ശിശുദിനത്തിലെ വാല്‍സല്യ ചിന്തകള്‍
പൂന്തോപ്പുകളും ഉദ്യാനങ്ങളും നിറഞ്ഞ സുഹൃത്തിന്റെ വീട്ടിലായിരുന്ന ഞങ്ങള്‍ ഞട്ടലോടെയാണ് ആ വാര്‍ത്ത വായിച്ചത്-'ഇളയമ്മയുടെ ബ്ലെയ്ഡ് പ്രയോഗം; കൈക്കുഞ്ഞിന് മാരകമായ പരുക്ക്.' ഹൃദയമില്ലാത്ത ആരുടെയോ വികൃതിക്ക് ഒന്നുമറിയാത്ത നിഷ്‌കളങ്ക ഹൃദയമുള്ള പിഞ്ചുകുഞ്ഞ് ഇരയാകേണ്ടിവരുന്നു. ദിവസങ്ങള്‍ക്കു മുമ്പായിരുന്നു ഇന്റര്‍നെറ്റില്‍ സൗഹൃദം പങ്കുവക്കുന്ന തിരക്കില്‍ സ്വന്തം കുഞ്ഞ് കുളിപ്പിക്കാനെടുത്തുവച്ച വെള്ളത്തില്‍ വീണു മരിച്ച വാര്‍ത്ത വന്നത്. മക്കള്‍ ബന്ധനങ്ങളാവുന്നുണ്ട് ചിലര്‍ക്ക്. വാത്സല്യവും സ്‌നേഹവും കിട്ടാകനിയാണിന്ന്. പിതാവിന്റെയും മാതാവിന്റെയും മൂത്തവരുടെയും സ്‌നേഹവും വാല്‍സല്യവും ലാളനയും ഓരോ കുഞ്ഞും ചെറുപ്പത്തിലേ തേടുന്നുവെന്ന് മനഃശാസ്ത്രം. പാല്‍പുഞ്ചിരിയില്‍ കുഞ്ഞ് തേടുന്നത് ഒരായിരം ആഗ്രഹങ്ങളാണ്. ആംഗ്യത്തിലൂടെയും ചിരിയിലൂടെയും ഇളം പ്രായത്തില്‍ തന്നെ കുഞ്ഞ് ആശയവിനിമയം നടത്തുകയാണ്. അക്രമിയെ പ്രതിരോധിക്കാനോ അനുഗ്രഹിച്ചവനെ അനുമോദിക്കാനോ അശക്തമായ നിഷ്‌കളങ്ക പ്രകൃതം. കനിവുള്ള ഹൃദയങ്ങളേ ഞങ്ങളോട് ദയ കാണിക്കൂ എന്നല്ലേ ആ പാല്‍പുഞ്ചിരിയില്‍ അടങ്ങിയിട്ടുള്ളത്. ഏതു മാതാവിനാണ് രക്തബന്ധത്തിന്റെ, പൊക്കിള്‍കൊടി ബന്ധത്തിന്റെ പവിത്രതയെ നോവിക്കാന്‍ കഴിയുക. അവര്‍ ഹൃദയശൂന്യരും വന്യമൃഗങ്ങളുടെ സ്വഭാവംപോലുമില്ലാത്തവരുമാണ്. വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ തള്ളക്കോഴിക്ക് എത്രവലിയ ശൂരതയും ഗൗരവവും ശ്രദ്ധയുമാണ്! എല്ലാം തന്റെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി. ആകാശത്ത് എത്രയോ അകലങ്ങളില്‍ പറക്കുന്ന പരുന്തുകളെ പോലും തള്ളക്കോഴി കാണുന്നു. കുഞ്ഞുങ്ങള്‍ക്ക് ശത്രുവിന്റെ വിവരം നല്‍കുന്നു. ക്രൂരജീവികള്‍ പോലും സന്താന വാത്സല്യവും സ്‌നേഹവും നല്‍കുന്നതില്‍ നിന്നും വിഭിന്ന മല്ല. അക്രമോല്‍സുകത ഒരിക്കലും കാണിക്കാത്ത ചില മൃഗങ്ങള്‍ സ്വന്തം കുഞ്ഞിനെ ശത്രു ആക്രമിക്കാന്‍ വന്നാല്‍ എല്ലാവിധ ഗൗരവത്തോടെയും പ്രതിരോധിക്കുന്നു. സ്വന്തം ജീവന്‍ ബലി നല്‍കാന്‍ തയ്യാറാവുന്ന ജീവികള്‍ പോലുമുണ്ട്. മനുഷ്യരാണ് സന്താനവാല്‍സല്യത്തില്‍ പിറകിലെന്ന് പുതിയ സംഭവവികാസങ്ങള്‍ സാക്ഷിനില്‍ക്കും. അമ്മിഞ്ഞപ്പാല്‍ നുകരും പ്രായത്തിലുള്ള പിഞ്ചുബാലന്റെ അജ്ഞാത ജഡവും കുറ്റിച്ചെടികള്‍ക്കിടയില്‍ ഉറുമ്പരിച്ച് മരണത്തോട് മല്ലിടുന്ന കുഞ്ഞിന്റെ ശരീരവും പരിക്കുകളും മുറിവുകളുമേറ്റ് നിസ്സഹായതയോടെ നിലവിളിക്കുന്ന കുഞ്ഞുങ്ങളും നിത്യവാര്‍ത്തയാണ്. ബാലവേല നിരോധിക്കപ്പെട്ട രാജ്യത്ത് ഒരു നേരത്തെ അന്നത്തിനു വേണ്ടി ഊരുചുറ്റുന്നത് പതിനായിരക്കണക്കിന് ബാല-ബാലികമാരാണ്. കഴുക്കണ്ണുമായി ബാല, ബാലികമാരെ റാഞ്ചാന്‍ നടക്കുന്ന ക്രൂരഹൃദയര്‍ പുറമെയും. വന്റാക്കറ്റുകളുടെ പിടിയിലാവുന്ന എത്രയോ കുട്ടികള്‍ കഠിനപീഡനങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും വിധേയമാക്കപ്പെടുന്നു. അമ്മത്തൊട്ടിലും ബാലസംരക്ഷണ കേന്ദ്രങ്ങളും നാടിന്റെ പുരോഗതിയല്ല വിളിച്ചുപറയുന്നത്. മറിച്ച് ഇവിടെ പുത്രവാത്സല്യമില്ലാത്ത ആയിരങ്ങള്‍ ദിവസവും വളരുന്ന ദുരന്തകഥകളാണ് നമ്മോട് പറയുന്നത്. ഓരോ ദിവസവും അമ്മത്തൊട്ടിലിലും ശിശുസംരക്ഷണാലയങ്ങളിലുമെത്തുന്ന കുഞ്ഞുങ്ങളുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നവയാണ്. ലോകത്ത് ഹൃദയശൂന്യര്‍ വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്നതാണ് പുതുസമൂഹം നേരിടുന്ന വെല്ലുവിളി. പറഞ്ഞുണ്ടാക്കാവുന്നതല്ല സ്‌നേഹവും വാല്‍സല്യവും. മനുഷ്യനെന്നു മാത്രമല്ല, ജീവന്റെ തുടിപ്പുള്ള ഏതു ജീവിക്കും പ്രകൃത്യാ ഒഴുകിവരേണ്ട ഉറവയാണ് ഹൃദയ കനിവും വാത്സല്യവും. കൃത്രിമ സ്‌നേഹത്തിന്നും വാത്സല്യത്തിനും ആയുസ് കുറവായതിനാല്‍ ആത്മാര്‍ത്ഥ, നിഷ്‌കളങ്ക സ്‌നേഹ വാല്‍സല്യങ്ങളെ ഒരു ബ്ലെയ്ഡിനും മുറിച്ചുമാറ്റാന്‍ സാധ്യമല്ല. കുട്ടികളുടെ താല്‍പര്യങ്ങളും ആഗ്രഹങ്ങളും കണ്ടെത്താനും പരിഹരിക്കാനും കഴിയുന്നവരാണ് കുട്ടികളോടുള്ള സ്‌നേഹവാത്സല്യങ്ങള്‍ വിജയകരമായി നിറവേറ്റുന്നവര്‍. അവരുടെ താല്‍പര്യങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍  ആ നിഷ്‌കളങ്ക ഹൃദയങ്ങളെ തല്ലിച്ചതക്കലാണുണ്ടാവുക. കുട്ടികള്‍ക്ക് ശാരീരിക പരിക്കുകളേക്കാള്‍ വലിയ അപകടം ഹൃദയത്തിനേല്‍ക്കുന്ന മുറിവുകള്‍ക്കാണ്. മിക്ക രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ അടിക്കാത്തതും ചീത്ത പറയാത്തതുമാണ് സനേഹിക്കുന്നതിന്റെ തെളിവായി പറയാറുള്ളത്. എന്നാല്‍, അവരുടെ മാനസിക കല്‍പനകളെയും ആഗ്രഹങ്ങളെയും കണ്ടറിയുക എന്നത് മിക്ക രക്ഷിതാക്കളും ഗൗനിക്കാറില്ല.  ജിജ്ഞാസുക്കളായ ഇളം കുഞ്ഞുങ്ങള്‍ ചോദ്യങ്ങളും അന്വേഷണങ്ങളും നിറഞ്ഞവരായിരിക്കും. അവര്‍ക്ക് തൃപ്തികരമായ ഒരു ഉത്തരം ലഭിക്കണമെന്നു മാത്രം. അന്വേഷണത്തെയോ ആവശ്യങ്ങളെയോ തച്ചുകെടുത്തിയാല്‍ അതിന്റെ ഫലം ഭാവിയില്‍ തുമ്പുടഞ്ഞ ചെടികളെപ്പോലെയായിരിക്കും. കുട്ടികള്‍ക്ക് ലഭിക്കുന്ന സ്‌നേഹ, വാല്‍സല്യങ്ങള്‍ പല വിധത്തിലുണ്ട്. അത് കണ്ടറിയാനാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. കനിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ കാലത്ത് പുത്രസ്‌നേഹവും വാല്‍സല്യവും വളര്‍ത്താനും അതിന്റെ പവിത്രതയും മഹത്വവും ഉത്‌ബോധിപ്പിക്കാനും ഓരോ സമയത്തും മുന്‍കരുതലുകള്‍ അത്യാവശ്യമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter