സന്താനങ്ങള്‍ മാതാപിതാക്കളുടെ പക്കല്‍ ഏല്‍പിക്കപ്പെട്ട ഒരു 'അമാനത്ത്' സ്വത്താകുന്നു. അതു ശരിക്കു സൂക്ഷിച്ചു പോരേണ്ടത് അവരുടെ കര്‍ത്തവ്യമാണ്. സന്താനങ്ങളെ സ്വഭാവശുദ്ധിയുള്ളവരാക്കി വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ചെറുപ്പത്തില്‍ സല്‍സ്വഭാവികളായി വളര്‍ത്തിയാല്‍ വലിപ്പത്തില്‍ ആ സ്വഭാവം അവരില്‍ ദൃശ്യമാകും. അതുമൂലം ഇഹപര സൗഭാഗ്യങ്ങള്‍ കരസ്ഥമാകുന്നതുമാണ്. സന്താനങ്ങള്‍ക്ക് വേണ്ട വിജ്ഞാനങ്ങളും മര്യാദയുമെല്ലാം പഠിപ്പിച്ചു അവന്‍ അല്ലാഹുവിനെ ആരാധിക്കുന്നവനായാല്‍ ആ ആരാധനയുടെ പ്രതിഫലത്തിന്റെ ഒരു പങ്ക് പിതാവിന്നും ലഭിക്കുന്നതാണ്.
മറിച്ച് സന്താനങ്ങള്‍ക്ക് അറിവും മര്യാദയും പഠിപ്പിക്കാതെ വെറും നാല്‍ക്കാലികളെപ്പോലെ വിട്ടാല്‍ അവര്‍ നശിക്കുകയും പഠിപ്പിക്കാത്ത രക്ഷിതാക്കള്‍ കുറ്റത്തിന്നര്‍ഹരാകുകയും ചെയ്യും. ഇഹലോകത്തിലെ അഗ്നിയില്‍ നിന്ന് സന്താനങ്ങളെ രക്ഷപ്പെടുത്താന്‍ വ്യഗ്രത കാണിക്കുന്ന രക്ഷിതാക്കള്‍ അതിലേറെ കഠിനമായ പരലോകത്തിലെ അഗ്നിയില്‍ നിന്നു അവരെ രക്ഷപ്പെടുത്താനാണ് കൂടുതല്‍ ശുഷ്‌കാന്തി കാണിക്കേണ്ടത്. അതിന്ന് അവരെ നല്ലവരായി വളര്‍ത്തേണ്ടത് ആവശ്യമാണ്.
ചീത്ത സഹപാഠികളുമായി സഹവാസത്തിന്ന് വിടുക, എപ്പോഴും സ്വാദുള്ള ഭക്ഷണം കൊടുത്തു ശീലിപ്പിക്കുക, മുന്തിയ വസ്ത്രങ്ങള്‍ മാത്രം ധരിപ്പിക്കുക എന്നിവയെല്ലാം വര്‍ജ്ജിക്കപ്പെടേണ്ടതാണ്. കുട്ടികള്‍ക്ക് മുലകൊടുക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ത്രീ മതനിഷ്ഠയും ഹലാലായ ഭക്ഷണം കഴിക്കുന്നവളുമായിരിക്കണം.
അവര്‍ സ്വന്തമായി ആഹാരം കഴിക്കുന്ന പ്രായമെത്തിയാല്‍ വലത് കൈകൊണ്ട് ഭക്ഷിപ്പിക്കുകയും 'ബിസ്മി' ചൊല്ലാന്‍ ശീലിപ്പിക്കുയും വേണം. മറ്റുള്ളവരുടെ കൂട്ടത്തിലിരുന്നു ഭക്ഷിക്കുമ്പോള്‍ എല്ലാവരുടേയും മുമ്പ് തുടങ്ങാന്‍ അനുവദിക്കരുത്. ധൃതിപ്പെട്ട് തിന്നുന്നതും വായില്‍ വെച്ചത് നല്ലവണ്ണം ചവച്ചിറക്കുന്നതിന്ന് മുമ്പ് വീണ്ടും ഭക്ഷണമെടുക്കുന്നതും തടയേണ്ടതാണ്. ചിലപ്പോള്‍ കറിയില്ലാതെ ഭക്ഷിപ്പിച്ചും ശീലിപ്പിക്കണം. നാല്‍ക്കാലികളെപ്പോലെ അമിതമായി ഭക്ഷിക്കുന്നത് ഒഴിവാക്കേണ്ടതാണ്. അമിതമായി ഭക്ഷിക്കുന്നവരെ അവന്‍ കേള്‍ക്കത്തക്ക നിലയില്‍ കുറ്റംപറയുകയും അല്‍പം ഭക്ഷിക്കുന്നവരെ അപ്രകാരം സ്തുതിക്കുകയും വേണം. ( താഴ്ന്നതും മുന്തിയതുമായ) ഏത് ഭക്ഷണവും കഴിക്കുന്നതും വിശപ്പടങ്ങിയാല്‍ മതിയാക്കുന്നതും അതിഥി സല്‍ക്കാര പ്രിയവും ചെറുപ്പത്തില്‍ ശീലിപ്പിക്കേണ്ടതാണ്.
കൂടാതെ അവനെ വെളുത്ത വസ്ത്രം ധരിപ്പിച്ചു പരിചയിപ്പിക്കണം. പച്ചയോ മറ്റ് വിവിധ വര്‍ണ്ണങ്ങളുള്ളതോ ആയ വസ്ത്രങ്ങള്‍ സ്ത്രീകളുടേയും നപുംസകങ്ങളുടേതുമാണെന്നും അത് പുരുഷന്മാര്‍ക്കനുയോജ്യമല്ലാത്തതാണെന്നും കുട്ടികളെ പറഞ്ഞു മനസ്സിലാക്കി അതിനോടു അവരുടെ പ്രേമം ഇല്ലാതാക്കേണ്ടതാണ്. വര്‍ണ്ണ വസ്ത്രങ്ങള്‍ ധരിച്ചു നടക്കുന്നവരെ അവരുടെ മുമ്പില്‍ വെച്ചു ആക്ഷേപിക്കുകയും അവര്‍ സ്ത്രീകളോട് സാമ്യമായവരാണെന്ന് പറഞ്ഞു പരിഹസിക്കുകയും വേണം. ഇങ്ങനെയെല്ലാം നിയന്ത്രിച്ചതിന്ന് ശേഷം ചീത്തകാര്യങ്ങള്‍ സ്വയം വര്‍ജ്ജിക്കുന്ന ഒരവസ്ഥ അവനില്‍ സംജാതമായാല്‍ അതവന്ന് ബുദ്ധിയുറച്ചതിന്റെ ലക്ഷണമായി കണക്കാക്കാവുന്നതാണ്. അപ്പോള്‍ അവര്‍ക്ക് പരിശുദ്ധ ഖുര്‍ആന്‍, സജ്ജനങ്ങളുടെ നടപടി ക്രമങ്ങളും സ്വഭാവങ്ങളും, നല്ല സംസ്‌കാര-മര്യാദകള്‍ എന്നിവയെല്ലാം പഠിപ്പിക്കണം.
അവരുടെ പക്കല്‍ നിന്ന് നല്ലകാര്യങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതിനെ സംബന്ധിച്ചു പ്രശംസിക്കുകയും ചീത്ത കാര്യങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഒന്നോ രണ്ടോ തവണ അത് കാണാത്തഭാവം നടിക്കുകയുമാണ് വേണ്ടത്. രഹസ്യമായി എന്തെങ്കിലും ചെയ്താല്‍ അത് പരസ്യമാക്കാതിരിക്കണം.
പിന്നീടും അതാവര്‍ത്തിക്കുന്നതായി കണ്ടാല്‍ അവനെ രഹസ്യമായി താക്കീത് ചെയ്യുകയും വലിയൊരു തെറ്റായി അക്കാര്യം അവന്റെ മുന്നില്‍ ചിത്രീകരിക്കുകയും മേലില്‍ ഇതാവര്‍ത്തിച്ചാല്‍ പരസ്യമായി ശിക്ഷ നല്‍കുമെന്നും എല്ലാവരേയും അറിയിച്ചു വഷളാക്കുമെന്നും മുന്നറിയിപ്പ് നല്‍കുകയും വേണം.
കുട്ടികളെ എപ്പോഴും കുറ്റം പറയരുത്. അങ്ങിനെയാകുമ്പോള്‍ അവന്റെ വാക്കിന്ന് കുട്ടി വലിയവില കല്‍പിക്കുകയില്ല. ചിലപ്പോള്‍ മാത്രം ഭയപ്പെടുത്തുകയും ശകാരിക്കുകയും ചെയ്യുക. മാതാവ് പിതാവിനെ സംബന്ധിച്ചു പറഞ്ഞ് ഭയപ്പെടുത്തണം. 'നീ നോക്കിക്കോ! വാപ്പ വരട്ടെ, ഞാന്‍ പറഞ്ഞു കൊടുക്കും' എന്നിങ്ങനെയുള്ള വാക്കുകള്‍ മാതാവ് പറയണം. പകല്‍ ഉറങ്ങുന്നതും രാത്രി ഉറക്കം ഒഴിക്കുന്നതും പതിവാക്കരുത്. മേത്തരം വിരിപ്പുകളില്‍ മാത്രമേ ഉറങ്ങൂ എന്ന ശീലം ദൂരീകരിക്കേണ്ടതാണ്.
താന്‍ സഹപാഠികളെക്കാള്‍ ഭക്ഷണം, വസ്ത്രം എന്നിവയിലോ, മാതാപിതാക്കളുടെ പദവയിലോ, മറ്റോ ശ്രേഷ്ഠനാണെന്ന അഹന്ത ഒരിക്കലും കുട്ടിയില്‍ ഉണ്ടാകാന്‍ പാടില്ല. സഹപാഠികളെക്കാള്‍ താഴ്ന്നവനാണെന്ന ബോധത്തില്‍ അവരോടുകൂടി സല്‍സ്വഭാവത്തോടെയാണ് പെരുമാറേണ്ടത്. ഇതെല്ലാം രക്ഷിതാക്കള്‍ അവന്ന് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം.
പാമ്പ്, തേള് മുതലായവയുടെ വിഷം സന്താനങ്ങള്‍ക്ക് ബാധിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തുന്നതിനേക്കാളുപരിയായി സൂക്ഷിക്കേണ്ടതാണ് സ്വര്‍ണ്ണം, വെള്ളി മുതലായവയോടുള്ള അവരുടെ പ്രേമം. ആളുകള്‍ക്കിടയില്‍ തുപ്പുക, മൂക്കട്ട പിഴിയുക, വായപൊത്താതെ ആളുകള്‍ക്കിയില്‍ വെച്ച് കോട്ടുവായ ഇടുക, ആളുളെ പിന്നിട്ടിരിക്കുക, താടിക്ക് കൈവെച്ചിരിക്കുക, കാലിന്മേല്‍ കാല്‍ കയറ്റി ഇരിക്കുക, ഇടത്തെ കൈകുത്തി അതിന്മേല്‍ തലവെവെച്ച് ഇരിക്കുകയും കിടക്കുകയും ചെയ്യുക, അധികം സംസാരിക്കുക, നേരായാലും കളവായാലും സത്യം ചെയ്യുക എന്നിവയെല്ലാം തടയേണ്ടതാണ്. ചോദിച്ചതിന്ന് മാത്രം ഉത്തരം പറയുകയല്ലാതെ സംസാരം കൊണ്ട് ആദ്യം തുടങ്ങാന്‍ അവനെ അനുവദിക്കരുത്.
തന്നേക്കാള്‍ പ്രായമുള്ളവര്‍ എന്തെങ്കിലും പറഞ്ഞാല്‍ അതിനെ ശ്രദ്ധാപൂര്‍വം ശ്രവിക്കുക, അവരെ കാണുമ്പോള്‍ ബഹുമാനിച്ചു എഴുന്നേറ്റ് നില്‍ക്കുക, അവര്‍ക്ക് വേണ്ടി ഇരിക്കുന്ന സ്ഥാനത്ത് സൗകര്യം ചെയ്തുകൊടുക്കുക എന്നിവയെല്ലാം അവരെ പഠിപ്പികണം. അര്‍ത്ഥമില്ലാത്ത വാക്കുകള്‍ സംസാരിക്കാതിരിക്കുക, കുറ്റകരമായ സംസാരങ്ങള്‍ ഉപേക്ഷിക്കുക, അത്തരം സംസാരക്കാരോടൊന്നിച്ചു നടക്കാതിരിക്കുക എന്നിവയും ശ്രദ്ധിക്കപ്പെടേണ്ടതാണ്. അദ്ധ്യാപകര്‍ അടിച്ചാല്‍ അട്ടഹസിച്ചു കരയരുതെന്നും അത് അടിമകളുടേയും സ്ത്രീകളുടേയും സ്വഭാവമാണെന്നും പറഞ്ഞുകൊടുക്കണം. പഠിപ്പിന് ശേഷം കുറച്ച് സമയം കളിക്കാനനുവദിക്കണം.
അസ്തമന സമയത്ത് അല്‍പം കഴിയുന്നത് വരെ കുട്ടികളെ പുറത്തിറങ്ങാന്‍ അനുവദിക്കരുത്. വയസ്സിന് മൂത്തവര്‍, ഉസ്താദുമാര്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കെല്ലാം വഴിപ്പെടുകയും അവരെ ബഹുമാനിക്കുകയും ചെയ്യേണ്ടതാണെന്നും അവരെ നിന്ദിക്കരുതെന്നും അവരുടെ മുമ്പാകെ കളിക്കരുതെന്നും പഠിപ്പിച്ചുകൊടുക്കണം. കുട്ടികള്‍ക്ക് വകതിരിവായാല്‍ വുളൂ, നമസ്‌കാരം മുതലായവ ഉപേക്ഷിക്കുന്നതില്‍ ഒരിക്കലും അവര്‍ക്കനുകൂലമാകാതെ അതെടുപ്പിച്ചു പരിചയിപ്പിക്കേണ്ടതാണ്. റമളാനിലെ നോമ്പ് ഇടക്കിടെ പിടിച്ചു പരിചയിപ്പിക്കണം. പട്ടു വസ്ത്രങ്ങളും, സ്വര്‍ണ്ണാഭരണങ്ങളും ധരിപ്പിച്ചു ശീലിപ്പിക്കരുത്. അവന്നാവശ്യമായ അറിവുകള്‍ നല്‍കുന്നതില്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതാണ്. മോഷണം, കള്ളം പറയല്‍, ചതി, ഹറാമായ സാധനം ഭക്ഷിക്കല്‍ തുടങ്ങിയവയില്‍ നിന്നെല്ലാം അവനെ ഭയപ്പെടുത്തുകയും വിരോധിക്കുകയും വേണം.
അവന്‍ വളര്‍ന്നു പ്രായപൂര്‍ത്തിയോടടുത്താല്‍, ഭക്ഷണം അല്ലാഹുവിന്ന് വഴിപ്പെടാനുള്ള ശക്തിക്ക് വേണ്ടി കഴിക്കുന്നതാണെന്നും അതിന്ന് മരുന്നിന്റെ സ്ഥാനമാണുള്ളത് എന്ന് കണക്കാക്കി ആവശ്യത്തിന് മാത്രമേ കഴിക്കാവൂ എന്നും മനസ്സിലാക്കിക്കൊടുക്കേണ്ടതാണ്.
താഴെ പറയും വിധമുള്ള ആത്മിക ഉപദേശങ്ങള്‍ കുട്ടിക്ക് നല്‍കേണ്ടതാണ്: ഈ ഐഹിക ജീവിതം ശാശ്വതമല്ല. എല്ലാ സുഖാനുഭൂതികളും മുറിച്ചു കളയുന്ന മരണം എപ്പോള്‍ സംഭവിക്കുമെന്ന് ആര്‍ക്കും അറിയുകയില്ല. അനശ്വരമായ പരലോകമെന്ന വീട്ടിലേക്കുള്ള വിഭവങ്ങള്‍ തയ്യാറാക്കാനാണ് നാമിവിടെ വന്നിട്ടുള്ളത്. മനുഷ്യന്‍ ഇവിടെ ഒരു യാത്രക്കാരനെപ്പോലെയാണ്. പരലോകത്ത് എല്ലാവിധ സുഖസൗകര്യങ്ങളോട് കൂടിയ ശാശ്വതമായ സ്വര്‍ഗ്ഗീയ ഭവനം തയ്യാര്‍ ചെയ്തിട്ടുണ്ട്. അതിനെ കരസ്ഥമാക്കാനാണ് ബുദ്ധിയുള്ളവര്‍ ശ്രമിക്കേണ്ടത്.
ചെറുപ്പത്തില്‍ ഇത്തരം ഉപദേശങ്ങള്‍ അവന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചാല്‍ കല്ലില്‍ ചിത്രം കൊത്തിയതുപോലെ അത് സ്ഥിരമായി നില്‍ക്കും, ഒരു കാലത്തും അത് മാഞ്ഞു പോകുകകയില്ല. മറിച്ച് സന്താനങ്ങളെ ഉപദേശിക്കാതെയും ആവശ്യമായ വിജ്ഞാനം കൊടുക്കാതെയും അവര്‍ വളര്‍ന്നാല്‍ അവര്‍ ദുഷിച്ചു പോകുന്നതാണ്.
Leave A Comment