ഇബ്‌നു ഹൈതം:   പ്രകാശ സിദ്ധാന്തങ്ങളുടെ പിതാവ്

മൂല്യരഹിതമായ ആധുനിക പാശ്ചാത്യന്‍ ശാസ്ത്ര നാഗരികതയുടെ അപകടങ്ങള്‍ ലോകം തിരിച്ചറിയുകയും മാനവിക മൂല്യങ്ങള്‍ പ്രതിഫലിക്കുന്ന ബദലുകള്‍ക്കു വേണ്ടിയുള്ള അന്വേഷണം ശക്തിപ്പെടുകയും ചെയ്ത ചരിത്രസന്ധിയിലാണ് നാം ജീവിക്കുന്നത്. ശാസ്ത്രം ഇസ്‌ലാമിക നാഗരികതയില്‍ നിന്ന് പടിഞ്ഞാറന്‍ നാഗരികതയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍ വിലപ്പെട്ടതെന്തോ ചോര്‍ന്ന് പോയി. ഗതകാല സ്വപ്‌നഭൂമികയില്‍ ജീവിതം ഹോമിക്കുന്ന അഭിനവ മുസ്‌ലിം ''ആശക്കൂട്ടങ്ങള്‍'', വിവേകപൂര്‍ണമായ വീണ്ടുവിചാരത്തിന് വിധേയരാകേണ്ടിയിരിക്കുന്നു. ശാസ്ത്ര മേഖലകളില്‍ ഒന്നടങ്കം മുസ്‌ലിം ശാസ്ത്രജ്ഞര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കുള്ള മറുപടികളാണ് ആധുനിക ശാസ്ത്രം 'നൂതന വിദ്യ'യായി അവതരിപ്പിക്കുന്നത്.

ചരിത്ര സത്യങ്ങള്‍ തിരശീലക്കപ്പുറത്തേക്ക് മാറ്റിനിര്‍ത്തിയപ്പോള്‍ പല ബഹുമുഖ ശാസ്ത്രപ്രതിഭകളും വെളിച്ചം കാണാതെ പോവുകയോ മങ്ങുകയോ ചെയ്തു. നഷ്ടപൈതൃകത്തിന്റെ വേദനിക്കുന്ന ഓര്‍മകളുമായി ചരിത്രം തിരയുന്ന മുസ്‌ലിം വിദ്യാര്‍ഥി, പ്രപിതാക്കളുടെ കനപ്പെട്ട ത്യാഗങ്ങളെ താഴ്മയോടെ വന്ദിക്കുന്നു.

എന്നാല്‍ ഏറെയൊന്നും അവഗണിക്കപ്പെടാതെ പടിഞ്ഞാറന്‍ വേദികളില്‍ അനക്കം സൃഷ്ടിക്കുന്ന ശാസ്ത്രവിശാരദനാണ് ഇബ്‌നുല്‍ ഹൈത്തം. മോശമായ യൂറോപ്യന്‍ പരിസ്ഥിതിയില്‍ അനശ്വരമായ ജ്ഞാനവെളിച്ചം പകര്‍ന്ന്, ഉഗ്രപ്രതാപിയായി സ്‌പെയ്ന്‍ വാഴുന്ന കാലഘട്ടമാണ് ഇബ്‌നു ഹൈത്തമിന്റെ കര്‍മമണ്ഡലം. മാറാവ്യാധികള്‍ യൂറോപിനെ കാര്‍ന്നുതിന്നുമ്പോള്‍ ദൈവകോപം മൂലമെന്ന് ദുശ്ശാഠ്യത്തോടെ സമര്‍ഥിച്ച ''ഇരുണ്ട വന്‍കരയില്‍ പ്രകാശത്തിന്റെ അടിവേരുകള്‍ ചികഞ്ഞന്വേഷിക്കുകയായിരുന്നു ഇബ്‌നുല്‍ ഹൈത്തം.

കിതാബുല്‍ മനാളിര്‍

പ്രകാശം, അതിന്റെ രൂപവല്‍ക്കരണം, മറ്റു പ്രതിഭാസങ്ങള്‍ തുടങ്ങിയവയെക്കുറിച്ച ശാസ്ത്രശാഖയാണ് പ്രകാശ ശാസ്ത്രം. (പ്രകാശികം, Optiscs) ശാസ്ത്ര ചിന്തകള്‍ ദീപ്തമാക്കിയ അറബികളിലൂടെ തന്നെയാണ് പ്രസ്തുത ശാസ്ത്രവും രൂപം കൊണ്ടത്. ഇതര ശാസ്ത്ര ശാഖകളെ അപേക്ഷിച്ച് ഏറെ വിചിത്രമായ ഇത് ഭൗതിക ശാസ്ത്രജ്ഞരെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

പത്താം നൂറ്റാണ്ടില്‍ ജീവിച്ച ഇബ്‌നു ഹൈതമാണിതിന്റെ മുഖ്യശില്‍പി. ഗണിതവും വൈദ്യവും അനന്യമായ ബുദ്ധിശക്തിയിലൂടെ സ്വായത്തമാക്കിയ ഇദ്ദേഹമാണ് പ്രകാശശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത്. ഈ ശാസ്ത്രത്തിന്റെ വളര്‍ച്ചക്കായി എഴുപതില്‍പരം ഗ്രന്ഥങ്ങളാണ് ഈ ''ടോളമി രണ്ടാമന്‍'' എഴുതിപ്പിടിപ്പിച്ചത്.

പടിഞ്ഞാറില്‍ ഈ വിദ്യയുടെ മാറ്റൊലികൊണ്ടത് ''അറബികളുടെ തത്വജ്ഞാനി''യായ അല്‍കിന്‍ദി രചിച്ച ഗ്രന്ഥത്തിന്റെ ലാറ്റിന്‍ പരിഭാഷയായ (De Aspectsus) വഴിയാണ്. കിന്‍ദിക്ക് ശേഷം ഇബ്‌നു സീനയും അല്‍ബിറൂനിയും ഈ മേഖലയില്‍ ഏറെ മുന്നോട്ട് പോയി.

പ്രകാശ ശാസ്ത്രത്തിന് രൂപവും ഭാവവും ഉരുത്തിരിയുന്നത് ഇബ്‌നുല്‍ ഹൈതമിന്റെ ''കിതാബുല്‍ മനാളിറി'' ന്റെ വരവോടെയാണ്. വിറ്റ്‌ലോ, റോജര്‍ ബേക്കണ്‍ പെക്ഹാം എന്നിവരെ ഏറെ സ്വാധീനിച്ച ഈ ഗ്രന്ഥം റോജര്‍ ബേക്കണ്‍ ഒപ്റ്റിക്‌സ് എന്ന നാമത്തില്‍ സ്വന്തം പേരില്‍ അടിച്ചിറക്കി സാഹിത്യ ചോരണത്തിന്റെ അപൂര്‍വ മാതൃകഗള്‍ കാണിച്ച യൂറോപ്യന്‍ ശൈലിയുടെ മറ്റൊരു പതിപ്പായി നമുക്കിതിനെ ദര്‍ശിക്കാം.

ഗ്രഹങ്ങളുടെ ഭ്രമണപഥം കണ്ടുപിടിച്ച മുസ്‌ലിം ശാസ്ത്രകാരന്റെ പേര് പറയാതെ ലോകസമക്ഷം തന്റെ പേര് പരിചയപ്പെടുത്തിയ കെപ്ലറും ഈ വര്‍ഗത്തിലെ പ്രമുഖ അംഗമാണ്. ന്യൂട്ടന്റെയും കെപ്ലറുടെയും ഗ്രന്ഥങ്ങളില്‍ കിതാബുല്‍ മനാളിറിന്റെ സാരാംശങ്ങള്‍ ദര്‍ശിക്കാനാവും. അല്‍ ഹേസന്‍ എന്ന് ലാറ്റിന്‍ ഭാഷയില്‍ അറിയപ്പെടുന്ന ഇബ്‌നുല്‍ ഹൈത്തം യൂറോപ്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ യൂക്ലിഡിറ്റാവോയിലെ സുപരിചിതനായിരുന്നു. 

പ്രകാശവുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങള്‍, കണ്ണിന്റെ ഘടന, ശരീര ശാസ്ത്രം, കണ്ണിന്റെ പ്രവര്‍ത്തനങ്ങള്‍, ദര്‍ശന പ്രക്രിയയുമായി ബന്ധപ്പെട്ട ഞരമ്പുകള്‍, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് കിതാബുല്‍ മനാളിറില്‍ പ്രതിപാദ്യ വിഷയം. പ്രകാശശാസ്ത്രവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലും (Refraction) അദ്ദേഹം സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്. പ്രകാശ രശ്മി ഒരു മാധ്യമത്തില്‍ നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോഴുണ്ടാകുന്ന ദിശാവ്യതിയാനമാണ് അപവര്‍ത്തനം കൊണ്ടുദ്ദേശിക്കുന്നത്. അദ്ദേഹത്തിന്റെ പ്രബലമായ നിരീക്ഷണമാണ് പ്രകാശ രശ്മി ഏറ്റവും എളുപ്പമുള്ള സഞ്ചാര മാര്‍ഗമാണ് സ്വീകരിക്കുക. ഗ്ലാസ് സിലിണ്ടറുകള്‍ വെള്ളത്തില്‍ ഇറക്കിവെച്ചും ഇബ്‌നു ഹൈത്തം അപവര്‍ത്തനത്തെ സംബന്ധിച്ച് ഗവേഷണം നടത്തിയിരുന്നു.

നിരന്തരം പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തി ഈ ശാസ്ത്രശാഖയെ പ്രവിശാലമാക്കിയ ഈ പ്രകാശത്തിന് അന്തരീക്ഷവായുവില്‍ സംഭവിക്കുന്ന വിവിധയിനം മാറ്റങ്ങളും പഠനത്തിന് വിധേയമാക്കി. സൂര്യനും ചന്ദ്രനും ചക്രവാളത്തില്‍ നിന്ന് താഴെയായിരിക്കുമ്പോള്‍ ഉണ്ടാകുന്ന ഭാവമാറ്റങ്ങളെക്കുറിച്ചും, അവ രണ്ടും ചക്രവാളത്തിലാവുമ്പോള്‍ വലുതായി കാണുന്നതിന്റെ കാരണവും അദ്ദേഹം വിവരിക്കുന്നു. ലെന്‍സുകളുപയോഗിച്ച് പരീക്ഷണം നടത്തിയ ഇബ്‌നു ഹൈത്തം പ്രകാശം നേര്‍രേഖയിലേ സഞ്ചരിക്കുകയുള്ളൂവെന്ന് പരീക്ഷണങ്ങളിലൂടെ തെളിയിച്ചു. അവയെല്ലാം ഗണിതശാസ്ത്രപരമായി അവലോകനം ചെയ്യാനും അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു.

പഠനങ്ങള്‍ സമര്‍ഥിക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് വിശ്രുതമാണ്. നൂറ്റാണ്ടുകളോളം യൂറോപില്‍ പ്രചരിച്ചിരുന്ന മൂഢ സിദ്ധാന്തങ്ങളും അദ്ദേഹം പൊളിച്ചെഴുതി. കാണപ്പെടുന്ന വസ്തുവില്‍ നിന്നും ഒരു പ്രകാശം നമ്മുടെ കണ്ണുകളില്‍ പതിക്കുമ്പോഴാണ് നാമവയെ കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നൂറ്റാണ്ടുകള്‍ക്ക് ശേഷം ന്യൂട്ടണ്‍ കൊണ്ടുവന്ന ചലന സിദ്ധാന്തത്തിന്റെ പൂര്‍വ്വരൂപങ്ങള്‍ ഇബ്‌നു ഹൈത്തം മാളിറില്‍ പ്രതിപാദിക്കുന്നുണ്ട്.

കാമറയുടെ വഴികാട്ടി

ഹിജ്‌റ നാലാം നൂറ്റാണ്ടില്‍ ഇബ്‌നു ഹൈത്തം തന്റെ കിതാബുല്‍ മനാളിറിലൂടെ പുറത്തുവിട്ട പ്രകാശിക സിദ്ധാന്തത്തിലൂടെയായിരുന്നു ശേഷം കാമറ നിര്‍മാണം വരെ ത്വരിതപ്പെട്ടത്. കാമറ നിര്‍മാണത്തിന്റെ അവലംബിക തത്വം ഇബ്‌നു ഹൈത്തമിന്റെ പഠനങ്ങളാണെന്ന് യൂറോപ്യര്‍ വരെ സമ്മതിക്കുന്നു. പ്രകാശത്തിലെ ബഹുവര്‍ണ പ്രതിഭാസങ്ങള്‍ വിവരിച്ച അദ്ദേഹം ലെന്‍സിന്റെ സാധ്യതകളെ മുന്‍കൂട്ടി ദര്‍ശിച്ചിരുന്നു.  

പ്രകൃതിയെ കമനീയമാക്കുന്ന മഴവില്‍ രശ്മികള്‍ അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട പഠനങ്ങളായിരുന്നു. പ്രകാശത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന ഇബ്‌നു ഹൈതം പ്രകാശ രശ്മി, ഒരു മാധ്യമത്തിലൂടെ കടന്ന് പോകുമ്പോള്‍ നേരായ സഞ്ചാരപഥം രൂപം കൊള്ളുമെന്ന അദ്ദേഹം പഠനത്തിന് വിധേയമാക്കി. ഈ വിഷയത്തില്‍ കാലങ്ങള്‍ക്ക് ശേഷം ആവിഷ്‌കൃതമായ ഫെറുമാറ്റിന്റെ ഹലമേെ ശോല വേലീൃ്യ ഇതേ ആശയം തന്നെയാണ് ദ്യോതിപ്പിക്കുന്നത്. പില്‍കാലത്ത് ന്യൂട്ടണ്‍ കൊണ്ടുവന്ന ചലന സിദ്ധാന്തവും ഈ പഠനത്തിന്റെ അനന്തര ഫലമായിരുന്നു. 

വിസ്മൃതനായ ഇബ്‌നു ഹൈതം

ദുഖകരമെന്ന് പറയട്ടെ, ശാസ്ത്രത്തിന്റെ അഗ്രിമസ്ഥാനത്തെത്തിയ മുസ്‌ലിം പ്രതിഭകള്‍ ആരുമറിയാതെ അവഗണിക്കപ്പെടുകയായിരുന്നു. ഏഴാം നൂറ്റാണ്ടില്‍ യൂക്ലിസിന്റെ പ്രകാശശാസ്ത്രത്തിനു വിശദീകരണം നല്‍കിയ നാസിറുദ്ദീന്‍ ത്വൂസി പോലും അദ്ദേഹത്തെ വിസ്മരിച്ചു. പൂക്കള്‍ തന്നെ പൂന്തോപ്പിനെ ഒറ്റിക്കൊടുത്ത ദുര്യോഗം. 

എന്നാല്‍ മറാഗയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്നു ഖുഥുബുദ്ദീന്‍ ശീറാസി തന്റെ നിഹായത്തുല്‍ ഇദ്‌റാക്കില്‍ അദ്ദേഹത്തിന്റെ സംഭാവനകളെ എണ്ണിപ്പറയുന്നുണ്ട്. മഴവില്ലിനെ കുറിച്ച് ഖുഥുബുദ്ദീന്‍ സ്വന്തമായി തന്നെ പഠനം നടത്തിയിരുന്നു. മുന്‍ കാലത്ത് കമാലുദ്ദീന്‍ ഹാരിസിന ഇരുട്ടുള്ള ഒരു മുറിയില്‍ ഗോള ദര്‍പ്പണം ഘടിപ്പിച്ച് ഒരു ഭാഗത്തിലൂടെ പ്രകാശം കടത്തിവിട്ട്  നടത്തിയ പരീക്ഷണത്തിന്‍ രണ്ട് അപര്‍ത്തനവും (Refraction) ഒരു പ്രതിഫലനവും (Reflex) ചേര്‍ന്നാണ് ദ്വതീയ മഴവില്ലുണ്ടാകുന്നെതെന്നു തെളിയിച്ചു. ഇതു സംബന്ധമായി യൂറോപ്യന്‍മാര്‍ ഗവേഷണം നടത്തിയെങ്കിലും കമാലുദ്ദീന്റെ കണ്ടെത്തലുകള്‍ സത്യമായി അംഗീകരിക്കേണ്ടി വരികയായിരുന്നു. 

ചുരുക്കത്തില്‍ ഇബ്‌നു ഹൈതമായിരുന്നു ഈ ശാസ്ത്രത്തിന്റെ തലപ്പത്ത് വിരാജിച്ചിരുന്നത്. ഗിബ്ബണ്‍ പറഞ്ഞത് പോലെ ഇബ്‌നു ഹൈതമിന്റെ നിരന്തര യത്‌നമായിരുന്നു ഈ ശാസ്ത്ര ശാഖയെ ഉന്നത സോപാനത്തിലേക്കെത്തിച്ചത്. വെളിച്ചത്തിന്റെ രഹസ്യം, കണ്ണില്‍ രൂപങ്ങള്‍ തെളിയുന്ന വിധം കണ്ണിന്റെ ഓപ്പറേഷന്‍ തുടങ്ങിയവയില്‍ അവരുടെ വിഖ്യാത തത്വങ്ങളാണ് വഴികാണിക്കുന്നത്. 

വിചിത്രത നിറഞ്ഞ ജീവിതം

ഇബ്‌നു ഹൈതമിന്റെ ജീവിതം ഏറെ വിചിത്രമാണ്, ബസ്വറയില്‍ 965 ല്‍ ജനിച്ച അദ്ദേഹം അവിടെ തന്നെ ജോലി നോക്കി. എന്നാല്‍ ഈ ജോലി തന്റെ ജ്യോതിഷ പഠനങ്ങളെ ബാധിക്കുമെന്നറിഞ്ഞ ഉടനെ അദ്ദേഹം ഭ്രാന്തഭിനയിച്ച് പിരിഞ്ഞു. നൈല്‍ നദിയില്‍ വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകുമ്പോള്‍ ജലം കൂടുതല്‍ ഉപയോഗപ്പെടുത്താനുള്ള വിദ്യ തന്റെയടുത്തുണ്ടെന്ന് ഇബ്‌നു ഹൈതം പ്രഖ്യാപിച്ചതോടെ ഈജിപ്ഷ്യന്‍ സുല്‍ത്താന്‍ ഹകീമുബ്‌നു അംരില്ല അതിനദ്ദേഹത്തെ ക്ഷണിച്ചു തന്റെ പദ്ധതിയില്‍ പരാജയം സമ്മതിച്ച ഇബ്‌നു ഹൈതം രാജാവിന്റെ കീഴില്‍ ഉദ്ദ്യോഗസ്ഥനായി തുടര്‍ന്നു. ഈ ജോലിയിലും തനിക്ക് വിനയാകുമെന്ന് കണ്ടറിഞ്ഞ് ഭ്രാന്തഭിനയിച്ച് പുറത്ത് പോവാന്‍ ശ്രമിച്ചു. ഭ്രാന്ത് ശക്തമായപ്പോള്‍ ഭിഷഗ്വരന്‍മാരെ രാജാവ് വിളിച്ചുവരുത്തി. പക്ഷേ അപ്പോഴേക്കു രാജാവ് മരണപ്പെട്ടു. തുടര്‍ന്നദ്ദേഹം സ്വതന്ത്രനായി രചനാ ജിവിതത്തിലേക്ക് കടന്ന് വന്നു. അദ്ദേഹം ഉപജീവനമായി കണ്ടത് ടോളമിയുടെയും യൂക്ലിസിന്റെയും പകര്‍ത്തിയെഴുതിയ ഗ്രന്ഥങ്ങള്‍ വില്‍ക്കുന്നതിലായിരുന്നു. 1014ല്‍ ഇബ്‌നു ഹൈതമെന്ന പ്രകാശ ഗോപുരം അസ്തമിച്ചു.  തലമുറകളെ ദീപ്തമാക്കിയ ആ പ്രതിഭ തമോ ഗര്‍ത്തങ്ങളില്‍ രജത രേഖയായി വിളങ്ങി നില്‍ക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter