നമ്മുടെ മക്കള്‍ നല്ലവരാകാന്‍
നമ്മുടെ മക്കള്‍ നല്ലവരായി വളരണമെന്ന് ആഗ്രഹിക്കുന്നവരാണല്ലോ നാം. അപ്പോള്‍ അതിനെന്തൊക്കെയാണ് വേണ്ടതെന്ന് നാം ആദ്യമായി മനസ്സിലാക്കിയിരിക്കണം. നമ്മുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ വിജയിക്കുന്നുണ്ടോയെന്ന് ആത്മവിചാരണ നടത്തുകയും വേണം. കുട്ടികള്‍ക്ക് ആവശ്യമായ അളവില്‍ സ്‌നേഹം നല്‍കുക. അര്‍ഹമായ അംഗീകാരവും പ്രോല്‍സാഹനവും നല്‍കുക. ആധുനിക ജീവിത ചുറ്റുപാടില്‍ കുടുംബാംഗങ്ങള്‍ക്കിടയിലെ സ്‌നേഹത്തിന് മങ്ങലേറ്റിരിക്കുന്നു. മുറ്റത്ത് തുള്ളിചാടി നടക്കേണ്ട കുട്ടിയെ നഴ്‌സറിയിലേക്കയക്കുന്നത് കുട്ടിവീട്ടില്‍ നിന്നാല്‍ മാതാവിന്റെ സമയം കവര്‍ന്നെടുക്കുമെന്ന് കരുതിയാണ്. കുഞ്ഞിനെ കളിപ്പിക്കാനും ചിരിപ്പിക്കാനും ആയമാരെ ഏര്‍പ്പാടു ചെയ്യുന്ന മാതാപിതാക്കള്‍ കുഞ്ഞിനെ പരിപാലിക്കുന്നതിനുള്ള തങ്ങളുടെ സമയം മറ്റെന്തിനോ ഉപയോഗിക്കുകയാണ്. തന്റെ കുട്ടി ഡോക്ടറോ എഞ്ചിനീയറോ ആകാന്‍ വേണ്ടി ഗണിതവും ഭൗതികവും മണ്ടയില്‍ അടിച്ചുകയറ്റുമ്പോള്‍ കുട്ടിയുടെ അഭിരുചിക്കുപരി തങ്ങളുടെ ദുരഭിമാനത്തിനും സാമ്പത്തിക മോഹത്തിനുമാണ് മുന്‍തൂക്കം നല്‍കുന്നതെന്ന വസ്തുത വിസ്മരിക്കാവതല്ല. പരസ്പര പെരുമാറ്റത്തിലൂടെയാണ് നല്ല സ്വഭാവം രൂപപ്പെടുന്നത്. അത് നിലനില്‍ക്കാന്‍ അംഗീകാരം ആവശ്യമാണ്. കുട്ടികള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ആംഗീകരിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണം. അതുപോലെ അവരെ അംഗീകരിക്കുന്നുവെന്ന് ബോധ്യപ്പെടുത്താനുമാകണം. 'സ്‌നേഹംകൊണ്ട് കീഴടക്കുക' എന്നത് പുത്തന്‍ പ്രയോഗമല്ല. അതൊരിക്കലും പുതുമ നഷ്ട പ്പെടാത്ത ഉപദേശമാണ്. കുട്ടികള്‍ക്ക് സ്‌നേഹം നല്‍കുമ്പോള്‍ അത് തിരിച്ചറിയാനുള്ള അവസരവും നാം അവര്‍ക്ക് നല്‍കണം. അമിതമായ ലാളന അപകടമാണ്. ഒന്നും നോക്കാതെ എല്ലാകാര്യത്തിലും കുഞ്ഞിനെ പിന്താങ്ങുന്നത് ചീത്ത സ്വഭാവങ്ങള്‍ വളരാന്‍ പ്രേരകമായി ഭവിക്കും. ജീവിക്കാന്‍ മനുഷ്യന് അനുഭൂതികള്‍ വേണം. പ്രോത്സാഹനങ്ങള്‍ അനുഭൂതികളാണ്. ജീവിക്കാനുള്ള അനുഭൂതികളാണ് ഓരോ പ്രോത്സാഹനങ്ങളും. നിങ്ങള്‍ കുഞ്ഞിനെ പുറത്തുതട്ടി അനുമോദിക്കുമ്പോള്‍, പ്രോത്സാഹന വാക്കുകള്‍ പറയുമ്പോള്‍ ജീവിക്കാനുള്ള പ്രചോദനമായി മാറുകയാണവ. പ്രോത്സാഹനങ്ങള്‍ അടക്കിവെക്കാനുള്ളതല്ല. അതുപ്രകടിപ്പിക്കാനുള്ളതാണ്. കുട്ടികള്‍ക്ക് പ്രോത്സാഹനങ്ങളും അംഗീകാരവും ലഭിക്കാതെ വരുമ്പോള്‍ അപ്രിയ സ്വഭാവങ്ങള്‍ അവരിലുടലെടുക്കുന്നു. അംഗീകാരം കിട്ടാതെ വരുമ്പോള്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കും. കുസൃതികളും വാശിയും വികൃതികളുമൊക്കെ അതിന്റെ ഭാഗമായുണ്ടാകും. അപ്പോള്‍ അവരെ ശാസിക്കാം. ആ ശാസനയിലൂടെ ശ്രദ്ധതേടുകയാണവര്‍. ഈ രീതിയില്‍ ഉടലെടുക്കുന്ന ദുസ്വഭാവം ശാസനയിലൂടെയോ മറ്റോ അവസാനിപ്പിക്കാനാകാത്തതും അത്‌കൊണ്ട് തന്നെ. കുസൃതികളും വാശിയും മനസ്സിലാക്കി സ്‌നേഹമസൃണമായ പെരുമാറ്റത്തിലൂടെ അവരെ നല്ല സ്വഭാവത്തിലേക്ക് കൊണ്ട് വരാന്‍ നാം ശ്രമിക്കണം. കുട്ടികളെ കുട്ടികളായി കാണണം. വലിയവെേരന്നപോലെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ചില രക്ഷിതാക്കളെ കാണാം. കുട്ടികളുടെ വ്യക്തിത്വത്തില്‍ താളപ്പിഴകളായിട്ടാണത് ഭവിക്കുക. ആരോഗ്യത്തില്‍ ശ്രദ്ധവേണം. കുട്ടികളുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും വാശിക്കും രക്ഷിതാക്കള്‍ വശംവദരായിക്കൂടാ. അതിരുകടന്നുള്ള നിയന്ത്രണവും ഗുണം ചെയ്യില്ല. സ്‌നേഹമയവും മൃദുലവുമായ പെരുമാറ്റത്തിലൂടെ അവര്‍ തങ്ങളെ അനുഗമിക്കും വിധം മാതൃകാ ജീവിതമാണ് രക്ഷിതാക്കള്‍ കാഴ്ചവെക്കേണ്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter