വിവാഹം നിശ്ചയിച്ചെന്നു കരുതി എല്ലാമാവാമെന്നുണ്ടോ?
ബരീറ. അടുത്ത ഞായറാഴ്ചയാണ് അവളുടെ വിവാഹം. ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. എന്തെല്ലാം പരിപാടികളാണ് ഒരു വിവാഹച്ചടങ്ങിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തുന്നത്. സാമ്പത്തികശേഷിയുള്ളവര്‍ പോലും വിയര്‍ക്കുന്ന സ്ഥിതി. പിന്നെ പാവപ്പെട്ടവരുടെ അവസ്ഥ പറയേണ്ടതില്ലല്ലോ... മൂന്നുമാസം മുമ്പ് നിശ്ചയിച്ചതായിരുന്നു വിവാഹം. ഇനി വിരലിലെണ്ണാവുന്ന ദിനങ്ങള്‍... ഇന്നലെ പ്രതിശ്രുത വധുവിന്റെ ഒരു പ്രഖ്യാപനം. 'എനിക്കീ വിവാഹം വേണ്ടെ...' നിര്‍ബന്ധിച്ച് നടത്തിയാല്‍ അവള്‍ ആത്മഹത്യ ചെയ്യുമത്രെ! വീട്ടുകാര്‍ എന്തുചെയ്യും? എന്തിനാണിവള്‍ ഈ വിവാഹത്തെ എതിര്‍ക്കുന്നത്? മറ്റുവല്ല പ്രേമബന്ധവും കാരണമാണോ..? അതായിരിക്കില്ല. വിവാഹം നിശ്ചയിച്ചതുമുതല്‍ അവരെന്നും ഫോണിലൂടെ സംസാരിക്കുന്നു. ഇടക്കിടെ അവന്‍ ബൈക്കില്‍ സന്ദര്‍ശിക്കാന്‍ വരുന്നു. നേരില്‍ കാണുന്നു. മുറിയില്‍ കേറി സ്വല്‍പസമയം ചെലവഴിക്കുന്നു. വിവാഹം നിശ്ചയിച്ചവരല്ലേ എന്ന ലാഘവത്തോടെ വീട്ടുകാര്‍ ഇതിനെല്ലാം അവസരവും സൗകര്യവും നല്‍കി. അവന്‍ തന്നെയാണ് അവള്‍ക്ക് സ്വന്തമായി സംസാരിക്കാന്‍ മൊബൈല്‍ഫോണും മറ്റും നല്‍കിയതും. ഇത്രയൊക്കെയായിട്ടും ഈ പെണ്‍കുട്ടിയെന്തേ വിവാഹത്തില്‍ നിന്ന് പിന്മാറുന്നു...? *** *** കാലം മാറുകയാണ്. നമ്മളും. അതിനനുസരിച്ച് നമ്മുടെ സംസ്‌കാരങ്ങളും മാറ്റണം എന്നതാണിന്നത്തെ ട്രന്റ്. മതവിശ്വാസങ്ങളും ധാര്‍മിക ചിന്തകളുമൊന്നും അവിടെ വിലപ്പോവില്ല. പണ്ട് നമ്മുടെ നാട്ടില്‍ കല്യാണം നടക്കുമ്പോള്‍ പെണ്ണും ചെറുക്കനും തമ്മില്‍ കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല. മാതാപിതാക്കള്‍ കൂടിയിരുന്നാലോചിക്കും, അതങ്ങ് ഉറപ്പിക്കും. അവരുടെ തീരുമാനം എതിരില്ലാതെ അനുസരിക്കാന്‍ ചെറുപ്പക്കാര്‍ സന്നദ്ധരുമായിരുന്നു. കല്യാണം കഴിഞ്ഞാല്‍ തന്നെ ദമ്പതികള്‍ക്ക് ഒരുമിച്ച് അന്തിയുറങ്ങാന്‍ ദിവസങ്ങള്‍ കഴിയേണ്ടിവരുമായിരുന്നു. വേണ്ടത്ര സ്വകാര്യതകള്‍ പോലും അന്നത്തെ വീടുകളിലുണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ കല്യാണത്തിന് ആണും പെണ്ണും കാണണം. ഇഷ്ടപ്പെടണം. നല്ലതു തന്നെ. പരസ്പര ഇഷ്ടമാണല്ലോ ദാമ്പത്യസ്‌നേഹത്തിന്റെ അടിത്തറ. കല്യാണാലോചനാവേളയിലെ കൂടിക്കാഴ്ചക്ക് ശേഷം പിന്നെ വിവാഹദിവസം മാത്രം വധൂവരന്മാര്‍ തമ്മില്‍ കാണുന്ന അവസ്ഥയായിരുന്നു കുറച്ചുമുമ്പുവരെ നമ്മുടെ നാട്ടിലുണ്ടായിരുന്നത്. ഇന്ന് അതും മാറിയിരിക്കുന്നു. വിവാഹ നിശ്ചയം കഴിഞ്ഞാല്‍ മതി. പിന്നീട് വിവാഹം കഴിഞ്ഞവരെ പോലെയാണ് എല്ലാ ഏര്‍പ്പാടും..! ആദ്യരാത്രി എന്നത് ഏതൊരാളുടെ ജീവിതത്തിലും മറക്കാന്‍ കഴിയാത്ത ഒരനുഭവമാണ്. അതുവരെ പരിചയം പോലുമില്ലാത്ത രണ്ട് മനസ്സുകളുടെ സംഗമം. ശരീരത്തിന്റെ ഇഴുകിച്ചേരലുകള്‍. ആദ്യരാത്രിയെ കുറിച്ച് എന്തെല്ലാം പ്രതീക്ഷകളാണുണ്ടാവുക. ഇണയുടെ സ്വഭാവമെന്തായിരിക്കും, പെരുമാറ്റമെങ്ങനെ? എന്നിത്യാദി വ്യാകുലതകള്‍. പക്ഷേ, ഇന്നിതിനൊന്നും പ്രസക്തിയില്ല. വിവാഹം നിശ്ചയിച്ചുകഴിഞ്ഞ അന്നുമുതല്‍ ഫോണ്‍വിളി തുടങ്ങുകയായി. പിന്നെ വീട്ടിലും പാര്‍ക്കിലും ഒരുമിച്ചുകൂടുകയായി. മൊബൈല്‍ഫോണ്‍ എന്ന കുന്ത്രാണ്ടം വ്യാപകമായതോടെ വിളിയുടെ എണ്ണവും ദൈര്‍ഘ്യവും വര്‍ദ്ധിച്ചു. അവര്‍ക്ക് പലതും പറയാനുണ്ടാകും എന്ന നിസ്സംഗതയോടെ പെണ്‍കുട്ടികള്‍ക്കുപോലും വീട്ടുകാര്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നു. ഇതോടെ ആദ്യരാത്രിയില്‍ മുഖാമുഖം സംസാരിക്കേണ്ടതെല്ലാം ഫോണിലൂടെ പറഞ്ഞുതീര്‍ത്തു. സ്വപ്നങ്ങളും ആഗ്രഹങ്ങളും അഭിലാഷങ്ങളുമെല്ലാം കൈമാറി. പിന്നെ വിരസത മാത്രമാണ് അവശേഷിക്കുന്നത്. മറ്റൊരു സംഭവം പറയാം. വിവാഹം നിശ്ചയിക്കപ്പെട്ട ഇണക്കുരുവികള്‍. അവന്‍ ഇടക്കിടെ ബൈക്കുമായി വരും. കടപ്പുറത്തേക്കാണെന്ന് പറഞ്ഞു കൊണ്ടുപോവും. നേരത്തെ പറഞ്ഞുറപ്പിച്ചതനുസരിച്ച് ഒരു ദിവസം യാത്ര ബന്ധുവീട്ടിലേക്ക്. റൂമില്‍ തനിച്ചുള്ള സല്ലാപം. തന്റെ ഭാര്യയാകാവുന്ന പെണ്‍കുട്ടിയെ വിവസ്ത്രയായൊന്ന് കാണണമെന്ന് ചെറുക്കന് ആഗ്രഹം. നിര്‍ബന്ധത്തിന് അവള്‍ വഴങ്ങി. അവന്റെ പ്രതീക്ഷയെ തകിടം മറിക്കുന്ന ദൃശ്യങ്ങള്‍. പിന്നീട് വിവാഹം കഴിഞ്ഞു. ചെറുക്കന് ലൈംഗികമായ ആഗ്രഹങ്ങളൊന്നും ജനിക്കുന്നില്ല. താല്‍പര്യക്കുറവ് ദിവസങ്ങള്‍ നീണ്ടു. ചികിത്സ തേടിവന്നപ്പോഴാണ് ടിയാന്‍ ഈ സംഭവങ്ങളൊക്കെ പറഞ്ഞത്. സ്ത്രീസൗന്ദര്യത്തെ കുറിച്ചും, ശരീരത്തെ കുറിച്ചും മനസ്സില്‍ താലോലിച്ചിരുന്ന മനോചിത്രങ്ങള്‍ തകിടംമറിഞ്ഞതാണ് കാരണം. ഭാര്യയെ സമീപിക്കുമ്പോഴേക്ക് അന്നത്തെ സംഭവം ഓര്‍മവരും. മനസ്സ് തളരും. വധൂവരന്മാര്‍ ഒന്നിക്കാനുള്ളവര്‍ തന്നെയാണെങ്കിലും അവര്‍ തമ്മിലുള്ള വിവാഹപൂര്‍വ ബന്ധങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നാണ് പറഞ്ഞുവരുന്നത്. ചെറുപ്പത്തിലേ മുറപ്പെണ്ണായി പറഞ്ഞുവെക്കുന്ന ഒരു സ്വഭാവം ചില ആളുകളില്‍ മുമ്പുണ്ടായിരുന്നു. എങ്കില്‍തന്നെയും അവര്‍ തമ്മിലുള്ള അടുപ്പങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും പഴമക്കാര്‍ നിര്‍ബന്ധിത അകല്‍ച സൃഷ്ടിച്ചിരുന്നു. വിവാഹചടങ്ങായ 'നികാഹ്' നിര്‍വഹിക്കുന്നതുവരെ, രണ്ടുപേരും അന്യസ്ത്രീ പുരുഷന്മാര്‍ തന്നെയാണ്. അതിന് മതകീയമോ സാമൂഹികമോ ആയ യാതൊരു ഇളവുകളുമില്ല. നിശ്ചയിച്ചുറപ്പിച്ച പെണ്‍കുട്ടിയെ അവള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ പോയികാണുക, നാലാള്‍ കാണ്‍കെ ബൈക്കിനു പിറകിലിരുത്തി നഗരം കറങ്ങുക, ഐസ്‌ക്രീം പാര്‍ലറിലും മറ്റും കേറിയിറങ്ങുക തുടങ്ങിയവയെല്ലാം യുവാക്കള്‍ക്ക് ഹരമായി മാറിയിരിക്കുന്നു. മാത്രമല്ല, പെണ്ണിനെ സുഹൃത്തുക്കള്‍ക്കുമുമ്പില്‍ കൊണ്ടുവന്ന് പരിചയപ്പെടുത്തുക. അതുപോലെ പെണ്ണിന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ ഇവനെയും അവതരിപ്പിക്കുക പോലുള്ളവയും നടന്നുവരുന്നു. കല്യാണദിവസം ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം എല്ലാം പുതുമയാണ്. പുതുമണവാട്ടി എന്നാണല്ലോ പേര്. വരന്റെ കൂടെവരുന്ന സ്ത്രീകള്‍ അവര്‍ക്ക് വേണ്ട മുഴുവന്‍ വസ്ത്രങ്ങളും മേയ്ക്കപ്പുസാധനങ്ങളും കൊണ്ടുവരും. മുമ്പത്തെ പുതുമണവാട്ടികള്‍ക്ക് തങ്ങളുടെ കല്യാണ വേഷത്തെ പറ്റിയും വസ്ത്രഭംഗിയെ കുറിച്ചും ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. ഇന്നോ? ആണ്‍വീട്ടുകാര്‍ വസ്ത്രമെടുക്കാനിറങ്ങുമ്പോഴേക്കും പെണ്ണിനെ വിളിച്ചുവരുത്തും. പര്‍ച്ചേഴ്‌സിന് അവളും ഒപ്പം ചേരും. അതിന് നിക്കാഹ് നടക്കുകയൊന്നും വേണ്ടത്രെ. അവള്‍ക്കുവേണ്ടത് അവള്‍തന്നെ സെലക്ട് ചെയ്യുന്നു. മാത്രമല്ല, വധൂവരന്മാര്‍ക്ക് സംഗമിക്കാന്‍ ഒരു ചാന്‍സുമാവുന്നു. അവരെ ഒറ്റക്ക് വിടാനാണ് വീട്ടുകാര്‍ക്ക് താല്‍പര്യം. അവര്‍ക്കു പലതും സംസാരിക്കാനുണ്ടാവില്ലേ... പെണ്ണിന് കല്യാണവസ്ത്രത്തില്‍ പുതുമയില്ല. ആകാംക്ഷയുമില്ല. എന്താണ് അവര്‍ കൊണ്ടുവരികയെന്ന് അവള്‍ക്കറിയാം. അതുപോട്ടെ, വരനെകുറിച്ചും പുതുമ നഷ്ടപ്പെടുന്നു. പ്രേമിച്ചു വിവാഹം കഴിക്കുന്നതുപോലെ... ഇതിലെല്ലാം ഒരുപാട് ഗുണങ്ങളുണ്ടെന്ന് അവകാശപ്പെടുന്നവരുണ്ടാവാം. ഇങ്ങനെയൊരു ലേഖനമെഴുതാനുള്ള പ്രചോദനം എന്തെന്ന് പറയാം. ആദ്യത്തില്‍ വിവരിച്ച ബരീറ എന്ന പെണ്‍കുട്ടി. ഇപ്പറഞ്ഞതുപോലുള്ള നടപടിക്രമങ്ങള്‍ അവരിലും ഉണ്ടായിരിക്കണം. കല്യാണത്തിനുമുമ്പ് തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പങ്കാളിയെ പരിചയപ്പെടാനും മനസ്സിലാക്കാനും സാധിക്കുന്നത് നന്നായെന്ന് അവള്‍ക്ക് തോന്നിയിരിക്കണം. കാഴ്ചയില്‍ പ്രതിശ്രുതവരന്‍ ഉഷാര്‍. അവളോട് സ്വന്തമായി സംസാരിക്കാന്‍ അവന്‍ തന്നെ മൊബൈല്‍ഫോണ്‍ ഒപ്പിച്ചുകൊടുത്തുവെന്ന് പറഞ്ഞുവല്ലോ. ധാരാളം 'ഓഫറു'കളുള്ള ഇക്കാലത്ത് ഇങ്ങനെയുള്ള വിളികള്‍ വര്‍ദ്ധിക്കുന്നതും സ്വാഭാവികം. ദിവസത്തില്‍ പല തവണ വിളിക്കും. ഏറെനേരം സംസാരിക്കും. അവന്‍ എങ്ങനെ സംസാരിച്ചാലും വളഞ്ഞുതിരിഞ്ഞെത്തുന്നത് വിവാഹത്തിന് ശേഷം നടക്കേണ്ട സംഗതികളിലേക്കായിരിക്കും. അവള്‍ പരമാവധി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചാലും അവന്റെ ഇംഗിതം വേഗത്തില്‍ വ്യക്തമാക്കും. പ്രതിശ്രുത വരനെ കുറിച്ച് ശുഭകരമായ ധാരണകള്‍ മനസ്സില്‍ പതിയേണ്ട സമയത്ത് മുദ്രിതമാകുന്നത് വികലമായ ധാരണകള്‍. ഒരു പ്രാവശ്യം വീട്ടില്‍ വന്ന സമയത്തും അയാള്‍ക്ക് സ്വന്തം മനസ്സിനെയും ശരീരത്തെയും നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് അവള്‍ക്കനുഭവപ്പെട്ടു. 'ഇയാള്‍ ഇത്തരക്കാരനാണോ.?' അവളുടെ മനസ്സകം പുകഞ്ഞ് ആലോചിക്കുകയായി... അവസാനം അയാളുടെ വിളികളൊന്നും അവള്‍ അറ്റന്റ് ചെയ്തില്ല. വീട്ടുകാര്‍ ഇടപെട്ടു. നിര്‍ബന്ധിപ്പിച്ച് സംസാരിപ്പിച്ചു. മനസ്സിനിഷ്ടമില്ലെങ്കില്‍ ഈ ബന്ധം എങ്ങനെ സാധ്യമാകും..? വിവാഹത്തോടനുബന്ധിച്ച് പുതിയപുതിയ ആചാരങ്ങളും മാമൂലുകളും ഉടലെടുത്തുകൊണ്ടിരിക്കുകയാണ്. മുമ്പ് നിലവിലുണ്ടായിരുന്ന പലതും മാറി. പകരം വരുന്നതാവട്ടെ അതിലും മോശവും. മഹത്തായൊരു സംസ്‌കാരത്തിന്റെ വക്താക്കളായ മുസ്‌ലിംകള്‍ ഇങ്ങനെയുള്ള ആചാരങ്ങള്‍ക്കെതിരെ ജാഗരൂകരാവണം. ആണ്‍പെണ്‍ ബന്ധങ്ങളുടെ മാന്യത പാടെ ചോര്‍ന്നുപോവുകയാണ്. ആണിന്റെയും പെണ്ണിന്റെയും മാന്യതയും വിശ്വാസവും പരിരക്ഷിക്കാന്‍ വേണ്ടിയാണ് വിവാഹം നിര്‍ബന്ധമാക്കിയത്. വിവാഹത്തിന് അര്‍ഹിക്കുന്ന ഗൗരവം നാം കാണണം. അത് ജീവിതത്തില്‍ ഒന്നേയുള്ളൂ. 'ഇന്നലെ വിവാഹം, ഇന്ന് വിവാഹമോചനം' എന്ന പാശ്ചാത്യരീതി ഒരിക്കലും അനുകരണീയമല്ല. കമിതാക്കളായി വര്‍ഷങ്ങള്‍ ഒന്നിച്ചുള്ള ജീവിതം. ഒന്നോ രണ്ടോ മക്കളായതിനുശേഷം വിവാഹം എന്ന കാടന്‍ രീതി പല രാജ്യങ്ങളിലുമുണ്ട്. ഇത് തീര്‍ത്തും അനിസ്‌ലാമികമാണ്. നന്മ മാത്രമേ വിവാഹത്തില്‍ നിന്ന് പ്രതീക്ഷിക്കാവൂ. നന്മയല്ലാതെ മറ്റെന്തെങ്കിലും പ്രതീക്ഷിക്കുമ്പോള്‍ തീര്‍ച്ചയായും ബന്ധം തകരും. വിവാഹപൂര്‍വബന്ധങ്ങളില്‍ നിന്ന് വിട്ട്‌നില്‍ക്കേണ്ടത് നമ്മുടെ മതപരമായ ബാധ്യതയാണ്. ഇക്കാര്യത്തില്‍ മാതാപിതാക്കളുടെ പ്രത്യേക ശ്രദ്ധയും അനിവാര്യമാണ്. വിവാഹം നിശ്ചയിച്ചെന്നുകരുതി പ്രതിശ്രുത വധൂവരന്മാര്‍ക്ക് എന്തിനുമുള്ള അവസരങ്ങളുണ്ടാക്കിക്കൊടുക്കരുത്. നിയന്ത്രണമാണ് നമ്മുടെ ജീവിതത്തിന്റെ ആകെത്തുക. നിയന്ത്രണങ്ങള്‍ പൊട്ടിച്ചിതറുമ്പോള്‍ നമ്മുടെ ഭാവി അവതാളത്തിലാവും. വിവാഹത്തിനുശേഷം തന്നെ ധാരാളം സമയം ബാക്കിയുണ്ടല്ലോ. വേവുവോളം കാത്തിരുന്നവര്‍ക്ക് എന്തുകൊണ്ട് ആറുവോളം കാത്തിരിക്കാന്‍ വയ്യ. അഥവാ എന്തെങ്കിലും കാരണവശാല്‍ ആ വിവാഹം നടന്നില്ലെങ്കില്‍ സ്ഥിതി എന്താവും? സാമ്പത്തികശേഷിയുള്ളവരിലും മധ്യനിലയിലുള്ളവരിലുമാണ് ഈ പ്രവണത കൂടുതലുള്ളത്. 'എന്‍ഗേജ്‌മെന്റ്' എന്ന ഓമനപ്പേരുനല്‍കി ഇക്കൂട്ടര്‍ ഇത്തരം നിഷിദ്ധ ബന്ധങ്ങള്‍ക്ക് മാന്യത നല്‍കുന്നു. എന്‍ഗേജ്‌മെന്റിന് ശേഷം രണ്ടുപേരുമൊന്നിച്ച് ടൂര്‍ പോകുന്ന അവസ്ഥവരെയുണ്ടാവുന്നുണ്ട്. ഇതിനിടയില്‍ വല്ല ശരീര ബന്ധങ്ങളുമുണ്ടാകുന്നുവെങ്കില്‍ അത് വ്യഭിചാരം തന്നെയായിരിക്കുമെന്നതില്‍ സംശയം വേണ്ട. ഇത്തരം സംഗതികളെ നിരുത്സാഹപ്പെടുത്താന്‍ കുടുംബത്തിലെ മുതിര്‍ന്നവര്‍ ശ്രദ്ധിക്കണം. തക്കം പാര്‍ത്തു നടക്കുന്ന യുവമനസ്സുകളില്‍ പിശാച് വേഗത്തില്‍ കേറിക്കൂടും. അനിസ്‌ലാമികമായതൊന്നും നമ്മുടെ ജീവിതത്തില്‍ വേണ്ടെന്ന് ഇന്നുതന്നെ പ്രതിജ്ഞയെടുക്കുക.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter