ഭക്ഷിക്കാവുന്ന ജീവികള്‍
'ശര്‍അ്' നിരോധിക്കാത്തതും അറബികള്‍ തിന്നല്‍ നല്ലതായി അഭിപ്രായപ്പെട്ടതുമായ ജീവികളെയെല്ലാം ഭക്ഷിക്കല്‍ അനുവദനീയമാണ്. അറബികള്‍ തിന്നാന്‍ പറ്റാത്തതാണെന്ന് അഭിപ്രായപ്പെട്ടത് (ശര്‍അ് അനുവദിച്ചത് ഒഴികെ) എല്ലാം തിന്നല്‍ നിഷിദ്ധമാണ്. അതിന്റെ വിവരണം താഴെപറയും പ്രകാരമാണ്.

പുലി, ചെന്നായ, ആന, നായ, പൂച്ച, കരടി, പന്നി മുതലായ ദംഷ്ട്രങ്ങള്‍ (തേറ്റ) കൊണ്ട് ശക്തിയുപയോഗിക്കുന്ന കാട്ടുമൃഗങ്ങളെ ഭക്ഷിക്കല്‍ നിഷിദ്ധമാണ്. പക്ഷികളില്‍ നിന്ന് ശക്തിയായ നഖങ്ങള്‍ കൊണ്ട് മുറിവേല്‍പിച്ചു നഖങ്ങള്‍ കൊണ്ട് വേട്ടയാടുന്ന പരുന്ത്, പ്രാപ്പിടിയന്‍ (എറളാടി), രാജകിളി മുതലായ പക്ഷികളും ഭക്ഷിക്കല്‍ ഹറാമാണ്.

ഭക്ഷിക്കല്‍ ആപല്‍കരമായ വിഷം, കല്ല്, മണ്ണ് മുതലായവ ഭക്ഷിക്കല്‍ അനുവദനീയമല്ല. തിന്നാല്‍ മത്തുണ്ടാക്കുന്ന സാധനം കൂടുതല്‍ ഉപയോഗിക്കുന്നതും ലഹരിയുണ്ടാക്കുന്ന പാനീയങ്ങള്‍ ഒരു തുള്ളിപോലും കുടിക്കുന്നതും അനുവദനീയമല്ല. ലഹരിസാധനങ്ങളായ കഞ്ചാവ്, അവീന്‍ മുതലായവ ഉപയോഗിക്കലും ഹറാമാണ്.

ആട്, പശു, ഒട്ടകം, കുതിര, കാട്ടുകഴുത, കാട്ടുപശു, മാന്‍, കലമാന്‍, മുയല്‍, കൂരന്‍ എന്നീ മൃഗങ്ങളേയും കോഴി, പ്രാവ്, കാട, കൂരിയാറ്റ മുതലായ പക്ഷികളേയും ഭക്ഷിക്കല്‍ അനുവദനീയമാകുന്നു. തവള, പാമ്പ്, മുതല, ആമ, ഞെവിഞ്ഞി മുതലായ കരയിലും കടലിലും ജീവിക്കുന്നവയെ ഭക്ഷിക്കല്‍ ഹറാമാകുന്നു. കരയിലും കടലിലും ജീവിക്കുന്ന ഞണ്ടിന്‍റെ വിധിയും ഇതുതന്നെ. എന്നാല്‍ വെള്ളത്തില്‍ മാത്രം ജീവിക്കുന്ന ഞണ്ടിനെ തിന്നാവുന്നതാണ്. മത്സ്യങ്ങള്‍, സ്രാവ്, എരിന്ത്, ഉരുണ്ടകക്ക മുതലായവയെല്ലാം തിന്നാം.

വിശപ്പിന്റെ കാഠിന്യത്താല്‍ മരിച്ചുപോകുമെന്നു ഭയപ്പെടുന്ന സാഹചര്യത്തില്‍ ജീവന്‍ നിലനില്‍ക്കുവാന്‍ ആവശ്യമായ ശവം ഭക്ഷിക്കല്‍ അനുവദനീയമാണ്. ദോഷമായ യാത്രയിലും നമസ്‌കാരം മുതലായത് ഉപേക്ഷിച്ചതിനാല്‍ കൊലക്ക് ബന്ധമായവന്നും അത് അനുവദനീയമല്ല. ശവം കിട്ടാതെ വന്നാല്‍ മുറിച്ചെടുത്താല്‍ മരണം സംഭവിക്കാത്ത സ്വശരീരത്തിന്റെ ഭാഗങ്ങളില്‍ നിന്നുതന്നെ മുറിച്ചെടുത്തു ഭക്ഷിക്കല്‍ അനുവദനീയമാകുന്നു. കരള്‍, അകത്തിറച്ചി എന്നീ രണ്ട് തരം രക്തവും മത്സ്യം, വെട്ടുകിളി എന്നീ രണ്ടു ജീവികളുടെ ശവവും അനുവദനീയമാക്കപ്പെട്ടിരിക്കുന്നു.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter