സമ്മേളനം നടത്തിയാല്‍ പൊളിഞ്ഞുവീഴുമോ മാപ്പിളപ്പെണ്ണിന്റെ ആകാശം?
പ്രത്യേകം ഇഷ്യൂകള്‍ ഉയര്‍ന്നുവരുമ്പോള്‍ മാത്രം ചര്‍ച്ചകള്‍ ചൂടുപിടിക്കുകയും പിന്നീട് ക്രിയാത്മകമായ ഫലങ്ങളേതുമില്ലാതെ കെട്ടടങ്ങുകയും ചെയ്യുന്ന കാര്യങ്ങളായി മാത്രം മാറിയിരിക്കുന്നു കേരളത്തിലെ മുസ്‌ലിം സ്ത്രീയുടെ മത സാമൂഹിക വിദ്യാഭ്്യാസ നിലയും ജീവിത വര്‍ത്തമാനവും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഇലക്ഷന്‍ കാലത്ത് 50 ശതമാനത്തോളം വരുന്ന സ്ത്രീയുടെ അനിവാര്യ സംവരണ സീറ്റുകള്‍ നികത്തുകയെന്ന ലക്ഷ്യത്തോടെ ‘ഇങ്ങനെയൊരു അനിവാര്യഘട്ടത്തില്‍’ സ്ത്രീ അരങ്ങേറ്റം നിര്‍ബന്ധമാണെന്ന തരത്തില്‍ ചര്‍്ച്ചകള്‍ രാഷ്ട്രീയമായി ചൂടുപിടിക്കുന്നു. പെണ്ണുങ്ങളെല്ലാം കൂപ്പുകൈയുമായി നിരത്തിലിറങ്ങുകയും തടസ്സങ്ങളേതുമില്ലാതെ വോട്ടുപിടുത്തവും കവനപ്രസംഗവും സജീവമാവുകയും ചെയ്തതോടെ ‘ഇനി കുഴപ്പമില്ലെന്ന’ മട്ടില്‍ അതിലെ ‘പുത്തരി’യങ്ങ് തീരുകയും കേരളത്തിന്റെ അനുഭവ മത രാഷ്ട്രീയ ചരിത്രത്തില്‍ പുതിയൊരു ‘വാതില്‍’കൂടി അവള്‍ക്കായ് തുറക്കപ്പെടുകയും ചെയ്യുന്നു.
പക്ഷെ, കേരളത്തിലെ മുസ്‌ലിം സ്ത്രീയുടെ വന്ന വഴിയെക്കുറിച്ചോ പുതിയ കാലത്തെ അഭിമുഖീകരിക്കാന്‍ അവളുടെ ‘കയ്യിലിരിപ്പ്’ പര്യപ്തമാണോ എന്നതിനെക്കുറിച്ചോ നല്ല നളേക്കു ഏതു തരം സ്ത്രീക്കൂട്ടങ്ങളെ സൃഷ്ട്രിച്ചുവിടണം എന്നതിനെക്കുറിച്ചോ മാറ്റങ്ങളേതും സ്വീകരിക്കാതെ പുതിയ കാലത്തെ ‘അനിവാര്യ’ വേക്കന്‍സികളടക്കാന്‍ ആവേശത്തോടെ റിക്രൂട്ട്‌മെന്റുകള്‍ തുടര്‍ന്നാലുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചോ വിചാരപ്പെടലുകളോ ചര്‍ച്ചകളോ ഏതും നടക്കുന്നുമില്ല. ഇത്തരത്തില്‍, കേരള മുസ്‌ലിം സ്ത്രീക്‌ളുടെ വര്‍ത്തമാനം സംതൃപ്തമാണോ എന്നും പുതിയ കാലത്തെയും പരിസരത്തെയും അഭിമുഖീകരിക്കാന്‍ അവള്‍ എങ്ങനെ സജ്ജീകരിക്കപ്പെടണമെന്നുമുള്ള ഒരു അന്വേഷണത്തിന് പ്രസക്തിയുണ്ട്.
കേരളത്തിലെ 80 ശതമാനം വരുന്ന സ്ത്രീകള്‍ ഇപ്പോഴും ആറോ എട്ടോ ക്ലാസ് വരെ എത്തുന്ന മദ്‌റസ പഠനത്തിലും പ്ലസ് ടു വരെ എത്തുന്ന സ്‌കൂള്‍ പഠനത്തിലും ഒതുങ്ങിക്കഴിയുന്നവര്‍ തന്നെയാണെന്നതാണ് അവസ്ഥ. വിദ്യാഭ്യാസാഭിമുഖ്യം ഒരു ട്രന്റായി മുസ്‌ലിം പെണ്‍കുട്ടികളെ ബാധിക്കുന്നുണ്ടെങ്കിലും വലിയൊരു ശതമാനം ഇപ്പോഴും ആ വൃത്തത്തിനു പുറത്തുതന്നെയാണ് നില്‍ക്കുന്നത്. സ്ത്രീകള്‍ ഒതുങ്ങിക്കഴിയേണ്ടവളല്ല; അവള്‍ പുറത്തിറങ്ങണമെന്ന നിരന്തരമായ പുറംവിളികളുടെ ഉള്‍കുത്തുകള്‍ നിമിത്തമോ ഔദ്യോഗിക വേദിയില്‍ ഒരു ജോലി എന്ന ‘പൊതുസ്വപ്‌ന’ത്തിന്റെ ഭാഗമായോ മാത്രമാണ് പുറത്തിറങ്ങുന്നവരില്‍തന്നെ വലിയൊരു ശതമാനവും പഠിപ്പിനിറങ്ങുന്നത്. അതാവട്ടെ മതേതര ചിന്താപ്രവാഹത്തില്‍ ലയിച്ച് പറയത്തക്ക റിസള്‍ട്ടുകളേതുമില്ലാതെ, പലതില്‍ ഒന്നായി, അവള്‍ എത്തേണ്ടിടത്ത് എത്തുന്നു എന്നുമാത്രം. വര്‍ത്തമാന കാലത്തെ നൂറുനൂറു പ്രശ്‌നങ്ങള്‍ക്കു മുമ്പില്‍ അവയെ ക്രിയാത്മകമായി നേരിടാനും മതകീയമായി നേര് നിര്‍ണയിക്കാനും കെല്‍പും തന്റേടവുമുള്ള ഒരു പട മതത്തിന്റെ വൃത്തത്തിനുള്ളില്‍ ഉയര്‍ന്നുവരുന്നില്ലായെന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ഏറ്റവും ചുരുങ്ങിയത് ഇസ്‌ലാമിന്റെ സമഗ്രതയെ തിരിച്ചറിയുകയും ബോധപൂര്‍വം ഇസ്‌ലാമിനെ ജീവിത രീതിയായി സ്വീകരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണ്.
സ്ത്രീകളുടെ അങ്ങാടിയെഴുന്നള്ളിപ്പോ പബ്ലിക് അപ്പിയറന്‍സോ ആവശ്യമുള്ള കാര്യമൊന്നുമല്ല ഇത്. അതില്ലാതെത്തന്നെ ബോധത്തോടെയും ജ്ഞാനത്തോടെയും ഇസ്‌ലാമിക ജീവിതം നയിക്കുന്നവര്‍ ഈ നാട്ടില്‍ കഴിഞ്ഞുപോയിട്ടുണ്ട്. ഇസ്‌ലാമിന്റെ അവകാശപ്രമാണങ്ങള്‍ ആസ്വദിക്കുകയും അവയെക്കുറിച്ച അവബോധം നിലനിര്‍ത്തുകയും ചെയ്യുന്ന ആത്മാഭിമാനമുള്ള സ്ത്രീത്വം മലയാളത്തില്‍നിന്നും എന്തുകൊണ്ട് കാണമറയത്താവുന്നുവെന്നതാണ് നമ്മുടെ ചോദ്യം. ഇവിടത്തെ വര്‍ത്തമാനകാല സംവിധാനങ്ങള്‍ സ്ത്രീയെ പരിഗണിക്കുന്നുണ്ടോ? സംഘടനകള്‍ അവളുടെ ക്രിയാത്മക വളര്‍ച്ചക്ക് അനുകൂലമാകുംവിധം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയാനാകുമോ? അല്ലെങ്കില്‍, ഇങ്ങനെയൊക്കെത്തന്നെയാണോ ഇസ്‌ലാം സ്ത്രീക്ക് അനുവദിച്ചുനല്‍കുന്ന ജ്ഞാന പരിസരം? പ്രമാണങ്ങള്‍ ഒന്ന് പറയുകയും വര്‍ത്തമാന പ്രായോഗിക തലത്തില്‍ മറ്റൊന്ന് നടക്കുകയും ചെയ്യുന്ന ഇക്കാലത്ത് കേരളത്തിലെ മുസ്‌ലിം സ്ത്രീയുടെ സ്ഥാനം എവിടെയാണെന്ന് നിര്‍ണയിക്കല്‍ അനിവാര്യമായിരിക്കുന്നു. കാരണം, പ്രമാണം, അത് പരിചയപ്പെടുത്തുന്ന പണ്ഡിതന്മാര്‍, പാശ്ചാത്യന്‍ ചുവയുള്ള പ്രായോഗിക പരിസരം എന്നീ ത്രിമാനങ്ങള്‍ക്കിടയില്‍ ന്യായീകരിക്കപ്പെടാനാവാത്ത പുതിയൊരു തലം വരിച്ചിരിക്കുന്നു ഇന്ന് സ്ത്രീ ജീവിതം.
ചരിത്രത്തിലെ സ്ത്രീ മുഖം
പുതിയ കാലത്തെ സ്ത്രീവാദികള്‍ പറയുന്നപോലെ എല്ലാ മേഖലയിലും പുരുഷനെപ്പോലെത്തന്നെ സ്ത്രീ ആവണമെന്ന് ആഗ്രഹിക്കുന്നത് അയുക്തിയാണ്. എന്നാല്‍, ഒരു മനുഷ്യനെന്ന നിലക്ക് പുരുഷന്‍ ആസ്വദിക്കുന്ന സര്‍വ്വ സ്വാതന്ത്ര്യവും ഇസ്‌ലാം സ്ത്രീക്കും അനുവദിക്കുന്നുണ്ട്. പ്രവാചകരുടെ മദീനയിലും ഖുലഫാഉര്‍റാശിദയുടെ ഭരണത്തിനു കീഴിലും സ്ത്രീകള്‍ ഈ സ്വാതന്ത്ര്യം ആസ്വദിച്ചിരുന്നു. ഇവിടെ സ്വാതന്ത്ര്യം എന്നത് പുതിയ കാലത്തെ പാശ്ചാത്യന്‍ പരിസരത്തില്‍നിന്നും ഉല്‍ഭവംകൊണ്ട ഒരു പദമാണ്. ആയതിനാല്‍, പ്രശ്‌നവല്‍കരിച്ചുകൊണ്ടുമാത്രമേ അതിനെ മനസ്സിലാക്കാനാവൂ. പുരുഷനെപ്പോലെയുള്ള സ്വതന്ത്രമായ സൈ്വരവിഹാരവും ഇറങ്ങിപ്പോക്കും ഈ പരിസരത്തില്‍നിന്നും രൂപംകൊണ്ടതാണ്. ഇസ്‌ലാമിലെ ഏറ്റവും പ്രതിഫലാര്‍ഹമായ ആരാധനകളിലൊന്നായ ഹജ്ജുകര്‍മത്തിന് പുറപ്പെടുന്ന സമയത്തുപോലും സ്ത്രീയോടൊപ്പം വിവാഹം നിഷിദ്ധമായ ഒരു ബന്ധു കൂടെയുണ്ടാവണമെന്നാണ് നിയമം. സ്ത്രീ സ്ത്രീയായതിനാല്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടുവേണം ഇതിനെ മനസ്സിലാക്കാന്‍.
എന്നാല്‍, ഇസ്‌ലാമിക ചരിത്രത്തില്‍ സ്ത്രീ സാന്നിദ്ധ്യം സജീവമായി ഉണ്ടായിട്ടുണ്ട്. ഇസ്‌ലാം വിഭാവന ചെയ്യുന്ന പരിമിതികള്‍ക്കുള്ളില്‍ അവള്‍ക്ക് തന്റെതായ ലോകങ്ങള്‍ കീഴടക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. ഫറോവയുടെ ധിക്കാരത്തിനെതിരെ വിശ്വാസംകൊണ്ട് പൊരുതിയ ആസിയ ബീവിയും ജൂതന്മാരുടെ അധിക്ഷേപങ്ങള്‍ വകവെക്കാതെ ഈമാന്‍കൊണ്ട് പരിച തീര്‍ത്ത മര്‍യം ബീവിയും വിശ്വാസത്തിന്റെ ആദ്യവെളിച്ചം ആവാഹിച്ച് എന്നും പ്രവാചകരോടൊപ്പം നിന്ന ഖദീജ ബീവിയും ഹദീസ് പണ്ഡിതയായ ആയിശ ബീവിയും ദാരിദ്ര്യത്തിന്റെ സപ്തസമുദ്രങ്ങള്‍ താണ്ടി അലിയാരോടൊപ്പം ഉറച്ചുനിന്ന ഫാഥിമ ബീവിയും അനുഭവങ്ങളുടെ മഹാ ലോകങ്ങളാണ്. സുഫിയാനുസ്സൗരിയോടൊപ്പം ആദ്ധ്യാത്മിക ലോകത്ത് വിരാജിച്ച റാബിയത്തുല്‍ അദവിയ്യയും ഇമാം ശാഫിഈയോടൊപ്പം ജ്വലിച്ചുനിന്ന നഫീസത്തുല്‍ മിസ്‌രിയ്യയും ചരിത്രത്തിലെ സ്ത്രീ ഉണര്‍വിന് തെളിച്ചം പകരുന്നു. ഇങ്ങനെ ഓരോ നൂറ്റാണ്ടിലും ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പ്രഭ ചുരത്തി നിറഞ്ഞുനിന്ന മഹതികള്‍ കടന്നുവന്നിട്ടുണ്ട്. അമവി കാലത്തും അബ്ബാസി കാലത്തുമെല്ലാം ഇത്തരം സ്ത്രീ സാന്നിധ്യങ്ങള്‍ കണ്ടെത്താന്‍ കഴിയും.
അധ്യയനത്തിന്റെയും അധ്യാപനത്തിന്റെയും മേഖലകളായിരുന്നു എന്നും സ്ത്രീ ഉണര്‍വിന്റെ ഉറവിടങ്ങള്‍. ഇസ്‌ലാമിക ചരിത്രത്തില്‍ ഈ രംഗങ്ങളില്‍ വെളിച്ചം പകര്‍ന്ന മഹതികള്‍ അനവധിയുണ്ട്. ബാഗ്ദാദിനെയും ഡമസ്‌കസിനെയും ഈജിപ്തിനെയും കേന്ദ്രീകരിച്ച് ഇസ്‌ലാമിക നാഗരികത വളര്‍ന്നുപന്തലിച്ച കാലങ്ങളിലും വിഖ്യാതരായ സ്ത്രീ ജനങ്ങള്‍ ഈ മേഖലയെ ജാജ്വല്യമാനമാക്കിയതായി കാണാന്‍ കഴിയും. അതിനെല്ലാം പുറമെ, വിശ്വപ്രസിദ്ധരായ ജ്ഞാനികള്‍ക്കെല്ലാം മതബോധവും തന്റേടവുമുള്ള ഉമ്മമാരായി വര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. ദീര്‍ഘവീക്ഷണത്തോടെ മക്കളെ വളര്‍ത്തുമ്പോഴാണല്ലോ പാണ്ഡിത്യവും പ്രാഗല്‍ഭ്യവും ഒത്തിണങ്ങിയ യുഗപ്രഭാവന്മാരെ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുക.
മാപ്പിളപ്പെണ്ണിന്റെ ജ്ഞാനവഴി
അറബി മലയാളത്തിന്റെ കഴിഞ്ഞ കാല പരിസരങ്ങളില്‍ അറിവിന്റെയും അതനുസരിച്ചുള്ള പ്രവര്‍ത്തനത്തിന്റെയും വിഷയത്തില്‍ മാപ്പിളപ്പെണ്ണ് നൂറു ശതമാനം മാര്‍ക്ക് നേടിയിരുന്നുവെന്നതാണ് ഒരു വായന. ജീവിതത്തിന്റെ പ്രാകൃത പശ്ചാത്തലങ്ങളിലും അന്നത്തെ കാലത്തിനും സ്ഥലത്തിനുമനുസരിച്ചുള്ള ആപേക്ഷികമായ വളര്‍ച്ചയും മികവും അവര്‍ നേടിയിരുന്നു. ജ്ഞാനാര്‍ജ്ജനത്തിന്റെയും അതിന്റെ അനുശീലനത്തിന്റെയും വഴികളാണ് നാമിവിടെ ഊന്നല്‍ നല്‍കുന്ന മേഖലകള്‍. മുസ്‌ലിംലോകത്ത് വളര്‍ന്നുപന്തലിച്ചിരുന്ന ജ്ഞാന ശാഖകള്‍ കേരളീയമായ രൂപത്തിലും ഭാവത്തിലും അതിവിടെ പ്രചുരപ്രചാരം നേടിയിരുന്നുവെന്നുതന്നെവേണം പറയാന്‍. മാലപ്പാട്ടുകളും ഖിസ്സപ്പാട്ടുകളുമായിരുന്നുവെങ്കിലും ഗൃഹാന്തരീക്ഷങ്ങളിലായിരുന്നു അത് ഏറ്റവും കൂടുതല്‍ തഴച്ചുവളര്‍ന്നിരുന്നത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സ്ത്രീ സാക്ഷരതക്കും വിദ്യാഭ്യാസത്തിനും വേണ്ടിയായിരുന്നു മാപ്പിള സാഹിത്യങ്ങളുടെ വികാസം തന്നെ. പുരുഷന്മാരുടെ വിദ്യാഭ്യാസത്തിനും മതപഠനത്തിനും ധാരാളം സാധ്യതകളും വഴികളുമുണ്ട്.
എന്നാല്‍, സ്ത്രീകള്‍ക്കിത് ലഭിച്ചിരുന്നത് വളരെ പരിമിതമായാണ്. ഈ ഗ്യാപ്പിലാണ് സത്യത്തില്‍ അറബിമലയാള സാഹിത്യങ്ങള്‍ മാപ്പിളമാര്‍ക്കിടയില്‍ അടിച്ചുകയറിയിരുന്നത്. സ്ത്രീകേന്ദ്രീകൃതമായിരുന്നു അതില്‍ അധികം രചനകളും. കര്‍മശാസ്ത്രപരമോ അനുഷ്ഠാനപരമോ വിശ്വാസപരമോ എന്തുതന്നെയായാലും സ്ത്രീകളെ മുന്നില്‍കണ്ടുകൊണ്ടാണ് പലതും എഴുതപ്പെട്ടിരുന്നത്. അവയുടെ മാര്‍ക്കറ്റിംഗും നടന്നിരുന്നത് വീടുവീടാന്തരം കയറിയിറങ്ങിയാണ്. അതുകൊണ്ടുതന്നെ, പഴയകാല മാപ്പിളപ്പെണ്ണുങ്ങള്‍ക്ക് പലവിധത്തിലുമുള്ള പാട്ടുകളും അറിവുകളുമുണ്ടായിരുന്നു. നിസ്‌കാരപ്പാട്ടും നിക്കാഹ് മാലയും പാടി അവര്‍ കുടുംബബന്ധത്തില്‍ സൂക്ഷിക്കേണ്ട കാര്യങ്ങളും നിസ്‌കാരത്തില്‍ ശ്രദ്ധ നല്‍കേണ്ട ഭാഗങ്ങളും വിശദീകരിക്കുമായിരുന്നു. മദ്‌റസകളും മക്തബുകളും ഉയര്‍ന്നുവരാത്ത കാലത്ത് ഈ അറബി മലയാള ഗ്രന്ഥങ്ങളായിരുന്നു മൊബൈല്‍ ട്യൂട്ടര്‍മാരായി വീടുകളില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈയൊരു ജ്ഞാനാനുഭവം നേടിയവരിലെല്ലാം അതിനനുസരിച്ചുള്ള കാമ്പും കാണപ്പെട്ടിരുന്നു.
ഈയൊരു ശ്രേഷ്ഠ പാരമ്പര്യത്തിന്റെ ഭാഗമെന്നോണം അമ്പതു കൊല്ലങ്ങള്‍ക്കു മുമ്പുവരെ നമ്മുടെ നാടുകളിലെ ഓത്തുപള്ളികളില്‍ പഠിപ്പിച്ചിരുന്ന ധാരാളം സ്ത്രീകളെ നമുക്ക് കണ്ടെത്താന്‍ കഴിയും. മൊല്ലാച്ചി എന്നാണ് അവര്‍ വിളിക്കപ്പെട്ടിരുന്നത്.
സ്വന്തം വീടിന്റെ കോലായിലോ വളപ്പില്‍ സജ്ജീകരിച്ച പ്രത്യേകം ഷെഡ്ഢിലോ ആയിരുന്നു അവരുടെ ക്ലാസുകള്‍ നടന്നിരുന്നത്. എന്റെ നാട്ടില്‍ തന്നെ കഴിഞ്ഞ തലമുറയിലെ ധാരാളം ആളുകള്‍ക്ക് ക്ലാസ് നല്‍കിയിരുന്ന ഒരുമ്മയെ എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഫത്ഹുല്‍ മുഈനും അല്‍ഫിയയും ഓതിക്കൊടുത്തിരുന്ന പണ്ഡിത സ്ത്രീകളും നമ്മുടെ നാട്ടില്‍ കഴിഞ്ഞുപോയിട്ടുണ്ട്. തമീഴ്‌നാട്ടിലെ കായല്‍പട്ടണത്തും പരിസരത്തും ഇന്നും ഈയൊരു പാരമ്പര്യം കുറച്ചെങ്കിലും നിലനില്‍ക്കുന്നതായി അറിയാന്‍ കഴിഞ്ഞു. ഖുര്‍ആന്‍ മന:പാഠമാക്കുന്ന ശീലവും അവര്‍ക്കിടയില്‍ വ്യാപകമായിട്ടുണ്ട്.
ഇതെല്ലാം സൂചിപ്പിക്കുന്നത് പ്രതാപം മുറ്റിനിന്ന ഒരു പാരമ്പര്യത്തില്‍നിന്നും വര്‍ത്തമാന മുസ്‌ലിം സ്ത്രീകള്‍ പിന്നോട്ടു പോകുന്നുവെന്നതാണ്. മതമല്ല മറ്റെന്തോ ആണ് അവളെ ഇതില്‍നിന്നും പിന്നോട്ട് വലിക്കുന്നത് എന്നും.
സാഹിത്യത്തിലെ പെണ്‍ തികവ്
മാപ്പിള സാഹിത്യത്തിലെ പെണ്‍സാന്നിധ്യം വലിയൊരു വിസ്മയം തന്നെയാണ്. അറബിമലയാളം വ്യവഹാര ഭാഷയായി വിനിയോഗിക്കപ്പെട്ട കാലത്ത് ഒരു ഡസനോളം മാപ്പിള എഴുത്തുകാരികള്‍ സജീവമായി രംഗത്തുണ്ടായിരുന്നു. നടുത്തോപ്പില്‍ ആയിശ, തലശേരി കുണ്ടില്‍ കുഞ്ഞാമിന, സി.എഛ്. കുഞ്ഞായിശ, കെ.ടി. ആസിയ, പുത്തൂര്‍ ആമിന, കെ.ടി. റസിയ, കെ. ആമിനക്കുട്ടി, ജമീല ബീവി തുടങ്ങിയവര്‍ അതില്‍ ചിലര്‍ മാത്രം. അവര്‍ സജീവമായി എഴുതുകയും മാപ്പിളമാര്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ ഖദീജ ബീവി വഫാത്ത് മാല പോലോത്ത പല പ്രമുഖ രചനകളുടെയും കര്‍ത്രികളാവുകയും ചെയ്തിട്ടുണ്ട്. പുറത്തേക്കുള്ള എഴുന്നള്ളിപ്പിന്റെ ചെണ്ട കൊട്ടിയല്ല അവരിത് ചെയ്തിരുന്നത്. സഹജീവികളുടെ അഭിരുചിയും ആവശ്യവും തിരിച്ചറിഞ്ഞ് സ്വന്തമായിത്തന്നെ എഴുതി പ്രചരിപ്പിക്കാന്‍ മുന്നോട്ടുവരികയായിരുന്നു.
വര്‍ത്തമാനത്തിലെ പെണ്ണെഴുത്തും പെണ്ണിനെഴുത്തും
പെണ്ണെഴുത്തുപോലെ പെണ്ണിനെഴുത്തും മാപ്പിളമാര്‍ക്കിടയില്‍ വ്യാപകമായി ഉണ്ടായിരുന്നു. മുമ്പു സൂചിപ്പിച്ചപോലെ അറബി മലയാള സാഹിത്യങ്ങളില്‍ വലിയൊരു അളവും സ്ത്രീകളെ മാത്രം ഉന്നംവെച്ചുകൊണ്ടാണ് ജന്മംകൊണ്ടിരുന്നത്. അറബിമലയാള കേരളത്തില്‍ സ്ത്രീ സാക്ഷരത നൂറുശതമാനമായിരുന്നുവെന്ന് പറയുന്നത് അതുകൊണ്ടാണ്. 1868 ല്‍ മാപ്പിളമാര്‍ക്കിടയില്‍ പ്രിന്റ് വന്നതുമുതല്‍ 1950 വരെയുള്ള കാലം മാത്രം ഒരു ഉദാഹരമായി എടുത്തു പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാക്കാന്‍ സാധിക്കും.
എന്നാല്‍, ഇന്നത്തെ അവസ്ഥ നേരെ മറിച്ചാണ്. പെണ്ണുങ്ങളുടെ എഴുത്തും പെണ്ണിനു വേണ്ടിയുള്ള എഴുത്തും നന്നേ കുറഞ്ഞിരിക്കുന്നു. അറബിമലയാളത്തില്‍നിന്നും മാപ്പിള മുസ്‌ലിം മലയാളത്തിലേക്കു മാറ്റിച്ചവിട്ടിയതിനു ശേഷം എഴുത്തുകാരികളെപ്പോലും കാണാന്‍ സാധിക്കാതെ പോയി. പെണ്‍കേന്ദ്രീകൃതമായ വിഷയങ്ങളും പെണ്‍സംബന്ധമായ ചര്‍ച്ചകളും മറഞ്ഞുപോയി. പെണ്‍സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍മാത്രമേ പെണ്ണുമായി ബന്ധപ്പെട്ട് ഇന്നു വല്ലതും കിട്ടാനായിട്ടുള്ളൂ. എഴുത്തുകാരികളായി ആരെങ്കിലും ഉണ്ടെങ്കില്‍തന്നെ അവര്‍ മതത്തിനെതിരെ എഴുതുന്നവരേയുള്ളൂ. സംഘടനകളെല്ലാം ഒരു വനിതാ മാഗസിന്‍ ഇറക്കുന്നുവെന്നതിലപ്പുറം അവര്‍ സ്ത്രീ ഉണര്‍വിന് എന്താണ് ചെയ്യുന്നത്. ഇറങ്ങുന്ന മാഗസിനുകള്‍തന്നെ സ്ത്രീവിഷയങ്ങളോട് നീതി പുലര്‍ത്താറുണ്ടോ?
വിദ്യാഭ്യാസത്തിന്റെ വിവിധ നിലകള്‍
സ്ത്രീകളുടെ ശക്തമായ അരങ്ങേറ്റമോ സാമൂഹിക പ്രവേശമോ അല്ല ഇവിടെ ആവശ്യപ്പെടുന്നത്. പലരും കാണുന്നപോലെ പുരുഷന്മാരോടൊപ്പം സ്ത്രീയെയും ഒന്നിനൊന്ന് ഉയര്‍ത്തിക്കാണിച്ചതുകൊണ്ട് മതത്തിനു നേട്ടമൊന്നും വരാനുമില്ല. മറിച്ച്, മുങ്ങാനായ ഒരു കപ്പല്‍ പോലെ കേരളത്തിലെ സ്ത്രീകള്‍ മാറുമ്പോള്‍ അവരെല്ലാം നീന്തല്‍ പഠിക്കണമെന്നൊരു കാര്യം മാത്രമാണ് നാം പറയുന്നത്. സ്ത്രീ അവളുടെ പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യണം. വളരാന്‍ കഴിയുന്നിടത്തോളം വളരണം. വിദ്യാസമ്പന്നയും പ്രവര്‍ത്തകയും ട്രൈനറും അധ്യാപികയും എല്ലാമാവണം. അവര്‍ക്കിടയില്‍ സജീവമായൊരു ഇസ്‌ലാമിക ജാഗരണം ഉണ്ടാവണം. ഇസ്‌ലാമിനെ സ്വയം അറിഞ്ഞുകൊണ്ട് മുസ്‌ലിമായി ജീവിക്കാനുള്ള ജീവന്‍ ലഭിക്കണം. കുടുംബത്തിന്റെ ഗര്‍ഭത്തിലിരുന്ന് ഗാര്‍ഹിക കാര്യങ്ങളില്‍ (ഭക്ഷണമുണ്ടാക്കല്‍, തുണിയലക്കല്‍) മാത്രം ചുരുങ്ങിപ്പോകുന്നതില്‍ മാറ്റങ്ങളുണ്ടാകണം. നിസ്‌കാരാദി അടിസ്ഥാന ആരാധനകളുടെ ബാലപാഠമെന്നതിലപ്പുറം ഇസ്‌ലാമിന്റെ സജീവലോകങ്ങളെക്കുറിച്ചും അനുഷ്ഠാന-ആരാധനാദികളുടെ സമഗ്രതലങ്ങളെക്കുറിച്ചും യാതൊരു അറിവുമില്ലാത്തവരായിരിക്കും അധികം സ്ത്രീകളും. അവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും പുതിയ കാലത്ത് മതത്തെ മനസ്സിലാക്കേണ്ട വിധത്തില്‍ മനസ്സിലാക്കാനുള്ള സൗകര്യങ്ങളും അവസരങ്ങളും ഉണ്ടാക്കപ്പെടുകയു വേണം.
ഇത്തരം വസ്തുതകള്‍ ഇന്നത്തെ സ്ത്രീവട്ടങ്ങളില്‍ തരിമ്പും പ്രവര്‍ത്തിക്കുന്നില്ലായെന്നതുകൊണ്ടുതന്നെയാണിത്. ഇന്നും മതപഠനത്തിന്റെ പഴയ കാല പരിമിതി സ്ത്രീവട്ടങ്ങളെ നല്ലപോലെ തളര്‍ത്തിയിട്ടുണ്ട്. ഓരോ സ്ത്രീക്കും ഇസ്‌ലാമിനെയും അതിന്റെ ഓരോ വശങ്ങളെയും സമഗ്രമായി പഠിക്കാനുള്ള നാനാവിധ സൗകര്യങ്ങളും സാഹചര്യങ്ങളും ഉള്ള ഇക്കാലത്തും രണ്ടു മാസത്തിലോ നാലുമാസത്തിലോ മാത്രം കിട്ടുന്ന ഒരു നാട്ടു വയളുകൊണ്ട് മാത്രം മതം പഠിക്കാനും അനുശീലിക്കാനും നിര്‍ബന്ധിക്കപ്പെട്ടവരാണ് ഇന്നത്തെ വലിയൊരു സ്ത്രീ ഭാഗവും. വളരെ വിരളമായി മാത്രം കിട്ടുന്ന, ഒട്ടും ശാസ്ത്രീയമല്ലാത്ത ഇത്തരം നീട്ടിവയളുമായി ചുരുങ്ങിയിരിക്കുന്നു ഇവരുടെ ഇസ്‌ലാമനുഭവം. അതുകൊണ്ടുതന്നെ, കേവലം ചില നാട്ടാചാരങ്ങളുടെ കൂട്ടായ്മ എന്നതിലപ്പുറം ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ അവര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല.
തീര്‍ത്തും പരമ്പരാഗത രീതിയില്‍ തുടര്‍ന്നുവരുന്ന ഉമ്മമാരും തീര്‍ത്തും പാശ്ചാത്യന്‍ ജീവിത രീതികളോട് അഭിനിവേശം നിലനിര്‍്ത്തുന്ന ചെറുപ്പക്കാരികളുമാണ് ഇന്നത്തെ സ്ത്രീ സമൂഹത്തിന്റെ രണ്ടു വശങ്ങള്‍. ഇവയെ കൂട്ടിഘടിപ്പിക്കാനുള്ള ഏകകമാണ് പലപ്പോഴും നഷ്ടമാകുന്നത്. പുതിയ കാലത്ത് മതത്തെ അനുഭവിക്കാനും മറ്റുള്ളവര്‍ക്ക് പഠിപ്പിച്ചുകൊടുക്കാനും കഴിവുള്ള, മതത്തിലും ഭൗതികത്തിലും ത്രാണിയുള്ള സ്ത്രീ വര്‍ഗം ഉയര്‍ന്നുവരേണ്ടതുണ്ട്. അവര്‍ക്ക് മതകീയ ദര്‍പ്പണത്തില്‍ അകന്നുകൊണ്ടിരിക്കുന്ന ഈ രണ്ടു പോളുകളെയും അടുത്തുകൊണ്ടുവരാന്‍ കഴിയണം. വഫിയ്യകളും സഹ്‌റവിയ്യകളുമെല്ലാം പുതിയ കാലത്തിന്റെ പ്രതീക്ഷകളാണ്.
നമ്മുടെ മദ്‌റസ തലങ്ങളിലേക്കുവരെ ഇവരുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നത് കുറേ ഉപകാരം ചെയ്‌തേക്കാം. പ്ലസ് ടു വരെയെല്ലാം ക്ലാസ് നടക്കുന്ന നമ്മുടെ ചില മദ്‌റസകളുടെ കാര്യം നാം ഗൗനിക്കാതെ പോകരുത്. മുഴുമുഴുത്ത പെണ്‍കുട്ടികളാണ് ഇവിടെ പഠിക്കാനെത്തുന്നത്. ക്ലാസെടുക്കുന്നതാകട്ടെ മീശ കുരുക്കാത്ത, പാര്‍ട് ടൈം ജോലിക്കായി എത്തുന്ന പയ്യന്മാരും. പഠനം പ്രഹസനമായി മാറുന്ന ഇത്തരം ഘട്ടങ്ങളില്‍ സ്ത്രീ അധ്യാപികമാരെ മദ്‌റസകളിലേക്കും എത്തിക്കുന്നത് ഉപകാരം ചെയ്‌തേക്കും.
NB: സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യമുണ്ടായിരിക്കുന്നാണ്
മതവും പുറത്തുചാട്ടവും സംഘട്ടനത്തിലാകുന്ന ഒരു തരം വിരോധാഭാസമാണ് സ്ത്രീവിഷയത്തില്‍ ഇന്ന് എവിടെയും കാണാന്‍ കഴിയുന്നത്. സ്ത്രീ ഉള്ളിലിരിക്കണമെന്ന് പറയുന്നവര്‍തന്നെ പുറത്ത് നിരന്തരം പ്രോഗ്രാമുകള്‍ സംഘടിപ്പിച്ച് സ്ത്രീയെ പുറത്തേക്ക് വിളിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീയുടെ ഉള്ളിലിരിപ്പിനുവേണ്ടിതന്നെയാവും ഇത്തരം ക്ലാസുകളില്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതും. ഇവിടെ സ്ത്രീ തന്നെ ആശങ്കയിലകപ്പെടുകയാണ്. നട്ടുച്ചക്ക് കിലോമീറ്ററുകള്‍ താണ്ടി പോലും അവള്‍ മത സദസ്സുകളില്‍ പങ്കെടുക്കാനായി പോവേണ്ടിവരുന്നു. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ വ്യാപകമായ പരസ്പര കലര്‍ച്ചയും അവിടെ സംഭവിക്കുന്നു. മത പഠനത്തിനല്ലേ എന്ന നിലക്കാണ് ഇവ ന്യായീകരിക്കപ്പെടുന്നത്. എന്നാല്‍, ഇതേ ന്യായീകരണം സ്ത്രീകള്‍ക്ക് വ്യവസ്ഥാപിതവും ശാ്‌സ്ത്രീയവുമായി മതം പഠിപ്പിക്കാന്‍ അവസരമുണ്ടാക്കുന്നതിലും ഉണ്ടാവേണ്ടതുണ്ട്. പഴയ കാലത്തെ തുടര്‍ന്നുവരുന്ന സ്ത്രീ പഠന രീതികളില്‍നിന്നും മാറി, സ്വര്‍ഗത്തെക്കുറിച്ച് ആഗ്രഹിപ്പിക്കുകയും നരകത്തെ പേടിപ്പിക്കുകയും ചെയ്യുന്ന കേവല ബോധന രീതിക്കപ്പുറം, ഇസ്‌ലാമിന് അറിഞ്ഞ്, പഠിച്ച് പിന്തുടരാനും അനുശീലിക്കാനുമുള്ള അവസരവും സൗകര്യവും പുതിയ കാലത്തെ സ്ത്രീകള്‍ക്ക് ഉണ്ടാവല്‍ അനിവാര്യമാണ്.
പ്രമാണങ്ങള്‍ക്കും പ്രായോഗികതക്കുമിടയില്‍ ഒരു തരം അലിഖിത നിയമങ്ങളാണ് സ്ത്രീയുമായി ബന്ധപ്പെട്ട് ഇന്ന് പ്രചാരത്തിലുള്ളത്. സ്ത്രീ അടങ്ങിയൊതുങ്ങി നില്‍ക്കണം, അവള്‍ അച്ചടക്കം പാലിക്കണം എന്നൊക്കെത്തന്നെയാണ് മൗലിക പ്രമാണം. പക്ഷെ, കല്ല്യാണങ്ങളും ഉറൂസുകളും മദ്‌റസോല്‍ഘാടനങ്ങളും വയള് പരമ്പരകളും സര്‍ക്കസുകളുമെല്ലാം ഗംഭീരമായി നടക്കുകയും വിജയിക്കുകയും വേണം. അത് നടക്കുന്നത് അവരുടെ നിറഞ്ഞ സാന്നിധ്യം കൊണ്ടാണുതാനും. സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യമുണ്ടായിരിക്കുന്നതാണ് എന്ന് രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍തന്നെ ഇന്ന് കാണാന്‍ കഴിയില്ല. സ്ത്രീയിറക്കത്തിലാണ് പ്രോഗ്രാമുകളുടെ വിജയം പോലും എത്തിനില്‍ക്കുന്നത് എന്നു ചുരുക്കം.
പക്ഷെ, സംഗതികളുടെ പ്രായോഗിക തലം വരുമ്പോള്‍ അവിടെ പ്രമാണങ്ങള്‍ അരുകിലേക്കു മാറ്റപെടുന്നു. പ്രമാണം പറയുന്നവര്‍ അത് പറഞ്ഞുകൊണ്ടിരിക്കട്ടെ; സ്ത്രീകളെല്ലാം ഇച്ഛാനുസരണം ഇറങ്ങിനടക്കട്ടെ എന്ന ഒരു തരം പുതിയ സംഗതിയാണ് ഇന്ന് പ്രായോഗിക തലത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രമാണം പറയുന്നവര്‍ക്കുതന്നെ അതിനെതിര് ചെയ്യാനും സ്വാതന്ത്ര്യമുള്ളതിനാല്‍ ആരും ആരെയും എതിര്‍ക്കാനോ ചോദ്യം ചെയ്യാനോ പോകുന്നുമില്ല. അതുകൊണ്ടുതന്നെ, മതത്തിന്റെയും അത് നടപ്പിലാക്കുന്നവരുടെയും വലിയ മൗനം പുതിയൊരു നിയമമായി മാറിയിരിക്കുന്നു കേരളത്തില്‍.
സംഘടനകളുടെ നോട്ടമെത്താത്ത പെണ്‍വട്ടങ്ങള്‍
സംഘടനകളുടെ കണ്ണില്‍ സ്ത്രീകള്‍ ഇപ്പോഴും സദസ്സ് നിറക്കാനുള്ള സാധനങ്ങളോ ബക്കറ്റ് നിറക്കാനുള്ള സ്രോതസ്സുകളോ മാത്രമാണ്. ഭക്ഷണവും ‘പ്രത്യേകം സജ്ജീകരിച്ച’ ഇടവും തയ്യാറാക്കി അവളെ നിരന്തരം വീട്ടില്‍നിന്നും പുറത്തേക്ക് വലിച്ചിറക്കിക്കൊണ്ടിരിക്കുന്നുവെന്നല്ലാതെ പെണ്ണിനെ ആണിനെപ്പോലെ ഒരു പ്രത്യേക വര്‍ഗമായി പരിഗണിച്ചുകൊണ്ടുള്ള ഉത്തരവ് ഇതുവരേ എവിടെനിന്നും പുറത്തുവന്നിട്ടില്ല. അതുകൊണ്ടുതന്നെ, സ്ത്രീയെ സ്വന്തം കാര്യ ലാഭങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുക എന്നതിലപ്പുറം അവളരുടെ സ്വത്വത്തെക്കുറിച്ച ഗൗരവ ചിന്തകള്‍ നടക്കാതെ പോകുന്നു. അധികം സംഘടനകളുടെ കാര്യവും ഇതുതന്നെയാണ്.
പുതിയ കാലത്തെ അഭിമുഖീകരിക്കാന്‍ കെല്‍പുള്ള ഒരു പെണ്‍ സമൂഹമായി ഇന്നത്തെ പെണ്‍കൂട്ടങ്ങള്‍ മാറാന്‍ സംഘടനകളുടെ പക്ഷത്തുനിന്നും ശക്തവും സംഘടിതവുമായ ഒരു ശ്രമം കൂടിയേതീരൂ. അതിനുമുമ്പായി സ്ത്രീകളുമായി ബന്ധപ്പെട്ട് മനസ്സിലാക്കിപ്പോരുന്ന പല ധാരണകളും തിരുത്തപ്പെടേണ്ടതുണ്ട്. അവള്‍ക്ക് അത്രയൊക്കെ മതി എന്നൊരു അലംഭാവ നയമാണ് അവളുമായി ബന്ധപ്പെടുന്ന എല്ലാ കാര്യങ്ങളിലും പൊതുവെ സ്വീകരിക്കപ്പെടുന്നത്.
പുതിയ കാലത്തെ സ്ത്രീ മതവിദ്യാഭ്യാസം കൊണ്ട് ആയുധം ധരിച്ചവളായിരിക്കണമെന്നൊരു ചിന്ത എല്ലാവര്‍ക്കുമുണ്ടായിരിക്കുന്നത് നല്ലതാണ്. സമുദായത്തിലെ 70 ശതമാനം ആണ്‍കുട്ടികളും ഏതെങ്കിലും വിധത്തിലുള്ള മത സ്ഥാപനങ്ങളില്‍ പഠനം നടത്തുന്നവരാകുമ്പോള്‍ 4 ശതമാനം പോലും സ്ത്രീകള്‍ ഇത്തരം പഠന മേഖലകളില്‍ കാണപ്പെടുന്നില്ല. സ്ത്രീ കേന്ദ്രീകൃത മതസ്ഥാപനങ്ങളുടെ അപര്യപ്തതയാണ് വലിയൊരു കാരണം. ആണ്‍കുട്ടികള്‍ക്കായി 100 സ്ഥാപനങ്ങളുള്ളിടത്ത് രണ്ട് എണ്ണം എന്നു പോലും സ്ത്രീകളുടെ സ്ഥാപനത്തിന്റെ എണ്ണം എത്തിയിട്ടില്ല. കേവല മത ചിഹ്നങ്ങള്‍ക്കു പോലും പ്രാധാന്യം നല്‍കപ്പെടാത്ത ഭൗതിക കേന്ദ്രങ്ങളിലോ പാരലല്‍ കോളേജുകളിലോ ആണ് അവരുടെ ധാരാളമായി എത്തിക്കപ്പെടുന്നത്. വര്‍ദ്ധിച്ചുവരുന്ന ഭൗതിക പഠനത്തോടൊപ്പം മത പഠനവും നല്‍കിയാലേ സ്ത്രീ പ്രശ്‌നങ്ങള്‍ ഒരളവോളം പരിഹരിക്കപ്പെടുകയുള്ളൂ.
ഉപസംഹാരം
ചുരുക്കത്തില്‍, സ്ത്രീയെ ഒരു അടഞ്ഞ അദ്ധ്യായമായി കാണാതെ, പുതിയ സാമൂഹിക പരിസര മാറ്റങ്ങളെല്ലാം അവരോടുള്ള സമുദായത്തിന്റെ നലനിലപാടുകളിലും പ്രതിഫലിക്കേണ്ടതുണ്ട്. സ്ത്രീലോകത്ത് ഓരോ വ്യക്തിക്കും സജീവമായ സാന്നിധ്യം ഉറപ്പിക്കാന്‍ കഴിയുംവിധം ഇസ്‌ലാമിക ചിന്ത അവര്‍ക്കിടയില്‍ സജീവമാക്കപ്പെടണം. നിലവിലെ സ്ത്രീ വിദ്യാഭ്യാസ, മത ബോധന രംഗത്തെ പരിമിതികള്‍ തിരിച്ചറിഞ്ഞ് പരിഷ്‌കരിക്കപ്പെടണം. മതത്തില്‍ ഊന്നിനിന്ന് സ്ത്രീയെ സമുദ്ധരിക്കാനും ഉണര്‍ത്താനും പുതിയ പദ്ധതികളും സംരംഭങ്ങളും കൂടിയേ തീരൂ. വിവര സാങ്കേതികമായി ലോകം ഏറെ മുന്നിലെത്തിയ കാലത്തും സ്ത്രീ ബോധനത്തിന് പരമ്പരാഗതമായ രീതികള്‍ മാത്രം തുടര്‍ന്നുവരുന്നത് പുതിയ കാലത്ത് അത്ര ഫലം ചെയ്യുകയില്ല. പുതിയ കാലത്തെ സ്ത്രീയുടെ മനസ്സ് വായിച്ചറിഞ്ഞും അവരുടെ ആവശ്യങ്ങള്‍ ദൂരീകരിക്കാന്‍ സാധിക്കുംവിധവും അവ പുന:സംവിധാനിക്കേണ്ടതുണ്ട്. യാതൊരു മുന്നൊരുക്കങ്ങളോ പ്രത്യേകം ട്രൈനിംഗുകളോ ഒന്നുമി്ല്ലാതെ സംവരണം പോലോത്ത ഘട്ടങ്ങള്‍ വരുമ്പോള്‍ കൊട്ടക്കണക്കിന് സ്ത്രീകളെ കൊട്ടക്കോഴികളെപ്പോലെ വാരിയെടുത്ത് റിക്രൂട്ട് ചെയ്യുന്നത് ഉപകാരത്തിലേറെ ഉപദ്രവത്തിനും വഴിവെക്കാമെന്നൊരു സാധ്യതയുംകൂടിയുണ്ട്. ഇന്ത്യപോലെയൊരു രാജ്യത്ത് ഇങ്ങനെയൊരു നിയമം വന്നിരിക്കെ ആ രംഗത്ത് ഉപയോഗപ്പെടുത്താന്‍ മാത്രം കെല്‍പും തന്റേടവും മതനിഷ്ടയുമുള്ള ഒരു വിഭാഗത്തെ വളര്‍ത്തിക്കൊണ്ടുവരികയാണ് വേണ്ടത്. മഹാ മൗനം ഭീകര വാഴ്ച നടത്തുന്ന വര്‍ത്തമാനകാല സ്ത്രീയൂടെ വിദ്യാഭ്യാസ മത അവബോധ മേഖലയില്‍ ഇസ്‌ലാമികമായ പരിഹാരങ്ങളുണ്ടാകാന്‍ പണ്ഡിതന്മാരുടെ ഭാഗത്തുനിന്നും ശക്തമായ ഹോംവര്‍ക്കുകള്‍ കൂടിയേതീരൂ എന്ന് ചുരുക്കം
Leave A Comment