ബിദഈ പ്രസ്ഥാനങ്ങള്‍: വൈരുദ്ധ്യങ്ങളുടെ കലവറ
പരിശുദ്ധ ഖുര്‍ആനിനും തിരു സുന്നത്തിനും വിരുദ്ധമായി ആര് രംഗത്തുവന്നാലും അവര്‍ക്കു പിടിച്ചുനില്‍ക്കാന്‍ പെടാപാടു പെടേണ്ടിവരുമെന്നത് അനിഷേധ്യവസ്തുതയത്രെ. അത്തരക്കാര്‍ പിന്നെ അഭ്യാസങ്ങളിലൂടെയാണ് മുഖം രക്ഷിക്കാറുള്ളത്. പക്ഷേ മുഖം കൂടുതല്‍ വികൃതമാവുകയാണ് ചെയ്യുന്നതെന്ന തിരിച്ചറിവിന് പോലും താമസം നേരിടുന്നു. പിന്നീട് ഇക്കൂട്ടര്‍ അഭയം കണ്ടെത്തുന്നത് ചര്‍മ്മസൗഭാഗ്യത്തിലാണ്. അത് ആവശ്യത്തിലധികം ഉണ്ട്താനും! ദുര്‍വ്യാഖ്യാനത്തിലധിഷ്ഠിതമായി ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുക. നേരത്തെ ചെയ്ത ദുര്‍വ്യാഖ്യാനങ്ങള്‍ ശരിയല്ലെന്ന് ഏറെക്കഴിഞ്ഞ് ബോധ്യപ്പെടുക. ആ അബദ്ധം തിരുത്താന്‍ അതിലേറെ വലിയ അബദ്ധക്കുഴിയില്‍ ചെന്ന് പതിക്കുക. പ്രസ്ഥാനത്തിന് ബീജാവാപം നല്‍കിയ മഹാ(?) പണ്ഡിതന്മാര്‍ക്കെല്ലാം തെറ്റ് പറ്റിയെന്ന് കുമ്പസരിക്കുക. അവരുണ്ടാക്കിയ പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങള്‍ അവര്‍ പറയുന്നത് പോലെയല്ല, അത് ഞങ്ങള്‍ വിശദീകരിക്കുന്നതുപോലെയാണെന്ന് പറയുക. ഈ വൃത്തികേടുകള്‍ മുഴുവനും സാക്ഷാല്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പിന്‍ബലത്തിലാണെന്ന് അവകാശപ്പെടുക, അത് മുഖേന വീണ്ടും ഖുര്‍ആനിനും തിരുസുന്നത്തിനും പുതിയ ദുര്‍വ്യാഖ്യാനം നല്‍കുക.
ഈ തരത്തിലുള്ള ഒരു ദുര്‍ഗതിയിലാണിന്ന് വഹാബിസം അകപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ വഹാബിസത്തിന്റെ വിഷബീജം വിത്തിട്ടിട്ടു എമ്പത് വര്‍ഷത്തോളമായല്ലോ? ഈ കാലയളവില്‍ അവര്‍ മാറ്റിപ്പറയാത്ത വല്ലതുമുണ്ടോ? വളരെ സത്യസന്ധമായൊരു നിരീക്ഷണത്തിന് നിക്ഷ്പക്ഷമതികള്‍ തയ്യാറായാല്‍ വഹാബിസത്തിന്റെ മുഖംമൂടി അഴിഞ്ഞ് വീഴുന്നതുകാണാം. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇക്കൂട്ടരുടെ അവകാശ വാദങ്ങള്‍ വലിയ തമാശകളാണ്.
വഹാബികള്‍ മുമ്പ് പറഞ്ഞതിന് വിരുദ്ധമായി പിന്നീട് മാറ്റിപ്പറഞ്ഞുവെന്നാരോപിക്കുമ്പോള്‍ അവര്‍ സാധാരണ പറയുന്ന മറുപടി, എന്താ ഇമാം ശാഫിഈ (റ) ധാരാളം മാറ്റിപ്പറഞ്ഞിട്ടുണ്ടല്ലോ എന്നാണ്! ഇതൊരിക്കലും ന്യായീകരണമല്ല. കാരണം, ഒരു മുജ്തഹിദായ ഇമാമ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരഭിപ്രായത്തില്‍ നിന്ന് മറ്റൊരഭിപ്രായത്തിലേക്ക് മാറുന്നതും, ശറഇന്റെ അടിസ്ഥാനപ്രമാണങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത ഈ ജാഹിലുകള്‍ തോന്നിയപോലെ വളച്ചും തിരിച്ചും പറയലും ഒരുപോലെയാണോ?
വഹാബികള്‍ മാറ്റിപ്പറഞ്ഞതും, വെട്ടിത്തിരുത്തിയതും, വെട്ടിവിഴുങ്ങിയതുമായ ഏതാനും ചില കാര്യങ്ങള്‍ അവരുടെത്തന്നെ ഉത്തരവാദപ്പെട്ട പ്രസിദ്ധീകരണങ്ങളില്‍ നിന്നെടുത്ത് വിശകലനം ചെയ്യുകയാണിവിടെ. ഒന്നും തിരുത്തിയിട്ടില്ലെന്നാണല്ലോ അവകാശവാദം. ഒരു പ്രമുഖ വഹാബി പുരോഹിതന്‍ എഴുതുന്നു:
”നദ്‌വത്തുല്‍ മുജാഹിദീന്‍ മുന്നോട്ടുവെച്ച ഒരാശയവും തിരുത്തുകയോ പിന്‍വലിക്കുകയോ വിഴുങ്ങുകയോ ചെയ്യേണ്ടി വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഖുര്‍ആനിന്റയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ആദര്‍ശങ്ങളും നയങ്ങളും സ്വീകരിച്ചത് കാരണമാണീ മേന്മ കൈവന്നത് എന്നതില്‍ തര്‍ക്കമില്ല.” (മുജാഹിദ്, എറണാകുളം സമ്മേളന സുവനീര്‍ -പേ: 54, 2002)
ഇതിലടങ്ങിയ സംഗതികള്‍: 1. നദ്‌വത്തുല്‍ മുജാഹിദീന്‍ മുന്നോട്ടുവെച്ച ഒരാശയവും തിരുത്തേണ്ടി വന്നിട്ടില്ല. 2. ഒരാശയവും പിന്‍വലിക്കേണ്ടിയും വന്നിട്ടില്ല. 3. ഒന്നും വിഴുങ്ങേണ്ടിയും വന്നിട്ടില്ല. 4. ഇത് സാധ്യമായത് ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ആശയങ്ങളും നയങ്ങളും സ്വീകരിച്ചതുകൊണ്ടാണ്.
ഈ പറഞ്ഞത് എത്രത്തോളം യാഥാര്‍ത്ഥ്യമാണെന്ന് ഇനി നമുക്ക് ചിന്തിക്കാം- ഓരോ വിഷയത്തിലും മുമ്പെടുത്ത നിലപാട് എന്തായിരുന്നു വെന്നും ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും പരിശുദ്ധ ഇസ്‌ലാമിന്റെ നിലപാട് എപ്രകാരമാണെന്നും.
ഇബ്‌നുതീമിയ്യ മുതല്‍ ത്തൗഹീദ് കര്‍ത്താവ് കണ്ണൂര്‍ സ്വദേശി അബ്ദുല്‍ ഖാദിര്‍ മൗലവി വരെയുള്ള സൈദ്ധാന്തിക ആചാര്യന്മാരെല്ലാം തൗഹീദിനെ റബൂബിയ്യത്ത് (രക്ഷാകര്‍തൃത്വത്തിലുള്ള ഏകത്വം), ഉലൂഹിയ്യത്ത് (ആരാധനയിലുള്ള ഏകത്വം) എന്നിങ്ങനെ രണ്ടായി വിഭജിച്ചവരായിരുന്നു. (ഈ വിഭജനം തന്നെ അടിസ്ഥാന രഹിതമാണെന്ന് വേക്കൊര്യം :ലേ:)
അവരെഴുതുന്നത് കാണുക: ”നാം ഇതുവരെ തൗഹീദിനെ തൗഹീദുറുബൂബിയ്യത്ത്, തൗഹീദുല്‍ ഉലൂഹിയ്യത്ത് എന്നിങ്ങനെ രണ്ടായിട്ടാണ് വിഭജിച്ചിരുന്നത്. തൗഹീദ് പഠിപ്പിക്കാന്‍ നാം അവലംബിച്ചിരുന്ന പുസ്തകം ‘അത്തൗഹീദ്’ എന്ന അബ്ദുല്‍ ഖാദിര്‍ മൗലവി (കണ്ണൂര്‍)യുടെ പുസ്തകമായിരുന്നു. ഇന്നും അതു പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുമുണ്ട്. അതില്‍ ഇവര്‍ പറയുന്ന ഇനം പ്രത്യേകമായി നല്‍കുന്നില്ല. രണ്ടായിട്ടാണ് വിഭജിക്കുന്നത്.
ജാമിഅഃ നദ്‌വിയ്യ എടവണ്ണ പ്രസിദ്ധീകരിക്കുന്ന അന്നദ്‌വ(1998) മാഗസിനില്‍ എഴുതുന്നു: ”ഇസ്‌ലാമിലെ തൗഹീദിന് രണ്ടു വശങ്ങളുണ്ട് (ഒന്ന്) ആരാധ്യനായിരിക്കുക എന്നതിലെ അല്ലാഹുവിന്റെ ഏകത്വം. ഇതിനെ തൗഹീദുല്‍ ഇബാദഃ അഥവാ തൗഹീതുല്‍ ഉലൂഹിയ്യഃ എന്നു വിളിക്കുന്നു. ഈ തൗഹീദാണ് ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന സാക്ഷ്യവാക്യത്തിന്റെ പൊരുള്‍. ഈ രംഗത്തെ ശിര്‍ക്കിനെ ഇബാദത്തിലെ ശിര്‍ക്ക് എന്ന് പറയുന്നു. (രണ്ട്) രക്ഷാകര്‍തൃത്വത്തിലെ അല്ലാഹുവിന്റെ ഏകത്വം ഇതിന് തൗഹീദു റുബൂബിയ്യഃ എന്ന് പറയുന്നു.” (അന്നദ്‌വ 1998 പേജ്126 ജമാഅത്ത് ചോദ്യങ്ങള്‍ക്ക് മറുപടി എന്‍.വിസകരിയ്യ അരീക്കോട്. ഉദ്ധരണം: മുജാഹിദുകള്‍ക്ക് ആദര്‍ശവ്യതിയാനമോ? പേജ് 32,33 എ. അബ്ദുസ്സലാം സുല്ലമി എടവണ്ണ).
എന്നാല്‍ ഇപ്പോള്‍ മുജാഹിദുകള്‍ പറയുന്നത് ഇതുവരെ തുടര്‍ന്നുവന്ന സമീപനം തെറ്റായിരുന്നുവെന്നും തൗഹീദിന് മൂന്ന് ഘടകങ്ങള്‍ ഉണ്ടെന്നും ഇനിമുതല്‍ പാഠശാലകളില്‍ ഈ തിരുത്ത് അംഗീകരിച്ച് പഠിപ്പിക്കണമെന്നുമാണ്.
”തൗഹീദിന് റുബൂബിയ്യത്ത്, ഉലൂഹിയ്യത്ത്, അല്‍ അസ്മാഉവസ്സിഫാത്ത് എന്നിങ്ങനെയുള്ള വിഭജനം ഈ യോഗം ശരിവെക്കുകയും അതു പാഠശാലകളില്‍ പഠിപ്പിക്കേണ്ടതാണെന്ന് തീരുമാനിക്കുകയും ചെയ്തു.” (2001 ജൂണ്‍ 4ന് പുളിക്കള്‍ മദീനതുല്‍ ഉലൂമില്‍ വെച്ച് ചേര്‍ന്ന കേരളാ ജംഇയ്യത്തുല്‍ ഉലമാ നിര്‍വ്വാഹക സമിതി യോഗതീരുമാനങ്ങള്‍, പേജ് 11).
ഏറ്റവും പരമപ്രധാനമായ തൗഹീദിന്റെ കാര്യത്തില്‍ പോലും ഒരു ഉറച്ച നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വന്നാല്‍ അതില്‍പരം ആശ്ചര്യം മറ്റെന്താണ്? അല്ല കൂട്ടരെ, നിങ്ങളുടെ തൗഹീദ് ഇടക്കിടക്ക് ഇങ്ങനെ വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്ന ഒന്നാണോ? ഈ വിഭജനത്തിന്റെ മുമ്പ് മരിച്ചുപോയ കണ്ണൂര്‍കാരന്‍ അബ്ദുല്‍ ഖാദിര്‍ മൗലവി, കെ.എം. മൗലവി മുതല്‍ ഇബ്‌നു തീമിയ്യ വരെയുള്ളവരുടെ സ്ഥിതി എന്താണ്? നിങ്ങളുടെ തീരുമാനപ്രകാരം അവരുടെ തൗഹീദിലുള്ള വിശ്വാസം പൂര്‍ണമാകാന്‍ തരമില്ലല്ലോ?
എന്നാല്‍ ഇപ്പോള്‍ മാത്രം ഈ മാറ്റത്തിന് വല്ല കാരണവുമുണ്ടോ? തീര്‍ച്ചയായും ഉണ്ട്. കേരള വഹാബികള്‍ അടുത്തകാലത്തായി ഗള്‍ഫിലെ പണ്ഡിതരുമായും സംഘടനകളുമായും അടുക്കുകയും കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. അവരെ അന്ധമായി ‘തഖ്‌ലീദ്’ ചെയ്തുകൊണ്ടാണ് ഇപ്പോള്‍ വഹാബികള്‍ തൗഹീദിന് പുതിയ വിശദീകരണം നല്‍കാന്‍ തീരുമാനിച്ചത്.
സത്യത്തില്‍ ഇത്രയും കാലമായിട്ട് തൗഹീദിന്റെ ശരിയായ രൂപം ഗ്രഹിക്കാന്‍ ഇവര്‍ക്കായിട്ടില്ലെന്നാണ് മറ്റൊരു വഹാബി പുരോഹിതന്‍ കുമ്പസരിക്കുന്നത്.
മുജാഹിദ് പണ്ഡിതന്മാര്‍ക്ക് അവര്‍ നയിക്കുന്ന തൗഹീദ് സംഘടനയെ വെറും അഞ്ചു പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴേക്കും നശിപ്പിച്ച് രണ്ടു തുണ്ടുകളാക്കി പിളര്‍ത്താന്‍ എങ്ങനെ കഴിഞ്ഞുവെന്ന് ശുദ്ധഹൃദയര്‍ അത്ഭുതം കൂറിയേക്കാം. എന്നാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല എന്നാണെന്റെ അഭിപ്രായം. കാരണം, അവരില്‍ പലര്‍ക്കും തൗഹീദിനെ വേണ്ട വിധത്തില്‍ മനസ്സിലാക്കാനും പ്രബോധനം ചെയ്യാനും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.” (ഡോ: ഇ.കെ. അഹ്മദ് കുട്ടി, 2002 ആഗസ്റ്റ് 25 മാധ്യമം ദിനപത്രം.)
എങ്ങനെ കഴിയും? തൗഹീദ് പഠിക്കേണ്ടവരില്‍ നിന്ന് പഠിക്കേണ്ടേ? ഒന്നും തിരുത്തി പറയേണ്ടി വന്നിട്ടില്ലെന്നു പറഞ്ഞ വഹാബികളാണ്, പുരോഹിത സഭ കൂടി തൗഹീദ് രണ്ടിന് പകരം മൂന്നാക്കണമെന്ന് പറഞ്ഞത്. ഈ തൗഹീദ് അംഗീകരിക്കാന്‍ ജനങ്ങളെക്കിട്ടുമോ? നേതാക്കള്‍ക്ക് തന്നെ തിരിയാത്ത തൗഹീദ് അനുയായികള്‍ക്കെങ്ങനെ തിരിയും? ജനങ്ങള്‍ക്ക് തിരിയാത്തത് എങ്ങനെ ജനങ്ങള്‍ അംഗീകരിക്കും? വഹാബീ തൗഹീദ് ജനങ്ങള്‍ നിരാകരിച്ചതില്‍ കുണ്ഠിതപ്പെട്ടുകൊണ്ട് പറയുന്നതു നോക്കുക: ”നമ്മള്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ജനം ഏറ്റെടുത്തു. വിദ്യാഭ്യാസം, ഖുര്‍ആന്‍ പഠനം, യതീംഖാന, സാമൂഹ്യക്ഷേമം തുടങ്ങിയവ ഉദാഹരണം. എന്നാല്‍ നാം പ്രചരിപ്പിച്ചിരുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട തൗഹീദ് ഇപ്പോഴും ജനം ഏറ്റെടുത്തിട്ടില്ല.” (കെ.എന്‍.എം. ന്റെ രണ്ടാം പ്രബന്ധം പേജ് 8, മുജാഹിദുകള്‍ക്ക് ആദര്‍ശ വ്യതിയാനമോ? പേജ് 41). ഇസ്‌ലാമിക സമീപനത്തില്‍ നിന്ന് വ്യതിചലിച്ച് പുരോഹിത സഭ കൂടി സ്വന്തം ദുര്‍വ്യാഖ്യാനങ്ങളെ അവലംബിച്ചതാണ് ഈ കരണംമറിച്ചിലിനൊക്കെ കാരണമായത്.
ഇസ്‌ലാമിക വീക്ഷണം:- ഇസ്‌ലാമിന്റെ അടിസ്ഥാന ശിലയും മുസ്‌ലിംകള്‍ ഭിന്നിക്കാന്‍ പാടില്ലാത്തതുമായ കാര്യമാണ് അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കല്‍ (തൗഹീദ്). ആദം നബി (അ) മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) വരെയുള്ള പ്രവാചകര്‍ പ്രബോധനം ചെയ്തത് പരിശുദ്ധമായ തൗഹീദാണ്. അല്ലാഹുവിന്റെ ദാത്ത് (സത്ത) പോലെയൊരു ദാത്തും അവന്റെ ഗുണങ്ങളെ (സിഫത്ത്) പോലെയുള്ള ഗുണങ്ങളും അവന്റെ പ്രവര്‍ത്തി (അഫ്ആന്‍) കളെപ്പോലെയുള്ള പ്രവര്‍ത്തികളും വേറെ ആര്‍ക്കുമില്ലെന്ന് നാം വിശ്വസിക്കണം. ഇതാണ് ഇസ്‌ലാമിക കാഴ്ചപ്പാടില്‍ തൗഹീദിന്റെ താല്‍പര്യം. നമ്മെ പടച്ചത് അല്ലാഹുവാണ്. നമ്മുടെ പ്രവര്‍ത്തികളും നമുക്കുണ്ടാകുന്ന വിവിധ കഴിവുകളും ഗുണങ്ങളുമെല്ലാം അല്ലാഹു നല്‍കിയതാണ്. അഥവാ അവന്‍ നല്‍കിയിട്ടുവേണം നമുക്ക് ലഭിക്കാന്‍. അല്ലാഹു അങ്ങനെയല്ല. അവനെ ആരും പടച്ചതല്ല. അവന്റെ കഴിവുകളും ഗുണങ്ങളും ആരും നല്‍കിയതുമല്ല. അവന്‍ എല്ലാ കാര്യത്തിലും സ്വയം പര്യാപ്തനാണ്. നാം ഒന്നിലും സ്വയം പര്യാപ്തരല്ല. വിശുദ്ധ ഖുര്‍ആന്‍ 112-ാം അധ്യായം ഇതാണ് പഠിപ്പിക്കുന്നത്. ”നബിയെ താങ്കള്‍ പറയുക. അല്ലാഹു ഏകനാകുന്നു എന്നതാണ് കാര്യം. അവന്‍ ആശ്രയിക്കപ്പെടുന്നവനാണ്. സ്വയം പര്യാപ്തനാണ്. അവന്‍ ജനിപ്പിച്ചിട്ടില്ല. അവന്‍ ജനിപ്പിക്കപ്പെട്ടവനുമല്ല. അവനു തുല്യമായി ആരുമില്ല.” ഇതേ താല്‍പര്യം തന്നെയാണ് തൗഹീദിന്റെ വചനമായ ‘ലാഇലാഹ ഇല്ലല്ലാഹ്’ (ഇബാദത്ത് ചെയ്യപ്പെടാന്‍ അര്‍ഹന്‍ അല്ലാഹു അല്ലാതെ വേറെ ഒരിലാഹുമില്ല)യും ബോധ്യപ്പെടുത്തുന്നത്.
Leave A Comment