വീഗൻ വാദങ്ങള്‍ പ്രായോഗികമോ

മാംസാഹാരം വേണോ വേണ്ടേ എന്നത് ഏറെ കാലമായി ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. എല്ലാം കഴിക്കുന്ന മിശ്രഭുക്കുകളും സസ്യാഹാരം മാത്രം കഴിക്കുന്ന വെജിറ്റേറിയനികളുമുണ്ട്. പുരാതന ഇന്ത്യൻ സമുദായത്തിലും കിഴക്കൻ മെഡിറ്ററേനിയൻ സമുദായത്തിലും വെജിറ്റേറിയനിസത്തിന്റെ വേരുകള്‍ കാണാനാവും.

ജന്തുക്കളെയും മൃഗങ്ങളെയും അടിച്ചമർത്തുന്നത്തിനും അവയോട് നിർദ്ദയമായി പെരുമാറുന്നതിനും അന്ത്യം കുറിക്കാനായി എഴുത്തുകളായും പോസ്റ്റുകളായും പ്രസ്ഥാനങ്ങളായും സ്വയം സമർപിതരാകുന്നത് ഇന്ന് വ്യാപകമാണ്. ഈയടുത്തായി അത് രാഷ്ട്രീയ മാറ്റമായി വരെ പരിണമിക്കുന്നുണ്ട്. 

കാലം മുന്നോട്ട് പോകും തോറും വെജിറ്റേറിയനിസം തന്നെ വീണ്ടും വീണ്ടും പല വിഭാഗങ്ങളായി പിരിയുന്നത് കാണാം. ബാഹ്മചര്യത്തെയും അതുപോലെ വെജിറ്റേറിയസത്തിനെയും വ്യവഹരിച്ച് 1732 ൽ പെൻസിൽവാനിയയിൽ എഫ്രാറ്റ ക്ലോയിസ്റ്റർ എന്ന നിയതമായ മത വിഭാഗം തന്നെ ആവിർഭവിക്കുന്നത് കാണാം. പേരില്‍ സസ്യാഹാരികളാണെങ്കിലും അവരില്‍ പലരും പാലുൽപ്പന്നങ്ങളും മുട്ടയും കഴിക്കുന്നവരാണ്. അതും കഴിക്കരുതെന്ന് പറയുന്ന ശുദ്ധ വെജിറ്റേറിയനുകള്‍, 1944 ൽ ഡൊണാൾഡ് വാട്സണ്‍ന്റെ നേതൃത്വത്തില്‍ വീഗൻ എന്ന പേരില്‍ പ്രത്യേകമായി സംഘടിക്കുന്നത് കാണാം. അതിന് മുമ്പേ 1847 ൽ ആദ്യ വീഗൻ സൊസൈറ്റി ഇംഗ്ലണ്ടിൽ അനൗദ്യോഗികമായി രൂപം കൊണ്ടിട്ടുണ്ട് എന്നതാണ് സത്യം.

ഡൈറ്ററി വീഗൻസ് അഥവാ മാംസം, പാൽ, പാലുല്പന്നങ്ങൾ, തേൻ, സിൽക്ക്, ജെലാറ്റിൻ തുടങ്ങി മൃഗങ്ങൾ മൂലം ഉല്പാദിപ്പിക്കപ്പെടുന്ന സകല ഉൽപ്പന്നങ്ങളിൽ നിന്നും അകലം പാലിക്കുന്ന നിഷ്കർഷത പുലർത്തുന്നവരാണ് സ്ട്രിക്ട് വെജിറ്റേറിയൻസ്. മൃഗ ഉത്പന്നങ്ങൾക്കപ്പുറം മൃഗങ്ങളുടെ ഉപയോഗവും ടെസ്റ്റഡ് ഉത്പന്നങ്ങളും ഉപേക്ഷിക്കുന്ന മറ്റൊരു വിഭാഗമാണ് എത്തിക്കൽ വീഗന്സ്. മത്സ്യബന്ധനം, വേട്ടയാടൽ, ഫാർമിംഗ് തുടങ്ങി മ്രഗത്തിന്റെ പരിധിയിൽ വരുന്ന എല്ലാത്തിനെയും മാറ്റിനിർത്തി പ്രകൃതി സംരക്ഷണത്തിന് ഊന്നൽ കൊടുക്കുന്നതിന് എൻവിയോണ്മെന്റല് വെജിറ്റേറിയനിസം എന്നാണ് പറയുന്നത്. അപക്വമായ ഭക്ഷണങ്ങൾ മാത്രം കഴിക്കുന്ന റോ വീഗനിസവും മറ്റൊരു വിഭാഗമാണ്. ഒരു വ്യക്തിയുടെ ജീവിത ശൈലി എന്നതിൽ നിന്നും ജനമനസ്സുകളിൽ സങ്കോചം സൃഷ്ടിക്കുന്ന വലിയൊരു രാഷ്ട്രീയ ശക്തിയായി ഇവയെല്ലാം ഇന്ന് പരിണമിച്ച് കൊണ്ടിരിക്കുന്നു.

വിശിഷ്യാ മുസ്‍ലിംകളുടെ ബലിപെരുന്നാളിനോടനുബന്ധിച്ച് ഈ സമൂഹത്തിന്റെ ശബ്ദങ്ങൾ വർഗീയ വിത്തുകളുടെ പ്രതിഫലനങ്ങൾ സൃഷ്ടിക്കുന്നതായി കാണാം. നിർദോഷികളായ മൃഗജന്മങ്ങളെ കൊല്ലുന്നത്‌ മനുഷ്യനെ കൊല്ലുന്നതിന് സമമാണെന്നും ഇതിലൂടെ വലിയ ക്രൂരതയാണ് മുസ്‍ലിംകള്‍ ചെയ്യുന്നതെന്നുമാണ് അവരുടെ വാദം. വീഗൻ ജീവിതശൈലികളെക്കുറിച്ച് എഴുത്തുകളിലൂടെയും ഇന്റർവ്യൂകളിലൂടെയും പങ്കുവെക്കുന്ന റിച്ചാർഡ് ഡോക്കിൻസ് എന്ന പരിണാമ ശാസ്ത്രജ്ഞൻ, എല്ലാവരും വെജിറ്റേറിയൻ ആകാൻ ഞാൻ അഭിലഷിക്കുന്നുവെന്നും നൂറോ ഇരൂനൂറോ വർഷങ്ങൾ പിന്നിടുമ്പോൾ നമ്മുടെ പൂർവപിതാക്കന്മാർ എങ്ങനെയാണോ അടിമകളോട് പെരുമാറിയിരുന്നത് അത്പോലെ നാമിപ്പോൾ മൃഗങ്ങളോട് പെരുമാറുന്നതിനെ നമ്മുടെ പിന്‍ഗാമികള്‍ കാണുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.

ബീഫ് നിരോധനത്തിൽ വസ്തുതയുണ്ടോ?

മുസ്‍ലിം ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളിൽ പോലും ബി.ജെ.പിക്ക് സ്വാധീനമുള്ള സർക്കാർ ബീഫ് നിരോധിക്കുകയും അത് കൈവശം വെച്ചവർ പല സ്ഥലങ്ങളിലായി മർദിക്കപ്പെടുകയും ചെയ്യുന്നത് നാം കാണുന്നതാണ്. അവർ ഗോമാതാവെന്ന് പരിശുദ്ധമാക്കി പ്രതിഷ്ഠിക്കുന്നതിനെ ചൊല്ലിയാണിതെന്നത് ശരി തന്നെ. അതേ സമയം നാനാത്വങ്ങളാൽ സംപുഷ്ടമായ ഇന്ത്യ മഹാ രാജ്യത്ത് എന്ത് കഴിക്കണമെന്നത് വ്യക്തി സ്വാതന്ത്ര്യം തന്നെയാണ്. അതിലുപരി, മാംസാഹാരത്തെ  അധികം പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും വിലക്കേർപ്പെടുത്തുന്ന പ്രമാണങ്ങളൊന്നും ഹിന്ദു മതത്തില്‍ പോലും കാണാനാവുന്നില്ല എന്നതാണ് സത്യം.

ജനപാപങ്ങളെല്ലാം യേശുക്രിസ്തു സ്വയം കുരിശിലേറ്റലിലൂടെ സ്വീകരിച്ചിരിക്കുന്നുവെന്നും അതിനാൽ പാപ മോചനത്തിന് മൃഗബലി ആവശ്യമില്ലെന്നും മാത്രമേ ക്രിസ്തുമതം പറയുന്നുള്ളൂ. എന്നാൽ ഹിന്ദു മതവിശ്വാസികൾ അവലംബിക്കുന്ന മനുസ്മൃതി എന്ന മതഗ്രന്ഥത്തിലെ അഞ്ചാം അധ്യായത്തിൽ മൃഗങ്ങളെയും മാംസാഹാരത്തെയും പ്രതിപാദിക്കുന്ന ഒരുപാട് സൂക്തങ്ങൾ കാണാം. അഞ്ചാം അധ്യായത്തിലെ മുപ്പതാം സൂക്തത്തിൽ ഭക്ഷ്യയോഗ്യമായ മൃഗങ്ങളുടെ മാംസം കഴിക്കുന്നത് കുറ്റകരമല്ലെന്ന് പ്രതിപാദിക്കുന്നുണ്ട്. ഇതിനോട് തുടർന്നു വരുന്ന പല സൂക്തങ്ങളും മൃഗങ്ങളെ ബലികർമത്തിന് ഉപയോഗിക്കുന്നതിനെക്കുറിച്ചും മറ്റുമാണ്. അതിൽ തന്നെ മൂന്നാം അധ്യായത്തിൽ 266-277 കൂടിയ സൂക്തങ്ങളിൽ അവരുടെ പൂർവികർ ഒരു മാസം ധാന്യങ്ങൾ, പഴങ്ങൾ തുടങ്ങിയവ കൊണ്ടും രണ്ട് മാസം മത്സ്യം, നാല് മാസം ആട്ടിറച്ചി, പത്ത് മാസം കാളയിറച്ചി, ഒരു വര്ഷം പശുവിൻ പാൽ കൊണ്ടും തൃപ്തിപ്പെട്ടിരുന്നുവെന്ന് പറയുന്നതായി കാണാം. ഇങ്ങനെയെല്ലാം പ്രമാണങ്ങൾ നിലനിൽക്കെ മതവിശ്വാസ പ്രകാരമോ അല്ലതെയോ ബീഫ് കൈവശം വെച്ചതിന്റെ പേരിൽ അന്യമതസ്ഥരെ ക്രൂശിക്കുന്നതിന് പിന്നില്‍ മതനിയമങ്ങളല്ല, മറിച്ച് മതത്തെ മറപിടിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നേ പറയാനൊക്കൂ.

മാംസാഹാരം പഥ്യത്തിൽ ഉൾപെടുത്തേണ്ടതുണ്ടോ

ഒരു മുസ്‍ലിമിന് മാംസാഹാരം ഒരിക്കലും നിര്‍ബന്ധമുള്ള കാര്യമല്ല, സസ്യഭുക്കായിരിക്കെ തന്നെ അവന് നല്ലൊരു വിശ്വാസിയാകാവുന്നതാണ്. മാത്രവുമല്ല, സസ്യാഹാരമാണ് ഏറ്റവും ഉത്തമവും അഭികാമ്യവുമെന്ന് തന്നെയാണ് മനസ്സിലാകുന്നത്. അതേസമയം, ബാഹ്യേന്ദ്രിയഗോചരമായ പഥ്യാഹാരക്രമത്തിൽ സംശ്ലേഷിപ്പിക്കേണ്ട ചില ചേരുവകളുണ്ട്. ഭക്ഷണത്തിലൂടെ ശരീരത്തിന് ലഭിക്കേണ്ട എട്ട് അമിനോ ആസിഡുകളും ഒരുമിച്ച് നല്കാൻ പ്രോട്ടീൻ, വിറ്റമിൻ, അയണിനാലും സമ്പന്നമായ മാംസാഹാരത്തിനേ കഴിയൂ എന്ന്  ശാസ്ത്രം പറയുന്നു. ധാതുവർദ്ധകങ്ങളുടെ ഒരു സമ്മിശ്രമാണ് സസ്യാഹാരമെങ്കിലും പല പോഷകാഹാര ദൌർലഭ്യതയും അടങ്ങിയതാണെന്ന് ചേർത്തറിയേണ്ടതുണ്ട്. ഈ കുറവ്  പരിഹരിക്കാനായി ഫോർട്ടിഫൈഡ് ഫുഡ്സ് പല സസ്യഭുക്കുകളും പഥ്യത്തിൽ ഉൾപ്പെടുത്തുന്നു. വിറ്റമിൻ ബി12 ന്റെ കുറവ് രക്തത്തിലെ താറുമാറിനും നാഡീവ്യൂഹ സംബന്ധമായ തകരാറിനും കാരണമാകുമെന്ന് തെളിയിക്കപ്പെട്ടതാണ്.

മാംസാഹാരത്തിന്റെ ഖുർആനിക വീക്ഷണങ്ങൾ

ആഹാരങ്ങളിൽ ഭക്ഷ്യയോഗ്യമായതും വര്ജിക്കേണ്ടവയെക്കുറിച്ചുമുള്ള ഖുർആനിക അധ്യാപനങ്ങൾ യുക്തി നിബിഢമാണ്. സൂറത്തുൽ മാഇദയിലെ ഒന്നാം സൂക്തത്തില്‍, മേയ്ക്കുന്ന കാലികളെ തിന്നുന്നത് ഇഹ്റാമിലായിരിക്കെയല്ലാതെ നിങ്ങൾക്ക് അനുവദനീയമാണെന്ന് പഠിപ്പിക്കുന്നു. സൂറത്തുൽ മുഅ്മിനൂൻ ഇരുപത്തി ഒന്നാമത്തത്തെ സൂക്തം ഇങ്ങനെ മനസ്സിലാക്കാം, തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ കന്നുകാലികളില്‍ ഒരു ഗുണപാഠമുണ്ട്‌. അവയുടെ ഉദരങ്ങളിലുള്ളതില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ നാം കുടിക്കാന്‍ തരുന്നു. നിങ്ങള്‍ക്ക്‌ അവയില്‍ ധാരാളം പ്രയോജനങ്ങളുണ്ട്‌. അവയില്‍ നിന്ന്‌ (മാംസം) നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു.
ബനൂഇസ്റാഈല്യരെ കുറിച്ചും മറ്റും പറയുന്ന പല സൂക്തങ്ങളിലും മാംസാഹാരം അനുവദനീയമാണെന്ന് പറയുന്നതായി കാണാം. ലൂത്വ് നബിയുടെ സമുദായത്തെ ശിക്ഷിക്കുന്നതിന് മുന്നോടിയായി മലക്കുകള്‍ ഇബ്റാഹീം(അ)ന്‍റെ വീട്ടിലേക്ക് എത്തുമ്പോള്‍ സല്‍ക്കാരപ്രിയനായ ഇബ്റാഹീം (അ) ആതിഥ്യമര്യാദ മാനിച്ച് ഒരാടിനെ ചുട്ട് (مشوي) കഴിക്കാൻ കൊടുത്തത് ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. മാംസാഹാരത്തെ സുഭിക്ഷമായി കണക്കാക്കുന്നുവെന്ന് ഈ ചരിത്രം സൂചിപ്പിക്കുന്നു. സസ്യഭുക്കുകൾ (Herbivores) അഥവാ വഴങ്ങുന്ന പല്ലുകളുള്ള, മാംസം ഭക്ഷിക്കാത്ത ഗണത്തിൽ പെട്ടവയെ മാത്രമാണ് കഴിക്കാന്‍ ഇസ്‍ലാം അനുവദിക്കുന്നത്. എന്നാൽ കോമ്പല്ലുകൾ (canine teeth) ഉള്ള പുലി, സിംഹം, പുള്ളിപ്പുലി തുടങ്ങിയവയെ കഴിക്കാവുന്നതല്ല. അതേസമയം, മാംസം കഴിക്കുന്നതിനായി അവക്ക് സജ്ജീകരിച്ച അതേ പല്ലുകള്‍ മനുഷ്യനും പ്രകൃതി നല്കിയിട്ടുണ്ട് എന്നത് മാംസാഹാരവും മനുഷ്യന് കഴിക്കാമെന്നതിന്റെ സൂചന തന്നെയാണ്.

അതേ സമയം, നിരന്തരമായി മാംസാഹാരം കഴിക്കുന്നതിനെ നിരുല്‍സാഹപ്പെടുത്തുന്ന പ്രമാണങ്ങളും കാണാവുന്നതാണ്. നാല്പത് ദിവസത്തിനപ്പുറം ആരെങ്കിലും മാംസാഹാരം വർജിച്ചാലും പതിവാക്കിയാലും അവന്റെ ഹൃദയം കഠിനമാകുമെന്ന് പറയുന്ന ഹദീസ് ഉഹാദരണം. 

ഇനി പുതിയ കണ്ട് പിടുത്തങ്ങളിലേക്ക് വന്നാല്‍, ചെടികൾക്കും ജീവനുണ്ടെന്നും അവ അവയുടേതായ ശബ്‌ദങ്ങൾ പുറപ്പെടീക്കുന്നുണ്ടെന്നും തെളിയിക്കപ്പട്ടിരിക്കുന്നു. സന്തോഷിക്കുമ്പോഴും ദാഹിക്കുമ്പോഴും സമ്മർദ്ദത്തിലായിരിക്കുമ്പോഴും മനുഷ്യന്റെ കേൾവിപ്പരിധിക്കപ്പുറത്ത് നിന്നത് ശബ്ദമുണ്ടാക്കുന്നുവത്രെ. ചില മൃഗങ്ങൾക്ക് പോലും കേൾക്കാൻ കഴിയുന്ന അവരുടെ എയർബോൺ ശബ്ദങ്ങൾ (airborne sounds) മനുഷ്യന് കേൾക്കാൻ കഴിയുന്നില്ലെന്ന് മാത്രം. ചെടികൾക്ക് ജീവനില്ലാത്തതുകൊണ്ട് അവയെ കൊല്ലുന്നതിന് കുഴപ്പമില്ലെന്നും ജീവനുള്ള മൃഗങ്ങളെ കൊല്ലുന്നത് പാപമാണെന്നുമായിരുന്നു ഇത് വരെ വിശ്വസിച്ചു പോന്നിരുന്നത്. എന്നാല്‍ ഈ കണ്ട് പിടുത്തത്തോടെ, ക്രൂരതയുടെ പേരിലാണ് മാംസാഹാരം നിര്‍ത്തലാക്കുന്നതെങ്കിലും സസ്യാഹാരവും നിര്‍ത്തേണ്ടിവരും.

ഇനി മൃഗ ബലിയെ മറ്റൊരു കോണിലൂടെ വീക്ഷിക്കാം. മൃഗങ്ങളുടെ പ്രത്യുത്പാദന ശേഷി വേഗതയേറിയത് കൊണ്ടും അവരുടെ ആയുസ്സ് കുറവായത് കൊണ്ടും അവയെ നമ്മുടെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചില്ലെങ്കിൽ അമിത ജനസംഖ്യക്കത് കാരണമാകും. ഒരു ജീവിയുടെ സൽപരിപാലനത്തെക്കുറിച്ചും അറുക്കേണ്ട രീതിയെക്കുറിച്ചും ശരീഅത് കൃത്യമായ മാർഗരേഖ വരച്ചിടുന്നുണ്ട്. മൂർച്ചയേറിയ കത്തി കൊണ്ട് കഴുത്ത് അറുക്കുമ്പോൾ അതിലൂടെ കടന്ന് പോകുന്ന ജഗുലാർ ഞെരമ്പ് മുറിഞ്ഞ് പോകുന്നു. അത് കൊണ്ട് തന്നെ അസഹ്യമായ വേദന അവ അറിയുന്നേ ഇല്ല.  ഒരു മൃഗം ബലിയാടാകുമ്പോൾ ആ പരിസരത്ത് മറ്റൊരു മൃഗമുണ്ടാകരുതെന്നും ഇസ്‍ലാം നിബന്ധന വെക്കുന്നു. 

അതോടൊപ്പം, എത്ര വലിയ സസ്യവാദികളും മാംസാംശമുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നുമുണ്ട്. അഥവാ, പൂർണമായും സസ്യഭുക്കാവുക എന്നത് ഒരു അസംബന്ധമാണ് എന്നര്‍ത്ഥം. തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം ഓരോരുത്തരുടെയും അവകാശമാണെന്ന് സമ്മതിച്ചുകൊടുക്കുകയും ഇന്നത് കഴിക്കരുതെന്ന് പറയുന്നതിന് പകരം, ഞാന്‍ ഇന്നത് കഴിക്കുന്നില്ല എന്ന് പറഞ്ഞ് അപരന് അവന്റെ സ്വാതന്ത്ര്യം അനുവദിച്ചുനല്കുന്നതുമാണ് മനുഷ്യത്വം. എന്നാല്‍ ഇതിന് വിരുദ്ധമായി, വീഗനിസം ഇന്ന് ഒരു രാഷ്ട്രീയ നീക്കമായി തന്നെ മാറുന്നുണ്ട് എന്ന് മാത്രമല്ല, മൃഗങ്ങളെ കൊല്ലുന്നതിലെ ക്രൂരതകളെ പെരുപ്പിച്ച് കാണിച്ച് അതിലും വലിയ ക്രൂരത മനുഷ്യരോട് കാണിക്കുന്നത് ഒരു നിലക്കും ന്യായീകരിക്കാനാവില്ലെന്ന് മാത്രമല്ല, അതിലെ ഉദ്ദേശ്യ ശുദ്ധി സംശയിക്കപ്പെടുക തന്നെ ചെയ്യും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter