ഇബ്‌റാഹീം നബി എന്ന സമൂഹം
ഇബ്‌റാഹീം നബി(അ)യെ ഉമ്മത്ത് (സമൂഹം) എന്നാണു വിശുദ്ധഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. എങ്ങനെയാണ് ഒരു വ്യക്തി സമൂഹമായി വിശേഷിപ്പിക്കപ്പെടുന്നത്? ആ വിശേഷണത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ആശയസംഹിതകള്‍ എന്തെല്ലാമാണ്? രണ്ട് അര്‍ത്ഥങ്ങളുണ്ട് ഈ വിശേഷണത്തിന്. ഒരു സമൂഹം മുഴുവന്‍ ഒരുമിച്ച് ചെയ്തു തീര്‍ക്കേണ്ട കര്‍മപദ്ധതികള്‍ ഒറ്റയ്ക്കു ചെയ്തുതീര്‍ത്തയാള്‍ എന്നതാണ് ഒരു വിവക്ഷ. മറ്റൊന്ന്, സ്വപ്രയത്‌നത്തിലൂടെ ഒരു സമൂഹത്തെ രൂപപ്പെടുത്തുകയും ദിശാബോധം നല്‍കുകയും ചെയ്തവര്‍ എന്നതും. ഈ രണ്ടു പരികല്‍പ്പനകളിലും ഇബ്‌റാഹീം നബിയുടെ ജീവിതവും കര്‍മങ്ങളും വളരെ സാര്‍ത്ഥകമായിരുന്നു. അല്ലാഹുവിന്റെ പ്രഥമ ഭവനമായ കഅ്ബയുടെ നിര്‍മിതി മുതല്‍ ഏകദൈവ വിശ്വാസികളായ ഒരു സമൂഹത്തിന്റെ ഏകോപനം വരെയുള്ള വിസ്തൃതമായ കര്‍മപദ്ധതികളാണ് അദ്ദേഹം അനുഷ്ഠിച്ചത്.
കടുത്ത പരീക്ഷണങ്ങളെ തരണം ചെയ്ത് സത്യത്തിലും നീതിയിലും അടിയുറച്ച് നിന്നുകൊണ്ട് ത്യാഗസുരഭിലമായ ഒരു ജീവിതമാണ് അദ്ദേഹം നയിച്ചത്. അതുകൊണ്ടാണ് മില്ലത്ത് ഇബ്‌റാഹീം (ഇബ്‌റാഹീമീസരണി) നിങ്ങള്‍ പിന്തുടരണമെന്ന് വിശുദ്ധ ഖുര്‍ആന്‍ മുസ്‌ലിംകളെ ആഹ്വാനം ചെയ്യുന്നത്. അതിനര്‍ത്ഥം മുസ്‌ലിംകള്‍ പരീക്ഷണങ്ങളുടെ കനല്‍പ്പഥങ്ങളില്‍, അചഞ്ചലരായി ദൈവത്തിന്റെ ഏകത്വത്തെ വിളംബരം ചെയ്യണം എന്നതാണ്. അതോടൊപ്പം അവര്‍ കര്‍മനിരതരും സമൂഹത്തിന് നന്മ കാംക്ഷിക്കുന്നവരും ആയിരിക്കണം.
ഒരു വ്യക്തി ഒരു സമൂഹം എന്ന പോലെ വളര്‍ന്നു വികസിച്ച് ലോകത്തിന്റെ വളര്‍ച്ചയുടെ ഭാഗമാവുന്നുവെങ്കില്‍ ആ വ്യക്തിത്വത്തിലായിരിക്കും ചരിത്രത്തിന്റെ തുടക്കം നമുക്ക് കണ്ടെത്താനാവുക. കാരണം അത്തരം വ്യക്തിത്വത്തില്‍ വ്യക്തി എന്നത് സമൂഹമായി വികസിക്കുകയാണ്. അദ്ദേഹത്തോടു കൂടി ആരംഭിക്കുന്ന മനുഷ്യാനുഭവത്തെ ചരിത്രാനുഭവം എന്നു വിശേഷിപ്പിക്കാം. ഒരു സമൂഹനിര്‍മിതിക്കു വേണ്ടി തെരഞ്ഞെടുക്കപ്പെട്ട ഒന്നാമത്തെ വ്യക്തി എന്ന നിലയ്ക്കുള്ളതാണ് ഇബ്‌റാഹീം നബി(അ)യുടെ സ്ഥാനം.
അതു കൊണ്ടാണ് അദ്ദേഹം 'ഉമ്മത്ത്' എന്നു വിശേഷിപ്പിക്കപ്പെട്ടതും. ഒരിടത്ത് ഇബ്‌റാഹീമിനെ 'ഇമാമുന്‍ ലിന്നാസ്' (ജനനായകന്‍) എന്നും ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നുണ്ട്. അല്ലാഹുവിന് പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നതിനായി ജനതയ്ക്കുള്ള ഒന്നാമത്തെ ഭവനത്തിന്റെ സ്ഥാപകനും ഇബ്‌റാഹീം ആയിരുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നു. ആ ഭവനത്തെ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നല്ലോ പില്‍ക്കാലത്ത് മാനവ സംസ്‌കൃതി പടര്‍ന്നു വളരുന്നത്. ഇബ്‌റാഹീമിലൂടെ തന്നെയായിരുന്നു അറഫയിലേക്കുള്ള മനുഷ്യപ്രയാണത്തിന്റെ പ്രാരംഭം കുറിക്കപ്പെടുന്നതും. അദ്ദേഹത്തില്‍ നിന്നാണ് വര്‍ഗ വര്‍ണ, ദേശ ഭേദങ്ങളില്ലാത്ത സാഹോദര്യ അനുഭവങ്ങള്‍ക്ക് വേണ്ടിയുള്ള പ്രഥമമായ ആഹ്വാനം മുഴങ്ങുന്നതും. അത് 'ഇബ്‌റാഹീമിന്റെ വിളി'യായിരുന്നു.
ഇലാഹിന്റെ ഏകത്വം വിളംബരം ചെയ്ത് ജനങ്ങളെ ഏകോപിപ്പിക്കാനാണു പ്രവാചകന്‍ ഇബ്‌റാഹീം ശ്രമിച്ചത്. അക്കാലത്ത് മെസൊപ്പൊട്ടോമിയന്‍ ഭൂതലങ്ങളില്‍ അനേകം കല്‍പ്പിത ദൈവങ്ങളുണ്ടായിരുന്നു. അവയാവട്ടെ വ്യക്തികളുടെ ദൈവങ്ങളായിരുന്നു.
ആ ദൈവങ്ങളിലൂടെ മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്തു. ദൈവങ്ങള്‍ക്കു വേണ്ടി മനുഷ്യനെ കുരുതികൊടുക്കുന്ന പ്രാകൃതത്വം അക്കാലത്തു നിലനിന്നിരുന്നു. മനുഷ്യര്‍ക്കു മേല്‍ മനുഷ്യര്‍തന്നെ അധീശത്വം സ്ഥാപിക്കുന്ന ഒരു വ്യവസ്ഥയുടെ കെട്ടുറപ്പിന്റെ നിദാനമായിരുന്നു ദൈവ വൈവിധ്യങ്ങള്‍. മനുഷ്യന് സാമൂഹികമായി ജീവിക്കുന്നതിന്റെ അനുഭവലോകം അന്ന് അന്യമായിരുന്നു. അതുകൊണ്ടാണ് ഇബ്‌റാഹീം മനുഷ്യരെ ഒരുമിപ്പിക്കുന്നതിനുള്ള യത്‌നങ്ങള്‍ ആരംഭിക്കുന്നത്. അതിന് ആ മനുഷ്യരില്‍ രൂഢമൂലമായ അന്ധമായ ദൈവസങ്കല്‍പ്പങ്ങള്‍ തകര്‍ത്തെറിയേണ്ടതുണ്ടായിരുന്നു. അതിന് അദ്ദേഹം സ്വീകരിച്ച മാര്‍ഗമാവട്ടെ വളരെ ലളിതവും എന്നാല്‍ ആസൂത്രിതവുമായിരുന്നു. തനിക്കു ചുറ്റുമുള്ള ലോകത്തു നിന്ന് ഉദാഹരണങ്ങള്‍ കണ്ടെത്തിക്കൊണ്ടുള്ളതായിരുന്നു ആ പ്രബോധനരീതി. ഒരു താപസനായിട്ടല്ല കലാപകാരിയായിട്ടാണ് ഇബ്‌റാഹീം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചത്. ലോകത്തെ ഏറ്റവും വലിയ വിഗ്രഹ ഭഞ്ജകനായിരുന്നു അദ്ദേഹം.
സൂര്യചന്ദ്ര നക്ഷത്രങ്ങള്‍, രാജാക്കന്മാരും പുരോഹിതന്മാരും അഗ്നി, കാറ്റ് തുടങ്ങി എത്രയെത്ര ദൈവങ്ങളായിരുന്നു മനുഷ്യര്‍ അന്ന് ആരാധിച്ചിരുന്നത്! പരമസത്യത്തിലേക്കുള്ള വഴിയറിയാതെ ഉഴലുകയായിരുന്നു മനുഷ്യവര്‍ഗം. മനുഷ്യനുമേല്‍ കെട്ടിയേല്‍പ്പിക്കപ്പെട്ട ഓരോ ദൈവത്തെയും ചൂണ്ടിക്കാട്ടി കളിയാക്കാനും ആലോചിപ്പിക്കാനും ഇബ്‌റാഹീം മുതിര്‍ന്നു. അതിനാല്‍ രാജ്യദ്രോഹിയും മതവിരോധിയുമായി അദ്ദേഹത്തെ അധികാരിവര്‍ഗം കണ്ടു. സൂര്യന്റെ ദിവ്യത്വത്തെ നബി ഇബ്‌റാഹീം(അ) നിഷേധിച്ചു. സൂര്യനില്‍നിന്ന് വംശീയപൈതൃകം അവകാശപ്പെട്ടിരുന്ന രാജാക്കന്‍മാര്‍ ജനങ്ങളെ അടിമകളാക്കി വച്ചിരുന്നു. അതിനെതിരേയാണ് അദ്ദേഹം വിരല്‍ച്ചൂണ്ടിയത്. പക്ഷേ, ഇബ്‌റാഹീം പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്ന അടിസ്ഥാന സംസ്‌കൃതിയുടെ അന്തസ്സത്ത ഉള്‍ക്കൊള്ളാന്‍ ആ ജനതയ്ക്കു മനസ്സുണ്ടായില്ല.
അത്രമാത്രം അന്ധകാരാവൃതമായിരുന്നു അവരുടെ ലോകം. തന്നെ പോറ്റി വളര്‍ത്തുന്നയാള്‍ പോലും വിഗ്രഹങ്ങളുടെ കാവല്‍ക്കാരനും വില്‍പ്പനയ്ക്കാരനുമായിരുന്നല്ലോ. തന്റെ അന്തരാത്മാവില്‍ തുടിച്ചു കൊണ്ടിരുന്ന ഇലാഹീ സ്മരണയും സ്വന്തം ജീവനും കൊണ്ട് തന്റേതായ വിശാലവഴികള്‍ തെരഞ്ഞെടുക്കുക എന്നതു മാത്രമായിരുന്നു അദ്ദേഹത്തിനു മുന്നില്‍ അവശേഷിച്ച ഏക വഴി. ഇബ്‌റാഹീമിന്റെ ഈ രീതികള്‍ അധികാരികളെ ചൊടിപ്പിച്ചിരുന്നു. അങ്ങനെയാണ് അവര്‍ അദ്ദേഹത്തെ ജ്വലനാഗ്നിയിലേക്കു വലിച്ചെറിഞ്ഞത്. എന്നാല്‍ നബി ഇബ്‌റാഹീമിനു ചൂടേറ്റില്ല. ഒരു രോമം പോലും കരിഞ്ഞുപോയതുമില്ല. സര്‍വശക്തനായ അല്ലാഹുവിന്റെ തീരുമാനത്തിനു മുമ്പില്‍ അഗ്നിക്ക് ചൂട് നഷ്ടപ്പെട്ടു. എന്നാല്‍, പിന്നീട് ഇബ്‌റാഹീം(അ) അവിടെ നിന്നില്ല. മനുഷ്യപ്രയത്‌നം ചെറുകെ പായാക്കിക്കളയാനുള്ളതല്ലല്ലോ. അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കുന്നതിനു വേണ്ടി ഭൂമിയുടെ പ്രവിശാലതയിലേക്കാണ് അദ്ദേഹം നടന്നുനീങ്ങുന്നത്. മാനുഷ്യകത്തെ ഇരുട്ടിന്റെ കുടുസ്സില്‍നിന്നു വെളിച്ചത്തിന്റെ വിശാലതയിലേക്കു നയിക്കാനുള്ള മഹാപ്രയാണമായിരുന്നു അത്. ചരിത്രം അങ്ങനെയൊരു പ്രയാണത്തിനു വേണ്ടി അക്ഷമമായി കാത്തിരിക്കുന്നുണ്ടായിരുന്നു. ഒറ്റ വ്യക്തിയായി നിലകൊണ്ടിരുന്നവന്‍ ഒരു ഉമ്മത്തിന്റെ സംസ്ഥാപകനായി മാറിയ ചരിത്രപരമായൊരു തീര്‍ത്ഥാടനമായിരുന്നു അത്.
വിശ്വമാനവികതയുടെ വിളംബരമായ പരിശുദ്ധ ഹജ്ജ്, ഇബ്‌റാഹീം നബി(അ)യുടെ ത്യാഗോജ്ജ്വല ജീവിതത്തിന്റെ അനുസ്മരണം കൂടിയാണല്ലോ. ജീവിതത്തിന്റെ സായം കാലത്ത് ആറ്റുനോറ്റ് തനിക്കു കിട്ടിയ പൊന്നോമനയെ അവന്റെ മാതാവിനോടൊപ്പം തുണയാരുമില്ലാത്ത മരുഭൂ വിസ്തൃതിയില്‍ ഉപേക്ഷിക്കുക എന്നതായിരുന്നു സര്‍വജ്ഞനായ അല്ലാഹുവിന്റെ കല്‍പ്പന.
മറു ചിന്തയൊന്നും കൂടാതെ അദ്ദേഹം അതു നിര്‍വഹിക്കുന്നു. മനുഷ്യകുലത്തിനു ലഭിക്കാന്‍പോകുന്ന മഹാഭാഗ്യങ്ങള്‍ക്കു പ്രാരംഭം കുറിക്കപ്പെടുകയായിരുന്നു അപ്പോള്‍. ഇത്തരമൊരു കല്‍പ്പനയുടെ ലക്ഷ്യമെന്തായിരുന്നുവെന്ന് ചരിത്രം പിന്നീട് തിരിച്ചറിയുന്നുണ്ട്. ദീര്‍ഘകാലത്തെ കാത്തിരിപ്പിനു ശേഷം സ്രഷ്ടാവായ അല്ലാഹു കനിഞ്ഞു നല്‍കിയ അരുമസന്തതിയെ മരുഭൂമിയുടെ ഊഷരതയില്‍ തനിച്ചാക്കിപ്പോകേണ്ടി വരുന്നതിനോളം വലിയ ത്യാഗം ചരിത്രത്തില്‍ മറ്റെന്തുണ്ട്? ഇബ്‌റാഹീം(അ) തന്റെ പ്രഥമസന്തതിയെ 'ജനതയ്ക്കു വേണ്ടിയുള്ള ഭവനം' സ്ഥാപിക്കാന്‍ വേണ്ടി മരുഭൂമിയില്‍ ബാക്കിയാക്കുന്നു. പിന്നീട് അവിടെനിന്ന് മനുഷ്യസംസ്‌കൃതി പല കൈവഴികളിലായി പിരിഞ്ഞു ദേശാന്തരങ്ങളിലേക്കു വ്യാപിക്കുന്നു. മരുഭൂമിയുടെ വന്യതയിലാണ് അതുവരെ ആദ്യമായി നിന്ന മാനവസമൂഹം രൂപപ്പെടുന്നത്. അറേബ്യന്‍ മരുഭൂമിയായിരുന്നു മാനവ സംസ്‌കൃതിയുടെ പ്രഭവകേന്ദ്രമെന്നും അവിടെനിന്നാണു മനുഷ്യര്‍ ഇതര ദേശങ്ങളിലേക്ക് ഒഴുകിപ്പരന്നതെന്നും ചില ആധുനിക ചരിത്ര ഗവേഷകന്‍മാരില്‍ ചിലരും സൂചിപ്പിക്കുന്നുണ്ട്. കുശാഗ്രബുദ്ധിയായ ചരിത്ര ഗവേഷകനും ധിഷണാശാലിയുമായ കേസരി എ.ബാലകൃഷ്ണപ്പിള്ള തന്റെ വിശ്വചരിത്ര വിശകലനത്തിനിടയില്‍ ഇങ്ങനെയൊരു നിരീക്ഷണം നടത്തുന്നതു കാണാം. തന്റെ അനുമാനങ്ങള്‍ അദ്ദേഹം ചരിത്രകുതുകികള്‍ക്ക് സമര്‍പ്പിക്കുന്നമുണ്ട്.
മകനെ മരുഭൂമിയില്‍ ഉപേക്ഷിക്കുന്നതു കൊണ്ട് മാത്രം തീര്‍ന്നില്ല ഇബ്‌റാഹീമിന്റെ ത്യാഗോജ്വല ജീവിതം. അതേ മകനെ ഇലാഹിന്റെ മാര്‍ഗത്തില്‍ ബലിയര്‍പ്പിക്കാനുള്ള നിയോഗത്തിനു സര്‍വാത്മനാ സന്നദ്ധനാവുന്നതിലൂടെ മറ്റൊരു പരീക്ഷണം നേരിട്ടു വിജയിക്കുന്നുണ്ട് അദ്ദേഹം. ആത്മത്യാഗത്തിനു സ്വയം സന്നദ്ധനായവനോട് അല്ലാഗു ആവശ്യപ്പെടുന്നത് ചിലപ്പോള്‍ കടുത്ത നടപടികളായിരിക്കും. അതില്‍ക്കൂടി വിജയിച്ചിട്ടു വേണം അവര്‍ ആത്മവിശുദ്ധരായി മാറാന്‍. അപ്പോഴാണ് അവര്‍ക്ക് സങ്കീര്‍ണ സമസ്യകളെ നിര്‍ധാരണം ചെയ്യാനും സമൂഹത്തിന്റെ നായകത്വം ഏറ്റെടുക്കാനും കഴിയുന്നത്. പരിശുദ്ധ ഹജ്ജ് കര്‍മം ഇബ്‌റാഹീം നബി(അ)യുടെയും മകന്‍ ഇസ്മാഈല്‍ നബി(അ)യുടെയും ത്യാഗത്തിന്റെ അനുസ്മരണവും ഇബ്‌റാഹീം ചെയ്തതു പോലെ വര്‍ഗ-വര്‍ണ-ദേശഭേദങ്ങള്‍ക്കതീതമായി മനുഷ്യനെ ഒറ്റ സമൂഹമായി ഏകീഭവിക്കുന്ന ഒരു മഹാസംരംഭവുമാണല്ലോ.
അന്ത്യപ്രവാചകരുടെ ഹജ്ജ് വേളയിലാണ് അന്ത്യനാള്‍ വരെയുള്ള മാനവസമൂഹത്തെയാകെ അഭിസംബോധന ചെയ്ത അറഫാ പ്രഭാഷണം നടന്നത്. ഇബ്‌റാഹീമീ മാര്‍ഗത്തിന്റെ പരിപൂര്‍ണതയായിരുന്നു അന്ത്യപ്രവാചകരിലൂടെ സാധ്യമായത്. ഇബ്‌റാഹീം നബി(അ)യില്‍ നിന്ന് ആരംഭിച്ച സമൂഹനിര്‍മിതി സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവും ആത്മീയവുമായി സമ്പൂര്‍ണമായതിന്റെ വിളംബരമായിരുന്നു അറഫാ പ്രഭാഷണം. ഹ്രസ്വനേരമെങ്കിലും ആ വചനത്തല്ലജങ്ങള്‍ മനുഷ്യന്റെ സാകല്യത്തെ അടയാളപ്പെടുത്തി. സമത്വവും സാഹോദര്യവും നീതിബോധവും അസ്തിവാരമിടുന്ന ഒരു ലോകത്തെ വിഭാവനം ചെയ്തു.
Leave A Comment