പറഞ്ഞ് മേലില്‍ മധുരം മാത്രം സമ്മാനിക്കുന്ന 2017...
ജീവിതത്തില്‍ എവിടെയോ എപ്പോഴോ നമുക്ക് വേദന ഉണ്ടാക്കിയവര്‍, അവര്‍ക്കെല്ലാം മനസ്സറിഞ്ഞ് മാപ്പ് നല്‍കി, എല്ലാവര്‍ക്കും ആത്മാര്‍ത്ഥമായി നന്മ മാത്രം കാംക്ഷിക്കുന്ന 2017...
പടച്ചതമ്പുരാനുമായുള്ള ബന്ധത്തില്‍ പറ്റിപ്പോയ അബദ്ധങ്ങള്‍ക്ക്, വരുത്തിയ വീഴ്ചകള്‍ക്ക്, എല്ലാം പശ്ചാത്തപിച്ച് കൂടുതല്‍ സജീവമായ ബന്ധം കാത്ത് സൂക്ഷിക്കുന്ന 2017...
ഇത്തരം ഒരു മാറ്റത്തിന് നാം ഈ അവസരം ഉപയോഗപ്പെടുത്തുന്നുവെങ്കില്‍, തീര്‍ച്ചയായും പുതുവര്‍ഷമെന്നല്ല, ഓരോ മാസവും ഓരോ ദിവസവും ഓരോ നിമിഷം പോലും ഹാപ്പിയായിരിക്കും. എങ്കിലേ ഹാപ്പിയാവൂ...
Leave A Comment