സഫൂറ സർഗാറിന് ജാമ്യമില്ല: കേന്ദ്രത്തിനെതിരെ യുഎഇ രാജകുടുംബാംഗം
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിന് നേതൃത്വം നൽകിയത് മൂലം പകപോക്കൽ നടപടിയുടെ ഭാഗമായി കേന്ദ്രസർക്കാർ യുഎപിഎ ചുമത്തി ജയിലിലടച്ച ജാമിഅ മില്ലിയ്യ സർവകലാശാലയിലെ ഗവേഷണ വിദ്യാർഥിനി സഫൂറ സർഗാർ ജാമ്യം ലഭിക്കാതെ ജയിലിൽ കഴിയുന്ന വിഷയത്തിൽ പ്രതികരണവുമായി യുഎഇ രാജകുടുംബാംഗം ഷെയ്ഖ് ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിമി.

സഫൂറക്ക് ജാമ്യം നൽകാത്ത കേന്ദ്ര സർക്കാരിന്റെ നടപടി ഏറെ ഞെട്ടിപ്പിക്കുന്നതാണെന്നും ഒരു ഗർഭിണിയെ തടവിൽ വെച്ചത് കൊണ്ട് അവർക്ക് എന്താണ് നേടാനുള്ളതെന്നും ഷെയ്ഖ ചോദിച്ചു. ഒരു യുവതിക്കും അവരുടെ ജനിക്കാത്ത കുഞ്ഞിനും നീതി നിഷേധിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അന്താരാഷ്ട്രതലത്തിൽ ഏറെ നാണക്കേടാണെന്നും ഇന്ത്യൻ ഓൺലൈനായ ടു സർക്കിൾസ് ഡോട്നെറ്റിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.

ഏപ്രിൽ 13ന് മൂന്നുമാസം ഗർഭിണിയായിരിക്കുമ്പോയാണ് പൗരത്വനിയമഭേദഗതി പ്രതിഷേധത്തിന് നേതൃത്വം നൽകിയെന്ന് ആരോപിച്ച് സഫൂറ അറസ്റ്റ് ചെയ്യപ്പെടുന്നത്. കശ്മീരിലെ ലോക് ഡൗണിനെ ഗാസയിലെ ഇസ്രായേൽ ഉപരോധോത്തോടാണ് അവർ ഉപമിച്ചത്. എട്ടു മാസമായി അവിടെ ലോക്ക് ഡൗണാണ്. ഇനി എത്രകാലം തുടരും എന്ന് അറിയില്ല. അവർ പറഞ്ഞു. ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നില്ല ഇന്ത്യയിൽ നടക്കുന്ന വംശഹത്യക്ക് മാധ്യമങ്ങൾ വേണ്ടത്ര പ്രചാരണം നൽകുന്നില്ലെന്നാണ് കരുതുന്നത്. തന്റെ കമ്പനിയിൽ ഹിന്ദുക്കളും മുസ്‌ലിംകളും ജോലി ചെയ്യുന്നുണ്ട്. അവരെയെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് കാണുന്നത്, അവർ വ്യക്തമാക്കി.

നേരത്തെ ഇസ്‌ലാമോഫോബിയ വളർത്തുന്ന സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഗൾഫിലെ ഇന്ത്യൻ വംശജരുടെ നടപടിക്കെതിരെ പ്രതികരിച്ചാണ് ഷെയ്ഖ വാർത്ത പ്രാധാന്യം നേടിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter