യുക്തിവാദത്തിലെ അശാസ്ത്രീയത

ethiest

യുക്തിവാദി, അജ്ഞേയവാദി, നിരീശ്വരവാദി, നിര്‍മതന്‍, മതേതരന്‍, സ്‌കെപ്റ്റിക്, കമ്മ്യൂണിസ്റ്റ് എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്നവര്‍ക്കിടയില്‍ അടിസ്ഥാനപരമായ അന്തരമുണ്ടോ? ഇല്ലെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഉണ്ടെന്നു പറയുന്നവരാവട്ടെ ആര്‍ക്കും മനസ്സിലാവാത്ത കുറേ വാചകക്കസര്‍ത്തുകളും സൈദ്ധാന്തിക വ്യായാമങ്ങളും നടത്തി തടിതപ്പുകയല്ലാതെ നേര്‍ക്കുനേര്‍ വിശദീകരിച്ചു ബോധ്യപ്പെടുത്താന്‍ അശക്തരുമാണ്. അതുകൊണ്ടൊക്കെ തന്നെയാണ് അവിശ്വാസി എന്നു പൊതുവില്‍ ഇവര്‍ അഭിസംബോധനം ചെയ്യപ്പെടുന്നത്. ദൈവനിഷേധത്തിന്റെയും മതനിരാസത്തിന്റെയും കൃത്രിമ ദ്വീപുകള്‍ സ്ഥാപിച്ച് അതില്‍ അഭിമാനിക്കുന്ന ഈ സംഘങ്ങള്‍ മുഴുവന്‍ ചേര്‍ന്നാല്‍ എത്രവരുമെന്ന് ആര്‍ക്കുമറിയില്ല.

ജനസംഖ്യാ വിദഗ്ധര്‍ക്കുപോലും കണ്ടെത്താന്‍ പ്രയാസമുള്ള കാര്യമാണ് ഇതെന്നാണ് നാസ്തികതയെ സര്‍വേ വിഭ്രാന്തികളില്‍നിന്നും രക്ഷിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട അതിന്റെ 21ാം നൂറ്റാണ്ടിലെ മിശീഹ റിച്ചാഡ് ഡോക്കിന്‍സ് പോലും പറഞ്ഞിട്ടുള്ളത്. എണ്ണിക്കണക്കാക്കാന്‍ പ്രയാസമുണ്ടെന്നതിനര്‍ത്ഥം ലോക ജനസംഖ്യയുടെ മുക്കാലേ മുണ്ടാണിയും നാസ്തികരും നിരീശ്വരവാദികളുമാണെന്നല്ല. അങ്ങനെ ലോകത്ത് ഒരിക്കല്‍പോലും സംഭവിച്ചിട്ടുമില്ല. ഉലകം ഉണ്ടായ നാളു മുതല്‍ മതവിശ്വാസത്തിനാണിവിടെ ആധിപത്യം. നിരവധി നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും വിവിധ സംസ്‌കാരങ്ങളെയും നാഗരികതകളെയും താലോലിച്ചു മനുഷ്യന്‍ ഭൂമിയില്‍ കഴിഞ്ഞുകൂടി.

ഈജിപ്തിലും ഇന്ത്യയിലും ഗ്രീസിലും ബാബിലോണിയയിലുമെല്ലാം അതിന്റെ മായാത്ത മുദ്രകള്‍ ഇപ്പോഴുമുണ്ട്. എന്നാല്‍, ചരിത്രത്തിന്റെ ഒരു ദശാസന്ധിയില്‍പ്പോലും നിരീശ്വര-നിര്‍മത പ്രസ്ഥാനങ്ങള്‍ക്ക് ആധിപത്യം നേടാനായിട്ടില്ല; ചരിത്രത്തെ പ്രഫുല്ലമാക്കിയ ഒരു സംസ്‌കാരവും അവയെ പ്രതിനിധീകരിക്കുന്നില്ല. അഥവാ, നാളിതുവരെയുള്ള മനുഷ്യ ചരിത്രത്തില്‍ ഉടനീളം ദൈവനിഷേധവും മതനിരാസവും ഒറ്റപ്പെട്ടതോ ന്യൂനപക്ഷമോ ആയിരുന്നു. മനുഷ്യന്റെ കൂടപ്പിറപ്പാണു മതം. അവന്‍ ഭൂമുഖത്തേക്കു വന്നതു തന്നെ ദൈവ വിശ്വാസിയായിട്ടാണ്. അതുകൊണ്ടു തന്നെ മനുഷ്യന്റെ ജന്മസിദ്ധമായ ഈ സവിശേഷതയെ ആരുതന്നെ ഇല്ലാതെയാക്കാന്‍, നശിപ്പിച്ചുകളായാന്‍ ശ്രമിച്ചാലും അതു വിജയിക്കില്ല. ലോകം മുഴുവന്‍ കീഴടക്കാന്‍ നാസ്തികത വന്നിരുന്നു-20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍.

ശാസ്ത്ര സിദ്ധാന്തങ്ങളുടെ ഉപരിപ്ലവമായ വായനയും തൊഴിലാളി വര്‍ഗത്തിന്റെ പേരിലുള്ള മുതലക്കണ്ണീരുമായിരുന്നു അന്ന് അതിന് ഊര്‍ജം പകര്‍ന്നത്. മതാചാര്യന്മാരും വിശ്വാസികളും ആശങ്കപ്പെട്ടത് ഇവര്‍ അടക്കിവാഴുമെന്നാണ്. പക്ഷേ, അതുകൊണ്ടായില്ല; മനുഷ്യന്റെ ചിത്തവും പ്രകൃതിയും അതിനു സമ്മതിച്ചില്ല. കരയിലേക്കു പാഞ്ഞുകയറിയ തിരമാല പോലെ തിരിച്ചുപോവുകയോ താഴ്ന്നുപോവുകയോ ആയിരുന്നു. വെറുതേ ഒരു മാറ്റത്തിനു വേണ്ടി മതത്തെ മാറ്റിവച്ചവരും നന്മ നിറഞ്ഞൊരു പുലരി സ്വപ്നം കണ്ട് നിരീശ്വരത്വം പുല്‍കിയവരും നിലയില്ലാക്കയമാണ് അതെന്നു തിരിച്ചറിഞ്ഞതും തറവാട്ടുമുറ്റത്തേക്കു തിരിച്ചുവന്നതും നാം കണ്ടതാണ്.

മോസ്‌കോ നഗരവും ബെര്‍ലിന്‍ മതിലിന്റെ ഇരുവശങ്ങളുമെല്ലാം അതിനു സാക്ഷിയാണ്. മനുഷ്യന്റെ അജ്ഞതയും ചിന്താശൂന്യതയുമാണ് മതങ്ങളുടെ ഉത്ഭവത്തിനും നിലനില്‍പ്പിനും കാരണമെന്നും ശാസ്ത്രം കൂടുതല്‍ കണ്ടെത്തലുകള്‍ നടത്തുകയും ജനങ്ങള്‍ ബുദ്ധിയെയും ന്യായത്തെയും ആയുധമാക്കാന്‍ തുടങ്ങുകയും ചെയ്യുന്നിടത്ത് മതത്തിന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുമെന്നും യുക്തിവാദികള്‍ നിരന്തരം വാദിക്കാറുണ്ട്. അങ്ങനെയെങ്കില്‍ മനുഷ്യന് അജ്ഞാതമായ മേഖലകളിലേക്ക് കൂടുതല്‍ വെളിച്ചം വീശി സയന്‍സ് മുന്നേറുകയും ഇന്നലെകളില്‍ അതീതമായത് ഇന്ന് അധീനമാവുകയും ചെയ്യുമ്പോള്‍ മതം നാടുനീങ്ങുകയും തല്‍സ്ഥാനം നാസ്തികത പിടിച്ചടക്കേണ്ടതുമാണ്.

എന്നാല്‍, ലോകാനുഭവം അങ്ങനെയല്ലല്ലോ. 19ാം  നൂറ്റാണ്ടില്‍ ചാള്‍സ് ഡാര്‍വിന്റെയും ലാ മാര്‍ക്കിന്റെയും പരിണാമ സിദ്ധാന്തം ക്രിയേഷനിസത്തെ ചവിട്ടിമെതിച്ചു മുന്നേറുകയും ലോകമെമ്പാടുള്ള ശാസ്ത്രജ്ഞരെയും ബുദ്ധിജീവികളെയും ആകര്‍ഷിക്കുകയും ചെയ്തുവെന്നത് അനിഷേധ്യ വസ്തുതയാണ്. ലോകമെമ്പാടുമുള്ള സ്‌കൂളുകളിലും കലാശാലകളിലും പ്രൈമറി പ്രായം തൊട്ട് ജീവശാസ്ത്ര പാഠപുസത്കങ്ങളിലൂടെ ആവര്‍ത്തിച്ചു പഠിപ്പിച്ചിരുന്നത് സൃഷ്ടിപ്പ് എന്ന ഒന്ന് നടന്നിട്ടേ ഇല്ലെന്നും മനുഷ്യനടക്കമുള്ള ഇക്കാണുന്ന ജീവജാലങ്ങളെ നിരന്തരമുള്ള പരിവര്‍ത്തനങ്ങള്‍ക്കും പരിണാമങ്ങള്‍ക്കും വിധേയമായുണ്ടായതാണെന്നുമായിരുന്നു.

എവല്യൂഷനിസം തലയ്ക്കുപിടിച്ച അധ്യാപകരുടെ പരിഹാസം സഹിക്കാനാവാതെ ബയോളജി ക്ലാസില്‍ തലതാഴ്ത്തി ഇരുന്ന മതവിശ്വാസികളായ വിദ്യാര്‍ത്ഥികളായിരുന്നു 70കളിലും 80കളിലും നമ്മുടെ കലാലയങ്ങളില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ആ ഒരവസ്ഥ ഇന്നില്ല. അഥവാ, എവല്യൂഷന്‍ തിയറിയുടെ മുകളില്‍ കയറിയിരുന്ന് പ്രപഞ്ചത്തില്‍ സൃഷ്ടിപ്പ് നടന്നിട്ടില്ലെന്നു സ്ഥാപിക്കാന്‍ ഒരു അധ്യാപകനും ശാസ്ത്രജ്ഞനും സാധ്യമല്ല. നാസ്തികത തലയ്ക്കുപിടിച്ച വല്ലവനും അതു സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ അടുത്ത ചോദ്യം വിദ്യാര്‍ത്ഥികളില്‍ നിന്നു വരും. മനുഷ്യക്കുരങ്ങില്‍ നിന്നു പരിവര്‍ത്തിതമാകുന്നതിനിടെ ഉണ്ടായ ജീവികളുടെ ഫോസിലുകള്‍ എവിടെ? നിലവിലുള്ള പല ജീവികളുടെയും ഇരുന്നൂറും മുന്നൂറും മില്ല്യന്‍ വര്‍ഷം പഴക്കമുള്ള അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നു.

എന്തുകൊണ്ട് അവയിലൊന്നും നിരന്തര പരിണാമവും പരിവര്‍ത്തനവും ഉണ്ടായില്ല? ഡാര്‍വിനിസത്തെ മഹാസംഭവമായി കൊണ്ടുനടന്നവര്‍ക്ക് വിശദീകരിക്കാനാവാത്ത വസ്തുയാണ് ഇത്. അതു കൊണ്ട് തന്നെയാണ് ഡാര്‍വിനെയോ അയാളുടെ എവല്യൂഷന്‍ തിയറിയെയോ പിന്തുണയ്ക്കാന്‍ 20ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിക്ക് ശേഷം ശാസ്ത്രലോകത്തുനിന്ന് അധികമാരും കടന്നുവരാതിരുന്നത്. 20ാം നൂറ്റാണ്ട് അസ്തമിച്ചതോടെ അലയൊലിയും നേര്‍ത്ത് നേര്‍ത്തു ഇല്ലാതാവുകയായിരുന്നു. എന്നിട്ടും 19ാം നൂറ്റാണ്ടിന്റെ മണ്ടത്തരങ്ങള്‍ തൊടാതെ വിഴുങ്ങുകയാണ് നമ്മുടെ നാട്ടിലെ യുക്തിവാദികള്‍ ഇപ്പോഴും ചെയ്യുന്നത്. ഡാര്‍വിനു ശേഷം പുഴയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയതും ശാസ്ത്രം മുന്നേറിയതും പുതിയ കണ്ടുപിടിത്തങ്ങളുണ്ടായതും ഈ സാധുക്കള്‍ അറിഞ്ഞിട്ടേ ഇല്ല. ഇതാണ് സാക്ഷാല്‍ അന്ധവിശ്വാസം. 19ാം നൂറ്റാണ്ടില്‍ ആരോ പറഞ്ഞുപെട്ട അബദ്ധങ്ങളില്‍ ഇപ്പോഴും അള്ളിപ്പിടിച്ചു കിടന്ന് അതിനു സിന്താബാദ് വിളിക്കുകയും അതു മാത്രമാണ് ശരി എന്നു ശഠിക്കുകയും ചെയ്യുക. യുക്തിയും ന്യായവുമാണ് എല്ലാറ്റിന്റെയും അളവുകോലെന്നു പറഞ്ഞ് രംഗത്തുവന്ന റാഷനലിസ്റ്റുകള്‍ വികല വിശ്വാസികളായി മാറുകയാണ് ഇവിടെ.

മാനവികതയും മതരാഹിത്യവും

മതരഹിത സമൂഹം മാനവികതയ്ക്ക് പഴകിപ്പുളിച്ച മുദ്രാവാക്യവുമായിട്ടാണ് ഇപ്പോഴും യുക്തിവാദികള്‍ പ്രബോധനത്തിനിറങ്ങുന്നത്. മതരഹിത സമൂഹമെന്ന ഒന്ന് ലോകത്ത് ഒരിക്കലും നടപ്പിലാവാത്ത പകല്‍ക്കിനാവാണെന്നു നാളിതുവരെയുള്ള മനുഷ്യരാശിയുടെ ചരിത്രത്തില്‍ നിന്ന് ഇവര്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല. അതിനര്‍ത്ഥം ഉലകത്തിലിന്നോളം മാനവികത ഉണ്ടായിട്ടില്ലെന്നാണ്. ഉണ്ടായിരുന്നെങ്കില്‍ ഏതു സംസ്‌കാരത്തിലും നാഗരികതയിലുമാണ് അത് പൂത്തുലഞ്ഞുനിന്നതെന്നു പറയണം. അതിന് യുക്തിവാദികള്‍ക്കു സാധ്യമേ അല്ല. കാരണം, മതരഹിതമായ ഒരു സംസ്‌കാരവും നാഗരികതയും അവര്‍ക്കു ചൂണ്ടിക്കാണിക്കാനില്ലല്ലോ. മാനുഷിക മൂല്യങ്ങള്‍ക്കു വിലകല്‍പ്പിക്കുകയും സാഹോദര്യവും പാരസ്പര്യവും നിലനിര്‍ത്തുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥത്തില്‍ മാനവികത.

ആവശ്യമുള്ളയിടത്തും ഇല്ലാത്തിടത്തും മനുഷ്യനെ കേന്ദ്രബിന്ദുവാക്കി നിര്‍ത്തി ആ പക്ഷത്തുനിന്നുമാത്രം കാര്യങ്ങളെ കാണണമെന്നു പറയുന്ന ഭൗതിക വാദികളുടെ ഹ്യൂമനിസമല്ലത്. അങ്ങനെവരുമ്പോള്‍ മതം വന്നതു തന്നെ മാനവികതയുടെ മഹത്വം ഉദ്‌ഘോഷിക്കാനാണ്. പ്രകൃതിയോടും ചുറ്റുപാടുകളോടും സഹജീവികളോടും മനുഷ്യന്‍ എങ്ങനെ പെരുമാറണമെന്നും അവിടെ അവന്റെ ബാധ്യതകളും അവകാശങ്ങളും എന്തൊക്കെയാണെന്നും പഠിപ്പിക്കാനാണ് പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും അവതരിച്ചത്. മതത്തിനേല്ലാതെ മറ്റൊന്നിനും ആ ദൗത്യം മനോഹരമായി നിര്‍വഹിക്കാനാവില്ല. എങ്കില്‍ പിന്നെ യുദ്ധങ്ങളും അക്രമങ്ങളും മതത്തിന്റെ പേരില്‍ എമ്പാടും അരങ്ങേറിയിട്ടുണ്ടല്ലോ.

മിക്കയിടങ്ങളിലും രക്തം ചിന്തുന്നതിനും കലാപം സൃഷ്ടിക്കുന്നതിലും മുന്നിലുള്ളത് മതവിസ്വാസികളാണല്ലോ. ഇന്നും ലോകത്തെ ഭീതിപ്പെടുത്തി കൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളുടെയും ചാവോര്‍ സ്‌ഫോടനങ്ങളുടെയും പിന്നിലെ കേന്ദ്രം മതമാണല്ലോ എന്നിങ്ങനെയുള്ള ചോദ്യങ്ങളുയര്‍ത്തി വിഷയത്തെ വഴിതിരിച്ചു വിടുകയാണ് ചരിത്ര സത്യങ്ങള്‍ക്കു മുമ്പില്‍ പിടിച്ചുനില്‍ക്കാനാവാതെ വരുമ്പോള്‍ യുക്തിവാദികള്‍ ചെയ്യാറുള്ളത്. ലോകത്തെ മഹാഭൂരിപക്ഷവും മതവിശ്വാസികളാണ്. അതുകൊണ്ടു തന്നെ അവര്‍ക്കിടയിലുണ്ടാവുന്ന അനിഷ്ട സംഭവങ്ങളെ എല്ലാം മതത്തിന്റെ അക്കൗണ്ടില്‍ എഴുതി രക്ഷപ്പെടാനാണ് ഇവിടെ പലര്‍ക്കും താല്‍പ്പര്യം.

വെറുതെ ഒരു യുദ്ധമോ ആക്രമണമോ ചാവോര്‍ സ്‌ഫോടനമോ നടത്തിയാല്‍ സമൂഹത്തില്‍നിന്ന് പൂര്‍ണമായും മാറ്റിനിര്‍ത്തപ്പെടുമെന്ന് ഉറപ്പുള്ള ചില അരാജകത്വ വാദികള്‍, ചെറിയൊരു വിഭാഗത്തിന്റെ പിന്തുണയെങ്കിലും നേടിയെടുക്കാന്‍ ഉപയോഗിക്കുന്ന ആട്ടിന്‍ തോലാണ് മതമെന്ന് അറിയാത്തവരല്ല യുക്തിവാദികള്‍. അവര്‍ എണ്ണത്തില്‍ യുക്തിവാദികളെക്കാള്‍ ന്യൂനപക്ഷമായതുകൊണ്ട് തന്നെ സ്വന്തം ചെയ്തികള്‍ക്ക് നേര്‍ക്കുനേര്‍ ജനപിന്തുണ നേടാനാവില്ല.

അതിനെ മറികടക്കാനുള്ള ചൂഷണ വിദ്യയാണ് മതത്തിന്റെ മേല്‍ക്കുപ്പായം. അതുകൊണ്ട് മതം ചീത്തയാവുന്നത് എങ്ങനെ? നാറിയ മനസ്സും പേറി നടക്കുന്നവര്‍ എക്കാലത്തും ഓരോ നന്മയെയും ചൂഷണോപാധികളാക്കിയിട്ടുണ്ടല്ലോ? അഫ്ഗാനിലേക്കുള്ള സൈനിക നീക്കത്തെ കുരിശുയുദ്ധമെന്നു വിശേഷിപ്പിക്കാന്‍ ബുഷിനെ പ്രേരിപ്പിച്ചതും തെരുവോരങ്ങളിലെ പൊട്ടിത്തെറികളെ ജിഹാദെന്നു വിളിക്കാന്‍ അല്‍ഖ്വാഇദയെ പ്രേരിപ്പിച്ചതും ഈ വികാരങ്ങളാണ്; മതമല്ല. മതരഹിത സമൂഹത്തില്‍ മാനവികത തിങ്ങിവിങ്ങി പൂത്തുലഞ്ഞു നില്‍ക്കുമെന്ന് തറപ്പിച്ചു പറയുന്നവര്‍, മതരഹിത സമൂഹത്തെ പടച്ചുണ്ടാക്കാന്‍ ശ്രമിച്ച സോവിയറ്റ് യൂനിയനിലെ നാസ്തിക ദൈവങ്ങളെ സ്വല്‍പ്പനേരത്തേക്ക് ഓര്‍ത്തിരിക്കുന്നത് നല്ലതാണ്.

മതത്തിന്റെ സിംബലുകള്‍ മുഴുവന്‍ തച്ചുതകര്‍ത്തും വിശ്വാസികളെ കൂട്ടക്കൊല ചെയ്തും സൈബീരിയിലേക്ക് നാടുകടത്തിയും വിശ്വാസ സ്വാതന്ത്ര്യം ഹനിച്ചും നിരീശ്വരത്വം അടിച്ചേല്‍പ്പിച്ചും കുറേ ഭൗതിക വിഗ്രഹങ്ങള്‍ മോസ്‌കോയിലെ റെഡ് സ്‌ക്വയറിലും മൂസ്സോളിയത്തിലും എംബാം ചെയ്തും അല്ലാതെയും ഉണ്ടായിരുന്നു. ജോസഫ് സ്റ്റാലിന്റെ ഒറ്റപ്പെട്ട പ്രവര്‍ത്തനമെന്നു പറഞ്ഞു രക്ഷപ്പെടാനാണ് ഇവിടെ ഭൗതിക വാദികള്‍ ശ്രമിക്കാറുള്ളത്. സ്റ്റാലിനു മാത്രമല്ല ലെനിനും ക്രൂഷ്‌ചേവുമെല്ലാം ഇതില്‍ ഒരു പോലെ പ്രതികളാണ്. പേരെങ്കിലും കിഴക്കന്‍ യൂറോപ്പില്‍നിന്ന് പിന്നെയുമുണ്ട് ഉദാഹരണങ്ങള്‍. അല്‍ബേനിയയിലെ എന്‍വര്‍ ഹോക്‌സയും റൊമാനിയയിലെ നിക്കോളായ് ചൗഷെസ്‌ക്യൂവുമെല്ലാം അതിന്റെ നിരയിലുണ്ട്.

രക്തരൂക്ഷിത വിപ്ലവം നയിച്ചും ഉരുക്കുമുഷ്ടികള്‍ കൊണ്ട് അടിച്ചമര്‍ത്തിയും മതരഹിത സമൂഹത്തിന്റെ സംസ്ഥാപനത്തിനു വേണ്ടി അതൃദ്ധ്വാനം ചെയ്ത നാസ്തികതയുടെ ഈ 'പുണ്യപുരുഷന്‍മാര്‍' തങ്ങളുടെ രാജ്യങ്ങളിലും പ്രദേശങ്ങളിലും ഏതു മാനവികതയാണു കെട്ടിപ്പടുത്തതെന്ന് വിശദകരക്കേണ്ട ബാധ്യത മതത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവര്‍ തീര്‍ച്ചയായും ഉണ്ട്. എല്ലാ അര്‍ത്ഥത്തിലും ചരിത്രത്തെ ചെഞ്ചായമണിയിച്ച ഈ നാസ്തിക വിഗ്രഹങ്ങളെ ന്യായീകരിക്കാനാവാതെ വരുമ്പോള്‍ അവരുടെ തിന്മകള്‍ക്കു വൈയക്തിക മാനം തേടുകയാണ് റിച്ചാഡ് ഡോക്കിന്‍സ് അടക്കമുള്ള ഭൗതികതയുടെ പുതിയ ആചാര്യന്‍മാര്‍ ചെയ്യുന്നത്. എങ്കില്‍ ഇതേ ആനുകൂല്യം മതത്തിന്റെ പേരില്‍ ക്രൂരത കാണിച്ചവര്‍ക്കും വകവച്ചുകൊടുക്കാനാവുന്നതല്ലേ ഉള്ളൂ.

യുക്തി, വിശ്വാസം, ശാസ്ത്രം

യുക്തി അഥവാ ന്യായത്തെ അവലംബിച്ചുകൊണ്ടുള്ള വാദമാണ് യുക്തിവാദമെന്നു റെനി ദ്കാര്‍തെ മുതല്‍ ലൈബ്ഹിത്‌സ് വരെയുള്ള ആഗോള ആചാര്യന്‍മാരും ഇടമുറക് മുതല്‍ കുറ്റിപ്പുഴ വരെയുള്ള മലയാളി ഗുരുക്കന്മാരും സനല്‍ പോലോത്ത ദേശീയ നേതാക്കളും ഉറപ്പിച്ചു തറപ്പിച്ചു പറഞ്ഞിട്ടുള്ളതാണ്. എന്താണ് ഈ യുക്തിയും ന്യായവും? ആരുടെ യുക്തിയാണ് യുക്തിവാദി പ്രസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടായി അംഗീകരിക്കപ്പെടുക? സംഘത്തിലെ ഒരാളുടെ യുക്തി മറ്റൊരാള്‍ക്ക് അയുക്തികമായും ന്യായം അന്യായമായും തോന്നിയാല്‍ എന്തുചെയ്യും. സംതൃപ്തമായ  മറുപടി യുക്തിരേഖകളിലൊന്നും കാണുന്നില്ല. ശാസ്ത്രീയ സത്യങ്ങളെ പിന്തുടര്‍ന്നു ജീവിക്കുന്നവരെന്നാണ് പൊതുവില്‍ ഇവര്‍ അവകാശപ്പെടാറ്.

ശാസ്ത്രമെന്നെങ്കിലും ദൈവമുണ്ടെന്നു തെളിയിച്ചാല്‍ ഞങ്ങള്‍ അന്നത് അംഗീകരിക്കാന്‍ തയ്യാറാവുമെന്ന് ശ്രോദ്ധാക്കളെ ആവേശംകൊള്ളിക്കാന്‍ പറയാറുണ്ട്. ഈ നിലപാട് അന്ധവിശ്വാസത്തിന്റെ ഭാഗമാണെന്നു മാത്രമല്ല, അബദ്ധ ജഡിലവും കൂടിയാണ്. ഗവേഷണ-നിരീക്ഷണ പാടവം മനുഷ്യനിലുള്ള  കാലത്തോളം ശാസ്ത്രസത്യമെന്ന ഒന്നുണ്ടാവുകയില്ല. സയന്‍സ് ലാബില്‍നിന്ന് ഒരു ശാസ്ത്രജ്ഞന്‍ ഇന്നു സത്യമെന്നു തെളിയിച്ചു പ്രസിദ്ധപ്പെടുത്തിയത് നാളെ അബദ്ധമെന്നു അസത്യമെന്നും മറ്റൊരു ശാസ്ത്രജ്ഞന്‍ അയാളുടെ ലാബില്‍ നിന്ന് കൂടുതല്‍ തെളിവു നിരത്തി പ്രസിദ്ധപ്പെടുത്താം. പിന്നീടൊരു ദിവസം അതും തിരുത്തപ്പെടാം. ഒരു കാലത്ത് പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണെന്നും അതു നിശ്ചലമാണെന്നും പറഞ്ഞുനടന്നിരുന്നത് ശാസ്ത്രജ്ഞര്‍ തന്നെയാണ്.

പിന്നീട് അതു തിരുത്തി സൂര്യനാണെന്നു പറഞ്ഞു. ഡാര്‍വിന്‍, ദി ഒര്‍ജിന്‍ ഓഫ് സ്പിഷിഡിലൂടെ പരിണാമ സിദ്ധാന്തം പുറത്തുവിട്ടപ്പോള്‍ ശാസ്ത്രജ്ഞന്മാര്‍ മുഴുവന്‍ അതിന്റെ പിന്നാലെ കൂടി. ഗവേഷണം കൂടുതല്‍ പുരോഗമിച്ചപ്പോള്‍ അബദ്ധങ്ങള്‍ ഓരോന്നും പുറത്തുവന്നു. പലരും തിരുത്തി. ഇനിയും തിരുത്തപ്പെടും. സ്‌കൂളില്‍നിന്നു നമ്മള്‍ പഠിച്ച സൂര്യന്റെ ഒമ്പത് ഉപഗ്രഹങ്ങളില്‍ നിന്നു പ്ലൂട്ടോ പുറത്താണെന്ന് ഇപ്പോഴാണ് ശാസ്ത്രലോകം വിധിച്ചത്. അപ്പോള്‍ ദൈവമുണ്ടെന്നു ശാസ്ത്രം അസന്ദിഗ്ദമായി തെളിയിക്കുന്നതു വരെ വിശ്വസിക്കാതെ കാത്തിരിക്കുന്നവന്‍ തനി വിഡ്ഢിയാണ്.

തെളിയിക്കുന്ന കാലത്ത് അത് അംഗീകരിച്ചു വിശ്വസിക്കാന്‍ ഇവനുണ്ടായിരുന്നില്ലെങ്കില്‍ കുറ്റം സയന്‍സിന്റേതല്ലല്ലോ. സാസ്ത്രത്തിന്റെ ലബോറട്ടറിയില്‍വച്ച് ദൈവാസ്തിക്യം സംശയാതീതമായി തെളിയിക്കപ്പെട്ടാല്‍ വിശ്വസിക്കുമെന്നു പറയുന്നവര്‍, യഥാര്‍ത്ഥത്തില്‍ അപ്പോഴും ദൈവത്തിലല്ല  ശാസ്ത്രത്തില്‍ തന്നെയാണു വിശ്വസിക്കുന്നത്. മതവിഭാഗങ്ങളെ അന്ധവിശ്വാസികളെന്നു പരിഹസിക്കുന്നവര്‍ ഇവിടെ സ്വയം അന്ധവിശ്വാസികളായിത്തീരുകയാണ്. ഭൂമി ഉരുണ്ടതാണെന്നും അതു സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്നുവെന്നും മതവിശ്വാസിയും ഭൗതികവാദിയും ഒരു പോലെ വിശ്വസിക്കുന്നു.

മതവിശ്വാസികള്‍ പണ്ടുമുതലേ തെളിവുകള്‍ അന്വേഷിക്കാതെയും വിലയിരുത്താതെയും ഗവേഷണം നടത്തി ബോധ്യപ്പെടാതെയും അന്ധമായി എല്ലാത്തിലും വിശ്വസിക്കുന്നതു കൊണ്ട് ശാസ്ത്രം പറഞ്ഞത്  അവര്‍ അപ്പടി വിശ്വസിച്ചു എന്നു പറഞ്ഞു തള്ളിക്കളയാം. എന്നാല്‍, തെളിവുകള്‍ അന്വേഷിച്ചു കണ്ടെത്തി അതു യുക്തിയോട് നൂറുശതമാനവും പൊരുത്തപ്പെട്ടാല്‍ മാത്രം വിശ്വസിക്കുന്നവരുടെ കഥയോ? അവരില്‍ എത്രപേര്‍ ഇതൊക്കെ സ്വന്തം യുക്തിക്കും ബുദ്ധിക്കും ബോധ്യപ്പെട്ടതാണെന്നതിന്റെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്നു? അപ്പോള്‍ ശാസ്ത്രത്തില്‍ അഥവാ മതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞന്മാരില്‍ അന്ധമായി വിശ്വസിക്കുന്നവരാണ് യുക്തിവാദികള്‍. ഒരു വിഭാഗം ഇവിടെ തെറ്റു പറ്റാനിടയുള്ള ശാസ്ത്രജ്ഞന്മാരുടെ വാക്കുകളിലും കണ്ടെത്തലുകളിലും അന്ധമായി വിശ്വസിക്കുന്നു.

മറു വിഭാഗം തെറ്റുപറ്റാന്‍ ഇടയില്ലാത്തവിധം പ്രവാചകന്‍മാര്‍ക്ക് അനുഭവപ്പെടുകയും ബോധ്യപ്പെടുകയും ചെയ്ത കാര്യങ്ങള്‍ അവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വിശ്വാസിക്കുന്നു. രണ്ടു വിഭാഗവും ഇവിടെ മനുഷ്യരുടെ വാക്കുകളില്‍ അന്ധമായി വിശ്വാസിക്കുന്നവരാണ്. തെറ്റുപറ്റാനിടയില്ലാത്തതുകൊണ്ട് തന്നെ കൂടുതല്‍ യുക്തി ഭദ്രമാകുന്നത് മതവിശ്വാസമാണെന്നു മാത്രം. ദൈവാസ്തിക്യം അസന്ദിഗ്ദമായി തെളിയിക്കപ്പെട്ടാല്‍ ദൈവവിശ്വാസികളാകുമെന്നു പറയുന്നവര്‍ മറന്നുപോവുകയോ മറച്ചുവയ്ക്കുകയോ ചെയ്യുന്ന വസ്തുകളാണ് മതത്തിന്റെയും ശാസ്ത്രത്തിന്റെയും കൈകാര്യ മേഖലകള്‍.

അതിന്ദ്രീയനും അരൂപിയുമായ ദൈവത്തെ കുറിച്ചാണ് മതം സംസാരിക്കുന്നത്. ശാസ്ത്രമാവട്ടെ ഇന്ദ്രിയങ്ങള്‍ക്ക് അതീതമായ വസ്തുക്കളെ കുറിച്ചും. ഇപ്പോള്‍ രണ്ടും വ്യത്യസ്ത മേഖലകളാണ്. സയന്‍സ് ലാബില്‍ ദൈവാസ്തിക്യം പരിശോധിക്കപ്പെടണമെങ്കില്‍ ദൈവം ഇന്ദ്രിയ ഗോചരമാവുകയോ ശാസ്ത്രം അതീന്ദ്രയമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയോ വേണം. ഇതു രണ്ടും ഇല്ലാത്തിടത്തോളം കാലം ദൈവാസ്തിക്യം ശാസ്ത്രീയമായി നിസ്സംശയം തെളിയിക്കപ്പെട്ടാലേ വിശ്വസിക്കൂ എന്നു പറയുന്നത് മൗഢ്യമാണ്. ശുദ്ധ വിഡ്ഢിത്വം ഷണ്ഡീകരിക്കപ്പെട്ട കാളയുടെ അടുത്തു പശുവിനെ കെട്ടി അതു പ്രസവിക്കുന്നതും കാത്ത് കുട്ടിയെ കെട്ടാന്‍ കയറുമായി ഇരിക്കുന്ന പോഴത്തക്കാരന്റെ റോളിലേ അവനെ കാണാനാവൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter