വേട്ടയാടല്‍, അറുക്കല്‍
അറുക്കാന്‍ സാധിക്കുന്ന ജീവിയെ കഴുത്തില്‍ അറുക്കേണ്ടതാണ്. അറുക്കാന്‍ സാധിക്കാതെ ഓടിപ്പോയി കൈയില്‍ കിട്ടാന്‍ പ്രയാസമാകുന്ന ഘട്ടത്തില്‍ മൂര്‍ച്ചയുള്ള സാധനം കൊണ്ടെറിഞ്ഞു അതിന്റെ ദേഹത്തിലെവിടെയെങ്കിലും മുറിവേല്‍പിക്കുകയും തന്‍മൂലം അത് ജീവനറ്റു പോവുകയും ചെയ്താല്‍ അതിനെ ഭക്ഷിക്കാം. കഴുത്തില്‍ അറുക്കുമ്പോള്‍ ശ്വാസനാളവും, അന്നനാളവും മുറിയല്‍ നിര്‍ബന്ധമാണ്. അതോടുകൂടി കഴുത്തിന്റെ ഇരു പാര്‍ശങ്ങളിലുള്ള രണ്ട് ഞരമ്പുകള്‍ (കണ്ഠനാളം) കൂട്ടിമുറിച്ചാല്‍ അറവ് പരിപൂര്‍ണ്ണമായി. അത് സുന്നത്തുമാകുന്നു. അറുക്കുന്നവന്‍ മുസ്‌ലിമോ വിവാഹം അനുവദനീയമാവാനുള്ള നിബന്ധനകളൊത്തെ അഹല്‍കിതാബോ ആയിരിക്കണമെന്നതും നിബന്ധനയാണ്.

കത്തി മൂര്‍ച്ച കൂട്ടുക, അറവ് മൃഗത്തെ ഖിബലയിലേക്ക് തിരിച്ച് കിടത്തുക, കത്തി മൂര്‍ച്ച കൂട്ടുന്നതോ മറ്റു മൃഗങ്ങളെ അറുക്കുന്നതോ മൃഗത്തെ കാണിക്കാതിരിക്കുക എന്നിവ സുന്നതാണ്. അറുക്കുന്നത് ബുദ്ധിയുള്ള പുരുഷനാവലാണ് ഉത്തമം. അറുക്കുമ്പോള്‍ ബിസ്മില്ലാഹി റഹ്മാനിറഹീം, അല്ലാഹുമ്മ സ്വല്ലി വസല്ലിം അലാ മുഹമ്മദ് എന്ന് ചൊല്ലലും സുന്നതാണ്.

പക്ഷികള്‍, മൃഗങ്ങള്‍ എന്നിവയെ വിട്ട് വേട്ടയാടല്‍ അനുവദനീയമാണ്. പരിശീലനം സിദ്ധിച്ച വേട്ടനായ, പ്രാപ്പിടിയന്‍ പക്ഷി മുതലായവ വേട്ടയാടിയത് അറുക്കാന്‍ സാധിക്കുന്നതിന്ന് മുമ്പ് ജീവന്‍ പോയാലും ഭക്ഷിക്കല്‍ അനുവദനീയമാകും. വിട്ടയച്ചാല്‍ വേഗത്തില്‍ പോകുക, നില്‍ക്കാന്‍ പറഞ്ഞാല്‍ ഉടന്‍ നില്‍ക്കുക, പിടിക്കാന്‍ പറഞ്ഞാല്‍ പിടിക്കുക, വിടാന്‍ പറഞ്ഞാല്‍ വിടുക, വേട്ടക്കയച്ച ജീവി വേട്ടയാടിയ ഉരുവില്‍ നിന്ന് ഭക്ഷിക്കാതിരിക്കുക-എന്നീ കാര്യങ്ങളെല്ലാം പലപ്പോഴും പരീക്ഷിക്കപ്പെട്ടതായിരിക്കല്‍ വേട്ടയാടുന്ന ജീവിയിലുള്ള നിബന്ധനയാണ്. ഇതില്‍ ഏതെങ്കിലുമൊരു കാര്യം ഒക്കാതെ വന്നാല്‍ അവ വേട്ടയാടിപ്പിടിച്ചു ജീവന്‍ പോയതിനെ തിന്നല്‍ അനുവദനീയമല്ല. ശരിയായ ജീവനുണ്ടെങ്കില്‍ അറുത്ത് ഭക്ഷിക്കാവുന്നതാണ്.

മൂര്‍ച്ചയുള്ള എല്ലാ സാധനങ്ങള്‍ കൊണ്ടും അറുക്കാം. പല്ല്, എല്ല്, നഖം എന്നിവ കൊണ്ട് അറുക്കാന്‍ പാടില്ല. തള്ളയെ അറുത്ത കാരണത്താല്‍ വയറ്റിലുള്ള കുഞ്ഞിന്റെ ജീവന്‍ പോയാല്‍ അതിനെ (അറുക്കാതെ തന്നെ) തിന്നല്‍ അനുവദനീയമാണ്. ജീവനുണ്ടെങ്കില്‍ അറുത്താല്‍ മാത്രമേ തിന്നാവൂ.

തിന്നാന്‍ പറ്റിയ മൃഗങ്ങളില്‍ നിന്ന് ജീവനുള്ളപ്പോള്‍ വേര്‍പെട്ട (മുടി പോലുള്ളതല്ലാത്ത) അവയവങ്ങള്‍ക്ക് ശവത്തിന്റെ വിധിയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter