പെണ്‍കുട്ടികള്‍: അലങ്കാരവും വസ്ത്ര ഭ്രമവും

മുസ്‌ലിം സ്ത്രീ മാന്യയും കുലീനയുമാണ്. ഇത് അവളുടെ വേഷവിധാനത്തില്‍നിന്നുതന്നെ തിരിച്ചറിയണം. അവള്‍ ഫേഷന്റെ അടിമയോ ട്രന്റിയോ ആകരുത്. അത് മാന്യതക്ക് നിരക്കുന്നതല്ല. അച്ചടക്കവും ലാളിത്യവും പ്രതിഫലിക്കുന്നതായിരിക്കണം അവളുടെ സ്വഭാവവം പോലെ വേഷവിധാനവും. 

മനുഷ്യന്റെ സര്‍വ്വ കാര്യങ്ങളിലും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ ഇസ് ലാം അവന്റെ/ അവളുടെ വേഷവിധാനത്തെക്കുറിച്ചും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് അവളുടെ പേഴ്‌സനാലിറ്റിയെ നിര്‍ണയിക്കുന്നതാണ്. സ്വന്തം നഗ്നത മറക്കലും അന്യര്‍ക്കു മുമ്പില്‍ മാന്യമായ വസ്ത്രധാരണ നടത്തലും അവളുടെ അവകാശവുമാണ്. സ്ത്രീയുടെ ഈ അവകാശത്തെ സംരക്ഷിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്.

ഇസ്‌ലാമില്‍ വസ്ത്രം ഒരു പ്രദര്‍ശന വസ്തുവല്ല. മറിച്ച്, കവചവും സുരക്ഷയും അഭിമാന സംരക്ഷണത്തിനുള്ള വഴിയുമാണ്. പാശ്ചാത്യന്‍ നാടുകളിലുള്ള പോലെ നഗ്നത പ്രദര്‍ശിപ്പിച്ചുള്ള ജീവിതത്തിനും കുത്തഴിഞ്ഞ ലൈംഗികതക്കും ഇസ് ലാം അനുവദിക്കുന്നില്ല. അത്തരമൊരു അരാജകത്വ ചിന്തയിലേക്ക് എത്തിപ്പെടുന്നതിനെ ശക്തമായി നിയന്ത്രിക്കുന്നു ഇസ് ലാം. ആണുങ്ങള്‍ നിര്‍മിച്ചുണ്ടാക്കുന്ന ഫെമിനിസ്റ്റ് ചിന്താഗതികള്‍ക്ക് ഇരയായി, ചൂഷണം ചെയ്യപ്പെടുന്ന പാവം പെണ്ണിന് തങ്ങളുടെ അസ്തിത്വവും അവകാശവും ബോധ്യപ്പെടുത്തുകയാണ് ഇസ് ലാം ചെയ്യുന്നത്. 

വേഷവിധാനം

വസ്ത്രം ധരിക്കുന്നത് ആകര്‍ഷിക്കപ്പെടാനോ മറ്റുള്ളവരുടെ ശ്രദ്ധ നേടാനോ അല്ല. മറിച്ച്, ഔറത്ത് മറക്കുകയെന്ന നിര്‍ബന്ധ ബാധ്യത വീട്ടാനും ഹറാമുകളില്‍നിന്നും സ്വന്തം ശരീരത്തെ സംരക്ഷിക്കാനുമാണ്. വേഷവിധാനത്തെക്കുറിച്ച് ഇസ് ലാമിന്റെ ആത്യന്തിക കാഴ്ചപ്പാട് ഇതാണ്.

അന്യ സ്ത്രീകള്‍ക്ക് അന്യ പുരുഷന്റെ മുമ്പില്‍ ഇസ്‌ലാം കൃത്യമായ വസ്ത്രധാരണ നിശ്ചയിച്ചിട്ടുണ്ട്. മുന്‍ കൈയും മുഖവും ഒഴിച്ച് ബാക്കി ശരീരം മുഴുവനും അവള്‍ കൃത്യമായി മറച്ചിരിക്കണം. ശരീരം മൊത്തം മറച്ചിരിക്കലും ഉത്തമമാണ്.

സ്ത്രീ അവളുടെ മേനിയഴക് ഒരിക്കലും അന്യര്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. സ്വന്തം ഇണക്ക് മാത്രം അവകാശപ്പെട്ടതാണത്. അല്ലാതെ, ഇന്നത്തെ സ്ത്രീകളെ പോലെ അങ്ങാടിയിലേക്കിറങ്ങാന്‍ മെയ്ക്കപ്പ് ചെയ്ത് ഉടുത്തൊരുങ്ങുന്ന സ്ത്രീ ഇസ് ലാമിന് അന്യമാണ്. 

സ്ത്രീകളെ ഇസ് ലാം ആദരിക്കുകയും സമൂഹസമുദ്ധാരണാര്‍ത്ഥം അവളെ അംഗീകരിക്കുകയും ചെയ്യുന്നു. സമുദായത്തിന്റെ നന്മ സ്ത്രീകളുമായി ബന്ധപ്പെട്ടിരിക്കുന്നു. 

തലമുടി പൂര്‍ണമായും മറയുന്ന ശിരോവസ്ത്രം ധരിക്കലും ശരീരം മുഴവനും മൂടുന്ന പര്‍ദ്ദ പോലെയുള്ള വസ്ത്രം ധരിക്കലും ഇസ്‌ലാമില്‍ മാന്യമായ സ്ത്രീയുടെ ലക്ഷണമാണ്. തങ്ങള്‍ക്കെതിരെയുള്ള തിനമകളെ തടയാന്‍ ഇത് സഹായകമാകും. 

ഇരു പാദങ്ങളും മുന്‍കൈയും മറയുന്ന വസ്ത്രമാണ് സ്ത്രീക്ക് ഏറ്റവും ഉചിതം. ശരീരത്തിന്റെ ശാലീനതയും മാറിടത്തിന്റെ മുഴുപ്പും പുറമേക്കു പ്രകടമാകുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ പാടില്ല. അത് പര്‍ദ്ദയായാലും ശരി. പുരുഷ വസ്ത്രത്തിന് സമാനമായതും നേര്‍ത്തതും നിഷിദ്ധം തന്നെ. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുമാര്‍ ആകര്‍ഷകമായ വസ്ത്രങ്ങളും വര്‍ജ്ജിക്കുക തന്നെ വേണം.

ആധുനിക വേഷങ്ങള്‍

ആധുനികതയുടെ പളപളപ്പില്‍ ഇന്നത്തെ പെണ്‍കുട്ടികള്‍ ധരിക്കുന്ന അധികം വസ്ത്രങ്ങളും അവളുടെ ശാരീരിക സൗന്ദര്യവും ആകാരവും പുറത്തുകാണിക്കുന്നതാണ്. ഔറത്ത് മറക്കുന്നതിനു പകരം അത് പുറത്തു കാണിക്കാനേ ഇവ സഹായിക്കുകയുള്ളൂ. ഇത് നിഷിദ്ധമാണെന്നതില്‍ രണ്ടഭിപ്രായത്തിന് വകയില്ല. ശക്തമായ ശിക്ഷക്ക് ഇത് നിമിത്തമാകാം. സ്വന്തം വസ്ത്ര ധാരണയില്‍ പോലും അല്ലാഹുവിന്റെ തൃപ്തിയാണ് ഒരു പെണ്‍കുട്ടി കാംക്ഷിക്കേണ്ടത്.

കൊച്ചു കാലം മുതല്‍ തന്നെ കുട്ടികളെ ഇസ് ലാമിക വേഷവിധാനം ശീലിപ്പിക്കല്‍ രക്ഷിതാക്കളുടെ കടമയാണ്. അവര്‍ക്ക് ഇസ് ലാമികമായ വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ അവര്‍ ശ്രദ്ധിക്കണം. കൊച്ചുകാലത്തേ കുട്ടികളെ മോശപ്പെട്ട വസ്ത്രധാരണ പഠിപ്പിച്ചാല്‍ പിന്നീട് അതിനോടായിരിക്കും കുട്ടികള്‍ക്ക് കമ്പം. 

ടീനേജ് പ്രായത്തിലേക്ക് കടക്കുന്നതോടെ വസ്ത്രത്തിന്റെ കാര്യത്തില്‍ അച്ചടക്കവും മാന്യതയും പുലര്‍ത്താന്‍ രക്ഷിതാക്കളുടെ ഭാഗത്തുനിന്നും കുട്ടികള്‍ക്ക് ശ്രദ്ധ ലഭിക്കേണ്ടതുണ്ട്. പെണ്‍കുട്ടികളും ഈ പ്രായത്തോടെ തങ്ങളുടെ ശരീരത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാവേണ്ടതുണ്ട്. പ്രായപൂര്‍ത്തിയാകുന്നതോടെ അവള്‍ സ്വന്തത്തെ തിരിച്ചറിയുകയും സ്വശരീരത്തിന് അതിന്റെ അവകാശങ്ങള്‍ നല്‍കുകയും വേണം. 

മറഞ്ഞുകിടക്കേണ്ട ഭാഗങ്ങള്‍ മറഞ്ഞുകിടക്കുന്നതില്‍ തന്നെയാണ് ഭംഗി. മുട്ടു പൊക്കിളിനിടയില്‍ മറക്കേണ്ട പുരുഷന്‍ സൂട്ടും കോട്ടും ധരിച്ച് ശരീരം മുഴുവനും മറക്കുകയും ശരീരം മുഴുവനും മറക്കേണ്ട പെണ്ണ് സ്‌കേട്ട് ധരിച്ച് അര്‍ദ്ധ നഗ്നയോ മുഴുനഗ്നയോ ആയി പുറത്തിറങ്ങുകയും ചെയ്യുന്ന വിരോധാഭാസമാണ് നമ്മളിന്ന് കാണുന്നത്. പെണ്ണ് സ്വന്തം ശരീരത്തിന്റെ മാന്യതയും പവിത്രതയും മനസ്സിലാക്കാതെ പോകുന്നതാണ് ഇതിനു കാരണം. 

അലങ്കാരപ്രദര്‍ശനം

സ്ത്രീക്ക് അവളുടെ നഗ്നതയും ശരീരവടിവും പുറത്തു കാണിക്കാതെ ആഭരണങ്ങളും നല്ല വസ്ത്രങ്ങളും ധരിക്കാനുള്ള അവകാശമുണ്ട്. അവളോട് ശരീരം മറക്കാന്‍ പറഞ്ഞത് അവളുടെ സുരക്ഷിതത്വത്തിനും സമൂഹ നന്മക്കും വേണ്ടിയാണ്. അല്ലാതെ സ്വന്തം ന്ഗ്നത മറ്റുള്ളവര്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ച് അവര്‍ക്ക് ഹരം പകരുന്ന വര്‍ത്തമാന ട്രന്റുകളെ ഇസ് ലാം ശക്തമായി തിരുത്തുന്നു.

വസ്ത്രം ധരിച്ചും ധരിക്കാതെയും നഗ്നത കാണിക്കുന്ന രീതിയുണ്ട്. ഇടുങ്ങിയതും ഷെയ്പ്പ് ആക്കിയതുമായ വസ്ത്രം ധരിച്ചും ബനിയന്‍ ക്ലോത്തുകള്‍ ധരിച്ചും ശരീരത്തിന്റെ തനി രൂപം പുറത്ത് കാണിച്ചു നടക്കുന്ന ധാരാളം പെണ്‍കുട്ടികളെ നമുക്കിടയില്‍ കാണാം. അറിവില്ലായ്മ കൊണ്ടോ മറ്റു സ്വാധീനങ്ങള്‍ കൊണ്ടോ ചെയ്യുന്നതാവാം ഇത്. എന്നാല്‍, ഇത് നിഷിദ്ധമാണ്. പ്രായപൂര്‍ത്തിയെത്തിയ ഒരു പെണ്‍കുട്ടി അന്യര്‍ക്കുമുമ്പില്‍ ഒരിക്കലും ഇത്തരം വസ്ത്രത്തില്‍ പ്രത്യക്ഷപ്പെടാന്‍ പാടില്ല. 

പേരിനു മാത്രം വസ്ത്രം ധരിക്കുകയും ശരീരം അന്യര്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നവരെ പ്രവാചകന്‍ പ്രത്യേകം താക്കീത് ചെയ്തിട്ടുണ്ട്. ഒരു ഹദീസില്‍ ഇങ്ങനെ വായിക്കാം: ചില സ്ത്രീകളുണ്ട്. അവര്‍ വസ്ത്രം ധരിച്ചിട്ടുണ്ടാകും. എന്നാല്‍, അവര്‍ നഗ്നരാണ്. അവര്‍ ആളുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടി കൊഞ്ചിക്കുഴയും. ഒട്ടകത്തിന്റെ പൂഞ്ഞ പോലെ അവര്‍ തലമുടി പൊക്കി വെച്ചിട്ടുണ്ടാകും. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. സ്വര്‍ഗത്തിന്റെ പരിമളവും അവര്‍ക്കെത്തുകയില്ല.

ആധുനിക പെണ്‍കുട്ടികളോടുള്ള പ്രവാചകരുടെ വലിയൊരു ഉപദേശമാണിത്. ഇത് നമ്മുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കിയേ മതിയാവൂ. പണം കൊടുത്ത് നരകം വാങ്ങുന്ന തരത്തിലേക്ക് നമ്മുടെ വസ്ത്രധാരണ ഒരിക്കലും എത്തിച്ചേരരുത്.

പ്രവാചകന്‍ മറ്റൊരിടത്ത് പറഞ്ഞു: പട്ടും സ്വര്‍ണവും അണിയല്‍ എന്റെ സമുദായത്തിലെ പുരുഷന്മാര്‍ക്ക് നിഷിദ്ധവും സ്ത്രീകള്‍ക്ക് അനുവദനീയവുമാണ് (തുര്‍മുദി).

പുരുഷന്റെ വസ്ത്രത്തില്‍ നിയന്ത്രണം വെച്ച പ്രവാചകന്‍ സ്ത്രീകള്‍ക്ക് അവളുടെ അലങ്കാരമായി പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും അനുവദിക്കുകയാണിവിടെ. എന്നാല്‍, അതിനെ, വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ അവള്‍ പക്വത കാണിക്കേണ്ടതുണ്ട് എന്നു മാത്രം. 

സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും വാതോരാതെ ബഹളം വെച്ച് അന്തരീക്ഷ മലിനീകരമം നടത്തുന്ന ഫെമിനിസ്റ്റുകളും വനിതാ സംഘടനകളും ആര്‍ക്കോ വേണ്ടി തുള്ളുകയെന്നല്ലാതെ സ്വന്തം ശരീരത്തിന്റെ മേന്മ പോലും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം.

വിവിധ സാഹചര്യങ്ങളിലെ വസ്ത്രങ്ങള്‍

സ്ത്രീക്ക് വ്യത്യസ്ത വസ്ത്രധാരണാ രീതികളാണ് ഇസ് ലാം വിവിധ സാഹചര്യങ്ങളില്‍ അനുവദിക്കുന്നത്. വിവാഹ ബന്ധം നിഷിദ്ധമായ മഹ്‌റമിനു മുമ്പില്‍ സാധാരണ വീട്ടിലെ വസ്ത്രമണിഞ്ഞ് അവള്‍ക്ക് പ്രത്യപ്പെടാം. ശരീരം മുഴുവനും മറക്കേണ്ട ആവശ്യമില്ല. 

പിതാവ്, ജ്യേഠാനുജന്മാര്‍, ഭര്‍തൃപിതാക്കള്‍, സ്വന്തം സന്താനങ്ങള്‍, ഭര്‍തൃസന്താനങ്ങള്‍, സഹോദരീപുത്രന്മാര്‍, സ്ത്രീകളില്‍ ആകൃഷ്ടരാകാത്ത കുട്ടികള്‍, മറ്റു സമുസ്‌ലിം സ്ത്രീകള്‍ തുടങ്ങിയവര്‍ ഈ ഗണത്തില്‍ പെടും. തന്റെ ജീവിതവുമായി നിരന്തരം ബന്ധപ്പെടുന്ന ആളുകളായതിനാല്‍ അവരില്‍നിന്നും വൈകാരിക ശല്യങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കുറവാണല്ലോ. എന്നാല്‍, ഇക്കാലത്ത് അവരില്‍നിന്നു പോലും പെണ്‍കുട്ടികള്‍ ശല്യം ചെയ്യപ്പെടുന്ന ദുരന്തം നമ്മള്‍ കണ്ടുവരുന്നുവെന്നത് ഏറെ ഭീതിപ്പെടുത്തുന്നതാണ്. 

ഭര്‍ത്താവിനു മുമ്പില്‍ സ്ത്രീ പൂര്‍ണ സ്വതന്ത്രയാണ്. അവരുടെ സ്വകാര്യതയില്‍ അവര്‍ക്ക് എങ്ങനെയും പ്രത്യക്ഷപ്പെടാം. പരസ്പരം സ്‌നേഹം വര്‍ദ്ധിപ്പിക്കുന്ന വേഷങ്ങള്‍ അവര്‍ക്ക് തെരഞ്ഞെടുക്കാം.

എന്നാല്‍, അന്യ പുരുഷന്മാര്‍ക്കു മുമ്പില്‍ നാം നേരത്തെ സൂചിപ്പിച്ചപോലെ പൂര്‍ണമായ ഇസ് ലാമിക വേഷം അനുവര്‍ത്തിച്ചേ മതിയാകൂ. 

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍

അല്ലാഹു മനുഷ്യനെ ഏറ്റവും ഉത്തമ രൂപത്തിലാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ, അവന്റെ കണ്ണിനും മുടിക്കും നഖത്തിനുമെല്ലാം അനന്യമായ അഴകുണ്ട്. ആ അഴക് നിലനിര്‍ത്താന്‍ വേണ്ടത് ഓരോ വിശ്വാസിയും ചെയ്തിരിക്കണം. നഖം മുറിക്കുകയും മുടി വൃത്തിയായി സൂക്ഷിക്കുകയും നീക്കേണ്ടത് നീക്കുകയും കുളിക്കുകയും സുഗന്ധം ഉപയോഗിക്കുകയും വേണം. ഇതെല്ലാം സുന്നത്തായ കാര്യങ്ങളാണ്.

പുത്തന്‍ ഉടയാടകള്‍ അണിയലും അനുവദനീയമായ സൗന്ദര്യ വഴികളും സ്വീകരിക്കലും ഉത്തമമാണ്. എന്നാല്‍, സൗന്ദര്യവത്കരണത്തിനായി നിഷിദ്ധമായ വഴികള്‍ അവലംബിക്കാന്‍ പാടില്ല. നിസ്‌കാരത്തിനും വുളൂഇനും വിഘാതം സൃഷ്ടിക്കും വിധമുള്ള യാതൊരു വിധ ലേപനങ്ങലും പാടില്ല. അത് നിഷിദ്ധമാണ്. നഖത്തില്‍ വെള്ളം ചേരുന്നതിനെ തടയുന്ന ക്യൂട്ടക്‌സ് പോലെയുള്ള സാധനങ്ങള്‍, മുടി ഡൈ ചെയ്യല്‍ തുടങ്ങിയവയും നിഷിദ്ധമാണ്. മുഖത്ത് വെള്ളം ചേരുന്നതിനെ തടയും വിധമുള്ള ഫേഷ്യല്‍ ചെയ്യലും അങ്ങനെ നിസ്‌കരിക്കലും അനുവദനീയമല്ല. 

മൈലാഞ്ചി ഇടല്‍ ചെറിയ പെണ്‍കുട്ടികള്‍ക്കും ഭര്‍തൃമതികളായ സ്ത്രീകള്‍ക്കും വൃദ്ധകള്‍ക്കും സുന്നത്താണ്. എന്നാല്‍, പുരുഷന്മാരും ഇദ്ദ ഇരിക്കുന്ന സ്ത്രീകളും ഇത് വര്‍ജ്ജിക്കേണ്ടതാണ്. ആശിക്കപ്പെടുന്ന പ്രായമെത്തിയ പെണ്‍കുട്ടികളും ഇത് ഒഴിവാക്കുന്നതാണ് നല്ലത്. എന്നാല്‍, രോഗത്തിനോ മറ്റോ ആര്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്. സുറുമ ഇടലും എണ്ണ ഉപയോഗിക്കലും സുന്നത്താണ്.

ഇന്ന് പല പെണ്‍കുട്ടികളിലും കണ്ടുവരുന്ന മൂക്ക് കുത്തല്‍ സംസ്‌കാരം ഇസ്ലാമികമല്ല. തലമുടി പ്രദര്‍ശിപ്പിക്കാനായി അതിനെ പല രൂപത്തില്‍ കെട്ടി നിര്‍ത്തലും വര്‍ജ്ജിക്കേണ്ടതാണ്. പുരികം പ്ലക്ക് ചെയ്യുക, മൂക്ക് കുത്തുക, പല്ല് രാകുക, നഖം നീട്ടുക പോലെയുള്ള സൗന്ദര്യവര്‍ദ്ധമെന്ന് ആധുനിക ലോകം പറയുന്ന പല രീതികളും പെണ്‍കുട്ടികള്‍ പാടേ വര്‍ജ്ജിക്കേണ്ടതാണ്. പാശ്ചാത്യര്‍ പരിചയപ്പെടുത്തിയ കേവല സൗന്ദര്യ തോന്നലുകള്‍ മാത്രമാണത്. അന്യരെ ആകര്‍ഷിക്കാനായി ഇത് ചെയ്യുന്നത് നിഷിദ്ധം തന്നെയാണ്.  

ഇന്ന് ന്യൂജന്‍ പെണ്‍കുട്ടികളില്‍ കണ്ടുവരുന്ന ബ്യൂട്ടി പാര്‍ലര്‍ സംസ്‌കാരവും ഇസ് ലാമികമായി ന്യായീകരിക്കാവതല്ല. സ്‌കൂളുകളില്‍നിന്നും കൂട്ടുകാരികളില്‍നിന്നും ലഭിക്കുന്ന പല തെറ്റായ സങ്കല്‍പങ്ങളുമാണ് സദാ ബ്യൂട്ടീ പാര്‍ലറുകളില്‍ പോയി സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. അന്യരെ ആകര്‍ഷിക്കാനായി ചെയ്യുന്ന ഇത്തരം കൃത്യങ്ങള്‍ ദൈവകോപത്തിലേക്കാണ് കൊണ്ടെത്തിക്കുക. 

ആത്മീയതകൊണ്ടും ലാളിത്യംകൊണ്ടും മനസ്സിനെയും ശരീരത്തെയും സൗന്ദര്യം കൂട്ടാനാണ് ഓരോ പെണ്‍കുട്ടിയും ശ്രദ്ധിക്കേണ്ടത്. പ്രായപൂര്‍ത്തിയാകുന്നതോടെ അല്ലാഹുവിനെ മനസ്സില്‍ സൂക്ഷിച്ചുവേണം അവള്‍ തന്റെ ഓരോ കാര്യവും തീരുമാനിക്കാന്‍. 

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter