ഇസ്‌ലാമിലെ കലയും കലയിലെ ഇസ്ലാമും

 

ഇസ്‌ലാമിക കര്‍മശാസ്ത്രം സമഗ്രമായ ഒരു വിജ്ഞാനശാഖയാണ്. കാലമെത്ര പുരോഗമിച്ചാലും വിജ്ഞാനലോകത്ത് ഒരു നിത്യയുവാവിനെേപ്പാലെ അതു പരിലസിക്കുക തന്നെ ചെയ്യും. മനുഷ്യജീവിതത്തിന്റെ അഖില മണ്ഡലങ്ങളെയും അതു ചൂഴ്ന്നു നില്‍ക്കുന്നു. പുതിയ സംഭവങ്ങള്‍ സങ്കീര്‍ണത സൃഷ്ടിക്കുമ്പോള്‍ ഇസ്‌ലാമിക കര്‍മശാസ്ത്രം തന്റേടത്തോടെ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട്. പുതിയതും പഴയതുമായ സര്‍വ്വ കാര്യത്തിന്റെയും വിധി കര്‍മശാസ്ത്രത്തില്‍ നിന്നു കണ്ടെത്താനാകും.

മനുഷ്യ മനസിനെ സംസ്‌കരിക്കുന്നതില്‍ ഏറെ സ്വാധീനം ചെലുത്തുന്ന ഘടകമായ കല, ജനങ്ങളുടെ വിചാര-വികാരങ്ങളുമായി ബന്ധപ്പെട്ടതാണ്. മനുഷ്യന്റെ ചിന്തക്കും ബുദ്ധിക്കുമുപരി ഭാവനകളുമായി കൂടുതല്‍ ബന്ധപ്പെട്ട കല, വിനോദം എന്നിവയില്‍ കൂടുതല്‍ പേരും രണ്ടു തട്ടിലാണ്. ഒന്നുകില്‍ അമിതാവേശം. അല്ലെങ്കില്‍ തികഞ്ഞ എതിര്‍പ്പ്. ഒരുഭാഗത്ത് എല്ലാ പരിധികളും ലംഘിക്കുമ്പോള്‍ മറുഭാഗത്ത് തീവ്ര നിലപാടുകള്‍ പുലര്‍ത്തുകയും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നു. ഇസ്‌ലാം പ്രകൃതിയുടെ മതമാണ്. ചിരിക്കാനും സന്തോഷിക്കാനും ആനന്ദിക്കാനും ആനന്ദിപ്പിക്കാനും അനുവദിച്ച മതമാണ് എന്ന് വിനോദപ്രിയക്കാര്‍ ന്യായം പറയും. മനുഷ്യര്‍ വിനോദപ്രിയരാണ്. കൂടുതല്‍ പേരും വിനോദ തല്‍പരരാണ്. ജീവിതം തന്നെ വിനോദമാണെന്നു ധരിക്കാനിടവരുന്ന സാഹചര്യമാണ് ഇന്നുള്ളത്.

ആരാധനകളും ആചാരാനുഷ്ഠാനങ്ങളും മാത്രമുള്ള ഇസ്‌ലാമിക സമൂഹത്തില്‍ കലക്കും വിനോദത്തിനും ഒരു സ്ഥാനവുമില്ലെന്നു തീവ്രനിലപാടുകളെടുക്കുന്നവര്‍ ന്യായീകരിക്കുന്നു. എന്നാല്‍ കല, കളി, വിനോദം എന്നിവയോടുള്ള തീവ്രമായ നിലപാടിനും അലംഭാവത്തിനുമിടയില്‍ ഇസ്‌ലാമിന്റെ യഥാര്‍ത്ഥ നിലപാട് പണ്ഡിതോചിതം നെല്ലും പതിരും വേര്‍തിരിച്ചു കൊണ്ടുള്ള ഒരു അന്വേഷണമാണിവിടെ ഉദ്ദേശിക്കുന്നത്. എന്താണു കല?

ഒരാള്‍ താന്‍ ജീവിച്ചനുഭവിച്ച അനുഭൂതിവിശേഷങ്ങളെ ബാഹ്യപ്രതീകങ്ങളിലൂടെ ബോധപൂര്‍വ്വം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുകയും മറ്റുള്ളവര്‍ അത് ഉള്‍കൊള്ളുകയും ചെയ്യുക എന്നതാണ് കല. (എന്താണ് കല -പേജ് 44) ‘ബയാന്‍’ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കപ്പെടുന്ന അര്‍ത്ഥവ്യാപ്തിയിലും കലതന്നെയാണ് പ്രകടമായിക്കാണുന്നത്.

സംഗീതം, സാഹിത്യം, നൃത്തം, ചിത്രം എന്നിവ ലളിതകലകളാണ്. ചതുര്‍കലകളായി പരിചയപ്പെടുത്തുന്നത് ശില്‍പവിദ്യ, ചിത്രരചന, സംഗീതം, കവിത എന്നിവയാണ്. ഇവകളെല്ലാം പ്രകൃതിസൗന്ദര്യത്തിന്റെ ചിത്രീകരണമാണ്. ഓരോന്നും വിശദീകരിച്ച ശേഷം കര്‍മശാസ്ത്ര വശം വിവരിക്കാം.

കലയുടെ ആത്മാവ് സൗന്ദര്യമാണ്. സൗന്ദര്യബോധം സത്യവിശ്വാസിയുടെ ഗുണമാണ്. ആകാശം, ഭൂമി, സസ്യം, മൃഗം, മനുഷ്യന്‍ തുടങ്ങി പ്രപഞ്ചത്തിലെ ഓരോ സൃഷ്ടികളിലുമടങ്ങിയ വിശുദ്ധസൗന്ദര്യത്തെ കുറിച്ച് അവബോധമുണ്ടാക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ ശ്രമിക്കുന്നുണ്ട്. ഖാഫ്(6), അല്‍ഹിജ്ര്‍ (16), അന്നംല് (60), അത്തഗാബുന്‍ (3) എന്നീ സൂക്തങ്ങളിലൂടെയെല്ലാം അല്ലാഹു തന്റെ അത്ഭുതകരമായ സൃഷ്ടിവൈഭവവും ഉദാത്തമായ സൗന്ദര്യബോധവുമാണ് വ്യക്തമാക്കുന്നത്.

കവിത അറബികള്‍ ഉന്നത കലയായി ഗണിച്ചിരുന്ന ഒന്നാണ് കവിത. അതു പ്രകൃതിക്ക് ഭാവനാരൂപം നല്‍കുകയും മനുഷ്യന്റെ പ്രകൃതി പ്രതിപത്തിയേയും കൗതുകത്തെയും പദങ്ങളിലൂടെ പ്രകടിപ്പിക്കുകയും ചെയ്യുന്നു. പ്രസിദ്ധ സാഹിത്യ ചരിത്ര പണ്ഡിതന്‍ അബുല്‍ ഫറജ് അല്‍ഇസ്ബഹാനി തന്റെ അല്‍ അഗാനി എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ”കവിത ഒരു സംസാരമാണ്. അതില്‍ ഏറ്റവും മെച്ചപ്പെട്ടത് ഏറ്റവും ഭാവനാത്മകമായതാണ്.” (18/124) ജാഹിള് തന്റെ അല്‍ബയാന്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ”മനസില്‍ അലയടിക്കുകയും മനസ് നാക്കിലേക്ക് എറിയുകയും ചെയ്യുന്ന ആശയങ്ങളാണ് കവിത.” (2/172) പദ്യവും കവിതയും തമ്മില്‍ അന്തരമുണ്ട്. പ്രാസവും വൃത്തവുമൊത്ത വാക്യങ്ങളാണ് പദ്യം-ഗാനം. കവിത പദ്യരൂപത്തിലും ഗദ്യരൂപത്തിലുമുണ്ടാകും. ഛന്ദശാസ്ത്രപ്രകാരമുള്ള വൃത്തവും പ്രാസവും കവിതക്കു സൗന്ദര്യവും മാധുര്യവും വര്‍ധിപ്പിക്കും. കവിതയുടെയും കവികളുടെയും ആധിക്യത്തില്‍ അറബികളോട് കിടപിടിക്കുന്ന ഒരു വിഭാഗവും ലോകത്തില്ല. (ജോര്‍ജ് സൈദാന്‍ 1/61) താരിഖു ആദാബില്ലുഗാത്തി എന്ന ഗ്രന്ഥത്തില്‍ ജോര്‍ജ്ജ് സൈദാന്‍ പറയുന്നു: ”മിക്കവാറും വൃത്തത്തിന്റെ തുടക്കം അറബി ഭാഷയില്‍, ഒട്ടകങ്ങളുടെ കാല്‍വെപ്പുകള്‍ക്ക് താളം പിടിച്ചുകൊണ്ട് നടത്തിയ കവിതാലാപനത്തില്‍ നിന്നാണെന്നു പറയപ്പെടുന്നു. യാത്രാവേളയില്‍ ഒട്ടകങ്ങള്‍ക്കു ആവേശം പകരാന്‍ വേണ്ടി അറബികള്‍ ആലപിച്ച ‘റജ്‌സ്’ വൃത്തമാണ് ഒന്നാമത്തെ അറബിക്കവിതാ വൃത്തം. ഈ യാത്രാകവിതയ്ക്കു ‘ഹിദാഅ്’ എന്നു പറയുന്നു. കവിതാ വൃത്തങ്ങളില്‍ ഏറ്റവും പ്രചീനമായ ‘റജ്‌സ്’ ആണ് ഏറ്റവും ലളിതമായ വൃത്തം. അറബി ഗോത്രത്തലവന്മാരില്‍ പ്രസിദ്ധനായ മുളര്‍ ആണത്രെ ഈ വൃത്തത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹം ഒട്ടകപ്പുറത്ത് നിന്നു വീണു കൈ മുറിഞ്ഞു. സഹയാത്രികര്‍ അദ്ദേഹത്തെ പൊക്കിയെടുത്ത് ഒട്ടകപ്പുറത്തു വഹിച്ചുകൊണ്ടുപോകുമ്പോള്‍ അദ്ദേഹം പാടുകയുണ്ടായി: വാ യദാഹ്! വാ യദാഹ്! ശബ്ദഭംഗിയുടെ ഉടമയായ മുളറിന്റെ ഈണം കേട്ടു ഒട്ടകം ആവേശം കൊള്ളുകയും ശീഘ്രം നടക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ അനുകരിച്ചു കൊണ്ട് അറബികള്‍ യാത്രാവേളയില്‍ അപ്രകാരം പാടിത്തൊണ്ട് തങ്ങളുടെ വാഹനമായ ഒട്ടകത്തിനു ആവേശം കൊള്ളിക്കുമായിരുന്നു.” (1/58) ഓരോ അറബി ഗോത്രത്തിലും നിരവധി കവികളുണ്ടായിരുന്നു. അവരില്‍ ഏറ്റവും വിദഗ്ധനായ ഒരാളെ അവര്‍ ഗോത്രക്കവിയായി അവരോധിക്കുമായിരുന്നു. (അല്‍ അഗാനി 4/146) കവികള്‍ക്ക് ഉന്നത സ്ഥാനമാണു പണ്ടേ അറബികള്‍ നല്‍കിയത്. കവികള്‍ അഭിമാനത്തിന്റെ  സംരക്ഷകരും വീരകൃത്യങ്ങളുടെ സൂക്ഷിപ്പുകാരും വാര്‍ത്തകളുടെ റിപ്പോര്‍ട്ടര്‍മാരുമായിരുന്നു. ഒരു അശ്വഭടന്‍ നൈപുണ്യം നേടി രംഗത്തു വരുന്നതിനേക്കാള്‍ ഒരു കവിയുടെ വിദഗ്ധമായ രംഗപ്രവേശത്തിനു പലപ്പോഴും അവര്‍ പ്രാധാന്യം നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ ഒരു ഗോത്രത്തിലെ വല്ല കവിയും വൈദഗ്ദ്യം നേടിയാല്‍ അവര്‍ സദ്യയൊരുക്കുകയും പുരുഷന്‍മാരും കുട്ടികളും പരസ്പരം സുവിശേഷം കൈമാറുകയും മറ്റു ഗോത്രക്കാര്‍ വന്ന് കവിയെ അനുമോദിക്കുകയും ചെയ്യുമായിരുന്നു.  (അല്‍ മുസ്ഹര്‍ -ഇമാം സുയൂത്വി(റ) 3/236) ഗാനം, കവിത, സംഗീതം എന്നിവ ഒരു വീക്ഷണത്തില്‍ ഒന്നാണെന്നു പറയാമെങ്കിലും യഥാര്‍ത്ഥത്തില്‍ വ്യത്യാസമുണ്ട്. വൃത്തവും പ്രാസവും കൊണ്ടാണ് പദ്യം ഉണ്ടാകുന്നതെങ്കില്‍ അവകൊണ്ടല്ല കവിതയുണ്ടാകുന്നത്. പ്രത്യുത, ഭാവനാവിലാസം കൊണ്ടും ആലങ്കാരികത കൊണ്ടുമാണ് ഒരു വാക്യം കവിതയായിത്തീരുന്നത്. സംഗീതത്തെ കുറിച്ച് പിന്നീട് വിവരിക്കാം. ഇസ്‌ലാമിനു മുമ്പുള്ള അറബിക്കവിതകളില്‍ ഗാനത്തില്‍ ഏറ്റവും ശക്തരും കവിതയില്‍ ഏറ്റവും അഗാധജ്ഞാനമുള്ളവരും നൂറ്റിഇരുപത്തി ഒന്നു പേരാണ്. അവരില്‍ ഏറ്റവും യോഗ്യരും പ്രശസ്തരും ഏഴു പേരാണ്. (ജോര്‍ജ് സൈദാന്‍ 1/93) ജാഹിലിയ്യാ കാലത്ത് നിലവാരമുള്ള കാവ്യങ്ങള്‍ രചിക്കപ്പെട്ടാല്‍ അതിന്റെ ഗുണമേന്മ അംഗീകരിച്ചുകിട്ടാന്‍ ഖുറൈശികളെ സമീപിക്കുകയായിരുന്നു പതിവ്. അവര്‍ അംഗീകരിച്ചാല്‍ അതു കഅ്ബാലയത്തില്‍ കെട്ടിത്തൂക്കും. അതു മഹത്തരമായി പ്രചരിക്കപ്പെടാന്‍ ഇത് ഇടയാക്കും. ഇവ്വിധം കെട്ടിത്തൂക്കിയ ഏഴു കവിതകള്‍ പ്രസിദ്ധമായി. അസ്സബ്ഉല്‍ മുഅല്ലഖാത്ത് (കെട്ടിത്തൂക്കിയ ഏഴു കാവ്യങ്ങള്‍) എന്ന പേരില്‍ ഇതു പ്രസിദ്ധമായി. അസ്സഖ്ഉത്തിവാല്‍ (ഏഴു ദീര്‍ഘ കാവ്യങ്ങള്‍) എന്നും ഇവക്ക് പേരുണ്ട്. സപ്തകാവ്യങ്ങള്‍ സ്വര്‍ണ ലിപികളാല്‍ ആലേഖനം ചെയ്തിരുന്നു എന്നതുകൊണ്ട് ”അസ്സബ്ഉല്‍ മുദഹ്ബാത്ത്” എന്നും ഇതിനു പേരുണ്ട്. സബ്ഉല്‍ മുഅല്ലഖ പ്രസിദ്ധമായ സബ്ഉല്‍ മുഅല്ലഖയുടെ കര്‍ത്താക്കള്‍ ഇംറഉല്‍ ഖൈസ്, സുഹൈര്‍, തറഫ, ലബീദ്, അംറ്, അന്‍തറ, ഹാരിസ് എന്നിവരാണ്. ഈ ഏഴു പേരില്‍ ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവുമായ മഹാകവിയാണ് ഇംറഉല്‍ ഖൈസ്. തിരുനബി(സ) ജനിക്കുന്നതിന്റെ മുപ്പതില്‍പരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു അദ്ദേഹം. മലിക്കുശ്ശുഅറാഅ് (കവികളുടെ ചക്രവര്‍ത്തി) എന്ന സ്ഥാനപ്പേരില്‍ ഇംറഉല്‍ ഖൈസ് അറിയപ്പെട്ടു. രണ്ടാം ഖലീഫ ഉമര്‍(റ) ഇംറഉല്‍ഖൈസിനെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: ”അദ്ദേഹം മഹാകവികളുടെ ഗുരുവാണ്. കവിതകളുടെ നീരുറവകളാണ് അദ്ദേഹത്തിന്റെ വരികള്‍.” നബി(സ)യുടെ മുമ്പാകെ ഒരിക്കല്‍ ഇംറഉല്‍ ഖൈസിനെ പരാമര്‍ശിക്കപ്പെട്ടപ്പോള്‍ അവിടന്നു പറഞ്ഞു: ”അദ്ദേഹം ഇഹത്തില്‍ പ്രശസ്തനും പരത്തില്‍ വിസ്മൃതനുമത്രെ. ഭൗതിക ലോകത്ത് മാന്യനും പരലോകത്ത് നിന്ദ്യനുമത്രെ. നരകത്തിലേക്കുള്ള കവികളുടെ പതാകവാഹകനാണദ്ദേഹം.” (സീറത്തു ഇബ്‌നി കസീര്‍ 1/119) സുഹൈര്‍ എന്ന മഹാകവി നബി(സ)ക്ക് പ്രവാചകത്വം ലഭിക്കുന്നതിന്റെ അഞ്ചു വര്‍ഷം മുമ്പ് ചരമം പ്രാപിച്ചു. പൂര്‍വ്വകാല വേദഗ്രന്ഥങ്ങളുമായി നല്ല ബന്ധമുണ്ടായിരുന്ന അദ്ദേഹം മക്കളെ വിളിച്ചുപദേശിച്ചു: ”പ്രിയ മക്കളേ, ഞാനൊരു അര്‍ത്ഥഗര്‍ഭമായ സ്വപ്നം കണ്ടു. ആകാശാന്തരീക്ഷത്തില്‍നിന്നു ശക്തമായ ഒരു കയര്‍ ഭൂമിയിലേക്ക് തൂങ്ങിക്കിടക്കുന്നു. അതു പിടിക്കുവാന്‍ ഞാന്‍ ശ്രമിച്ചുനോക്കിയെങ്കിലും എനിക്കതിനു സാധിച്ചില്ല. ഇതിനര്‍ത്ഥം അന്ത്യപ്രവാചകന്റെ പുറപ്പാട്കാലം അടുത്തിരിക്കുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എനിക്ക് നഷ്ടപ്പെടുന്ന പ്രവാചകസാന്നിധ്യം നിങ്ങള്‍ക്കു ലഭിച്ചേക്കും. അപ്പോള്‍ നിങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കുകയും അനുഗമിക്കുകയും വേണം.” നബി(സ) പ്രത്യക്ഷപ്പെട്ടപ്പോള്‍ സുഹൈറിന്റെ പുത്രനായ ബുജൈര്‍(റ) ഉടനെ ഇസ്‌ലാം സ്വീകരിച്ചു. ഇദ്ദേഹം പ്രഗത്ഭനായ കവിയായിരുന്നു. മറ്റൊരു പുത്രനായ കഅ്ബ് ഇസ്‌ലാമിന്റെ ആദ്യകാലത്ത് പ്രവാചകരെ വിമര്‍ശിച്ചു കവിത രചിച്ചെങ്കിലും പിന്നീട് പിതാവിന്റെ വസിയ്യത് ചെവിക്കൊണ്ട് സത്യപാത സ്വീകരിച്ചു. ഈ കഅ്ബുബ്‌നു സുഹൈറാണ് പ്രവാചകരെ പുകഴ്ത്തി ‘ബാനത് സുആദ്’ എന്ന മഹാകാവ്യം രചിച്ചത്. (സീറത്തുല്‍ഹലബിയ്യ 5/595) തറഫ ഇബ്‌നുല്‍ അബ്ദ സബ്ഉല്‍ മുഅല്ലഖയുടെ കര്‍ത്താവാണ്. ഇദ്ദേഹം ഉദ്ദേശം നബി(സ)യുടെ ജനനത്തിന്റെ എഴുപതു വര്‍ഷം മുമ്പ് മരണപ്പെട്ടിട്ടുണ്ട്. തന്റെ കവിതകളെല്ലാം ആക്ഷേപഹാസ്യങ്ങളാണ്. (വഫയാത്തുല്‍ അഅ്‌യാന്‍ 6/93) ഏഴു പേരില്‍ മറ്റൊരാള്‍ ലബീദുബ്‌നു റബീഅഃയാണ്. ജാഹിലിയ്യാകാലത്ത് ജനിച്ച് ഇസ്‌ലാമിന്റെ കാലം പ്രാപിച്ച് ഇസ്‌ലാം അശ്ലേഷിച്ച മഹാകവിയാണ് ലബീദ്(റ). ഇത്തരം കവികള്‍ക്ക് ‘മുഖ്‌ളറമൂന്‍’ എന്നാണ് വിളിക്കപ്പെടുക. മുഅല്ലഖാ കര്‍ത്താക്കളായ സപ്തകവികളില്‍ ഇസ്‌ലാമിക കാലം പ്രാപിച്ചവര്‍ അന്തറബ്‌നു ശദ്ദാദും ലബീദും മാത്രമാണ്. ഇവരില്‍ ലബീദ്(റ) മാത്രമേ ഇസ്‌ലാം മതം സ്വീകരിച്ചിട്ടുള്ളൂ. 145-ാം വയസില്‍ ഖലീഫാ മുഈവിയ(റ)യുടെ കാലത്ത് ലബീദ്(റ) വഫാതായി. സപ്തകവികളില്‍ ഒരാളായ അംറുബ്‌നു കുല്‍സും പ്രവാചകത്വലബ്ധിക്കു പത്തു വര്‍ഷം മുമ്പ് ചരമമടഞ്ഞു. ഏഴു കവികളില്‍ മറ്റൊരാള്‍ അന്തറബ്‌നു ശദ്ദാദാണ്. ക്രിസ്താബ്ദം 615-ല്‍ ഒരു ഗോത്ര പോരാട്ടത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു. സപ്തകവികളില്‍ ഒരാളായ ഹാരിസുബ്‌നു ഹില്ലിസയെ ചില നിരൂപകന്‍മാര്‍ മാത്രമേ അംഗീകരിച്ചിട്ടുള്ളൂ. ക്രിസ്താബ്ദം 500-ലാണ് മരണം. നാബിഗ:, അഅ്ശാ:, അല്‍ഖമ തുടങ്ങിയവരും പ്രമുഖ കവികളാണ്. സപ്തകവികളില്‍ ഇവരെ ഉള്‍പ്പെടുത്തിയ ചരിത്രപണ്ഡിതരുണ്ട്. ജാഹിലിയ്യാ കവിതയുടെ ഉള്ളടക്കം ദുരഭിമാനവും പൊങ്ങച്ചവും സ്ത്രീവര്‍ണനയും ആത്മപ്രശംസയും മിത്രകീര്‍ത്തനവും ശത്രുഭത്സനവും അനുരാഗകഥനവും കാമുകീ വര്‍ണനയുമായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സപ്തകവിതയുടെ രത്‌നച്ചുരുക്കും ഇങ്ങനെയായിരുന്നു. ഏഴു മുഅല്ലഖയില്‍ ഒന്നിന്റെ കര്‍ത്താവായ ത്വര്‍ഫത്തിന്റെ കവിതയിലെ ഒരു വരിയുടെ സാരം ശ്രദ്ധിച്ചാല്‍ തന്നെ അക്കാലത്തെ കാവ്യത്തെ കുറിച്ചു മനസിലാക്കാം. ത്വര്‍ഫ: പാടുന്നു: ”പൊക്കമുള്ള ഒരു കൂടാരത്തിനു താഴെ തടിച്ചുകൊഴുത്ത ഒരു മാദകസുന്ദരിയുമായി സല്ലപിച്ചുകൊണ്ട് മഴയും കാറുമുള്ള ഒരു ദിവസത്തിന്റെ നീളം കുറയ്ക്കുക എന്നത് പ്രധാന കാര്യമാണ്.”

ഇസ്‌ലാമിക മാനം

കവിതയെ ഇസ്‌ലാം രണ്ടായി ഭാഗിച്ചു. നല്ലതും ചീത്തയും. നല്ലതു പ്രോത്സാഹിപ്പിക്കുകയും ചീത്തയെ എതിര്‍ക്കുകയും ചെയ്തു. കവിതയെ കുറിച്ചു നബി(സ) പറഞ്ഞു: ”അതു ഒരിനം ഭാഷണമാണ്. അതില്‍ നല്ലതു നല്ലതു തന്നെ. ചീത്ത ചീത്തയും. (ദാറഖുത്‌നി, ഹാകിം, ബൈഹഖി) ”കവിതയില്‍ തത്വജ്ഞാനമുണ്ട്. സാഹിത്യത്തില്‍ ഇന്ദ്രജാലവുമുണ്ട്.” (ബുഖാരി, മുസ്‌ലിം) സാഹിത്യ സംപുഷ്ടവും ആശയ പ്രധാനവുമായ നല്ല കവിതകള്‍ക്ക് നബി(സ) അംഗീകാരം നല്‍കിയതിനു ധാരാളം രേഖകളുണ്ട്. പ്രമുഖ സ്വഹാബി ശരീദ്(റ) ഒരു ദിവസം നബി(സ)യുടെ സഹയാത്രികനായി വാഹനപ്പുറത്തു പോകുമ്പോള്‍ അവിടുന്നു ചോദിച്ചു: ”ഉമയ്യത്തുബ്‌നു അബീസ്വല്‍ത്തിന്റെ കവിതകള്‍ വല്ലതും നിന്റെ വശത്തുണ്ടോ?” ഉണ്ടെന്നദ്ദേഹം മറുപടി പറഞ്ഞു. ”എങ്കില്‍ വരട്ടെ” -നബി(സ) പറഞ്ഞു. ഒരു വരി പാടിക്കേള്‍പ്പിച്ചപ്പോള്‍ വീണ്ടും വരട്ടെ എന്നു പറഞ്ഞു. അങ്ങനെ നൂറുവരികള്‍ കേള്‍പ്പിക്കുകയുണ്ടായി. (മുസ്‌ലിം) നല്ല പാട്ട്, കവിത എന്നിവ രചിക്കുന്നതും ശ്രദ്ധിച്ചു കേള്‍ക്കുന്നതും അനുവദനീയമാണ്. നന്മ പ്രേരിപ്പിക്കുന്നതും തിന്മ വിലക്കുന്നതുമായ ഗാനം, കവിത, പദ്യം രചിക്കലും കേള്‍ക്കലും സുന്നത്തും കൂടിയാണ്. ഇമാം മാവര്‍ദി(റ) ഇക്കാര്യം പ്രസ്താവിച്ചിട്ടുണ്ട്. (തുഹ്ഫ: 10/222, അല്‍ഹാവില്‍ കബീര്‍ 17/209) ഉപദ്രവകരമായ ആക്ഷേപം, അസത്യകാര്യങ്ങള്‍ പറഞ്ഞു പ്രശംസിക്കല്‍, അന്യസ്ത്രീയെ വ്യക്തിപരമായി വര്‍ണിക്കല്‍, ഭാര്യയുടെ ഗോപ്യമായ ശരീരഭാഗങ്ങളെയൊ ദാമ്പത്യ രഹസ്യങ്ങളോ അവള്‍ക്കു വിഷമം നേരിടുന്നവിധം വര്‍ണിക്കല്‍, കൗമാരപ്രായത്തിലുള്ള സുന്ദരനെ വര്‍ണിക്കല്‍, നരകാവകാശിയെന്ന് ഉറപ്പില്ലാത്തവനെ വ്യക്തിപരമായി ശപിക്കല്‍ എന്നിവയടങ്ങിയ കവിതയും ഗാനവും രചിക്കലും പാടലും ശ്രദ്ധിച്ചുകേള്‍ക്കലും നിഷിദ്ധമാണ്. (തുഹ്ഫ 10/223 ശര്‍വാനി സഹിതം) മുസ്‌ലിംകളോട് പോരിനിറങ്ങിയ ശത്രു, മതപരിത്യാഗി, പരസ്യമായി തെറ്റുചെയ്യുന്നവന്‍, പുത്തന്‍വാദി എന്നിവരെ ആക്ഷേപിച്ചു പാട്ടും കവിതയും രചിക്കുകയും പാടുകയും ശ്രവിക്കുകയും ചെയ്യാം. പക്ഷേ, പരസ്യമായി ചെയ്ത തെറ്റിന്റെ പേരിലും ബിദ്അത്തുകാരനെ അവന്റെ ബിദ്അത്തിന്റെ പേരിലും മാത്രമേ ആക്ഷേപിക്കാവൂ. (തുഹ്ഫ 10/223 ശര്‍വാനി സഹിതം) പദ്യം വൃത്തനിബന്ധനകള്‍ക്കു വിധേയമാകും. എന്നാല്‍, ഗാനം അങ്ങനെയായിക്കൊള്ളണമെന്നില്ല. ഇവരണ്ടിലും കവിതയിലും ആലങ്കാരിക സ്ത്രീ വര്‍ണന അനുവദനീയമാണ്. സ്വന്തം ഭാര്യയെ പറ്റാവുന്ന രീതിയില്‍ വര്‍ണിച്ചും രചിക്കാം. പ്രമുഖ സ്വഹാബി കഅ്ബ്(റ) തന്റെ ‘ബാനത്തു സുആദ്’ എന്ന കവിതയില്‍ തന്റെ പിതൃവ്യപുത്രിയായ ഭാര്യ സുആദിനെ കഥാപാത്രമാക്കി വര്‍ണിച്ചുകൊണ്ടാണ് തുടക്കം തന്നെ. നബി(സ) ഇതംഗീകരിച്ചിട്ടുണ്ട്. ‘ബാനത്തു സുആദി’ലെ ആദ്യത്തെ നാലു വരി കവിതയുടെ സാരം കാണുക: ”എന്റെ ഭാര്യ സുആദ് വേര്‍പിരിഞ്ഞതില്‍ ഞാന്‍ വളരെ മാനസിക ക്ഷീണത്തിലും വിഷമത്തിലുമാണ്. അവള്‍ എന്നില്‍നിന്നു യാത്രപുറപ്പെട്ട അവസരം ശബ്ദഭംഗിയും നാണവും സൗന്ദര്യത്താല്‍ കണ്‍തടത്തില്‍ അഞ്ഞണമെഴുതപ്പെട്ട പോലെയുള്ള ഒട്ടകത്തോട്ടു സാദൃശ്യമുള്ളവളാണ്. അവള്‍ മുന്നിടുമ്പോള്‍ വയറൊട്ടി അര മെലിഞ്ഞവളും പിന്നിടുമ്പോള്‍ ചന്തി തടിച്ചവളും ഒത്ത ശരീരമുള്ളവളുമാണ്. ഒന്നും രണ്ടും മുറുക്ക് കള്ള് കുടിച്ച് സന്തോഷത്താലും ഉന്‍മേശത്താലുമുള്ള പുഞ്ചിരി പോലെയാണ് അവളുടെ പുഞ്ചിരി. തിളക്കമുള്ള പല്ലുകള്‍ വെളിവാകുന്നതു കാണാന്‍ എന്തൊരു ഭംഗിയാണ്. (ബാനത്തുസുആദ് -കഅ്ബ്(റ) ഇനി, സംഗീതവും ഉപകരണ സംഗീതവും വിവരിക്കാം.

 

 width=

Leave A Comment

18 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter