നമ്മുടെ കുട്ടികളുടെ കുടയും ബേഗും
രംഗം കണ്ട ഗുരു ശിഷ്യരോട് ചോദിച്ചു: കലഹിക്കുന്നവര്‍ പരസ്പരം ഉച്ചത്തില്‍ സംസാരിക്കുന്നത് എന്തിനാണെന്നറിയാമോ? ശിഷ്യര്‍ അറിയില്ലെന്ന് തലയാട്ടി.
ഗുരു തുടര്‍ന്നു: വിദ്വേഷത്തിന്റെ നേരത്ത് ആത്മാക്കള്‍ തമ്മിലകലുന്നു. അടുത്തടുത്ത് നില്‍ക്കുമ്പോഴും മനസ്സുകള്‍ അകലത്താകുന്നു. ഇന്നേരം എന്തും ഉച്ചത്തില്‍ പറയേണ്ടിവരും. എന്നാല്‍, സ്‌നേഹിതര്‍ സംസാരിക്കുമ്പോള്‍ മനസ്സുകള്‍ തമ്മിലടുക്കുന്നു. സംഭാഷണങ്ങള്‍ സ്വകാര്യങ്ങള്‍ക്കും രഹസ്യങ്ങള്‍ക്കും വഴിമാറുന്നു.
ഇത് പ്രശ്‌നകലുഷിതവും ശബ്ദമുഖരിതവുമായ ആസുര കാലം... അരികിലെന്നാലും അകലെ നില്‍ക്കുന്ന ഹൃദയങ്ങള്‍ മാത്രം... ഇവിടെ രഹസ്യസംഭാഷണങ്ങള്‍ക്കും സ്വകാര്യങ്ങള്‍ക്കും ഇടമില്ല. നിങ്ങളുടെ സ്‌നേഹം ലോകം കൂടിയറിയട്ടെ എന്നല്ലേ പുതുമൊഴി? എല്ലാം പരസ്യപ്പെട്ടു കഴിഞ്ഞ വിപണിവത്കൃത ലോകത്താണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്.ഇന്നലെ വരെ രഹസ്യത്തിന്റെ വിപരീതപദമായി നിഘണ്ടുവില്‍ കണ്ടുവരുന്ന ഒരു വെറുംവാക്കായിരുന്നു പരസ്യം. എന്നാല്‍, ഇന്നതിന്റെ അര്‍ത്ഥതലങ്ങളും സാധ്യതകളും ലോകത്തോളം വളര്‍ന്നുവലുതായി. സാമ്പത്തികമായി അനുദിനം കുതിക്കുകയും സാംസ്‌കാരികമായി അടിത്തറ നഷ്ടപ്പെടുകയും ചെയ്യുന്ന ഒരു ജനതയുടെ ആശയ വിനിമയമാണിന്നത്.
പുതിയ കാലത്ത് നമ്മുടെ പൊതുബോധത്തില്‍ ഇതിനോളം സ്വാധീനം ചെലുത്തിയ മറ്റൊന്നും കടന്നുവന്നിട്ടില്ലെന്നു തന്നെ തീര്‍ത്തുപറയാം. ബ്രാന്‍ഡുകളാണിന്ന് അരങ്ങുവാഴുന്നത്. കൊച്ചുകുട്ടിക്ക് തട്ടിക്കളിക്കാന്‍ അഡിഡാസിന്റെ തന്നെ പന്തു വേണം.
കുടിക്കാന്‍ കോംപ്ലാന്‍ വേണം. സ്‌കൂബീഡേയുടെ ബാഗ് വേണം. കുട പോപ്പി തന്നെയാകണം. ഇങ്ങനെ ആപാദചൂഢം (ഷൂ മുതല്‍ ഹെയര്‍ക്രീം വരെ) ബ്രാന്‍ഡുകള്‍ മാത്രം സ്വീകരിക്കാന്‍ നമ്മുടെ കുട്ടികളെ 'ഉദ്ബുദ്ധരാക്കിയ'തിന്റെ മുഴുവന്‍ ക്രെഡിറ്റും പരസ്യങ്ങള്‍ക്കു മാത്രം അവകാശപ്പെട്ടതാണ്.
മനുഷ്യന്റെ കണ്ണും കാതും എത്തുന്നിടത്തെല്ലാമിന്ന് പരസ്യങ്ങളുണ്ട്. ഇവ ഊതിവീര്‍പ്പിച്ചു വിടുന്ന ബലൂണുകളാണ് അധിക കമ്പനികളും. ക്യാമ്പസുകളില്‍ സൗഹൃദക്കൂട്ടങ്ങള്‍ രൂപപ്പെടുത്തുന്നതിലും കുടുംബിനികളുടെ ഷോപ്പിംഗിലുമെല്ലാം വ്യക്തമായ സ്വാധീനമാണ് പരസ്യങ്ങള്‍ക്കുള്ളത്.
ഈ സ്വാധീനം തിരിച്ചറിഞ്ഞാണ് കോടികള്‍ മുടക്കിയും പരസ്യം പിടിക്കാന്‍ കമ്പനികള്‍ തയ്യാറാകുന്നത്. കായിക, സിനിമാ താരങ്ങളെ വലിയ തുകക്ക് ലേലത്തില്‍ പിടിച്ചും വശ്യമനോഹരമായ പശ്ചാത്തലമൊരുക്കിയും ഹൃദയഹാരിയായ പരസ്യങ്ങള്‍ നിര്‍മിക്കാന്‍ മത്സരിക്കുകയാണ് ഉല്‍പാദകര്‍. ഈ കിടമത്സരത്തിനിടയില്‍ സദാചാരബോധവും സഭ്യതയുമെല്ലാം നിഷ്‌കരുണം കുരുതി കഴിക്കപ്പെടുകയാണ്.
സ്ത്രീത്വമാണിതിന്റെ ഏറ്റവും വലിയ ഇര. മുമ്പ് ജ്വല്ലറികളുടെയും ടൈക്‌സ്‌റ്റൈല്‍സുകളുടെയും പരസ്യപ്പലകകളില്‍ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന പെണ്‍രൂപങ്ങളിന്ന് ബാങ്കുകളുടെയും പെയ്ന്റുകളുടെയും പരസ്യങ്ങളില്‍ വരെ ഇടംപിടിച്ചു കഴിഞ്ഞിരിക്കുന്നു. നഗ്നതയുടുത്തു നില്‍ക്കുന്ന പെണ്ണുടലില്ലാതെ ഉത്പന്നങ്ങള്‍ കമ്പോളത്തില്‍ വില്‍ക്കപ്പെടുകയില്ലെന്ന മിഥ്യാധാരണയിലാണിന്നധിക വ്യവസായികളും. ഇന്ത്യയിലെ പ്രധാന നഗരികളിലെല്ലാം സംഘടിപ്പിക്കപ്പെടുന്ന ഓട്ടോഷോകളില്‍ പോലും ഈ അശ്ലീലച്ചുവയുള്ള കച്ചവടതന്ത്രമാണ് നിര്‍ബാധം നടത്തിപ്പോകുന്നത്.
ഇത്തരത്തില്‍ അസാംസ്‌കാരികത കുത്തിനിറച്ച് ഇതെല്ലാം സര്‍വസാധാരണമല്ലേയെന്ന തലത്തിലേക്ക് കൊണ്ടെത്തിക്കാനുള്ള തീവ്ര ശ്രമങ്ങളാണ് അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നത്. മദ്യത്തിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട്, ഇഷ്ടനടന്‍ വൈകീട്ടെന്താ പരിപാടിയെന്ന് ചോദിക്കുമ്പോഴേക്കും തിരക്കുകളെല്ലാം മാറ്റിവെച്ച് ഒരു സ്‌മോളടിക്കാനൊരുമ്പെടുന്ന മലയാളി, ഈ പരസ്യങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷിയാണ്. പ്രധാനവാര്‍ത്തക്കിടയില്‍ വരെ കയറിവന്ന് പ്രേക്ഷകരെ നിരന്തരം ശല്യം ചെയ്തിരുന്ന മുസ്‌ലി പവര്‍ എക്‌സ്ട്രാ നിരോധിച്ച കോടതി വിധി കൂടി ഇതിനോട് ചേര്‍ത്തുവായിക്കുമ്പോള്‍ പരസ്യങ്ങള്‍ക്കു പിന്നിലെ നിഗൂഢ രഹസ്യങ്ങള്‍ നമുക്ക് തിരിച്ചറിയാനാകും. വാസ്തവത്തില്‍, വ്യാപാരത്തില്‍ സൂക്ഷിക്കേണ്ട വിശ്വസ്തതക്കും സത്യസന്ധതക്കും പ്രത്യുപകാരമായി കിട്ടേണ്ട ഒന്നാണ് പ്രചരണം. ഇസ്‌ലാമിക വ്യാപാര ചരിത്രം ഇതിന്റെ വ്യക്തമായ നിദര്‍ശനമാണ്. കോടികള്‍ ആസ്തിയുള്ള വ്യാപാരിയായിരുന്നു മൂന്നാം ഖലീഫ ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍(റ). ആയിരത്തഞ്ഞൂറ് ഒട്ടകങ്ങള്‍ക്ക് ചുമക്കാനുള്ള സമ്പാദ്യം സ്വന്തമായുണ്ടായിരുന്നിട്ടും, ദിവസവും വന്‍ തുകയുടെ കച്ചവടങ്ങള്‍ ചെയ്തിട്ടും, ജീവിതവ്യവഹാരങ്ങളില്‍ കാത്തുസൂക്ഷിച്ച വിശ്വസ്തത മാത്രമായിരുന്നു അദ്ദേഹത്തിന്റെ പരസ്യം. നാല്‍പതിനായിരം അടിമകളുടെ ഉടമയായിരുന്ന അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ്(റ) തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തതും വിശ്വസ്തതക്കു മേല്‍ മാത്രം. വിശ്വാസം; അതല്ലേ, എല്ലാം!
ഇന്ന് പരസ്യ സമവാക്യങ്ങളും ലക്ഷ്യങ്ങളും വിവിധങ്ങളാണ്. പലപ്പോഴും ആയുധങ്ങളാകുന്നുണ്ടവ. ആഗോളാടിസ്ഥാനത്തില്‍ വേരുപടര്‍ന്ന ഇസ്‌ലാമോഫോബിയയുടെ നൂതന വ്യവസ്ഥാപിത പദ്ധതി, പരസ്യാധിഷ്ഠിത ആശയ സംഘട്ടനമാണ്. Stop Islamization of America എന്ന പ്രമേയവുമായി അമേരിക്കയുടെ തെരുവീഥികളിലൂടെ ഓടുന്ന ബസ് ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം.
'നിങ്ങളിപ്പോഴും മുസ്‌ലിമായി തുടരുകയാണോ; ആരെയാണ് നിങ്ങളീ പേടിക്കുന്നത്? സധൈര്യം വേലി ചാടിക്കോളൂ; ഞങ്ങളുണ്ട് കൂടെ!' എന്നു തുടങ്ങിയ പരസ്യ വാചകങ്ങള്‍ പതിച്ച് വിമര്‍ശനങ്ങളെല്ലാം തകര്‍ത്തെറിഞ്ഞ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ തണലില്‍ തലങ്ങും വിലങ്ങും കുതിച്ചുകൊണ്ടിരിക്കുന്നു ആ ബസ്.
ഇത്രയും അപകടകാരിയാണ് പരസ്യമെന്ന് കാലേക്കൂട്ടി കണ്ടറിഞ്ഞാകണം നമ്മുടെ പ്രപിതാക്കള്‍ പണ്ടേ ചുമരുകളില്‍ അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം എഴുതിപ്പിടിപ്പിച്ചത്; 'പരസ്യം പതിക്കരുത്.'
എല്ലാം പരസ്യമായിക്കഴിഞ്ഞ ഇക്കാലത്തും അതിപുരാതന നാല്‍ക്കവലകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കല്‍ച്ചുമരുകളിലും മായാതെ നില്‍ക്കുന്ന ഈ 'ആജ്ഞ' കാണുമ്പോള്‍ ചിരി വരാറുണ്ട്. എങ്കിലും പരസ്യങ്ങളുടെ ഈ കുത്തൊഴുക്കില്‍ നമുക്കുയര്‍ത്തിക്കാട്ടാനുള്ളത്, കാലം ബാക്കിവെച്ച ഈ പ്രതിരോധ സ്വരം മാത്രമാണ്:
'പരസ്യം പതിക്കരുത്!!'
Leave A Comment