നാന അസ്മാഅ്: പടിഞ്ഞാറൻ ആഫ്രിക്കയിലെ ഊർജ്ജപ്രഭാവം
പടിഞ്ഞാറൻ ആഫ്രിക്കൻ പ്രദേശമായ സാഹെലിലെ അദ്വിതീയ പണ്ഡിതവനിതയാണ് നാന അസ്മാഅ് ബിൻത് ഉസ്മാൻ. ആധുനിക കാലത്തെ വിപ്ലവ ചരിത്രങ്ങളിൽ പേരുകേട്ട പ്രമുഖ ഇസ്‍ലാമിക പ്രബോധകനും 1804ൽ ആഫ്രിക്കയിൽ സ്ഥാപിതമായ സോകൊതോ ഭരണകൂടത്തിന്റെ സ്ഥാപകനുമായ ശെയ്ഖ് ഉസ്മാൻ ഇബ്ൻ മുഹമ്മദ് ഇബ്ൻ ഉസ്മാൻ ഇബ്ൻ സാലിഹ്, അഥവാ ഉസ്മാൻ ദാൻ ഫോദിയോയുടെ മകളുകൂടിയാണവർ.
പടിഞ്ഞാറന്‍ ആഫ്രിക്കയിലെ പ്രമുഖ ഗോത്രവർഗമായ ഫൂലാനി ഗോത്രത്തിലാണ് ഈ ചരിത്രവനിത പിറവി കൊള്ളുന്നത്. പണ്ഡിത കുടുംബത്തിൽ ജനിച്ച് വീണ നാന അസ്മാഅ് പാണ്ഡിത്യം കൊണ്ടും ആധ്യാത്മികരംഗത്തും സ്വന്തം പിതാവിനെപ്പോലെ തന്നെ നിറതേജസ്സായിരുന്നു. പിതാവ് പിന്തുടർന്ന് പോന്നിരുന്ന ഖാദിരി സൂഫി സരണിയിലൂടെ തന്നെയായിരുന്നു നാന അസ്മാഇന്റെയും സഞ്ചാരം.
ബുദ്ധി ശക്തിയിലും പഠന മികവിലും പിതാവിന്റെ സാരൂപ്യം പൂണ്ട മഹതി പത്താം വയസ്സിൽ തന്നെ ഖുർആൻ മനപാഠമാക്കുകയും താൽപര്യപൂർവം പഠനം തുടരുകയും ചെയ്തു. മഹതിയുടെ ജീവിതത്തിന്റെ സിംഹഭാഗവും സോകോതോ ഭരണകൂടത്തിന്റെ സംസ്ഥാപനത്തിന് ശേഷമായിരുന്നു എന്ന് കാണാം.
ദാൻ ഫോദിയോ ഭരണകൂടം സ്ത്രീ വിദ്യാഭ്യാസ രംഗത്ത് പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നുവെന്ന് മഹതിയുടെ പാണ്ഡിത്യ മികവിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഇസ്‌ലാമിക നിയമങ്ങളിൽ നിപുണയായിരുന്ന നാന അസ്മാഇന്റെ ഇടപെടലുകളാണ് ആഫ്രിക്കൻ സമൂഹത്തിന്റെ താഴെ തട്ടിലേക്ക് വരെ ഇസ്‌ലാമിന്റെ വെള്ളിവെളിച്ചം വ്യാപിപ്പിച്ചത്.
ഭർത്താവ് ഗിദാദോ ഭർതൃപിതാവിനെ (ഉസ്മാൻ ദാൻ ഫോദിയോ) കുറിച്ച് തയ്യാറാക്കിയ ജീവചരിത്രം, റൗളുൽ ജിനാനിൽ മഹതിയുടെ ആദ്യകാല ജീവിത ചിത്രങ്ങൾ വരച്ചിടുന്നുണ്ട്. കൂടാതെ അറിവിനോടുള്ള മഹതിയുടെ അഭിനിവേശവും അന്വേഷണ ബുദ്ധിയും പിതാവുമായുള്ള സുശക്തമായ ബന്ധവും റൗളുൽ ജിനാനിൽ ഭർത്താവ് ഗിദാദോ വിവരിക്കുന്നുണ്ട്. അറബി ഭാഷയിൽ ഉന്നത പ്രാവീണ്യം നേടിയ ഭർത്താവ് ഗിദാദോ ഭരണകൂടത്തിന്റെ വസീറുകൂടിയായിരുന്നു.
അസ്മാഇനൊപ്പം ഫോദിയോ കുടുംബത്തിലെ അഭ്യസ്തവിദ്യരായ പന്ധിതരാണ് ഭരണകൂടത്തിന്റെ പ്രബോധനരംഗം അഭിവൃദ്ധപ്പെടുത്തുകയും ഇസ്‍ലാമിന്റെ തുടർവളർച്ചക്ക് മുഖ്യ നിദാനമെന്നോണം അമുസ്‍ലിംകൾക്ക് ഇസ്‍ലാമിനെ പരിചയപ്പെടുത്തിനൽകിയതും. ഉസ്മാൻ ദാൻ ഫോദിയോയുടെ മരണശേഷം പിതാവിന്റെ പൈതൃകവും രാഷ്ട്രീയ പാടവവും സംരക്ഷിക്കാൻ വേണ്ടി അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും യത്നങ്ങളും ശേഖരിക്കുകയും സൂക്ഷിക്കുകയുമായിരുന്നു മഹതിയുടെ പ്രധാന ഉദ്യമം.
Read More: നൈജീരിയയിലെ സൊകോതോ ഖിലാഫതും ഉസ്മാന്‍ ഫോദിയോയും
വരപ്രസാദം ലഭിച്ച മികച്ച ഒരു എഴുത്തുകാരി കൂടിയായിരുന്നു നാന അസ്മാഅ്. കവിതയാണ് മഹതിയുടെ സുപ്രധാന മേഖല. കവിതയെ സ്നേഹിക്കുന്ന ഒരു സാംസ്ക്കാരികാന്തരീക്ഷത്തിൽ വളർന്നുവന്ന മഹതി ഖുർആനും ഇസ്‍ലാമിക മൂല്യങ്ങളും സനാതനധർമങ്ങളും ജനങ്ങൾക്ക് പകർന്നു നൽകാനും ചരിത്രസൂക്ഷിപ്പിന്നും കവിതകൾ ഉപയോഗിച്ചിരുന്നു. മഹതിയെ പോലെ തന്നെ ഉസ്മാൻ ദാൻ ഫോദിയോയുടെ പിൻഗാമിയായി അധികാരമേറ്റ നാന അസ്മാഇന്റെ സഹോദരൻ മുഹമ്മദ് ബെല്ലോയും ഇസ്‍ലാമിക ശാസ്ത്രങ്ങളിൽ കാവ്യാത്മകമായ നിരവധി ഗ്രന്ഥങ്ങൾ രചിക്കുകയും ഫുലാനി ജനതയുടെ ചരിത്രവും പിതാവിന്റെ നേതൃത്വത്തിൽ വരുത്തിയ മഹത്തായ മാറ്റങ്ങളും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പതിനാലാം വയസ്സിലാണ് നാന അസ്മാഅ് അധ്യാപന രംഗത്തേക്ക് ഇറങ്ങിത്തിരിക്കുന്നത്. അതേ വർഷം തന്നെയാണ് ഗിദാദോയെ വിവാഹം ചെയ്യുന്നതും. അസ്മാഇന്റെ കവിതകൾ മിക്കതും ഗാനാത്മകമായ കവിതകളാണ്. നാന അസ്മാഇൻന്റെ കവിതകളിൽ പ്രധാനപ്പെട്ടതാണ് "A Plea to Saintly Women" (തവസ്സുൽ ഗാ മാതാ മസു അൽബർക). Fulfulde, Hausa എന്നീ ആഫ്രിക്കൻ തദ്ദേശീയ ഭാഷകളിലാണ് ഈ കവിത വിരചിതമായിട്ടുള്ളത്. തന്റെ നാല്പതാം വയസ്സിലാണ് മഹതി ഈ കവിത രചിക്കുന്നത്. പ്രവാചക കാലം മുതൽ തന്റെ കാലം വരെയുള്ള മുസ്‍ലിം മഹിളാരത്നങ്ങളുടെ ജീവിതം വരച്ചിടുന്ന പ്രസ്തുത കവിത, ദൈവത്തോടുള്ള പരാതികളും അവനോടുള്ള പാപമോചനത്തെയും കരുണയെയും തേടുന്ന വരികളും ഇടയിൽ തുന്നി ചേർക്കുന്നുണ്ട്.
തന്റെ കവിതകൾ അധ്യാപന യോഗ്യമാക്കാൻ വേണ്ടി മഹതി സ്വയം അവകളെ വിവർത്തനം ചെയ്യുമായിരുന്നു. ഹൗസ ഭാഷയെ (മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയിൽ തദ്ദേശീയ ജനങ്ങൾ സംസാരിക്കുന്ന ഭാഷ) യായിരുന്നു നാന അസ്മാഅ് മത ധാർമികാധ്യാപനത്തിന്റെ മാധ്യമമായി പരിഗണിച്ചത്. അതുകൊണ്ട് തന്നെ പരിമിതികൾക്കപ്പുറം സാമൂഹിക, സാംസ്കാരിക വലയത്തിനപ്പുറത്തേക്ക് ഇസ്‍ലാമിക മൂല്യപ്രസരണം സാധ്യമാക്കാൻ മഹതിക്ക് കഴിഞ്ഞു. കൂടാതെ ഇസ്‍ലാം പ്രത്യേക ഭാഷകളിൽ പരിമിതമല്ല എന്നും നാന അസ്മാഅ് ഇതിലൂടെ ഉയർത്തിക്കാട്ടി.
1840 ൽ മഹതി യാൻ ടാരു (Yan Taru) എന്ന പേരിൽ വനിതാധ്യാപകരുടെ സംഘം രൂപീകരിക്കുകയും അവരെ മറ്റു സ്ത്രീകളെ പഠിപ്പിക്കാൻ പ്രാപ്തരാക്കാൻ വേണ്ടി സ്വയം ആ സംഘത്തിന്ന് ഖുർആൻ, ധാർമികാധ്യാപനങ്ങൾ പകർന്നുകൊടുക്കുകയും ചെയ്തിരുന്നു. സ്ത്രീ വിദ്യാഭ്യാസ വിഷയത്തിൽ തന്റെ പിതാവിനോളം കാർകഷ്യക്കാരിയായിരുന്നു നാന അസ്മാഉം. നൂറുല്‍ അൽബാബ് എന്ന ഗ്രന്ഥത്തിൽ ശെയ്ഖ് ഉസ്മാൻ ദാൻ ഫോദിയോ സ്ത്രീകളുടെ വിദ്യഭ്യാസ സ്വാതന്ത്ര്യത്തെ ഉയർത്തിക്കാട്ടുകയും ഭാര്യമാരെ സ്വയം പഠിപ്പിക്കാത്ത അല്ലെങ്കിൽ അവരെ മറ്റുള്ളവരിൽ നിന്ന് അറിവ് നുകരാൻ വിസമ്മതിക്കുന്ന ഭർത്താക്കന്മാരെ ശാസിക്കുന്നുമുണ്ട്. സ്ത്രീ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തന്റെ ശക്തമായ നിലപാട് കാരണം ഉസ്മാൻ ദാൻ ഫോദിയോക്ക് പണ്ഡിത വൃത്തങ്ങളിൽ നിന്ന് വരെ വിമർശങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്.
നേരത്തെ പറഞ്ഞ യാൻ ടാരു ഉദ്ധ്യമത്തിലൂടെ നാന അസ്മാഅ് ലക്ഷ്യം വെച്ചത് അറിവുള്ള ഒരു പെൺ സമൂഹത്തെ സൃഷ്ടിക്കലായിരുന്നു. അറബി വായനയും എഴുത്തും ഒപ്പം ഖുർആനും കവിതകളും പഠിപ്പിക്കലായിരുന്നു ഈ അധ്യാപനത്തിന്റെ അടിസ്ഥാനം. ഖുർആനിലെ സൂറത്തുകൾ പരിചയപ്പെടുത്തുന്നതിന് വേണ്ടി നാന അസ്മാഇന് ഖസീദ ഫീ മുനാജ എന്ന ഒരു കവിതതന്നെയുണ്ട്. ഇവിടെ മനസ്സിലാകുന്ന കാര്യം കാവ്യാത്മകമായ പ്രബോധന രീതി അനുവാചകരിൽ ഫലവൃദ്ധിയുണ്ടാക്കും എന്നവർ വിശ്വസിച്ചിരുന്നു എന്നാണ്. തന്റെ ദഅവീ മേഖലയിൽ കവിതക്ക് കാര്യമായ പ്രാമുഖ്യം നാന അസ്മാഅ് നൽകിയിരുന്നു എന്നതും വാസ്തവമാണ്.
വനിതാ മതാധ്യാപികമാരെ സൂചിപ്പിക്കുന്നതിന് വേണ്ടി അന്ന് ഉപയോഗിച്ചിരുന്ന വാക്കായിരുന്നു നാന. അത് കൊണ്ട് തന്നെ, വാക്കിനെ അന്വർഥമാക്കുന്ന ജീവിതവും പ്രവർത്തനവും കാഴ്ചവെച്ചത് കൊണ്ടാണ് ചരിത്രത്തിൽ ഈ പണ്ഡിത വനിത നാന അസ്മാഅ് എന്ന പേരിൽ അറിയപ്പെട്ടത്. സ്ത്രീ വിദ്യാഭ്യാസത്തിന്റെ കാവലാളായി വർത്തിച്ച നാന അസ്മാഅ് 1864 ല്‍ ഇഹലോകവാസം വെടിഞ്ഞ് നാഥനിലേക്ക് യാത്രയായി.
Leave A Comment