ചിലവ് കൊടുക്കല്‍
ഭാര്യ തന്റെ ശരീരത്തെ ഭര്‍ത്താവിന്ന് വഴിപ്പെടുത്തിക്കൊടുക്കുകയും ഭര്‍ത്താവിന്റെ ഹിതത്തിനനുസരിച്ചു സുഖാനുഭവത്തിന്ന് സമര്‍പ്പിക്കുകയും ചെയ്താല്‍ അവന്‍ അവള്‍ക്ക് ചിലവ് കൊടുക്കല്‍ നിര്‍ബന്ധമാണ്. ഭര്‍ത്താവിന്റെ സാമ്പത്തിക നിലവാരമനുസരിച്ച് ചിലവില്‍ വ്യത്യാസമുണ്ടാകും. അവന്‍ കഴിവുള്ളവനാണെങ്കില്‍ അവളുടെ രാജ്യത്ത് സാധാരണ ഭക്ഷണമായുപയോഗിക്കുന്ന ധാന്യത്തില്‍ നിന്നു രണ്ട് മുദ്ദും (1.600 മി.ലിറ്റര്‍) ബുദ്ധിമുട്ടുകാരനാണെങ്കില്‍ ഒരു മുദ്ദും (800ലിറ്റര്‍) ഇടത്തരക്കാരനാണെങ്കില്‍ ഒന്നര മുദ്ദും (1.200 ലിറ്റര്‍) ദിനം പ്രതി കൊടുക്കേണ്ടതാകുന്നു. കൂടാതെ അതിലേക്കുള്ള കറികളും കൊടുക്കണം.
അവള്‍ പരിചരിക്കപ്പെടുന്നവളായിരുന്നാല്‍ പരിചാരകരെ നിയമിച്ചുകൊടുക്കലും നിര്‍ബന്ധമാണ്. അടിമകള്‍ ധനികരായാലും സാധുക്കളുടെ ചിലവ് മാത്രമേ അവള്‍ക്ക് നിര്‍ബന്ധമുള്ളൂ. ഭക്ഷണം പാകം ചെയ്യാനുള്ള ചിലവ്, കുടിക്കാനുള്ള വെള്ളം, ഭക്ഷണം വിളമ്പാനുള്ള കയില്‍, പാത്രങ്ങള്‍, വെള്ളം കോരാനുള്ള ഉപകരണങ്ങള്‍ എന്നിവയെല്ലാം കൊടുക്കല്‍ നിര്‍ബന്ധമാണ്. അതു പോലെത്തന്നെ അവള്‍ക്കാവശ്യമായ കുപ്പായം, തുണി, തട്ടം, പുതപ്പ്, ചെരിപ്പ് എന്നിവയെല്ലാം പതിവനുസരിച്ച് വാങ്ങിക്കൊടുക്കണം. ശരീരശുദ്ധിക്കാവശ്യമായ താളി (സോപ്പ്), ചീര്‍പ്പ്, വസ്ത്രം കഴുകാനുള്ള സോപ്പ് മുതലായവ കൊടുക്കലും നിര്‍ബന്ധമാകുന്നു. ശരീരരക്ഷക്കാവശ്യമായ എണ്ണ, കുഴമ്പ് മുതലായവയില്‍ അവള്‍ക്ക് പതിവുള്ളത് നല്‍കലും നിര്‍ബന്ധം തന്നെയാണ്. വീട്ടില്‍ കത്തിക്കാനുള്ള എണ്ണയും കൊടുക്കണം. അവളെപ്പോലുള്ള സ്ത്രീകളോട് അനുയോജ്യമായ പാര്‍പ്പിടം സൗകര്യപ്പെടുത്തിക്കൊടുക്കാനും അവന്‍ നിര്‍ബന്ധിതനാകുന്നു. വീട് കൂലിക്ക് വാങ്ങിയതായാലും മതി. വേലക്ക് ആളെ നിശ്ചയിച്ചുകൊടുത്തിട്ടുണ്ടെങ്കില്‍ അവരുടെ വസ്ത്രം, ഭക്ഷണം, ശമ്പളം എന്നിവയും പതിവനുസരിച്ച് നല്‍കണം.
ഭാര്യ ഭര്‍ത്താവുമായി പിണങ്ങുകയോ (അത് ചിലവ് കൊടുത്തതിലുള്ള കുറവ് കാരണമായാലും ശരി) അവന്റെ അനുവാദം കൂടാതെ പുറത്തുപോകുകയോ ചെയ്താല്‍ അവള്‍ക്ക് ചിലവും മറ്റും ലഭിക്കാനുള്ള അര്‍ഹത നഷ്ടപ്പെടുന്നതാണ്. സുഗന്ധദ്രവ്യം, സുറുമ എന്നിവ വാങ്ങിക്കൊടുക്കുക, രോഗത്തിന്ന് ചികിത്സിക്കുന്നതിനുള്ള കൂലി, മരുന്നിന്റെ വില എന്നിവ കൊടുക്കുക ഇതൊന്നും ഭര്‍ത്താവിന്ന് നിര്‍ബന്ധമില്ല.
ദരിദ്രന്മാരുടെ വിഹിതമനുസരിച്ചുള്ള ചിലവ്, വസ്ത്രം, താമസ സൗകര്യം എന്നിവ നല്‍കാന്‍ ഭര്‍ത്താവിന്ന് കഴിയാതെവന്നാല്‍ വിവാഹം ദുര്‍ബലപ്പെടുത്താന്‍ ഭാര്യക്കധികാരമുണ്ട്. ഇതുപോലെത്തന്നെ 'മഹ്ര്‍' കൊടുക്കാന്‍ ഭര്‍ത്താവ് അശക്തനായാലും സംയോഗത്തിന്നുമുമ്പാണെങ്കില്‍ വിവാഹം ദുര്‍ബലപ്പെടുത്താന്‍ അവള്‍ക്കധികാരമുണ്ട്. സംയോഗത്തിന്നുശേഷം ചിലവ് കൊടുക്കാന്‍ കഴിവുള്ളവന്‍ കൊടുക്കാതിരുന്നാല്‍ (അക്കാരണത്തിന്നുവേണ്ടി) ആ ഭര്‍ത്താവുമായുള്ള ബന്ധം വിച്ഛേദിക്കല്‍ അവള്‍ക്ക് പാടുള്ളതല്ല.
ആശ്രിതര്‍ക്ക് ചിലവ് കൊടുക്കല്‍ മാതാപിതാക്കള്‍ ദരിദ്രരും, ഭ്രാന്ത്, വാര്‍ദ്ധക്യം മുതലായ കാരണങ്ങളാല്‍ ജോലിചെയ്യാന്‍ ശേഷിയില്ലാത്തവരുമാകുമ്പോള്‍ അവള്‍ക്ക് ചിലവ് കൊടുക്കല്‍ സന്താനങ്ങള്‍ക്ക് നിര്‍ബന്ധമാകും. കഴിവുള്ള സന്താനങ്ങളുടെമേല്‍ അവരുടെ ചിലവിന്റെ പുറമെ വൈദ്യവും നിര്‍ബന്ധമാണ്. സന്താനങ്ങള്‍ ദരിദ്രരും ശൈശവം, ഭ്രാന്ത് മുതലായവകൊണ്ട് ജോലിക്ക് അശക്തരാകുകയും ചെയ്യുമ്പോള്‍ അവര്‍ക്ക് ചിലവ് കൊടുക്കല്‍ മാതാപിതാക്കള്‍ക്ക് നിര്‍ബന്ധമാണ്. തന്റെ ഉടമയിലുള്ള അടിമകള്‍, നാല്‍കാലികള്‍ എന്നിവക്ക് ഭക്ഷണം കൊടുക്കല്‍ ഉടമക്ക് കടമയാകുന്നു.
Leave A Comment