വുദൂ അഥവാ അംഗശുദ്ധി

അംഗശുദ്ധി നിസ്കാരത്തിന്‍റെ ശര്‍ഥാണ്. വുദൂ ചെയ്യാതെ നിസ്കാരം ശരിയാവുക ഇല്ല. ശരീരത്തിലെ നിശ്ചിത അവയവങ്ങള് പ്രത്യേക നിയ്യത്തോടു കൂടെ വെള്ളമുപയോഗിച്ച് കഴുകുന്നതിനെയാണ് വുദൂ എന്ന് പറയുന്നത്. വെള്ളമില്ലാത്ത സാഹചര്യം വന്നുപെടുകയാണെങ്കില്‍ അവിടെ വെള്ളത്തിനു പകരം മണ്ണ് ഉപയോഗിച്ചാണ് അംഗശുദ്ധി വരുത്തുക. അതിന് തയമ്മും എന്നാണ് പറയുക. ആറ് ഫര്‍ദുകളും പത്ത് ശര്‍‍ഥുകളുമാണ് വുദൂഇന് ഉള്ളത്. ഫര്‍ദുകളെ അക്കമിട്ടു മനസ്സിലാക്കുന്നതിലുപരി വുദൂഇന്‍റെ ക്രമം മനസ്സിലാക്കാനാണ് ഈ കുറിപ്പിലൂടെ ശ്രമിക്കുന്നത്. വുദൂ ചെയ്യാനുദ്ദേശിക്കുന്നവന്‍ ഖിബലക്ക് മുന്നിട്ടു നില്‍ക്കല്‍ സുന്നത്താണ്. വുദൂ ചെയ്യാനുള്ള വെള്ളം ഒരു മുദ്ദലധികം കുറയരുത്. വെള്ളപ്പാത്രം വലുതാണെങ്കില്‍ അവന്‍റെ വലതു ഭാഗത്തു വെക്കണം. വുദൂ തീരുന്നതു വരെ മറ്റൊന്നും സംസാരിക്കാതിരക്കല്‍ പ്രത്യേകം സുന്നത്തുണ്ട്. ശുദ്ധമായ വെള്ളം മുന്നില്‍ വെച്ച് വുദൂ ചെയ്യാനൊരുങ്ങുന്ന ഒരാള്‍ ആദ്യം ചെയ്യേണ്ടത് പല്ലുതേക്കുകയാണ്. അതാണ് ആദ്യത്തെ സുന്നത്തായ കര്‍മം. മിസ്വാക് ചെയ്തുകഴിഞ്ഞാല്‍ പിന്നെ വുദൂഇലേക്ക് കടക്കുകയാണ്. ആദ്യമായി ബിസ്മിചൊല്ലണം. ഇത് സുന്നതാണ്. അഥവാ തുടക്കത്തില്‍ ബിസ്മി ചൊല്ലാന്‍ മറന്നാല്‍ ഇടയ്ക്കും ചൊല്ലാവുന്നതാണ്.

ഇനി വുദു തുടങ്ങുകയാണ്. ആദ്യത്തെ ഫര്‍ദ് മുഖം കഴുകുന്പോള് നിയ്യത്ത് ചെയ്യുകയാണ്. അതിന് മുന്പ് സുന്നത്തായ ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട് വുദൂ എടുക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം. മുന്കൈ രണ്ടും കഴുകുകയാണ് ആദ്യം വേണ്ടത്. പിന്നെ വായില്‍ വെള്ളം കൊപ്ലിക്കുകയും തുടര്‍ന്ന് മൂക്കില്‍ വെള്ളം കയറ്റിച്ചീറ്റുകയും വേണം. അത് രണ്ടും ഒപ്പം ചെയ്യുകയാണ് ഉത്തമം. മൂന്ന് കോരി വെള്ളമെടുത്ത് ഓരോന്നുപയോഗിച്ചും വായില്‍ വെള്ളം കൊപ്ലിക്കുകയും കൈയില് ബാക്കിയുള്ള വെള്ളം മൂക്കിലേക്ക് കയറ്റി ഒഴിവാക്കുകയും ചെയ്യുക. ഇപ്പറഞ്ഞ മൂന്ന് കാര്യങ്ങളും സുന്നത്തുകളാണ്. നോന്പുകാരല്ലാത്തവര്‍ മൂക്കില്‍ വെള്ളം നന്നായി കയറ്റല്‍ പ്രത്യേകം സുന്നത്തുണ്ട്. ഇനി മുഖമാണ് കഴുകേണ്ടത്. അതിനു മുന്പ് നിയ്യത്തു ചെയ്യണം. നിയ്യത്ത് ചെയ്യല്‍ വുദൂഇന്‍റെ ഒന്നാമത്തെയും മുഖം കഴുകല്‍ രണ്ടാമത്തെയും ഫര്‍ദാണ്. ചെറിയ അശുദ്ധിയെ ഉയര്‍ത്തുന്നുവെന്നോ, നിസ്കാരത്തെ ഹലാലാക്കുന്നുവെന്നോ മറ്റോ നിയ്യത്ത് ചെയ്യാവുന്നതാണ്. തുടര്‍ന്ന് മുഖം മുഴുവനും കഴുകണം. തലമുടി മുളക്കുന്ന സ്ഥലം മുതല്‍ താഴെ താടിയെല്ല് വരെ നീളത്തിലും ഒരു ചെവി മുതല് മറ്റേ ചെവി വരെ വീതിയിലും വെള്ളം എത്തണം. അപ്പോള്‍ മാത്രമേ മുഖം മുഴുവന്‍ കഴുകിയതായി പരിഗണിക്കൂ.

മുഖത്തെ താടിരോമങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. താടി തിങ്ങിയതല്ലെങ്കില്‍ രോമങ്ങളുടെ ഉള്‍ഭാഗത്ത് വരെ വെള്ളം എത്തിയുട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. തിങ്ങിയ താടിയാണെങ്കില്‍ പുറം ഭാഗത്ത് വെള്ളമെത്തിയാലും മതിയാകും. മുഖത്തിന്‌റെ മേല്ഭാഗത്ത് നിന്ന് കഴുകിത്തുടങ്ങലാണ് സുന്നത്ത്. കൈകള്‍ ഉപയോഗിച്ച് തിങ്ങിയ താടി തിക്കകറ്റി ഉള്‍ഭാഗത്തും വെള്ളമെത്തിക്കല്‍ സുന്നത്താണ്. മുഖം കഴുകുന്ന സമയത്ത് പിരടിയും തടവുന്ന രീതി കാണാറുണ്ട്. അത് കറാഹത്താണെന്നാണ് പണ്ഡിതമതം. വെള്ളമെടുത്ത് മുഖത്തടിക്കുന്നതും നല്ലതല്ല. കൈരണ്ടും മുട്ടോടു കൂടി കഴുകലാണ് മൂന്നാമത്തെ ഫര്‍ദ്. ആ സമയത്ത് കൈവിരലുകളെ പരസ്പരം ചേര്‍ത്ത് അവയുടെ തിക്കകറ്റലും പ്രത്യേകം സുന്നത്തുണ്ട്. അതിനുപുറമെ കൈമുട്ടുകള്‍ക്ക് മുകളിലേക്ക് കയറ്റിക്കഴുകലും സുന്നത്താണ്. സ്വയം വുദൂ ചെയ്യുകയാണെങ്കില്‍ കൈയ്കളുടെ വിരല്‍ മുതല്‍ കഴുകിത്തുടങ്ങാം. അതേ സമയം ആരെങ്കിലും വെള്ളം ഒഴിച്ചുതരാനുണ്ടെങ്കില്‍ മുട്ടു മുതല്‍ തടുങ്ങി താഴോട്ട് കഴുകലാണ് സുന്നത്ത്. കൈകളെല്ലാം ഉരച്ചുകഴുകല്‍ പ്രത്യേകം സുന്നത്തുണ്ട്. കൈയില്‍ മൂതിരം ധരിച്ചുട്ടുണ്ടെങ്കില്‍ അത് ഇളക്കലും സുന്നത്തുണ്ട്. തലമുടി അല്പം തടവുകയാണ് നാലാം ഫര്‍ദ്. മൂന്ന് മുടികളില്‍ വെള്ളം തട്ടിയാല്‍ തന്നെ ഫര്‍ദ് വീടും. തലമുഴുവന്‍ തടവല്‍ സുന്നത്തുണ്ട്. തലപ്പാവ് ധരിച്ചവനാണെങ്കില്‍ അതിന്‍റെ പുറത്തു കൂടെ തലമുഴുവന്‍ തടവാവുന്നതാണ്. തലതടവിയ ഉടനെ ചെവി തടവലും സുന്നത്തുണ്ട്. പുതിയ വെള്ളമെടുത്ത് ചെവിയുടെ ഉള്ളും പുറവും തടവുക. ചെവി മടക്കുകളില്‍ വെള്ളമെത്തിയോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. രണ്ടുകാലുകളും ഞെരിയാണിയടക്കം കഴുകലാണ് അഞ്ചാമത്തെ ഫര്‍ദ്. കാല്‍വിരലുകളുടെ തിക്കകറ്റല്‍ പ്രത്യേകസുന്നത്തുണ്ട്. ഇടതുകൈയിന്‍റെ ചെറുവിരല്‍ കൊണ്ടാണ് തിക്കകറ്റേണ്ടത്. വലതുകാലിന്‍റെ ചെറുവിരലില്‍ തുടങ്ങി ഇടതുകാലിന്‍റെ ചെറുവിരല്‍ വരെ ഇങ്ങനെ തിക്കകറ്റുക. വുദൂ പരിപൂര്‍ണമായി. ഇപ്പറഞ്ഞ ഫര്‍ദുകള്‍ ക്രമപ്രകാരം ചെയ്യുകയാണ് വുദൂഇന്‍റെ ആറാമത്തെ ഫര്‍ദ്. ഒരാള്‍ നിയ്യത്ത് ചെയ്ത് വെള്ളത്തില്‍ മുങ്ങിയാല് അയാള്‍ക്ക് വുദൂ ലഭിക്കുമെന്നാണ് കര്‍മശാസ്ത്രനിയമം. അല്പനേരം മാത്രമേ മുങ്ങിയിട്ടുള്ളൂവെങ്കിലും ശരി.

വുദൂഇലെ പൊതുവായ സുന്നത്തുകള്‍

ഓരോ അവയവങ്ങളും ഉടനെ തന്നെ കഴുകലും വലതു അവയവത്തെ മുന്തിക്കലും എല്ലാം മുമ്മൂന്ന് പ്രാവശ്യം ചെയ്യലുമെല്ലാം വുദൂഇല്‍ പൊതുവെയുള്ള സുന്നത്തുകളാണ്. വുദൂഇലെ പൊതുവായ കറാഹത്തുകള്‍ തണുപ്പോ ചൂടോ കാരണത്താലല്ലാതെ വുദൂഇന്‍റെ വെള്ളം ശരീരത്തില്‍ നിന്ന് തുടച്ചു കളയുക. വെള്ളം അമിതമായി ഉപയോഗിക്കു. മൂന്നിലേറെ പ്രാവശ്യം ഒരു അവയവം കഴുകുക. ഹജ്ജിന് ഇഹ്റാം ചെയ്തയാള്‍ തന്‍റെ തിങ്ങിയ താടി തിക്കകറ്റുക. ഒരു കാരണവുമില്ലാതെ തന്റെ അവയവങ്ങള്‍ കഴുകാന്‍ മറ്റൊരാളുടെ സഹായം തേടുക. ചില മസ്അലകള്‍ 1. കഴുകണമെന്ന് പറഞ്ഞ അവയവങ്ങള്‍ വെള്ളം കൊണ്ട് കഴുകുക തന്നെ വേണം. അവിടെ വെള്ളം ഉപയോഗിച്ച് തടവിയാല് ആ ഫര്‍ദ് വീടുകയില്ല. 2. നിത്യഅശുദ്ധിക്കാരനാണെങ്കില്‍ വൂദൂഇല്‍ തുടര്‍ച്ചയും നിര്‍ബന്ധമാണ്. 3. സംശയിക്കുന്നവന്‍ ഉറപ്പുകൊണ്ട് പിടിക്കണമെന്ന പൊതു മസ്അലയുണ്ട് അംഗശുദ്ധിയുമായി ബന്ധപ്പെട്ട്. അതായത് ഒരാള്‍ക്ക് നേരത്തെ വുദൂ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാണ്. അതിന് ശേഷം വുദൂ മുറിഞ്ഞോ എന്ന് സംശയമുണ്ട്. അയാള്‍ക്ക് വുദൂ മുറിഞ്ഞോ എന്ന് സംശയം മാത്രമാണെന്നതിനാല്‍ ഇവിടെ വുദൂ ഉണ്ടെന്ന് വെച്ച് നിസ്കരിക്കാവുന്നതാണ്. അതേസമയത്ത് നേരത്തെ വുദൂ മുറിഞ്ഞിട്ടുണ്ടെന്നാണ് ഉറപ്പ്. തുടര്‍ന്ന് വുദൂ എടുത്തിട്ടുണ്ടോ എന്നാണ് സംശയമെന്ന് വെക്കുക്. അയാള്‍ നിര്‍ബന്ധമായും വുദൂ ചെയ്യണം. കാരണം ഉറപ്പുള്ളത് വൂദൂ മുറിഞ്ഞുവെന്ന കാര്യമാണ്. വുദൂ മുറിയുന്ന കാര്യങ്ങള്‍ പ്രധാനമായും നാല് കാര്യങ്ങള്‍ കൊണ്ട് വുദൂ മുറിഞ്ഞ് പോകും. അപ്പോള്‍ പിന്നെ നിസ്കരിക്കണമെങ്കില്‍ വീണ്ടും അംഗശുദ്ധി വരുത്തേണ്ടതായി വരും.

ഒന്ന്. മുന്നിലെയോ പിന്നിലെയോ ദ്വാരത്തില്‍ കൂടെ മനിയ്യല്ലാത്ത വല്ലതും പുറപ്പെടുക.

രണ്ട്. ഭ്രാന്ത്, ബോധക്ഷയം, ഉറക്കം, മത്ത് തുടങ്ങിയ ഏതെങ്കിലും കാരണത്താല്‍ ബുദ്ധിസ്ഥിരത നഷ്ടപ്പെടുക. ഒരാള്‍ തന്‍റെ ചന്തി ഭൂമിയിലുറപ്പിച്ച രീതിയില്‍ ആണ് ഉറങ്ങിയതെങ്കില്‍ അതുകൊണ്ട് വുദൂ മുറിയില്ല.

മൂന്ന്. ആണിന്റെയും പെണ്ണിന്‍റെയും തൊലി തമ്മില്‍ നേരിട്ട് ചേരുക. ഇങ്ങനെ തൊലി തമ്മില്‍ തൊട്ടാല്‍ രണ്ടുപേരുടെയും വുദൂ മുറിയുന്നതാണ്. രണ്ടാളുകളും പരസ്പരം തൊട്ടത് വസ്ത്രത്തിന്റെ പുറത്താണെങ്കില്‍ അത് കൊണ്ട് വുദൂഇന് ഒരു കുഴപ്പവും സംഭവിക്കുന്നില്ല. അതുപോലെ തന്നെ തൊട്ടത് പല്ല്, നഖം, മുടി തുടങ്ങിയ ഭാഗങ്ങളാണെങ്കിലും വുദു മുറിയില്ല. ലൈംഗികത ഉളവാക്കാത്ത ആണ്കുട്ടികളും പെണ്കുട്ടികളുമാണ് പരസ്പരം തൊട്ടതെങ്കിലും വുദു മുറിയുകയില്ല. കുടുംബം, മുലകുടി, വിവാഹം തുടങ്ങിയ ബന്ധങ്ങള്‍ കാരണം മഹ്റമായ ആളുകള്‍ പരസ്പരം തൊട്ടാലും വുദു മുറിയുകയില്ല.

നാല്. മുന്‍കൈയിന്റെയോ കൈവിരലുകളുടെയോ ഉള്‍ഭാഗം കൊണ്ട് മുന്‍‍ദ്വാരമോ പിന്‍ദ്വാരത്തിന്റെ വട്ടക്കണ്ണിയോ തൊടുക. ഇങ്ങനെ തൊട്ടാല്‍ തൊട്ടവന്‍റെ വുദൂ മാത്രമേ മുറിയുകയുള്ളൂ. പക്ഷേ, മേല്പറഞ്ഞ രീതിയില്‍ മയ്യിത്ത്, ചെറിയ കുട്ടികള്‍ എന്നിവരുടെ ഗുഗ്യഭാഗങ്ങള്‍ തൊട്ടാലും വുദൂ മുറിയുന്നതാണ്. കൈവിരലുകളുടെ തലപ്പ് കൊണ്ടോ പാര്‍ശ്വങ്ങള്‍ കൊണ്ടോ ആണ് സ്പര്‍ഷിക്കുന്നതെങ്കില്‍ വുദൂഇന് കുഴപ്പമൊന്നുമില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter