ഫാദർ അബ്രഹാം വെള്ള പുതച്ച് ഇപ്പോഴും മിനായിലുണ്ട്..

ഇബ്റാഹീം റിച്ച്മോണ്ടാണ് ഈ ഹജ്ജിലെ താരം. സൗദി അറേബ്യ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിന്റെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം സൗദിയിലെത്തിയത്. മൂന്ന് മാസം മുമ്പ് റെവറന്റ് അബ്രഹാം എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. പതിനഞ്ച് വർഷമായി സൗത്താഫ്രിക്കയിലെ ഒരു പള്ളിയിലെ പുരോഹിതനായിരുന്നു അബ്രഹാം. മൂന്ന് മാസം മുമ്പ് ഒരു 'ദിവ്യ ശബ്ദം' അദ്ദേഹവുമായി സ്വപ്നത്തിൽ സംസാരിച്ചതോടെയാണ് അദ്ദേഹം ഇസ്‍ലാം സ്വീകരിച്ചത്. അതോടെ സഭയിലെ ആയിരക്കണക്കിന് ക്രിസ്ത്യാനികൾ അദ്ദേഹത്തെ പിന്തുടരുകയും ഇസ്‍ലാം സ്വീകരിക്കുകയും ചെയ്തു.

ആ സ്വപ്നം ഇങ്ങനെയായിരുന്നു. ഒരു ദിവസം രാത്രി കിടന്നുറങ്ങുമ്പോൾ സ്വപ്നത്തിൽ ഒരു അശരീരി: നിന്റെ ജനങ്ങളോട് വെള്ള ധരിക്കാൻ പറയുക! മുസ്‍ലിംകളുടെ വസ്ത്രം!. ഉറക്കിൽ നിന്നെഴുന്നേറ്റ ഫാദര്‍ അബ്രഹാം കുറച്ച് നേരം ആലോചിച്ചു. ഹേയ് അതൊരു കേവലം സ്വപ്നമാണ്. പിന്നെയും ഇതേ സ്വപ്നം ദർശിച്ചു. ആജ്ഞയുടെ ശബ്ദവും ഗാംഭീര്യവും കൂടിക്കൂടി വന്നു. അങ്ങനെ അദ്ദേഹം ഇക്കാര്യം തന്റെ ചർച്ചിൽ പറ‍ഞ്ഞു. ഫാദറിനെ പൂര്‍ണ്ണമായും വിശ്വാസമായിരുന്ന ആ ഇടവകയിലുള്ളവരെല്ലാം അടുത്ത ഞായറാഴ്ച വെളുപ്പ് ധരിച്ചാണ് ചര്‍ച്ചിലെത്തിയത്. അദ്ദേഹവും അനുയായികളും പള്ളിയിൽ വെച്ച് ശഹാദത്ത് ചൊല്ലി ഇസ്‍ലാമിലേക്ക് കടന്നുവന്നു.

ശേഷം, തനിക്ക് നുകരാനായ ഇസ്‍ലാമെന്ന മധുരം മറ്റുള്ളവരിലേക്ക് കൂടി സാധ്യമാവുന്നത്ര പ്രസാരണം ചെയ്യാനായി ആ ജീവിതം മാറ്റി വെച്ചു. പരിചയക്കാരെയെല്ലാം വിളിച്ചുകൂട്ടി ഇസ്‍ലാമിനെ പരിചയപ്പെടുത്തി ‌അദ്ദേഹം വലിയ മാതൃക സൃഷ്ടിച്ചു. ആയിരക്കണക്കിന് ആളുകൾ അദ്ദേഹത്തിന്റെ കൈകളിലൂടെ ഇസ്‍ലാമിലേക്ക് കടന്നുവന്നു. 

കേവലം രണ്ട് മാസങ്ങൾക്ക് ശേഷം മറ്റൊരു മധുരം കൂടി അദ്ദേഹത്തെ തേടിയെത്തി. സൽമാൻ രാജാവിൻറെ വിശിഷ്ടാതിഥിയായി ഹജ്ജ് ചെയ്യാനുള്ള അവസരം. അങ്ങനെ, വെള്ള വസ്ത്രം ധരിച്ച് ഈ വര്‍ഷത്തെ ഹജ്ജിനും അദ്ദേഹമെത്തി. ലക്ഷക്കണക്കിന് ജനങ്ങളോടൊപ്പം, യാതൊരു വ്യത്യാസവും കാണിക്കാത്ത രണ്ട് വെള്ളത്തുണികള്‍ മാത്രമുടുത്ത്, മക്കയിലൂടെ അദ്ദേഹം സഞ്ചരിക്കുകയാണ്, ചുണ്ടില്‍ തല്‍ബിയതിന്റെ മന്ത്രങ്ങളുമായി, മനസ്സില്‍ ഇബ്റാഹീം നബിയുടെ സ്മരണകളുമായി. മൂന്ന് മാസങ്ങൾക്ക് മുമ്പ് കണ്ട സ്വപ്നം മറ്റൊരു രൂപത്തില്‍ കൂടി സാക്ഷാത്കരിച്ചിരിക്കുന്നു എന്ന് പറയാം.

ഹജ്ജിന് എത്തിയതിനെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “ആദ്യമായി ഹജ്ജ് ചെയ്യാനുള്ള ക്ഷണം ആദ്യമായി എത്തിയപ്പോള്‍, എനിക്ക് വിശ്വസിക്കാനായില്ല, ഒരു ഉറപ്പുമില്ലായിരുന്നു. ഇതൊരിക്കലും സംഭവിക്കില്ല എന്നായിരുന്നു ഞാന്‍ അവസാനം വരെ കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ, ഞാൻ ഇതാ ഇവിടെ എത്തിയിരിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെയും ഇബ്റാഹീം നബിയുടെയും ചുവടുകൾ പിന്തുടര്‍ന്ന്... ദശലക്ഷക്കണക്കിന് ആളുകളോടൊപ്പം, ഒരേ ലക്ഷ്യവുമായി, ഒരേ വേഷത്തില്‍, അന്ന് ഞാന്‍ സ്വപ്നത്തില്‍ കണ്ട അതേ വെള്ള വസ്ത്രവുമുടുത്ത്... ഓര്‍ക്കുംതോറും വല്ലാത്ത അല്‍ഭുതം തോന്നുന്നു. ഈ സത്യ വെളിച്ചം എല്ലാവര്‍ക്കും ലഭ്യമാവട്ടെ എന്ന് മാത്രമാണ് എന്റെ പ്രാര്‍ത്ഥന.

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter