ആസിയ ബീവി ചരിത്രാഖ്യായിക (ഭാഗം ആറ്)
6. ആദ്യ വിശ്വാസി

കാലം കഴിഞ്ഞുപോയി. കൊട്ടാരത്തിലെ രസക്കുടുക്കയായി മൂസ വളര്‍ന്നു. സ്വന്തം കുഞ്ഞിനെപ്പോലെ ആസിയ ബീവി അവരെ നോക്കി. വേണ്ടതെല്ലാം നല്‍കി.

ശൈശവവും ബാല്യവും അങ്ങനെ കഴിഞ്ഞു. ആസിയ ബീവി തന്നെയായിരുന്നു അന്നെല്ലാം താങ്ങും തണലുമായി കൂടെയുണ്ടായിരുന്നത്. ഒരു ഉമ്മയും മകനും പോലെ...

ആ കുഞ്ഞിന്റെ വളര്‍ച്ച മഹതിയെ ശരിക്കും അല്‍ഭുതപ്പെടുത്തിയിരുന്നു. കൊച്ചു കാലം മുതല്‍തന്നെ പക്വതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമേ അവര്‍ ചെയ്തിരുന്നുള്ളൂ. നല്ല സ്വഭാവം... നല്ല ച്ചടക്കം... നല്ല ശീലങ്ങള്‍...

ഇതൊരു അസാധാരണ മനുഷ്യനാണെന്ന് മഹതിക്കു ശരിക്കും ബോധ്യമായി.

ബാല്യത്തിലേക്കു കടന്നതില്‍ പിന്നെ ജീവിതം കൂടുതല്‍ വ്യവസ്ഥാപിതമാവുകയായിരുന്നു...

നാട്ടിലെ ചീത്ത കൂട്ടുകെട്ടുകളിലോ ഇടപാടുകളിലോ തലയിട്ടിരുന്നില്ല. പകരം, എപ്പോഴും നല്ലതു മാത്രം സംസാരിച്ചു... നല്ലതു മാത്രം ചിന്തിച്ചു. ഏകദൈവത്തെ മാത്രം ധ്യാനിച്ചു.

ആസിയ ബീവി മൂസയുടെ ഓരോ ചലനങ്ങളും വീക്ഷിച്ചുകൊണ്ടിരുന്നു. അന്നുണ്ടായിരുന്നവരില്‍നിന്നും തീര്‍ത്തും വ്യത്യസ്തവും എന്നാല്‍ ശംശുദ്ധവുമായ ഒരു ജീവിത വഴിയാണ് അവര്‍ പിന്തുടര്‍ന്നിരുന്നത്. മഹതിയാണെങ്കില്‍ കാലങ്ങളായി അതാണ് ആഗ്രഹിച്ചിരുന്നതും...

കാലം കഴിയും തോറും മൂസയുമായുള്ള അടുപ്പത്തിനും സ്‌നേഹത്തിനും ശക്തി കൂടി.

ഇത് തന്റെ ജീവിതത്തിന് അപ്രതീക്ഷിതമായി കൈവന്ന വലിയൊരു അനുഗ്രഹമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. തന്റെ ജീവിതത്തെ താന്‍ ആഗ്രഹിക്കുന്ന ദൈവത്തിലേക്കു കൊണ്ടെത്തിക്കാന്‍ ഈ ബന്ധത്തിനു സാധിച്ചേക്കാം... അവര്‍ സ്വയം സമാശ്വസിച്ചു.

മൂസക്കു പ്രായം കൂടി വരികയാണ്. നാട്ടിലെ ഒരു പ്രധാന യുവാവായി മാറിയിരിക്കുന്നു. 

ഇപ്പോള്‍ അവരുടെ ജീവിതത്തിലെ ഓരോ കര്‍മത്തിനും വല്ലാത്തൊരു ആസ്വാദനവും അനുഭൂതിയുമുണ്ട്... വല്ലാത്ത അസാധാരണത്വവും... മഹതി ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്നു.

ഒരു പ്രവാചകനുണ്ടായിരിക്കേണ്ട പലവിധ വിശേഷണങ്ങളും അവരില്‍ അന്നുതന്നെ കണ്ടു തുടങ്ങി. പലപ്പോഴും ജീവജാലങ്ങളോടു സംസാരിക്കുന്നു. അറുത്തു ഭക്ഷിച്ച കോഴിക്കും ആടിനും പുതുജീവന്‍ നല്‍കുന്നു...

ഇതെല്ലാം കണ്ടപ്പോള്‍ എല്ലാവര്‍ക്കും മൂസയുടെ കാര്യത്തില്‍ അല്‍ഭുതമായി.

പക്ഷെ, മൂസയുടെ ഇത്തരം അമാനുഷിക കൃത്യങ്ങള്‍ ഫിര്‍ഔന് ഒട്ടും ഉള്‍കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. ഇതെല്ലാം പുതിയ തരം കൂടോത്രങ്ങളാണെന്നും ഇനിയും ഇവനെ സഹിക്കുന്ന പക്ഷം ഇവന്‍ ഇവ തനിക്കെതിരെ പ്രയോഗിച്ചേക്കുമെന്നും അയാള്‍ ചിന്തിച്ചു. ഇനിയും ഇവനെ പിടിച്ചുനിര്‍ത്തുന്നത് നമുക്ക് ഭീഷണിയാണെന്നും അതിനാല്‍ ഞാന്‍ അവനെ വധിക്കാന്‍ പോവുകയാണെന്നും അയാള്‍ ആസിയയോട് പറയുകയും ചെയ്തു. 

പക്ഷെ, ആസിയ ബീവി അതിന് അനുവദിച്ചില്ല. പലതും പറഞ്ഞ് അയാളെ ഇതില്‍നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. 

* * *

ഇപ്പോള്‍ മൂസക്ക് പ്രായം ഇരുപത് കഴിഞ്ഞു. നാട്ടിലെ യുവാക്കളില്‍ പ്രധാനിയാണ്. ദിവസവും സവാരിക്കു പോകും. പലയിടങ്ങളിലും ചുറ്റിസഞ്ചരിച്ച് തിരിച്ചുവരും.

പതിവുപോലെ ഒരിക്കല്‍ സവാരിക്കു പോയതായിരുന്നു. കുറേ സഞ്ചരിച്ചപ്പോള്‍ ഒരിടത്ത് രണ്ടു പേര്‍ അടിപിടി കൂടുന്നത് ദൃഷ്ടിയില്‍ പെട്ടു. 

അടുത്തു ചെന്നപ്പോള്‍ ഒരു ഖിബ്ഥിയും ഒരു ബനൂ ഇസ്‌റാഈലിയുമായിരുന്നു അത്. എന്തോ പ്രശ്‌നത്തില്‍ അടിപിടി കൂടുകയാണ്. മൂസ കാര്യമന്വേഷിച്ചു. 

ബനൂ ഇസ്‌റാഈല്യനെ അടിമവേലക്കു വിളിച്ചപ്പോള്‍ അയാള്‍ വിസമ്മതിച്ചതായിരുന്നു പ്രശ്‌നം. ഖിബ്ഥി തന്റെ അഹന്തയും അഹങ്കാരവുമുപയോഗിച്ച് അയാളെ അക്രമിക്കുകയായിരുന്നു.

പ്രശ്‌നത്തിലിടപെട്ടതില്‍പിന്നെ അയാള്‍ മൂസക്കു നേരെ തിരിഞ്ഞു. അഹങ്കാരവും ധിക്കാരവും കലര്‍ന്ന സ്വരത്തില്‍ പലതും സംസാരിക്കാന്‍ തുടങ്ങി. 

ഖിബ്ഥിയുടെ ധിക്കാരം മൂസക്കു സഹിച്ചില്ല. മര്യാദ പഠിപ്പിക്കാനെന്നോണം അയാള്‍ക്കു നേരെ ഒന്നുവെച്ചുകൊടുത്തു.

കാര്യം അപകടമായി. അടി നേരെ ചെന്നു വീണത് മര്‍മത്തിലാണ്. ഖിബ്ഥി നലത്തു വീണ് പിടഞ്ഞു മരിച്ചു. 

മൂസ അമ്പരന്നുപോയി. തീര്‍ത്തും പ്രതീക്ഷിക്കാതെയാണ് ഇത് സംഭവിച്ചത്. തിരുത്താനായി അടിച്ചതായിരുന്നു. പക്ഷെ, അടി കലാശിച്ചത് മരണത്തില്‍. 

അവര്‍ക്ക് വല്ലാത്ത ഖേദം വന്നു. ചെയ്തുപോയല്ലോ എന്ന ചിന്തയിലായി... പക്ഷെ, എന്തു ചെയ്യും? എല്ലാം സംഭവിച്ചു കഴിഞ്ഞു. 

അപ്പോഴേക്കും പ്രശ്‌നം നാവടുനീളെ പാട്ടായിക്കഴിഞ്ഞിരുന്നു. 

ഒടുവില്‍ വിവരം ഫിര്‍ഔന്റെ ചെവിയിലുമെത്തി... അയാള്‍ കോപം കൊണ്ട് വിറച്ചു... കുറേ കാലം സഹിച്ചതാണ്... ഇനിയും പിടിച്ചുനിന്നിട്ട് കാര്യമില്ല. അവന്റെ കഥ കഴിക്കുകതന്നെ... അതേ ഇനി പരിഹാരമുള്ളൂ... അയാള്‍ പൊട്ടിത്തെറിച്ചു. 

മൂസയെ പിടികൂടി കൊണ്ടുവരാന്‍ സൈന്യത്തെ ഇറക്കി.

ഇനിയും ഈ നാട്ടില്‍ നില്‍ക്കുന്നത് പന്തികേടാണെന്ന് മനസ്സിലാക്കിയ മൂസ നാടു വിടാന്‍തന്നെ തീരുമാനിച്ചു. നീണ്ട കാലത്തെ ജീവിതത്തിനൊടുവില്‍ ഈജിപ്തിനോട് വിട പറഞ്ഞ് ദൂരങ്ങളിലേക്കു യാത്രയായി.

മൂസ ഖിബ്ഥിയെ കൊന്ന് നാടുവിട്ട വിവരവും നാട്ടില്‍ വേഗത്തില്‍ പ്രചരിച്ചു. 

ആസിയ ബീവിക്ക് ഇത് ഒട്ടും സഹിക്കാനായില്ല. കാലങ്ങളോളം  താന്‍ സ്വന്തം മകനെപ്പോലെ പോറ്റി വളര്‍ത്തിയതാണ്. ഒരു സുപ്രഭാതത്തില്‍ ഇങ്ങനെ സംഭവിച്ചാല്‍ എന്തു ചെയ്യും... അവര്‍ വേദനിച്ചു.

പക്ഷെ, ഇതിലെല്ലാം ഒരു നന്മയുണ്ടായിരിക്കാമെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. കാരണം, മൂസയുടെ കാര്യങ്ങളെല്ലാം അങ്ങനെയാണ്. ജനഗന്നിയന്താവായ രക്ഷിതാവാണ് അവരുടെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. അതിനാല്‍, അതിന്റെ പിന്നിലെല്ലാം ഓരോ രഹസ്യങ്ങളുണ്ടാകും. മഹതി ആ സുപ്രഭാതം സ്വപ്നം കണ്ടിരുന്നു...

എന്നാല്‍, ഫിര്‍ഔന് സന്തോഷമാണ് തോന്നിയത്. ഈജിപ്തിന്റെ മണ്ണില്‍ തനിക്കാകെ ഭീഷണിയായി തോന്നിയിരുന്നത് ഇവന്‍ മാത്രമാണ്. ഇപ്പോള്‍ ഇവനും നാട് വിട്ടിരിക്കുന്നു... ഇനിയെങ്കിലും സ്വസ്ഥമായി ജീവിക്കാം... ആരെയും പേടിക്കാതെ...

അയാള്‍ തന്റെ മര്‍ദ്ദക ഭരണത്തിനു ശക്തി കൂട്ടി. അഹങ്കാരത്തിനു മേല്‍ അഹങ്കാരം അഭിനയിച്ച് പുതിയ ജീവിതം ആരംഭിച്ചു.

* * *

വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. അങ്ങകലെ ശുഐബ് നബിയുടെ നാട്ടില്‍ പുതിയ ജീവിതം നയിക്കുകയാണ് മൂസ. അതിനിടെ അവരുടെ മകളുമായി വിവാഹവും നടന്നു. 

പുതിയ ജീവിതാനുഭവങ്ങളും പുതിയ പരിസരങ്ങളുമായി കാലം മുന്നോട്ടു നീങ്ങി. ആടിനെ മേച്ചും മറ്റുമായിരുന്നു ഈ കാലങ്ങള്‍ കഴിച്ചുകൂട്ടിയിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം അവര്‍ക്ക് അല്ലാഹുവിന്റെ ബോധനം വന്നു:

''ഇനിയും ഇവിടെത്തന്നെ കഴിഞ്ഞുകൂടരുത്. ഉടനെ ഈജ്പ്തിലേക്കു പുറപ്പെടണം. അതാണ് താങ്കളുടെ പ്രവര്‍ത്തന ലോകം.''

മൂസക്കു വല്ലാത്തൊരു ചാരിതാര്‍ത്ഥ്യം... അവര്‍ പുതിയൊരു ജീവിതത്തിലേക്കു കാലെടുത്തുവെക്കുകയാണ്... പ്രവാചകത്വ പദവിയിലേക്ക്... ഒരു തലമുറയെ ഇസ്‌ലാമിലേക്കു വിളിക്കാന്‍ അല്ലാഹുവിന്റെ നിര്‍ദ്ദേശം വരുന്നു...

മൂസ കുടുംബ സമേതം ഈജിപ്തിലേക്കു തിരിച്ചു. വഴിമധ്യേ സീനാ പര്‍വതത്തിന്റെ അടുത്തെത്തിയപ്പോള്‍ വീണ്ടും അല്ലാഹുവിന്റെ വിളിയാളമുണ്ടായി:

'ചെരുപ്പുകള്‍ അഴിച്ചുവെച്ച് ഇങ്ങോട്ടു വരിക. അങ്ങ് പരിശുദ്ധമായ ഒരിടത്താണ് എത്തിപ്പെട്ടിരിക്കുന്നത്...'

താമസിയാതെ മൂസക്കു പ്രവാചകത്വം ലഭിച്ചു. അവര്‍ സാമൂഹിക സമുദ്ധാരണം ഉത്തരവാദിത്തമുള്ള പ്രവാചകനായി മാറി. 

തന്റെ പ്രവര്‍ത്തന പാത സുഗമമാക്കാന്‍ സഹോദരന്‍ ഹാറൂന്‍ നബിയുമുണ്ടായിരുന്നു. 

പിന്നെ, ഇടക്കിടെ അല്ലാഹുവിന്റെ ഭാഗത്തുനിന്നും നിര്‍ദ്ദേശങ്ങള്‍ വരാന്‍ തുടങ്ങി. 

ഈജിപ്തില്‍ ഫറോവയുടെ കൊട്ടാരത്തില്‍ പോയി അയാളെ നേരിട്ട് അല്ലാഹുവിലേക്കു ക്ഷണിക്കണമെന്നതായിരുന്നു അദ്യത്തെ നിര്‍ദ്ദേശം.

ഞാനാണ് ഏറ്റവും വലിയ ദൈവമെന്ന് ഹുങ്ക് നടിച്ച് ഫിര്‍ഔന്‍  ജീവിച്ചിരുന്ന കാലം. മൂസ നബി പുതിയ ദൗത്യങ്ങളുമായി ഈജിപ്തിലേക്കു കടന്നു ചെന്നു. ഇസ്‌ലാമിക പ്രബോധനം തുടങ്ങി.

ഫിര്‍ഔന് ഇത് ഓര്‍ക്കാന്‍പോലും പറ്റുമായിരുന്നില്ല. തന്റെ കൊട്ടാരത്തില്‍ ജീവിച്ച് വലുതായ ഇവന്‍ ഇന്ന് പ്രവാചകത്വം വാദിച്ച് കടന്നുവന്നിരിക്കയാണ്. അവനെ ജന സമക്ഷം പരാജയപ്പെടുത്തിയേ മതിയയാവൂ... അയാള്‍ തീരുമാനിച്ചു. 

അതിനിടെ സത്യവും അസത്യവും തമ്മില്‍ പല സംവാദങ്ങളും മത്സരങ്ങളും നടന്നു. നാട്ടിലെ മാരണ വിദഗ്ധരെ മൊത്തം നിരത്തി ഫിര്‍ഔന്‍ പല അടവുകളും പയറ്റിയെങ്കിലും ഒന്നില്‍പോലും അയാള്‍ക്ക് വിജയിക്കാനായില്ല. മൂസ നബിക്കു തന്നെയായിരുന്നു എപ്പോഴും ഉന്നത വിജയം. 

* * *

ഈജിപ്തില്‍ സത്യ സന്ദേശം അതീവ രഹസ്യമായി പ്രചരിച്ചുതുടങ്ങി. താന്‍ ദൈവമാണെന്ന ഫിര്‍ഔന്റെ വാദഗതി കപടമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. അല്ലാഹുവാണ് സര്‍വ്വലോക രക്ഷിതാവെന്നും  മൂസ നബിയാണ് അവന്റെ പ്രവാചകനെന്നും അവര്‍ ഏറ്റുപറഞ്ഞു. 

ഫറോവയുടെ കൊട്ടാരത്തിലും ഈ വിശ്വാസം എത്താതിരുന്നില്ല. അയാള്‍ക്കു വേണ്ടപ്പെട്ട ആളുകള്‍ തന്നെ ഇതില്‍ രഹസ്യമായി വിശ്വസിച്ചു.

സത്യ സന്ദേശവുമായി നാട്ടിലെത്തിയ മൂസ നബിയെ വളരെ ഹാര്‍ദ്ദവമായാണ് ആസിയ ബീവി സ്വീകരിച്ചത്. താന്‍ കാലങ്ങളായി പ്രതീക്ഷിച്ചിരുന്നപോലെ, ആ സന്ദേശം കേള്‍ക്കേണ്ട താമസം അവരത് അപ്പടി സ്വീകരിച്ചു. അല്ലാഹു ഏകനാണെന്നും മൂസ നബി അല്ലാഹുവിന്റെ പ്രവാചകനാണെന്നും അവര്‍ സാക്ഷ്യം വഹിച്ചു. ഈജിപ്തിലെ പ്രഥമ വിശ്വാസിയായി മാറി. 

ഇസ്‌ലാം മഹതിക്ക് വലിയ ആവേശമായിരുന്നു. കാലങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന ആശയമാണ്. അവര്‍ മനസ്സിനെ അല്ലാഹുവില്‍ മാത്രം കേന്ദ്രീകരിച്ചു. ദൈവിക സ്മരണയില്‍ മുഴുകുകയും സത്യസന്ദേശ പ്രചരണത്തിനായി നിലകൊള്ളുകയും ചെയ്തു. അല്ലാഹുവിനെ ഓര്‍ത്ത് സദാ ആരാധനകളില്‍ മുഴുകി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter